ജാസി ഗിഫ്റ്റ് — സഫലമീ സംഗീത യാത്ര
ഗിരീഷ് വർമ്മ ബാലുശ്ശേരി
നിരവധി സംഗീത സംവിധായകരിലൂടെ കടന്നു പോയിരിക്കുന്നു. മലയാളത്തിന്റെ സ്വന്തമായവരും, അന്യ ഭാഷയിൽ നിന്ന് വന്നവരും ആയി ഒട്ടേറെ പേർ . കർണ്ണാട്ടിക് രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങളേറെ കേട്ടു . എല്ലാ സംഗീതജ്ഞർക്കും പൊതുവായ ചില സാമ്യതകൾ ഉണ്ടാവും. ഒരേ രാഗത്തിൽ തന്നെ എത്രയെത്ര ഗാനങ്ങൾ ! പലരും മാറി മാറി കൈകാര്യം ചെയ്തത്. ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ ചിട്ടവട്ടങ്ങളിൽ ഒതുങ്ങി വിശാലമായ ഒരു സംഗീതപ്രപഞ്ചം നമുക്കായി കാഴ്ച വെച്ചവർ ! ഹിന്ദുസ്ഥാനി സംഗീതത്തിന്റെ , ഗസലിന്റെ ഊടുവഴികളിലൂടെ നടത്തി കുറച്ചു പേർ . എം എസ് ബാബുരാജിലൂടെ …. രമേശ് നാരായണനിലൂടെ ….
എൺപതുകളിൽ, തൊണ്ണൂറുകളിൽ ശ്യാം സംഗീതത്തിന്റെ മറ്റൊരു തലം വന്നുചേർന്നു . വെസ്റ്റേൺ സംഗീതത്തിന്റെ കുഞ്ഞലകൾ തീർത്ത ഒരു സുന്ദരകാലം. രണ്ടായിരം എത്തിചേർന്നപ്പോൾ വെസ്റ്റേൺ അരച്ചുകലക്കി കുടിച്ച ഒരു സംഗീത സംവിധായകൻ വന്നു ചേർന്നു. ശ്രീ ജാസി ഗിഫ്റ്റ് . മലയാളത്തിന്റെ പുത്രൻ ആയിട്ടും മറ്റു ഭാഷകളിൽ ആണ് ഇദ്ദേഹത്തിന് കൂടുതൽ അവസരങ്ങളും, അംഗീകാര്യങ്ങളും ലഭിച്ചത് . തമിഴിലും, തെലുങ്കിലും തിളങ്ങിയെങ്കിലും കൂടുതൽ പേരെടുത്തത് കന്നടയിൽ ആണ്.
ഫിലിം ഫെയർ അവാർഡ് , ബാംഗ്ലൂർ ടൈംസ് ഫിലിം അവാർഡ് , തുടങ്ങിയവയൊക്കെ കരസ്ഥമാക്കാൻ കഴിഞ്ഞിരുന്നു.
മലയാളത്തിൽ നിന്ന് അക്കാലത്തെ സൂപ്പർ ഹിറ്റായ ഫോർ ദി പീപ്പിൾ സിനിമയിലെ സംഗീതത്തിനും, പാടിയതിനും ആയി വനിതാ, ഏഷ്യാനെറ്റ് അവാർഡുകൾ നേടുകയുണ്ടായി. വെസ്റ്റേൺ മാസ്മരികതയിൽ മുങ്ങിത്താണിരുന്ന സംഗീത മനസ്സായിരുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയാണ് ഈണത്തിലും, ആലാപനത്തിലും. ആ ഒരു വ്യത്യസ്ഥത തന്നെയാണ് ഫോർ ദി പീപ്പിൾ എന്ന സിനിമയെ സൂപ്പർ മെഗാ ഹിറ്റാക്കി അന്ന് മാറ്റിയതും. മലയാള സിനിമയിൽ ആദ്യമായ് കേട്ട മറ്റൊരു സംഗീതം. വെസ്റ്റേൺ മിക്സിങ്ങിൽ മുങ്ങിത്താണ കൈതപ്രം വരികൾ പുതിയൊരു വഴി തുറന്നു.
ലജ്‌ജാവതിയെ നിന്റെ കള്ളക്കടക്കണ്ണിൽ ….
നിന്റെ മിഴിമുന കൊണ്ടെന്റെ …..
ലോകാ സമസ്ത സുഖിനോ ഭവന്തു …..
അന്നക്കിളി നീയെന്നിലെ വർണ്ണകനവേറി വന്നു ….
അന്ന് ലജ്‌ജാവതിയെ കളയാക്കിയവർ പോലും അറിയാതെ താളം പിടിച്ചു കൊണ്ട് ഒറ്റയ്‌ക്കെങ്കിലും കേൾക്കാൻ ശ്രമിച്ച ഗാനം ആണ്. അത്രയ്ക്കേറെ അന്നത്തെ യുവജനത അടക്കം ആഹ്‌ളാദത്തോടെ എതിരേറ്റ ഒരു ഗാനം ആയിരുന്നു ഇത്. എന്നാൽ അരങ്ങേറ്റം അങ്ങിനെയായിരുന്നില്ല . സഫലം എന്ന ചിത്രത്തിലൂടെ . സ്നേഹനിധികളായ ദമ്പതികൾക്ക് വാർദ്ധക്യ കാലത്ത് നേരിടേണ്ടി വന്ന ഒറ്റപ്പെടലുകൾ ചിത്രീകരിച്ച സിനിമ .
” തൂവെള്ള തൂവും ഉഷസ്സിൽ വാനിൽ കാർമേഘത്തിൻ ശരമാല ”
എന്ന മൃദുല ഗാനം രാജേഷ് വിജയ് എന്ന ഗായകൻ ആലപിച്ചത്. എത്ര മാത്രം സോഫ്റ്റ് ആയ ഒരു ഗാനം എന്ന് വിശേഷിപ്പിക്കാവുന്നത്… തങ്കൻ തിരുവട്ടാർ രചന . രണ്ടാമത്തെ ചിത്രത്തിലൂടെ തന്റെ ഇഷ്ടരീതി തുടങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞു. മലയാളിത്തം കുറഞ്ഞ ഗാനം എന്ന് ചിലർ പരിഭവം പറഞ്ഞെങ്കിലും ….
തെമ്മാ തെമ്മാ തെമ്മാടി കാറ്റേ ….. എന്ന റൈൻ റൈൻ കം എഗൈനിലെ ജോസ്‌ന പാടിയ ഗാനത്തിലൂടെ ജാസി സംഗീതം വഴിവെട്ടുകയായിരുന്നു.
ശേഷം ആദ്യ ഗാനത്തിന്റെ ചുവട് ചേർന്ന് പോയ ഒരു ഗാനം വന്നു. ഡിസംബർ എന്ന ചിത്രത്തിലെ “: സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ ” എന്ന യേശുദാസ് ഗാനം. അതിലെ തന്നെ ” ഇരുളിൻ കയങ്ങളിൽ പുതിയൊരു സൂര്യൻ പുലർന്നുവോ ” എന്ന ഗാനവും നന്നായിരുന്നു. കവി ഇഞ്ചക്കാട് ബാലചന്ദ്രന്റെ രചനയിൽ ജാസി ഈണം കവിഞ്ഞൊഴുകുന്ന ഒരു ഗാനം ഉണ്ട് ജയരാജിന്റെ അശ്വാരൂഡനിൽ . ” അഴകാലില മഞ്ഞച്ചരടിലെ പൂത്താലി ” എന്ന ഗാനം ജാസി ഗിഫ്റ്റിനോടൊപ്പം അഖില ആനന്ദ് സുന്ദരമാക്കിയത് .
നീലത്തടാകങ്ങളോ സഖീ … ( ബൽറാം v/s താരാദാസ് )
കേട്ടില്ലേ കേട്ടില്ലേ എന്റെ കള്ളച്ചെറുക്കന് ( പോക്കിരി രാജ )
മണിക്കിനാവിൻ കൊതുമ്പുവള്ളം ( പോക്കിരി രാജ )
എന്നിവയിലൂടെ തന്റെ സഞ്ചാരം തുടർന്നു കൊണ്ട് ചൈനാ ടൗണിലെ ഒരു സൂപ്പർ ഗാനത്തിൽ താൽക്കാലിക നങ്കൂരമിട്ടു .
“അരികിൽ നിന്നാലും അറിയുവാനാവുമോ ” …. ഈ ഗാനത്തിന്റെ എല്ലാ അഴകും കേട്ടറിയേണ്ടതാണ്….
ജാസി ഗിഫ്റ്റിന്റെ സൂപ്പർ ഹിറ്റ് പിറന്നത് ശരിക്കും പിന്നീടാണ്. ഭരതന്റെ പുത്രൻ സിദ്ധാർഥ് സംവിധാനം ചെയ്തഭിനയിച്ച ഭരതന്റെ തന്നെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായ നിദ്രയുടെ റീമേക്കിൽ …ശ്രേയാ ഘോഷാൽ അതീവ സുന്ദരമായി ആലപിച്ച ” ശലഭ മഴ പെയ്യുമീ വാടിയിൽ പൂക്കളിൽ ” …….
റഫീഖ് അഹമ്മദിന്റെ കൊതിപ്പിക്കുന്ന രചന . ജാസി ഗിഫ്റ്റിന്റെ അതിലേറെ കൊതിപ്പിച്ച ഈണമാധുരി ..മറ്റുള്ളവരുടെ സംഗീതത്തിൽ കുറച്ചു സിനിമകളിൽ പാടിയിട്ടും ഉണ്ട് ഇദ്ദേഹം… ഇനിയും ജാസി സംഗീതം പുതുമകളോടെ പുനർജനിക്കട്ടെ എന്നാശംസിക്കുന്നു.