ഗിരീഷ് വർമ്മ ബാലുശ്ശേരി
പുത്തഞ്ചേരി പാട്ടിലെ സങ്കടങ്ങൾ
തന്റെ ജീവിതത്തിന്റെ പകുതിയോടടുത്ത് സിനിമയോടൊപ്പം ജീവിച്ച ഒരു പാട്ടെഴുത്തുകാൻ . 49 വർഷത്തിലെ ജീവിതത്തിൽ ഇരുപത് വർഷത്തോളം ഗാനങ്ങളെഴുതി നിറഞ്ഞു നിന്നു മലയാള സിനിമയിൽ . ഏതു തരത്തിലുള്ള പാട്ടുകളും എഴുതും . അതുകൊണ്ടുകൂടിയും ചില ബുദ്ധിജീവികളുടെ പരിഹാസങ്ങളും ഏൽക്കേണ്ടി വന്നു. തനിക്ക് കിട്ടിയ ഏഴു സർക്കാർ പുരസ്കാരങ്ങൾ ഇതിനെയെല്ലാം അവഗണിക്കുന്നു എന്നത് സത്യം …
തൊണ്ണൂറുകൾ ഗിരീഷ് പുത്തഞ്ചേരി ലഹരി തന്നെയായിരുന്നു . അദ്ദേഹത്തിന്റെ സ്ഥായിയായ ഭാവം വിരഹമാണെന്നു തോന്നാറുണ്ട്. വിഷാദഭാവങ്ങൾ നിറഞ്ഞു നിൽക്കുന്ന ചില ഗാനങ്ങളിലൂടെ ഒന്ന് പോയി വന്നാലോ ?
ദേവാസുരം മലയാള സിനിമയിലെ ഒരു ചരിത്രം തന്നെയാണ്. അതിലെ ” സൂര്യകിരീടം വീണുടഞ്ഞു.. രാവിൻ തിരുവരങ്ങിൽ ” എന്ന എം ജി രാധാകൃഷ്ണൻ ഈണം കൊടുത്ത വിരഹസാന്ദ്ര ഗാനം ഇന്നും നമ്മളിൽ നൊമ്പരം ഉണർത്തുന്നത്.
” അഗ്നിയാൽ കരൾ നീറവേ മോക്ഷമാർഗം നീട്ടുമോ ” എന്ന ചോദ്യം ഒരഗ്നിശരം തന്നെയാണ് . അമ്മയോടുള്ള സ്നേഹത്തിന്റെയും , ആരാധനയുടെയും എല്ലാം പൊരുൾ ആ വരികളിൽ നിറഞ്ഞു നിൽക്കുന്നു. പിന്നീട്
കാലങ്ങൾക്കു ശേഷം ” അമ്മമഴക്കാറിനു കൺനിറഞ്ഞു ..
ആ കണ്ണീരിൽ ഞാൻ നനഞ്ഞു ” എന്ന മാടമ്പിയിലെ ഗാനവും സമാനഭാവങ്ങൾ വരുത്തുന്നത്.
” അമ്മേ സ്വയമെരിയാനൊരു
മന്ത്രദീക്ഷ തരുമോ ?”
അമ്മയെന്നും പുത്തഞ്ചേരിക്ക് വിലമതിക്കപ്പെട്ട ഒരു നിധിയാണ് .
ജന്മം തന്നവരോടുള്ള ആ കടപ്പാട് . അത് സിനിമാസന്ദർഭങ്ങൾക്കനുസരിച്ചുള്ള വരികളാണെങ്കിലും അതിലുമുണ്ട് നിറഞ്ഞു നിൽക്കുന്ന ആത്മാർത്ഥത .
” ഇന്നലെ എന്റെ നെഞ്ചിലെ
കുഞ്ഞു മൺവിളക്കൂതിയില്ലേ ”
ഈ ഗാനം ഒരച്ഛനോടുള്ള തീർത്താൽ തീരാത്ത കടമകളോടുള്ള മനസ്സടുപ്പമാണ് ..
” ഉള്ളിന്നുള്ളിൽ അക്ഷരപൂട്ടുകളാദ്യം തുറന്നു തന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോൾ കൈതന്നു കൂടെ വന്നു ”
ഇതാണ് അച്ഛൻ . കണ്ണടഞ്ഞു തീർന്ന ആ നിമിഷങ്ങൾ ഇനി ഒരിക്കൽ കൂടി വീണ്ടും തുറക്കുമോ , പുണ്യം പുലർന്നീടുമോ എന്ന പുത്തഞ്ചേരി വിലപിക്കുന്നു….
പ്രണയവിരഹത്തിൽ ചാലിച്ച ഒട്ടേറെ ഗാനങ്ങൾ വേറെയുണ്ട്…
ആരോ വിരൽ മീട്ടി ( പ്രണയവർണ്ണങ്ങൾ )
നിലാവേ മായുമോ ( മിന്നാരം )
എന്നിവയിൽ തുടങ്ങി എല്ലാ വൈകാരികതയിൽ കൂടിയും കടന്നു പോവുന്ന വിവിധ തരത്തിലുള്ള വിക്ഷോഭങ്ങൾ പാട്ടുകളായി വന്നിട്ടുണ്ട്…
മൂവന്തി താഴ്വരയിൽ എന്ന കന്മദത്തിലെ ഗാനത്തിൽ നിലാവല കയ്യാൽ നിന്നെ വിലോലമായ് തലോടിടാം എന്ന സാന്ത്വനത്തിൽ വിരലമർത്തുകയാണ് …
യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം എന്ന വീക്ഷണത്തിൽ നിശ്ചയമായും താൽക്കാലികമായെങ്കിലും മറയേണ്ടുന്ന സൂര്യനും ഒറ്റപ്പെട്ടു പോവുന്ന ആകാശവും മനുഷ്യ മനസ്സിന്റെ വിങ്ങലിലേക്കു ചേക്കേറുന്ന കാഴ്ചയും …
ശരീരത്തിന്റെ ഒരു ഭാഗം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയായി പ്രിയയുടെ വേർപാട് . ” ആകാശദീപങ്ങൾ സാക്ഷി”യാണ് .
അകത്തെരിയും ആരണ്യതീരങ്ങളിൽ , ഹിമാമുടിയിലേക്കു ചായുന്ന വിൺഗംഗയിൽ മറയുന്ന ജ്വാലാമുഖം !!!
ബന്ധങ്ങൾക്ക് അദ്ദേഹം നൽകുന്ന പവിത്രത മറ്റൊരാളുടെ എഴുത്തിലും കാണാത്തത് !!
അവിചാരിതമായി കൈവിട്ടു പോയ പോയകാല കളിക്കൂട്ടുകാരിയെ വീണ്ടും കണ്ടുമുട്ടുമ്പോൾ , അവളിന്നും കാത്തിരിക്കുന്നു എന്നത് തീരാവേദനയാവുകയാണ് …
ആഴങ്ങളിൽ നിന്നും വരുന്ന വരികൾ ഇതാണ് ..
മനസ്സിൻ മണിചിമിഴിൽ
പനിനീർതുള്ളിപോൽ
വെറുതെ പെയ്തു നിറയും
രാത്രിമഴയായ് ഓർമ്മകൾ …
ആരും തൊടാതെ തൊടുമ്പോൾ തുളുമ്പുന്ന ഗന്ധർവ സംഗീതമായവൾ !!
കുടുംബങ്ങളിലെ ഒറ്റപ്പെടൽ . അതൊരു വിങ്ങുന്ന വേദന തന്നെയാണ്..
” അകലെ അകലെ
ആരോ പാടുന്നു ..”
അതിതീവ്രമായ ഒറ്റപ്പെടലിന്റെ വാക്കുകൾ ആണ് അതിൽ നീളെ ..
ഗിരീഷ് പുത്തഞ്ചേരിയുടെ ഏറ്റവും മികച്ച ശോകാർദ്ര വരികൾ ഇവയെന്ന് എന്റെ സാക്ഷ്യം….
സാന്ദ്രമാം സന്ധ്യതൻ
മനയോല മാഞ്ഞുപോയ്
ഏകാന്തദീപം എരിയാതിരിയായ്
താന്തമാമോർമ്മതൻ
ഇരുളിൻ അരങ്ങിൽ
മുറിവേറ്റു വീണു പകലാം ശലഭം ….
പ്രകൃതിയുടെ ഭാവമാറ്റങ്ങളെ ഹൃദയവ്യഥകളോട് ചേർത്തുവെക്കുന്ന അപൂർവത .
വൈകിയെത്തുമെന്നെങ്കിലും പ്രതീക്ഷിക്കുന്ന സ്നേഹഭാവങ്ങളോട് ഇങ്ങനെയും പ്രതികരിക്കാം..
എന്തിത്ര വൈകി നീ സന്ധ്യേ
മനസ്സിന്റെ ചന്ദ്രോദയത്തിനു
സാക്ഷിയാവാൻ
തൂവലുപേക്ഷിച്ചു പറന്നുപോം
എന്റെയീ തൂമണിപ്രാവിനെ താലോലിക്കാൻ?
വരികളിലെ ഈ വികാരത്തുടിപ്പ് ഹൃദയത്തിൽ വരയ്ക്കുന്ന തൊടുകുറികൾ അനിർവചനീയം തന്നെ …
മറന്നുവോ പൂമകളെ ( ചക്കരമുത്ത് )
യമുന വെറുതെ രാപ്പാടുന്നു ( ഒരേ കടൽ )
എന്റെ ശാരികേ ( മാടമ്പി )
കണ്ണ് നട്ട കാത്തിരുന്നിട്ടും ( കഥാവശേഷൻ )
കാർമുകിൽ വർണ്ണന്റെ ( നന്ദനം )
നോവുമിടനെഞ്ചിൽ നിറശോകലയഭാവം ( കാശ്മീരം )
കാത്തിരിപ്പൂ കണ്മണി ( കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തു )
ഇവയിലൊക്കെ തന്നെ മിന്നിമറയുന്ന ശോകവും , മൂകപ്രതീക്ഷകളും ജീവന്റെ മിഴിയനക്കങ്ങളായി ഇന്നും നമ്മെ പിന്തുടരുന്നു …..