Music
ആർ കെ ശേഖർ – ആ സാന്ധ്യരാഗം മായുന്നില്ല

ഗിരീഷ് വർമ്മ ബാലുശ്ശേരി
ആ സാന്ധ്യരാഗം മായുന്നില്ല …
പാതി വിടർന്നൊരു പാരിജാതം
പാഴ്മണ്ണിൽ വീണു … അനാഥശില്പങ്ങളിലെ ഈ ഗാനം സംഗീതം ചെയ്ത ആൾക്ക് അറം പറ്റിയത് പോലെ ആയി!! വെറും നാല്പത്തിമൂന്നാമത്തെ വയസ്സിൽ ഈ ഭൂമി വിട്ടുപോയ സുപ്രസിദ്ധ സംഗീത സംവിധായകൻ ശ്രീ ആർ കെ ശേഖർ ! ദുഃഖസാന്ദ്രമായ ഏതോ ഓർമ്മ പോലെ ഒരാൾ. വായിച്ചും കേട്ടും മാത്രം അറിഞ്ഞ ജീവിത ചരിത്രം . 1976 ൽ ഇവിടം വിട്ടു പോവുമ്പോൾ മലയാള സിനിമക്ക് അദ്ദേഹം തന്നിട്ട് പോയ ഒരു പിടി ഗാനങ്ങൾ . വിരലിലെണ്ണാവുന്ന ഗാനങ്ങളെ സൂപ്പർ ഹിറ്റുകളായുള്ളൂ എങ്കിലും അത് മതി എന്നുമോർക്കാൻ . അതിലുമേറെ എണ്ണം തന്റേതാവേണ്ട സൃഷ്ടികൾ മറ്റുള്ള പ്രസിദ്ധർക്ക് കൈമാറിയ മഹാൻ !
സിനിമക്ക് വേണ്ടി സകലതും മറന്നു പ്രവർത്തിച്ച ആളെണെന്നു അറിവ് .

R.K.Sekhar
സ്വതന്ത്ര സംവിധായകൻ ആവും മുൻപ് ഈ തമിഴ്നാട്ടുകാരൻ എം ബി ശ്രീനിവാസൻ, ദക്ഷിണാമൂർത്തി , എം കെ അർജുനൻ തുടങ്ങിയവരുടെ സഹായി ആയും നീണ്ട നാൾ തുടർന്നു . വെറും സഹായി ആയിരുന്നില്ല . സംഗീത രൂപീകരണത്തിലും , പാട്ടായ് രൂപം മാറുന്നത് വരെയും തന്റെ സൃഷ്ടി എന്നതുപോലെ മറ്റുള്ളവർക്കായി കൂടെ നിന്നവൻ . എം കെ അർജുനന്റെ കൂടെ ശേഖർ മരിക്കും വരെ ഉണ്ടായിരുന്നു.. ഇവരുടെയൊക്കെ ഏതൊക്കെയോ ഗാനങ്ങളിൽ ശേഖർ കയ്യൊപ്പും കൂടി ഉണ്ട്, മറ്റാരും കാണാതെ കിടക്കുന്നത്.
ഒരു സ്വതന്ത്ര സംവിധായകനായി തീർന്നത് മലയാളത്തിൽ ആണാദ്യം . മലയാളത്തിലെ എക്കാലത്തെയും ധീര വിപ്ലവഗാനമായും , ദാർശനിക ഗാനമായും എണ്ണുന്നത് .
ചൊട്ട മുതൽ ചുടല വരെ
ചുമടും താങ്ങി
ദുഖത്തിൻ തണ്ണീർപന്തലിൽ
നിൽക്കുന്നവരെ … എന്ന പഴശ്ശി രാജയിലെ ഈ ഗാനമാണ്.
1964 ൽ എല്ലാ ഗാനങ്ങളിലും ഹിറ്റായി മാറ്റിയ സംഗീത സംവിധായകൻ . രചന വയലാർ .
അഞ്ജനക്കുന്നിൽ തിരി പെറുക്കാൻ പോവും അമ്പലപ്രാവുകളെ….
ചിറകറ്റു വീണൊരു കൊച്ചുതുമ്പീ ..
എന്നീ ഗാനങ്ങൾ ഇന്നും നമ്മൾ മൂളുന്നത്.
രണ്ടാമത്തെ ചിത്രമായ ആയിഷയിലും വയലാർ രചനയിൽ കുറച്ചു ഗാനങ്ങൾ .
മുത്താണെ എന്റെ മുത്താണെ ..
യാത്രക്കാരാ പോവുക പോവുക …
ഇതൊക്കെ എങ്ങിനെ നാം മറക്കും .
ശോകാന്ത രാഗങ്ങൾ വരികളിൽ കൂട്ടിച്ചേർക്കുമ്പോൾ ജന്മം കൊണ്ടവയൊക്കെ അത്രതന്നെ മനസ്സിനെ മഥിക്കുന്നവയുമാണ് .
ആറടിമണ്ണിന്റെ ജന്മി എന്ന സിനിമയിലെ ഈ ഗാനം ശ്രദ്ധിക്കാം…
ആരോരുമില്ലാത്ത തെണ്ടി
പക്ഷെ ആറടി മണ്ണിന്റെ ജന്മി …
പി ഭാസ്കരന്റെ അത്രമേൽ ദുഃഖസത്യമായ വരികൾക്ക് ഈണം ചേർത്തത് എന്നും ഒരു വേദനയായി പിന്തുടരുകയാണ്…
രണ്ടു സിനിമകളിലെ ഉത്തരവാദിത്വം കഴിഞ്ഞപ്പോൾ വലിയൊരു ഇടവേള വന്നു ചേർന്നു . പിന്നീട് ആറ് വർഷത്തിന് ശേഷം ആണ് ഒരു സിനിമ മലയാളത്തിൽ കൈവന്നത്. ഇടവേളക്കാലത്തും വെറുതെ ഇരുന്നില്ലത്രേ . മറ്റു സംഗീത സംവിധായകർക്ക് വഴികാട്ടി ആയി തുടർന്നു ..
ശ്രീകുമാരൻ തമ്പിയുടെ രചനകൾക്ക് ഈണം നൽകിക്കൊണ്ട് അനാഥ ശിൽപ്പങ്ങൾ എന്ന ചലച്ചിത്രത്തിലേക്കു വീണ്ടും വന്നു ആർ കെ ശേഖർ . അതൊരു വരവായിരുന്നു. എസ് ജാനകിയുടെ ഏറ്റവും നല്ല പത്തു ഗാനങ്ങൾ തിരഞ്ഞെടുത്താൽ അതിൽ ഈ ഗാനവും നിശ്ചയമായും പെടും..
പാതിവിടർന്നൊരു പാരിജാതം
പാഴ്മണ്ണിൽ വീണു….
കത്താത്ത കാർത്തിക വിളക്ക് പോലെ …
സന്ധ്യാരാഗം മാഞ്ഞുകഴിഞ്ഞു ….
അച്ചൻകോവിലാറ്റിലെ കൊച്ചോളങ്ങളെ …
സിനിമാ സംഗീതത്തിന് വേണ്ടി സർവ്വം സമർപ്പിച്ചയാളായിട്ടു കൂടി പിന്നീട് കിട്ടിയ മലയാള ചിത്രങ്ങൾ പലതും നിലവാരമില്ലാത്തതും, സാമ്പത്തികമായി തകർന്നതുമായിരുന്നു. അതിൽ പെട്ടുപോയി ശേഖർ സംഗീതവും. എന്നിട്ടും വെള്ളി വെളിച്ചം പോലെ അതിൽ നിന്നുയരും സംഗീത രശ്മികൾ !!
ഉഷസോ സന്ധ്യയോ സുന്ദരീ
നീ ഉറങ്ങുമ്പോഴോ
ഉണരുമ്പോഴോ സുന്ദരീ …. എന്ന സുമംഗലിയിലെ ഗാനത്തിന് നൽകിയ സംഗീതം ആസ്വദിക്കണം ! വാചാലമായ മൗനങ്ങളെ കോർത്തിണക്കിയ ഗാനം . ഏറെ പ്രിയപ്പെട്ട സംഗീതം….
മാന്മിഴികളിടഞ്ഞു … എന്ന ജയചന്ദ്രൻ ഗാനവും കൂടി ഉണ്ടിതിൽ .
താമരപ്പൂ നാണിച്ചു
നിന്റെ തങ്ക വിഗ്രഹം വിജയിച്ചു
പുളകം പൂക്കും പൊയ്ക പറഞ്ഞു
യുവതീ നീയൊരു പൂവായ് വിടരൂ ….
ബ്രഹ്മാനന്ദന്റെ സംഗീത കൂട്ടുവെയ്പ്പിൽ ഏറെയൊന്നും ഗാനങ്ങൾ ഇല്ല . എന്നാൽ മറ്റാരും പാടികേൾക്കാൻ പോലും ഇഷ്ടപ്പെടാത്ത അഞ്ചാറു ഗാനങ്ങൾ ഉണ്ട് .. അതിലെ ഒന്നാണ് ടാക്സി കാറിലെ ഈ ഗാനം . ശ്രീകുമാരൻ തമ്പിയുടേത് ..
സങ്കൽപ്പവൃന്ദാവനത്തിൽ പൂക്കും .. എന്നതും ഇതിലെ ഒരു ഗാനം..
ജയചന്ദ്രനും കുറച്ചേറെ നല്ല ഗാനങ്ങൾ ആർ കെ ശേഖർ കനിഞ്ഞരുളി .
കണ്ടവരുണ്ടോ , ടാക്സി കാർ എന്നിവക്ക് ശേഷം മിസ് മേരി എന്നതിലും ജയചന്ദ്രന് ” മണിവർണ്ണനില്ലാത്ത വൃന്ദാവനം …” എന്നാ യുഗ്മ ഗാനം നൽകിയിട്ടുണ്ട്…
നീയെന്റെ വെളിച്ചം
ജീവന്റെ തെളിച്ചം
നീയെന്നഭയമല്ലേ
അമ്മേ നീയെന്നഭയമല്ലേ എന്ന കന്യാമറിയ സ്തോത്രം ശ്രീകുമാരൻ തമ്പിയുടെ മികവുറ്റ രചനയുമായി …
പിന്നീട് ….
സപ്തമി ചന്ദ്രനെ മടിയിലുറക്കും സുരഭിമാസമേ ….
ജന്മബന്ധങ്ങൾ വെറും ജലരേഖകൾ …
തുടങ്ങിയ ക്രോസ്സ്ബെൽറ്റ് മണി ചിത്രങ്ങളിലെ പാട്ടുകളിൽ ഒതുങ്ങി ഈ മികവുറ്റ കലാകാരൻ .
മറ്റൊരു ക്രോസ്സ്ബെൽറ്റ് മണി ചിത്രമായ യുദ്ധഭൂമിയിൽ വാണിജയറാം പാടിയ ഹൃദയഹാരിയായ ഒരു ഗാനം ഉണ്ട്. ഇന്നും പുതുമ നശിക്കാതെ കാലം കാത്തു സൂക്ഷിക്കുന്നത്…
ആഷാഢമാസം
ആത്മാവിൽ മോഹം
അനുരാഗമധുരാമാമന്തരീക്ഷം ….
ക്രോസ്സ്ബെൽറ്റ് മണിയുടെ തന്നെ ചിത്രമായ ചോറ്റാനിക്കര അമ്മയിലെ പാട്ടുകൾക്ക് സുന്ദര ഈണം കൊടുത്തവസാനിപ്പിച്ചു മടങ്ങി ഈ സംഗീതകാരൻ.
ഭരണിക്കാവ് ശിവകുമാറിന്റെ മാദക വരികൾക്ക് ഈണം കൊടുത്തവസാനം …
മനസ്സ് മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ
മന്ത്രിക്കും മധുവിധു രാത്രി….
സിനിമാ സാമ്രാജ്യത്തിൽ അത്രയേറെ പിടിപാടുകൾ ഉണ്ടായിരുന്ന ഒരാളായിട്ടും മലയാളത്തിൽ കുഞ്ചാക്കോ , പി ഭാസ്കരൻ തുടങ്ങിയവരുടെ ഒന്നോ രണ്ടോ ചത്രങ്ങളൊഴിച്ചു മറ്റു പ്രമുഖരായ ഒരു സംവിധായകരുടെ ചിത്രങ്ങളുമായും സഹകരിച്ചതായി കാണുന്നില്ല. അദ്ദേഹത്തിന്റെ മരണം വരെ സംവിധായകൻ ക്രോസ്സ്ബെൽറ്റ് മണിയുടെ എല്ലാ ചിത്രങ്ങളിലും അവസരം കൊടുക്കുകയും ചെയ്തിട്ടുണ്ട്… ആർ കേ ശേഖറിന്റെ അവസാന സിനിമയായ ചോറ്റാനിക്കര ‘അമ്മ റിലീസ് ചെയ്യുന്ന അന്ന് തന്നെ ആകസ്മികമായി അദ്ദേഹത്തിന്റെ മരണവും സംഭവിച്ചു .ലോകം മുഴുവൻ അറിയപ്പെടുന്ന വലിയൊരു കലാകാരനെ മകനായി നല്കിക്കൊണ്ടായിരുന്നു ആ മടക്കവും . എ ആർ റഹ്മാൻ ! ഇദ്ദേഹത്തിന്റെ മരണ ശേഷം ഇസ്ളാം മതം സ്വീകരിക്കുകയുണ്ടായി കുടുംബം…..
780 total views, 8 views today