ബാസുരി ശ്രുതി പോലെ …
അതുവരെ കേൾക്കാത്ത ഒരു വിരഹശ്രുതിയുമായി 1999 ൽ മലയാള സിനിമയിലേക്ക്
160 total views

ഗിരീഷ് വർമ്മ ബാലുശ്ശേരി
ബാസുരി ശ്രുതി പോലെ …
അതുവരെ കേൾക്കാത്ത ഒരു വിരഹശ്രുതിയുമായി 1999 ൽ മലയാള സിനിമയിലേക്ക് കടന്നുവന്ന ശ്രീ രമേശ് നാരായണൻ .പറയാൻ മറന്നതും , അഭിനിവേശത്തിന്റെ നിറമാർന്ന സല്ലാപജ്വരങ്ങളും ജീവിതത്തെ പൂക്കാലമാക്കിയ വിളറിയ സ്വപ്നങ്ങളും ..ഓർമ്മകളിലെ മധുരോതാരമായ ഒരു വരവ് . മരവിച്ച പല ഓർമ്മകളും ചടുലമായുണർന്ന പോലെ … ഇതെനിക്ക് വേണ്ടിയല്ലേ ..
അല്ലെ … എന്ന് ചോദിക്കും പോലെ … വരികൾ വല്ലാത്തൊരു കൂട്ടിരിപ്പായി …
ഗർഷോം എന്ന പി ടി കുഞ്ഞുമുഹമ്മദിന്റെ മാസ്റ്റർപീസ് .
തിരികെ വന്ന ഒരു ഗൾഫുകാരന്റെ ജീവിതത്തിലൂടെ , സങ്കടങ്ങളിലൂടെ തഴുകി വന്ന ഒരു കഥാതന്തു .
അതിലെ ഗാനങ്ങളും അതുപോലെ സുന്ദരമാവണം…
റഫീഖ് അഹമ്മദ് ഒരു കവിയാണ്. കവിത തന്നെ തന്നു ആദ്യമായി…
പറയാൻ മറന്ന പരിഭവങ്ങൾ ….
നല്ലൊരു മാറ്റം തന്നെയായിരുന്നു,. ഒരു ആസ്വാദകൻ എന്ന നിലയിൽ പറയാതെ വയ്യ. പാട്ടെഴുത്തും സംഗീതവും ചേർന്നലിയാതെ പോയ ഒരു കാലത്തിൽ തന്നെ ചലച്ചിത്ര സംഗീത പുനർജനി പോലെ രമേശ് നാരായണൻ … അതിലൊന്നും ഒരു കഴമ്പുമില്ല… നീരൊഴുക്ക് നഷ്ടപ്പെട്ടിരുന്നില്ല എന്നറിഞ്ഞ നിമിഷങ്ങൾ …
പിന്നീട് തുടർന്ന കാലങ്ങളിലും ആ അനുഭവം തന്നെ. ദു:ഖത്തിനും മധുരമുണ്ടല്ലേ !! ഘനീഭവിച്ചു കിടന്നാൽ അത് കനൽക്കട്ട പോൽ അങ്ങിനെ കിടക്കും… വിഷാദങ്ങൾ അലിഞ്ഞ രാഗപ്രസാദങ്ങളായിരുന്നു രമേശ് നാരായണൻ സംഗീതം.. അത് തുടക്കം മുതൽ ഇന്ന് വരെ അങ്ങിനെ തന്നെ തുടരുന്നു. പ്രണയത്തിലും അലിഞ്ഞ വിഷാദം …
പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ
സൗന്ദര്യ തീർത്ഥ കടവിൽ…
ദൃശ്യഭംഗി കൊണ്ടും നൂറു ശതമാനം ഹൃദയാവർജ്ജകമായ ഒരീണം…
സ്നേഹിക്കാൻ മാത്രമാണ് നമ്മൾ ഈ ജീവിതം അനുഭവിച്ചു തീർക്കേണ്ടത് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഒരു പാട്ട് …..
രമേശ് നാരായണന്റെ ഏറ്റവും നല്ല പാട്ട്…
മേഘമൽഹാറിന്റെ വിതുമ്പുന്ന പ്രണയഭരിതമായ ഒരീണം…
ഒരു നറുപുഷ്പമായ് എൻ നേർക്ക് നീളുന്ന മറ്റൊരു അതി തീവ്ര പ്രണയഗാനം ആദരവോടെ നമ്മൾ സ്വീകരിച്ചു. മനസ്സിൽ എത്ര നന്ദി പറഞ്ഞു….ഈയൊരു ഗാനത്തിന്… എന്തിത്ര വൈകി ഈയൊരു വരികൾക്ക്….. എത്ര ഹൃദയങ്ങൾ വിതുമ്പി….
തീവ്ര നൊമ്പരമായി പ്രേക്ഷകർക്ക് അനുഭവമായി മകൾക്ക് എന്ന സിനിമയിലും ഇദ്ദേഹത്തിന്റെ ഈണങ്ങൾ തന്നെ… മാനസിക നില തെറ്റിയ ഒരമ്മയുടെ മുൻപിലൂടെ അമ്മിഞ്ഞ മധുരം നഷ്ടപ്പെട്ട ഒരു കുഞ്ഞിന്റെ തേങ്ങലിലൂടെ, കൊഞ്ചലിലൂടെ ഒരു സിനിമ…
ഹൃദയം നനഞ്ഞ പഞ്ഞിയായ ഒരനുഭവം…
മുകിലിൽ മകളെ …പൊഴിയും കനവേ…. എന്നൊരു മഞ്ജരി സ്വരം…
ഹൃദയം തകർത്തുകളയുന്ന വരികളും, സംഗീതവും…
ചാഞ്ചാടിയാടി ഉറങ്ങു നീ … എന്ന ഗായത്രിയുടെ ഈണമധുരം ഈറനോടെ ആസ്വദിക്കേണ്ടി വന്നു നമ്മൾക്ക് …. കണ്ണീറനോടെ….
അനിൽ പനച്ചൂരാന്റെ കവിതയിലൂടെ ഒരു തെരുവ്പെണ്ണിന്റെ ശരീരം കൊണ്ടാടിയതും , ഗർഭിണിയായതും , പ്രസവിച്ചതും എല്ലാം വിവരിക്കുന്നുണ്ട്. കോവിഡ് കാലത്ത് നമ്മെ വിട്ടു പോയ ശ്രീ അനിൽ പനച്ചൂരാനെ ഇപ്പോൾ ഒന്നുകൂടി ഓർക്കുന്നു…. പ്രണമിക്കുന്നു,.. ഇടവമാസപ്പെരും മഴ പെയ്ത രാവതിൽ എന്ന കവിത ആലപിച്ചിരിക്കുന്നത് കവി ബാലചന്ദ്രൻ ചുള്ളിക്കാടും…. മനസ്സിൽ തൊട്ട ആലാപനം….
അവാർഡിന്റെ തുടക്കമായി …
രാത്രിമഴയിലെ ബാസുരി ശ്രുതി പോലെ എന്ന ഗാനം ആദ്യ അവാർഡ് നേടിക്കൊടുത്തു. ഈണം നൽകിയതൊക്കെ പുരസ്കാരങ്ങൾ നേടേണ്ടത് തന്നെ…. അത് ചിലപ്പോൾ ഗായകർക്കും മറ്റുമായി വീതിക്കപ്പെടുകയും ചെയ്തു…. എങ്കിലും വൈറ്റ് ബോയ്സ് , എന്ന് നിന്റെ മൊയ്തീൻ എന്നിവയിലെ ഗാനങ്ങൾക്കും രമേശ് നാരായണൻ സർക്കാർ തലത്തിൽ അംഗീകരിക്കപ്പെട്ടു..
രമേശ് നാരായണന്റെ പുത്രി ശ്രീമതി മധുശ്രീ നാരായണൻ ഒരതുല്യ പ്രതിഭയാണ്. അത് അവർ തെളിയിക്കയും ചെയ്തു, അവാർഡുകളും നേടുകയും ചെയ്തു.
ഇടവപ്പാതിയിലെ ഗാനത്തിനും , കോളാമ്പിയിലെ ഗാനത്തിനും രണ്ടും പ്രാവശ്യം പുരസ്കാരങ്ങൾ നേടുകയുണ്ടായി…
ലെനിൻ രാജേന്ദ്രന്റെ സിനിമകളിൽ അക്കാലങ്ങളിൽ ഇദ്ദേഹം ആയിരുന്നു സംഗീതം ചെയ്തിരുന്നത്… രാത്രിമഴ , മകരമഞ്ഞു .ഇടവപ്പാതി തുടങ്ങിയ ചരിത്ര സിനിമകളിൽ സംഗീതമഴ പൊഴിക്കുകയായിരുന്നു രമേശ് നാരായണൻ… പ്രേക്ഷകർ സിനിമയും പാട്ടുകളും എത്രയേറെ സ്വീകരിച്ചു എന്നതിൽ മാത്രം ഇത്തിരി സങ്കടം…. സംഗീതത്തിന്റെ പരീക്ഷണങ്ങൾ ആയിരുന്നു അതിലെ പാട്ടുകളും. സാധാരണക്കാരായ പാട്ടുകാരെ ആകർഷിക്കാതെ പോയതുകൊണ്ട് അത് മികച്ചതല്ലാതാവുന്നില്ല…ചിത്രങ്ങളിലെ തെളിമയാർന്ന ഏതൊക്കെയോ നിമിഷങ്ങളെ അതെ പടി പുനർജനിക്കാൻ ഉതകുന്ന തരത്തിലായിരുന്നു പല സിനിമകളിലും രമേശ് ഈണങ്ങൾ ആണ്ടിറങ്ങിയിരുന്നത് …
എന്ന് നിന്റെ മൊയ്തീനിലെ ഗാനങ്ങളിൽ ചിലത് ഇദ്ദേഹവും സംഗീതം ചെയ്തത് ആയിരുന്നു. സിനിമയിൽ അവയൊക്കെ വന്നുവോ എന്ന് സംശയം..ശാരദാംബരം എന്ന ഗാനം മാത്രം സിനിമയിലുണ്ട്….
ഈ മഴതൻ വിരലീപുഴയിൽ എന്ന യുഗ്മ ഗാനം എത്രമാത്രം സിനിമയുമായി ഉൾച്ചേർന്നു പോയിരിക്കുന്നു എന്ന് വരികളും സംഗീതവും സാക്ഷ്യം..
മൊയ്തീനിലെ ഏറ്റവും സുന്ദരമായ ഗാനം പ്രിയമുള്ളവനെ.. പ്രിയമുള്ളവനെ .. വിരഹവുമെന്തൊരു മധുരം എന്നതായിരുന്നു എന്നാണ് എന്ന് പറഞ്ഞാൽ പിണങ്ങാൻ ആരും വരണ്ട… അത് സത്യമാണ്.. മധുശ്രീ നാരായണൻ പാടിയ തീവ്ര ദുഃഖ ഗാനം…..
പഴയ കാല പ്രശസ്ത കവികളുടെ വരികളിൽ സംഗീതം പകരാൻ കഴിഞ്ഞു എന്നത് രമേശ് നാരായണൻ എന്ന സംഗീതജ്ഞന്റെ പുണ്യം… രാത്രിമഴ ചുമ്മാതെ കേണും… എന്ന പ്രസിദ്ധ സുഗതകുമാരി കവിതയ്ക്ക് ഈണം പകർന്നത് മഹാഭാഗ്യം…
ഇടശ്ശേരിയുടെ വരികൾക്ക് മധുരം നൽകി വീരപുത്രനിലൂടെ ..ചങ്ങമ്പുഴയുടെ വരികൾക്ക് രണ്ടു പ്രാവശ്യം ഈണം നൽകാൻ അതിഭാഗ്യവും സിദ്ധിച്ചു…. ഒറ്റമന്ദാരത്തിലെ ചില വരികളായും , എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരമായും….. മധുസൂദനൻ നായരുടെ കവിതയ്ക്ക് സ്വന്തമീണം നൽകി വീട്ടിലേക്കുള്ള വഴിയിലൂടെ.. മോയിൻകുട്ടി വൈദ്യർ എന്ന മാപ്പിളപ്പാട്ട് മഹാകവിയുടെ വരികൾക്ക് തൊട്ടുകൂട്ടാനായി ഇദ്ദേഹത്തിന് വീരപുത്രൻ എന്ന ചിത്രത്തിലൂടെ…
ഗർഷോം എന്ന കുഞ്ഞുമുഹമ്മദിന്റെ ചിത്രത്തിലെ പവിത്രമായ ഗാനപരിചയപ്പെടുത്തലിലൂടെ നമ്മൾ അറിഞ്ഞ രമേശ് നാരായണൻ പിന്നീട് ഇദ്ദേഹത്തിന്റെ പരദേശിയിലും പാട്ടുകൾക്ക് ഈണങ്ങൾ നൽകി… തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയെ എന്ന റഫീഖ് അഹമ്മദിന്റെ ഹൃദയത്തുടിപ്പിന് താളമേകി ഇദ്ദേഹം…
വീരപുത്രനിലെ ഗാനങ്ങൾക്കും കൂട്ടുചേർന്നു രമേശ് ഈണങ്ങൾ…
കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും എന്ന ശ്രേയ ഘോഷാൽ ഗാനം ചരിത്ര സംഭവങ്ങളിലെ ഒരു പിരിമുറുക്കം തന്നെയായിരുന്നു…
മക്കാമദീനത്തിൽ ….. ( ആദാമിന്റെ മകൻ അബു ) എന്ന ഗാനമൊക്കെ അതിന്റെ എല്ലാ വൈകാരികതയും ഉണർത്തിവിടുന്ന ഗാനമായിരുന്നു….
പുതിയ കാലത്തിന്റെ നിർവികാരതയിലേക്ക് പാട്ടാസ്വാദകർ കാത്തിരിക്കുന്നത് ഇത്തരം സംഗീത സംവിധായകരുടെ പരീക്ഷണങ്ങൾക്കാണ് …. ഇനിയും മധുശ്രീ സംഗീതവുമായി വരിക പ്രിയ സംഗീതമേ…..
161 total views, 1 views today
