എൺപതുകളിലേക്കു പാട്ടിന്റെ വസന്തമായി വന്ന രഘുകുമാർ

82
ഗിരീഷ് വർമ്മ ബാലുശ്ശേരി
കൈക്കുടന്നയിലെ തിരുമധുരം
എത്രയെത്ര രചനകളുടെയും, ഈണങ്ങളുടെയും തമ്പുരാക്കന്മാരിലൂടെ ഓർമ്മകൾ നിലനിൽക്കുമ്പോഴും ചിലനേരങ്ങളിൽ ചിലർ പുതുതായി നമ്മിലേക്ക്‌ വന്നുചേരും. വ്യത്യസ്തമായ രചനകളിലൂടെയോ, ഈണങ്ങളിലൂടെയോ …! അത് ചിലപ്പോൾ പെട്ടെന്നൊഴിവു വന്ന മനസ്സിന്റെ ഇടങ്ങളിലേക്കായിരിക്കും കയറിവരുന്നത് . അതവിടെ പറ്റിപ്പിടിച്ചു കിടക്കും. ഉണർവിന്റെ ആലസ്യങ്ങളിൽ കുളിരീണമായി നമ്മിൽ ചുറ്റിപ്പടരും. കൺനനവിന്റെ കാണാക്കയങ്ങളിലേക്ക് കൈക്കുടന്ന നിറയെ മധുരവുമായി കടന്നുവരും….
എൺപതുകളിലേക്കു പാട്ടിന്റെ വസന്തമായി വന്ന ഒരു സംഗീതജ്ഞനെ കുറിച്ചാണ് പറയാനുള്ളത്. ഒരു വരണ്ട കാലത്തിന്റെ അവസാനമായിരുന്നോ ? ദീർഘനിശ്വാസത്തിന്റെ ഒരാവി ഉള്ളിൽ നിന്നുയരുന്നുണ്ട്. ജയൻ എന്ന താരസൂര്യൻ അസ്തമിച്ചിട്ടധികകാലമായിട്ടില്ല . വല്ലാത്തൊരു തിരിച്ചുപോക്കായിരുന്നല്ലോ അത്. ആ ശൂന്യത നിറയ്ക്കാൻ പലരും ഇവിടെ പകരക്കാരായി വന്നു. ജയന് പകരമാവാൻ ആർക്കും ഇവിടെ കഴിഞ്ഞിട്ടില്ല. അങ്ങിനെ വന്നതല്ലെങ്കിലും രതീഷ് എന്ന നടൻ അതിനു മുൻപേ ഇവിടെ ഉണ്ടായിരുന്നു … എന്നാൽ ആ ശൂന്യത നിറയ്ക്കാൻ അൽപ്പമെങ്കിലും കഴിഞ്ഞത് രതീഷിനാണ്. ജയന് വെച്ചതായ പല ചിത്രങ്ങളിലും രതീഷ് തിളങ്ങി . രതീഷ് എന്ന നടനെ എൺപതുകളിലെ യുവത്വം മനസ്സിൽ കൊണ്ട് നടന്നിരുന്നു. എന്നാൽ നിലവാരമില്ലാത്ത സിനിമകളിൽ ഏറെ അഭിനയിക്കേണ്ടി വന്നു ഈ നടനും.
രഘു കുമാർ - Raghu Kumar - Music Director | M3DB.COM1981 ൽ പുറത്തിറങ്ങിയ വിഷം എന്ന ചിത്രം. ചിത്രം മനസ്സിൽ നിന്നെപ്പോഴോ മാഞ്ഞുപോയി . എന്നാൽ പുതുതായി ഇവിടെ രംഗപ്രവേശം ചെയ്ത രഘുകുമാർ എന്ന സംഗീതജ്ഞനെ മറക്കില്ല. പാട്ടിന്റെ പുതിയൊരു പരീക്ഷണവുമായി വന്ന രഘുകുമാർ. അന്നത്തെ ഒരു പതിനഞ്ചുകാരന്റെ മനസ്സിലേക്ക് പുത്തനുണർവായി വന്നുചേർന്ന ആ ഗാനത്തെ ഇന്നും ഓർക്കുന്നു. ആ ഉൾപുളകത്തോടെ …
പൂവച്ചൽ ഖാദറിന്റെ അത്രയൊന്നും സുന്ദരമായ രചനകളല്ല വിഷം എന്നതിലേത് . രഘുകുമാർ സംഗീതത്തിലൂടെ അതുദാത്തമായി എന്ന് സാരം!
“നിന്നെയെൻ സ്വന്തമാക്കും ഞാൻ പിന്നെയീ നാണം മാറ്റും ഞാൻ “
എന്ന ഗാനത്തിനെന്തിത്ര പ്രത്യേകത! ഒരു പതിനഞ്ചുകാരൻ പാട്ടിഷ്ടക്കാരനെ ഉൾപുളകം കൊള്ളിച്ചിരുന്നു എന്നത് മാത്രം സത്യമായെടുക്കുക !
അതിലെ തന്നെ ” നിൻ നയനങ്ങൾ നിറഞ്ഞിരിക്കുമ്പോൾ എങ്ങിനെ ഞാനുറങ്ങും ” എന്ന എസ് ജാനകീ വിലാപഗാനം അതീവ ഹൃദ്യം തന്നെയായിരുന്നു. അക്കാലത്തൊന്നും കേട്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു പ്രണയഗാനവും, ദുഃഖഗാനവും തന്നെയായിരുന്നു ഇവ രണ്ടും… ശരിക്കും അവിടെ ഒരു സംഗീത താരോദയം നടന്നു….
മനസ്സിനെ തട്ടിയുണർത്തുന്ന എന്തോ ഒന്ന് രഘുകുമാർ സംഗീതത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്…ഉണർവിന്റെ സംഗീതം എന്ന് മൃദുലമായി പറയാം. പാട്ടുകളിൽ അടങ്ങിയിരിക്കുന്ന ഒരു ശാന്തതയുണ്ട്. ഏതൊരു കനവിലും , ഏതൊരു ദുഃഖനനവിലും തൊട്ടുതലോടുന്നത് …അതിങ്ങനെയൊക്കെയാണ് …
ദൃശ്യങ്ങൾ മനസ്സിനെ സ്പർശിക്കാത്തതെങ്കിലും അതിൽ നിന്നൂറിവരുന്ന സംഗീതധാര എത്രമാത്രം ഹൃദയാവർജകം എന്ന് കേട്ടാലേ അറിയൂ… സതീഷ്ബാബു എന്ന ഗായകന് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു ഗാനം സമ്മാനിച്ചിട്ടുണ്ട് രഘുകുമാർ…
ധീരയിലെ മെല്ലെ നീ മെല്ലെ വരൂ.. മഴവില്ലുകൾ മലരായി വിടരുന്ന ഋതുശോഭയിൽ ….
എസ് ജാനകിയോടൊപ്പം ഡ്യൂയറ്റ് പാടാൻ മികച്ച ഒരവസരം..
മൃദുലേ ഇതാ ഒരു ഭാവഗീതമിതാ … എന്ന ഗാനവും സുന്ദരം…
പൊൻതൂവൽ പോലൊരു സിനിമ പേരിൽ മാത്രം മനസ്സിൽ തങ്ങി നിൽക്കുന്നത്. കൂട്ടത്തിൽ അതിലെ ചില ഗാനങ്ങളും..

പൂവച്ചൽ ഖാദർ കൂട്ടുകെട്ട് വിഷത്തിൽ തുടങ്ങി ധീരയിലൂടെ പൊൻതൂവലിൽ എത്തി നിന്നു .

ഒരേ ഈണത്തിൽ ഒരു ഭക്തിഗാനവും, ഒരു ദുഃഖഗാനവും രഘുകുമാർ ഇതിൽ ചിട്ടപ്പെടുത്തി…
കണ്ണാ ഗുരുവായൂരപ്പാ എന്നെ നീയറിഞ്ഞു….
പ്രിയതേ മിഴിനീരിലെന്നെ ആഴ്ത്തി നീ മറഞ്ഞു …
എന്നത് അത്യപൂർവമായി സിനിമകളിൽ സംഭവിക്കുന്നത്… അദ്ദേഹം അത് ഭംഗിയാക്കി എന്നത് ചരിത്രം…
അഭിലാഷഹാരം നീട്ടി അണയുന്നു ഞാൻ എന്ന ഗാനവും ഓർമ്മയിലേക്ക് തള്ളിക്കയറി വരുന്നുണ്ട്…
തുടക്കക്കാലത്തെ പ്രിയദർശൻ സിനിമകളിലെ സംഗീതം രഘുകുമാർ ആയിരുന്നു..അരം + അരം = കിന്നരം എന്നതിലെ പോരൂ നീയെൻ ദേവീ …
ഒന്നാനാം കുന്നിൽ ഒരടികുന്നിലിലെ മുത്തുക്കുട ചൂടി നീ വാ …
ബോയിങ് ബോയിങ് എന്നതിലെ ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാൻ …
തൊഴുകൈ കൂപ്പിയുണരും ….
താളവട്ടത്തിലെ പൊൻവീണേ എന്നുള്ളിൽ മൗനം വാങ്ങൂ….
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ ….
കളഭം ചാർത്തും കനകക്കുന്നിൽ ….
ഹാലോ മൈ ഡിയർ റോങ് നമ്പറിലെ നീയെൻ കിനാവോ …
ചെപ്പിലെ മാരിവില്ലിൽ ചിറകോടേ ഏകാകിയായ് …
ആര്യനിലെ പൊന്മുരളിയൂതും കാറ്റിൽ …
ശാന്തിമന്ത്രം തെളിയും ഉപനയനം പോലെ..
എന്നിവയൊക്കെ ഒരു കാലഘട്ടത്തിന്റെ ഗാനങ്ങളാണ്. ഓരോ കാലത്തും യുവത്വത്തിന്റെ പ്രസരിപ്പിന്റെ കൂട്ടിരിപ്പുഗാനങ്ങൾ എന്നും പറയാം…

ജോഷി ചിത്രങ്ങൾക്കും, സിബിമലയിൽ ചിത്രങ്ങൾക്കും അക്കാലത്ത് കൂട്ടുചേർന്നുപോയി രഘുകുമാർ സംഗീതം. അത് ആ ചിത്രങ്ങൾക്ക് മുതൽകൂട്ടാവുകയും ചെയ്തു…ആയിരം കണ്ണുകളിലെ ” ഈ കുളിർ നിശീഥിനിയിൽ ഉറങ്ങിയോ ഓമനത്തിങ്കളേ ” എന്ന ഗാനം കേൾക്കുമ്പോൾ ഉണ്ണിമേനോൻ എന്ന ഗായകന്റെ ശബ്ദത്തെ എത്രകണ്ടാരാധിച്ചു പോവും…! നമ്മൾക്ക് മലയാളികൾക്ക് ഏറെ ഗാനങ്ങൾ പാടിത്തരാൻ കഴിഞ്ഞിട്ടില്ല അദ്ദേഹത്തിന്… എസ് ജാനകിയോടൊപ്പമുള്ള ഈ യുഗ്മഗാനം അനുഭൂതിദായകം തന്നെ..

ശ്യാമയിലെ പൂങ്കാറ്റേ പോയി ചൊല്ലാമോ …
ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ …
ഗിരീഷ് പുത്തഞ്ചേരി രചനകളെയും പുഷ്ടിപ്പെടുത്താൻ ഇദ്ദേഹത്തിന് കഴിഞ്ഞു. രഘുകുമാർ പാട്ടുകളിലെ മികച്ച ഗാനം പിറന്നതും ഇവിടെ തന്നെ..

മായാമയൂരം സിനിമ തകർന്നടിഞ്ഞപ്പോൾ പാട്ടുകൾ ഏറെ ഹിറ്റായി…

കുളിർചന്ദനം തൊടും സുഖം പോലുള്ള ഒരു ഗാനം….
കൈക്കുടന്ന നിറയെ തിരുമധുരം തരും..
യേശുദാസിനൊപ്പം എസ് ജാനകി മധുരം…
എസ് ജാനകിയ്ക്ക് സോളോയായും ,
യുഗ്മഗാനമായും കുറച്ചേറെ നല്ല ഗാനങ്ങൾ ഇദ്ദേഹം കനിഞ്ഞരുളിയിട്ടുണ്ട്…
അതിലെ തന്നെ സിനിമയിൽ ഇല്ലാത്ത ഒരു ഗാനം ഉണ്ട്. ഗിരീഷ് പുത്തഞ്ചേരിയുടെ തന്നെ മികച്ച രചന എന്ന് വിശേഷിപ്പിക്കാവുന്നത്..
ആമ്പല്ലൂരമ്പലത്തിലാറാട്ട്..
ആതിരപൊന്നൂഞ്ഞാലുണർത്തുപാട്ട് …
ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ സമ്മാനിക്കുന്ന ഒന്ന്…
കാണാക്കിനാവിലെ നിലാക്കായലോളം … എന്നതും കേൾക്കാനിമ്പമുള്ള സംഗീതം…
അകാലത്തിൽ വേർപെട്ടു പോയ ഒരു ജീവനായിരുന്നു രഘുകുമാർ. എങ്കിലും മായാമയൂരത്തിലെ അവസാനപദം പോലെ…..
“മിഴിനീർക്കുടമുടഞ്ഞൊഴുകി വീഴും
ഉൾപൂവിലെ മൗനങ്ങളിൽ
ലയവീണയാരുളും ശ്രുതിചേർന്നു മൂളാൻ
ഒരു നല്ല മധുരാഗ വരകീർത്തനം “
അതിവിടെ ചെയ്‌തുവെച്ചു പോയിട്ടുണ്ട് രഘുകുമാർ …