പുലരിപ്പൂ പോലെ ചിരിച്ചും ….

67

ഗിരീഷ് വർമ്മ ബാലുശ്ശേരി

പുലരിപ്പൂ പോലെ ചിരിച്ചും ….

വിവാഹ വാർഷിക ആശംസകൾ Sujesh Hari

സിനിമയിൽ ആദ്യമെഴുതിയ പാട്ടിനു തന്നെ അവാർഡ് നേടുകയെന്നത് അത്യപൂർവമായ ഒരു സംഗതിയാണ്. ഇക്കൊല്ലത്തെ സ്റ്റേറ്റ് അവാർഡ് അത്തരം ഒരു കാര്യത്തിനും സാക്ഷ്യം വഹിക്കുക ഉണ്ടായി. മികച്ച പാട്ടെഴുതിയ ആൾ ശ്രീ സുജേഷ് ഹരി . പുലരിപ്പൂ പോലെ ചിരിച്ചും … എന്ന ഗാനത്തിന് … സംഗീതം ചെയ്ത വിശ്വജിത് വലിയൊരു അഭിനന്ദനം അർഹിക്കുന്നു. പിന്നെ ഭാവമധുരമായി പാടിയ സിത്താരയും …

ഒരസാധാരണ പ്രണയകാവ്യം തന്നെയാണിത് . ഏറ്റവും മികച്ചതിന് തന്നെ അവാർഡ് കൊടുത്തതിന് ഇക്കൊല്ലം ജൂറി അംഗങ്ങൾക്ക് അഭിമാനിക്കാം. അത്രയേറെ അതിലെ വരികൾ ചിത്രത്തിലെ കഥാ സന്ദർഭത്തോട് ചേർന്ന് നിൽക്കുന്നു. പുലരിപ്പൂ പോലെ ചിരിച്ചും എന്ന ആഗാനം ഒരാൺ വേർഷൻ ആയി മുൻപ് ഒരാൽബത്തിൽ കേട്ടിട്ടുണ്ട്. അത് തീർത്തും വിരഹഗാനം തന്നെയായിരുന്നു. എന്നാൽ സിനിമയിൽ ആ ഗാനം ഒരു പെൺ വേർഷനായി മാറ്റിയപ്പോൾ അതീവ സുന്ദരമാകുകയും ചെയ്തു. അൽപ്പാൽപ്പം ചില മാറ്റങ്ങൾ എങ്കിലും തുടക്കത്തെ പ്രണയ സാഫല്യവും, അതിന്റെ സ്നേഹതുടർച്ചയും, പിന്നീട് അവൾ അനുഭവിക്കുന്ന ഒറ്റപ്പെടലും, സ്നേഹനിരാസവും എല്ലാം അതിൽ ഉൾച്ചേർന്നിരിക്കുന്നു.

പുലരിപ്പൂ പോലെ വെണ്മയാർന്നു ചിരിച്ചും,കളിച്ചും ജീവിതം മുന്നോട്ടു നീങ്ങുന്നു. ഏതന്തിയിലും കൂട്ടായും, സീമന്തസിന്ദൂരം മായാതെ കാത്തും പാതി മെയ്യും, പാതി മനസ്സും ഒരൊറ്റ ശ്വാസകുളിരിൽ കൂട്ടായി ചേര്ന്നും , ഒരിക്കലും പിരിയാതെ പുണർന്നു കുളിർന്നും പൊയ്‌പ്പോയ നാളുകൾ ..കുഞ്ഞു നോവുകളിൽ പോലും കണ്ണീരലകൾ ഒന്നായി ചേർന്ന് പെയ്യുന്നതും …..അതൊക്കെ ഓർമ്മകളാവുകയായിരുന്നു…..

പ്രണയിച്ചു വിവാഹം കഴിച്ചവർ പിന്നീട് വല്ലാത്ത ഒരു സാഹചര്യത്തിൽ അകന്നു കഴിയേണ്ടി വരുമ്പോൾ .. ഒറ്റയ്ക്കായി പോയ ഒരുവളുടെ സങ്കടങ്ങളാണ് ഈ പാട്ടു നിറയെ. നല്ലൊരു കുടുംബത്തിൽ ജനിച്ചവൾ എങ്കിലും അമിത മദ്യാസക്തി കാരണം അയാൾക്കു സംഭവിക്കുന്ന ചില അബദ്ധങ്ങളുടെ അകെത്തുക . അതാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചലച്ചിത്രത്തിന്റെ ഇതിവൃത്തം . അവൻ ജയിലകപ്പെട്ടപ്പോൾ വീട്ടിലും, സമൂഹത്തിലും വരെ തീർത്തും ഒറ്റപ്പെട്ടു പോയ ഒരുവളുടെ ദീനത ആണ് ഈ പാട്ടിലൂടെ ഇതൾ വിരിയുന്നത്.
പല്ലവിയ്ക്കും, അനുപല്ലവിക്കും ശേഷം പിന്നത്തെ വരികൾ മുഴുവൻ അവളുടെ വേദനയുടെയും, ഒറ്റപ്പെടലിന്റെയും , സ്നേഹരാഹിത്യത്തിന്റെയും സാക്ഷ്യമാണ്…

ജീവിതത്തിൽ തീർത്തും ഏകാകിയായി പോയ അവൾ പിന്നെ തിരിച്ചറിയുകയാണ്. ഇനി നിന്റെ സ്നേഹം എന്നിൽ മുല്ലയായി പൂവിടില്ല , നിന്റെ സ്നേഹനിലാവെന്നിലിനി പൊഴിഞ്ഞു വീഴില്ലെന്നും … സ്നേഹദാഹത്താലുലയുമ്പോൾ എന്നിൽ നിന്നും പൊഴിഞ്ഞു വീഴുന്ന പൂവിതളുകൾ കൊർത്തിനി നീയൊരു മാല്ല്യം തീർക്കില്ലെന്നും , എന്റെ മൂകരാഗത്തിനിനി നീ തംബുരു മീട്ടില്ലെന്നും ഭീതിയോടവൾ മനസ്സിലാക്കുന്നു..

നിന്റെ സംരക്ഷണം ഇല്ലാതാവുമ്പോൾ ഒരു രാവിലും ഇനി ഒരു നിഴൽക്കൂട്ടു പോലും ഇല്ലാതാവുകയാണ്…ജീവിതത്തിലെ ഏതപായ നിമിഷങ്ങളിലും ,ഏത് തോരാ രാമഴയിലും നീയെന്ന കൂട്ടെനിക്കില്ലാതായിരിക്കുന്നു ..അവസാന ശ്വാസം നിലച്ചു കഴിഞ്ഞാൽ പോലും നീയെന്നെ നെഞ്ചിൽ ചേർത്തു പിടിച്ചു കൊണ്ട് തേങ്ങില്ലയെന്ന ദുഃഖസത്യവും ഞാൻ മനസ്സിലാക്കുന്നു..അതിനു ശേഷം നിന്റെ ജീവിതത്തിൽ ഞാനെന്ന അദ്ധ്യായം തന്നെ ഇല്ലാതാവുകയും ചെയ്യും എന്നുമറിയാം…

ഇത്രയേറെ പ്രണയത്തെയും, കുടുംബന്ധത്തെയും ചേർത്തു പിടിച്ച ഒരു ഗാനം അടുത്തൊന്നും കേട്ടിട്ടില്ല. സുജേഷ് ഹരി മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനം ആണ്.. ഇനിയും ഏറെ ഗാനങ്ങൾ വരാനിരിക്കുന്നു. ഞങ്ങൾ അക്ഷമയോടെ കാത്തിരിക്കുന്നു …
എല്ലാവിധ ആശംസകളും നേരുന്നു …..