ഗിരീഷ് വർമ്മ ബാലുശ്ശേരി

നീലരാവിലിന്നു നിന്റെ സ്വരരാഗം ….

ഒരു പാട്ടുകാരന്റെ / പാട്ടുകാരിയുടെ സ്വത്ത് എന്ന് പറയുന്നത് അവരുടെ ശബ്ദമാണല്ലോ .അതിന് അല്പം പോലുമൊരു ഇടറിച്ച സംഭവിച്ചാൽ മുഴച്ചു നിൽക്കുകയും ചെയ്യും. സാധകം ചെയ്തുണ്ടാക്കിയ ആ സ്വരമാധുരിയ്ക്ക് സംഭവിക്കുന്ന ക്ഷതം അവരുടെ ഭാവി തന്നെ ഇല്ലാതാക്കുന്നതാണ് . സമാനമായ ഒരു ദുര്യോഗം അനുഭവിച്ച ഒരു ഗായികയെ കുറിച്ചാവട്ടെ ഇപ്രാവശ്യം …

Minmini - IMDb1989 ൽ വാടകഗുണ്ട എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മിന്മിനി എന്ന റോസിലിയെ പറ്റി തന്നെ.. പെട്ടെന്ന് തന്നെ പാട്ടുവിഹായസ്സിൽ ഉദിച്ചുയർന്ന ഒരു താരമായിരുന്നു മിന്മിനി . മലയാളം അത്ര ശ്രദ്ധിച്ചില്ല ഈ ഗായികയെ . പലരോടും മലയാള സിനിമ കാണിച്ച അശ്രദ്ധ മിന്മിനി എന്ന മലയാളി ഗായികയോടും !

ആലുവക്കാരിയായ, നൂറു ശതമാനം മലയാളിയായ ഇവരുടെ കഴിവ് തിരിച്ചറിയാൻ തമിഴകം തന്നെ വേണ്ടി വന്നു. മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ എന്ന യുഗ്മഗാനത്തിൽ ഇഴ ചേർന്ന് കൊണ്ട് സ്വാഗതം എന്ന ചിത്രത്തിലൂടെ നമ്മൾ കേട്ടു ആ സ്വരമാധുരി . ബിച്ചുതിരുമല – രാജാമണി കൂട്ടുകെട്ടിൽ പിന്നെയും ഒരു ഗാനം കൂടി . അക്കരെ നിന്നൊരു കൊട്ടാരം എന്ന സംഘഗാനത്തിൽ ….എന്നാൽ കിഴക്കുണരും പക്ഷിയിലെ ” സൗപർണ്ണികാമൃത വീചികൾ ” എന്ന ഗാനം . അതൊരു ഗായികയെ തിരിച്ചറിയലായിരുന്നു.

അപ്പോഴേക്കും തമിഴകം ഗായികയെ കണ്ണുവെച്ചിരുന്നു . എ ആർ റഹ്‌മാൻ എന്ന മഹാപ്രതിഭയുടെ ഉദയവും നടന്ന വർഷം . 1992 . റോജ എന്ന മഹാസിനിമ പിറവി കൊണ്ട വർഷം . എ ആർ റഹ്‌മാന്റെ ആദ്യ ഈണത്തിൽ ” ചിന്ന ചിന്ന ആശൈ ” … മിന്മിനിയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല .

തമിഴ് സിനിമ അവരെ ഏറ്റെടുക്കുക ആയിരുന്നു. ഇന്ത്യ മൊത്തം പാടിയ ഗാനം ആയിരുന്നു ചിന്ന ചിന്ന ആശൈ .. അതിന്റെ ഹിന്ദി പതിപ്പിലും മിന്മിനി തിളങ്ങി . ” ചോട്ടി സി ആശ ” എന്ന മൊഴിമാറ്റത്തിൽ അതേ തിളക്കത്തോടെ …. മലയാളിക്ക് എന്നെന്നും അഭിമാനിക്കാവുന്ന സുവർണ്ണ നിമിഷങ്ങൾ .

അക്കൊല്ലം തന്നെ സിദ്ധിഖ് ലാലിന്റെ വിയറ്റ്നാം കോളനിയിൽ പ്രധാന ഗായികയായി മിന്മിനി. ” പാതിരാവായി നേരം ” എന്ന സോളോ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.
” ഊരുവലം വരും വരും ” എന്ന ഉല്ലാസഗാനത്തിലും പങ്കാളിയായി മിന്മിനി .
തമിഴിലും, കന്നടയിലും, ഹിന്ദിയിലും, തെലുങ്കിലും തിരക്കുള്ള ഗായികയായി അവർ,. ഇളയരാജയ്ക്കും ഏറെ പ്രിയപ്പെട്ട ഗായിക . ഒട്ടേറെ അവസരങ്ങൾ അദ്ദേഹവും നൽകി.
കുറുക്കു പാത്തായിലെ …
രാത്രിയിൽ പാടും പാട്ട്…
ചിത്തിരൈ നിലാവ് ….
പൂ മലർന്തത് …
വൈഗക്കരൈ പൂങ്കാറ്റേ …..
എന്നിവ അവയിൽ ചില ഇഷ്ടഗാനങ്ങൾ …
പൊന്നാരത്തോട്ടത്തിലെ രാജാവിലെ ” ഈ വഴിയേ നിലവിളക്കുമേന്തി ” എന്ന ഓ എൻ വി – മോഹൻ സിതാര ഗാനം ശ്രദ്ധിക്കപ്പെടാതെ പോയി മലയാളത്തിൽ .
ദക്ഷിണേന്ത്യൻ ഭാഷകളിലെ തിരക്ക് കൊണ്ടും കൂടിയാവും പിന്നീട് മലയാളത്തിൽ വല്ലപ്പോഴും വിരുന്നുവരലായി . എന്നിട്ടും ..

കാക്കാ പൂച്ച കൊക്കരക്കോഴി ( പപ്പയുടെ സ്വന്തം അപ്പൂസ് )
കുഞ്ഞു വാവയ്ക്കിന്നല്ലോ ( നാടോടി ) എന്നിവയൊക്കെ പാടാൻ പോലും ഇവർ മലയാളത്തിലേക്ക് വന്നു. ഒരു വാരിയായാൽ പോലും മലയാളത്തിനെ തഴയാൻ അവർക്കാവില്ല എന്നതിന്റെ തെളിവ് .എന്നാൽ മറ്റൊരു സൂപ്പർ ഹിറ്റ് അപ്പോഴേക്കും മലയാളത്തിലും. ഊഞ്ഞാലുറങ്ങി ഹിന്ദോള രാഗം മയങ്ങി എന്ന സുരഭില ഗാനത്തോടെ മലയാളിയെ മയക്കിക്കളഞ്ഞു മിന്മിനി …

കുടുംബസമേത്തിലെ കൈതപ്രം ജോൺസൻ ടീമിന്റെ കനത്ത സംഭാവനയായി ഈ ഗാനം . അതിലെ തന്നെ അസാമാന്യ പ്രണയ ഗാനവും മറ്റൊരു അദ്ഭുതമായിരുന്നു.
” നീലരാവിലിന്നു നിന്റെ താരഹാരമിളകി ” യേശുദാസിനൊപ്പം മണ്മറഞ്ഞ അനുഗ്രഹീത നടി മോനിഷയ്ക്കു വേണ്ടി ചുണ്ടുകൾ വിടർത്തിയപ്പോൾ …
പൈതൃകത്തിലെ ” സ്വയംവരമായ് മനോഹാരിയായ് ” എന്ന ഗാനവുമായി വീണ്ടും .
ഗസലിലെ ഏഴാം ബഹറിന്റെ യൂസഫലി വരികളിലൂടെ ബോംബെ രവിയുടെ ശിക്ഷണത്തിൽ …

രാജസേനന്റെ മേലേപ്പറമ്പിൽ ആൺവീട് സിനിമാതീയേറ്റർ കുലുക്കിമറിച്ച സിനിമ. അതിലെ ഗാനങ്ങളും അക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെട്ടു. ” വെള്ളിത്തിങ്കൾ പൂങ്കിണ്ണം ” എന്ന സ്വപ്ന ഗാനം ഇവർ മികവുറ്റതാക്കി.. ” ഊരുസനം ഓടി വന്നു ” എന്ന തമിഴ് പദത്തോടൊപ്പം മിന്മിനി യേശുദാസിനൊപ്പവും …പിന്നീട് ഭൂതക്കണ്ണാടിയിലും പാടുകയുണ്ടായി…ആശാമരത്തിന്റെ അതിരം തലയ്ക്കെ എന്ന നാടൻ പാട്ടുമായി ഇടക്കൊന്നു വന്നു പോയി…

1993 ലെ ഒരു മോശം കാലം. ഒരു സ്റ്റേജ് ഷോക്കിടയിൽ മിന്മിനിയ്ക്ക് തന്റെ ശബ്ദം നഷ്ടപ്പെടുകയുണ്ടായി.. പാടാനാവാതെ പിന്നീട് കുറച്ചു നാൾ. അപ്പോഴേക്കും തമിഴിലെ പ്രസിദ്ധ ഗായിക ആയി ഇവർ മാറിക്കഴിഞ്ഞിരുന്നു.പിന്നീട് ശബ്ദം തിരിച്ചു കിട്ടി സിനിമയിൽ സജീവമായെങ്കിലും പാട്ടുകാലം മാറിക്കഴിഞ്ഞിരുന്നു. മലയാളത്തിൽ പിന്നെ നല്ല ഗാനങ്ങൾ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.
എന്നാൽ അടുത്ത കാലത്ത് മിലി എന്ന മലയാള സിനിമയിലെ ഹരിനാരായണന്റെ വരികൾക്കു ചുണ്ട് ചേർത്തു മിന്മിനി .കൺമണിയെ പാട്ടു മൂളുകില്ലേ … ഗോപി സുന്ദർ ഈണം.ചിറകൊടിഞ്ഞ കിനാവുകളിൽ ” നിലാക്കുടമേ ” എന്നത് ജയചന്ദ്രനോടൊപ്പം ..റഫീഖ് അഹമ്മദിന്റെ ” വെയിലാറും ഓർമ്മതൻ വയൽ വരമ്പിൽ എന്റെ പാദമുദ്ര കണ്ടുവോ ” എന്നന്വേഷിച്ചു കൊണ്ട് പ്രിയ ഗായിക വീണ്ടും … ലവ് 24 x 7 ലെ ഈ ബിജിപാൽ സംഗീതം എന്നാൽ ശ്രദ്ധിക്കപ്പെട്ടില്ല. കവി പറഞ്ഞ പോലെ പാദമുദ്ര ഞങ്ങൾ തിരിച്ചറിഞ്ഞു പ്രിയപ്പെട്ടവളേ …..
പുതിയ കാലത്തിലേക്ക് പുതിയ പാട്ടുമുദ്രകളുമായി ഇനിയും വരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

You May Also Like

തമിഴ്നാട്ടുകാരൻ സാമുവൽ ജോസഫ് പ്രശസ്തനാകുന്നത് ശ്യാം എന്നപേരിൽ മലയാളത്തിന്റെ പ്രിയങ്കരനായിട്ടാണ്

ശ്യാം…..എൺപതുകളുടെ ആദ്യ പകുതിയിൽ മലയാളസിനിമാ സംഗീതത്തിലെ സമാനതകളില്ലാത്ത ‘numero uno’. അന്ന് ശ്യാം സംഗീതം നൽകിയ പാട്ടുകൾ ഓർമിച്ചെടുക്കുന്നതിലും

‘ഹാപ്പി’ ഗാനത്തിനു മലയാളം പതിപ്പ്… കൂടെ പാടൂ, ഇത് മലയാളം റാപ്പ്…

‘ഹാപ്പി’ എന്ന ഗാനത്തിന്‍റെ ഏറ്റവും പുതിയ റീമിക്സ് ആണ് ചുവടെ…കേരളിയര്‍ക്കു അത്ര പരിചിതമല്ലാത്ത ‘റാപ്പ്’ ശൈലിയിലാണ് ഇത് ചിട്ടപെടുതിയിരിക്കുന്നത്.

ഒരു നാടന്‍ റാപ്പ് സോംഗ്…അടിപൊളി റാപ്പ്, കാണാന്‍ മറക്കരുത് …

ഒരു കട്ടിലില്‍ കൊട്ടി പാടുന്ന പാട്ട്, അതും ഒരു മൊബൈല്‍ ക്യാമറയുടെ വ്യക്തയില്‍ …ഈ പാട്ട് ഒരു സ്റ്റുഡിയോയില്‍ ആയിരുന്നേല്‍ ചേട്ടോ മിന്നിച്ചേനെ …സത്യം

ഒരു പിടി അവിലുമായ് …

ഒരു പിടി അവിലുമായ് … ഗിരീഷ് വർമ്മ ബാലുശ്ശേരി സിനിമാപാട്ടു ചരിത്രത്തിലെ ഭക്തകവി ആരെന്നു ചോദിച്ചാൽ…