ഒരായിരം കിനാക്കളാൽ …

0
127

ഗിരീഷ് വർമ്മ ബാലുശ്ശേരി

ഒരായിരം കിനാക്കളാൽ …

1989ൽ ചരിത്രം സൃഷ്‌ടിച്ച ഒരു സിനിമയാണ് റാംജിറാവ് സ്‌പീക്കിങ് . അന്ന് വരെ കണ്ട സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു പ്രമേയം, അവതരണം എന്നിവയെല്ലാം കൊണ്ട് ശ്രദ്ധേയമായ ഒന്ന് . തമാശ ചിത്രങ്ങളുടെ അളിഞ്ഞ കോമഡികളിൽ നിന്നൊരു മോചനം തന്നെയായിരുന്നു. പുതിയ കൂട്ടുകെട്ട്. സിദ്ധിഖും ലാലും. കഥ തിരക്കഥ, സംവിധാനം എന്നിവ കൈകാര്യം ചെയ്തുകൊണ്ട് ഇരുവരും പ്രേക്ഷകരുടെ മനസ്സിലേക്ക് പടർന്നു കയറുകയായിരുന്നു. ഏതൊരുവനെയും അതായത് ആസ്വാദനത്തിന്റെ കണക്കെടുപ്പിൽ എല്ലാവരെയും ഒരേപോലെ രസിപ്പിക്കുന്ന ഒരു രസതന്ത്രം ഇവരുടെ കൂട്ടുകെട്ടിൽ നിന്നും മലയാളസിനിമയ്ക്ക് ലഭിച്ചു. കുഞ്ഞു കാര്യങ്ങളിൽ നിന്നും പൊട്ടിച്ചിരിച്ചു പോകുന്ന തമാശകളിലേക്ക് തിരക്കഥ കൊണ്ടുപോകുന്ന വിരുത് അതിശയകരം തന്നെയായിരുന്നു. പലരും താരങ്ങളായി വിലസിയതും ഇവരുടെ കാലത്ത് . ഇന്നസെന്റ്, മുകേഷ്, സായികുമാർ എന്നിവർ തങ്ങളുടെ കരിയറിലെ ഏറ്റവും നല്ല നടനം കാഴ്ചവെച്ച ചിത്രങ്ങളായിരുന്നു. ഇവരുടേത്.

He gave memorable songs of the 1990s - The Hinduസിദ്ധിഖ് ലാൽ ചിത്രങ്ങളിൽ പാട്ടുകൾക്കും ഏറെ പ്രാധാന്യമുണ്ടായിരുന്നു. തമാശ പടങ്ങൾ ആയിട്ടും നല്ല മെലഡിയും, ശോക ഗാനങ്ങളും ഇവരുടെ ചിത്രങ്ങളിൽ ആസ്വദിക്കാൻ പറ്റിയിട്ടുണ്ട്. തുടർച്ചയായി നാല് ചിത്രങ്ങളിൽ എസ് ബാലകൃഷ്ണൻ ആണ് പാട്ടുകൾക്ക് ഈണം പകർന്നിരിക്കുന്നത്. രചന ബിച്ചു തിരുമലയും.

സിദ്ധിഖ് ലാലിനൊപ്പം സിനിമയിൽ പിറന്ന സംഗീത സംവിധായകൻ ആണ് എസ് ബാലകൃഷ്ണൻ. അവരുടെ സിനിമകളുടെ ഒഴിവാക്കാനാവാത്ത ഒരു ഭാഗം തന്നെ ബാലകൃഷ്ണൻ സംഗീതം. ആദ്യചിത്രമായ റാംജി റാവ് സ്‌പീക്കിങ് എന്നതിലെ നാല് ഗാനങ്ങളും ബിച്ചുതിരുമലയുടെ രചനയിൽ മികച്ചതായിരുന്നു. കഥാസന്ദർഭങ്ങൾക്കു ഏറ്റവും അനുയോജ്യമായ നേരങ്ങളിൽ പൊടുന്നനവെ ആ സംഗീതം ഒഴുകി വീഴുന്നു.

കണ്ണീർക്കായലിലേതോ കടലാസിന്റെ തോണി…
കളിക്കളം ഇത് പടക്കളം …
അവനവൻ കുരുക്കുന്ന …
ഒരായിരം കിനാക്കളാൽ …
ഈ ഗാനങ്ങളൊക്കെ തന്നെ കഥയിൽ നിന്ന് വേർപെട്ടൊരു ഗാനചിത്രീകരണമായേ തോന്നില്ല. വേണ്ടയിടത്ത് പാട്ടിന്റെ ആവശ്യം സിദ്ധിഖ് ലാലുമാർക്കറിയാമായിരുന്നു . പ്രേക്ഷകന് ഒരിക്കലും അരോചകം തോന്നാതെ അത് കൈകാര്യം ചെയ്യാനും ആദ്യചിത്രത്തിലൂടെ ഇവർക്ക് കഴിഞ്ഞു..
ആദ്യചിത്രം നേടിയ ഗംഭീര പ്രേക്ഷക സ്വീകരണത്തിൽ നിന്നും ആവേശം ഉൾക്കൊണ്ട് രണ്ടാമത്തെ ചിത്രവും. ഇൻ ഹരിഹർ നഗർ.
പാട്ടും പഴയ ടീം തന്നെ….

മൂന്നു യുവാക്കളുടെ സ്വഭാവത്തെ പരിചയപ്പെടുത്തൽ പോലെ ഒരു ഗാനം. “ഉന്നം മറന്ന് തെന്നിപ്പറന്ന് പൊന്നിൻ കിനാക്കളെല്ലാം ”
എന്നത് ആവേശത്തിന്റെ അലകൾ ഉയർത്തി തീയേറ്ററിൽ അന്ന്…
സ്ത്രീ വിഷയത്തിൽ മൂവരുടെയും വിലസലുകൾ രേഖപ്പെടുത്തിയ മറ്റൊരു ഗാനം.. “ഏകാന്ത ചന്ദ്രികേ… തേടുന്നതെന്തിനോ …”
രണ്ടാമത്തെ ചിത്രവും സൂപ്പർഹിറ്റായപ്പോൾ അടുത്ത വർഷം തന്നെ മൂന്നാമത്തെതും .. ഗോഡ്‌ഫാദറിലും മികച്ച ഗാനങ്ങൾ തന്നെയാണ്. വ്യത്യസ്തമായ കഥാസന്ദർഭങ്ങൾക്കു പാട്ടെഴുതുവാനും ഈണമിടാനും ബിച്ചു തിരുമലയ്ക്കും, ബാലകൃഷ്ണനും കഴിഞ്ഞു എന്നത് ഒരു ഭാഗ്യമാണ്. ബിച്ചു തിരുമലയുടെ എഴുത്തുവഴികളിലെ ഏറ്റവും മികച്ച ഇടങ്ങൾ ആണ് സിദ്ധിഖ് ലാൽ സിനിമകളിൽ നിന്നും ലഭിച്ചത്… വരികളെ പുഷ്ടിപ്പെടുത്തി ബാലകൃഷ്ണൻ സംഗീതവും.

നീർപ്പളുങ്കുകൾ ചിതറിവീഴുമീ…
മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ….
പൂക്കാലം വന്നു പൂക്കാലം….
എന്നിവയൊക്കെ തന്നെ അതി സുന്ദരമായ പാട്ടനുഭവങ്ങൾ തന്നെയാണ്.
1992 ൽ അടുത്ത ചരിത്രം സൃഷ്‌ടിച്ച സിനിമ. വിയറ്റ്‌നാം കോളനി ..
ഒന്നിനൊന്നു നേട്ടം കൈവരിച്ച ചിത്രങ്ങൾ ആയിരുന്നു. നാല് വർഷങ്ങളിലായി പിറന്നു വീണത്. ഇതിലും പാട്ടിന്റെ അതി രസകരമായ നിമിഷങ്ങൾ ….

“പവനരച്ചെഴുതുന്നു കോലങ്ങളെന്നും.”ബിച്ചു- ബാലകൃഷ്ണൻ ടീമിൽ നിന്നും ലഭിച്ചതിൽ ഏറ്റവും പ്രാധാന്യമേറിയ ഒരു ഗാനം ആണ്.
ഇനിയത് ” ഊരുവലം വരും വരും “എന്ന അടിച്ചുപൊളി പാട്ടായാലും അതിനുമുണ്ടൊരു മികവ്…
മിന്മിനിയുടെ കരിയറിൽ ലഭിച്ചതിൽ ഏറ്റവും നല്ല ഒരു ഗാനം തന്നെയാണ് ” പാതിരാവായി നേരം …” എന്നത്..
ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ എന്ന ഗാനം പോലും കേൾക്കാൻ ഇമ്പമുള്ളത്…

2012 വരെ എഴുപത്തഞ്ചോളം ഗാനങ്ങൾ എസ് ബാലകൃഷ്ണന്റേത് എന്ന് രേഖപ്പെടുത്താവുന്നതുണ്ട്..എന്നാൽ സിദ്ധിഖ് -ലാൽ സിനിമകളിലെ ഗാനങ്ങൾ കഴിഞ്ഞാൽ മറ്റൊന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്നതല്ല എന്ന് വ്യസനപൂർവം പറയേണ്ടിയിരിക്കുന്നു. കരുത്തേറിയ തിരക്കഥയിൽ നല്ല ഗാനങ്ങളും പിറക്കും. അതാണിപ്പോൾ മനസ്സിലാവുന്നത്. മറ്റൊരു ചിത്രത്തിലെയും ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ലേലും സിദ്ധിഖ് ലാൽ ചിത്രങ്ങളിലെ എല്ലാ ഗാനങ്ങളൂം എന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്നവ തന്നെയാണ്… സിദ്ധിഖ് ലാൽ കൂട്ടുകെട്ട് ഒഴിവായി പോയപ്പോൾ എസ് ബാലകൃഷ്ണനും ശനിദശ…
നല്ലൊരു സിനിമാകാലത്തെ ഓർക്കുമ്പോൾ തീർച്ചയായും മനസ്സിൽ തെളിയുന്ന സംഗീതകാരൻ തന്നെയാണ് എസ് ബാലകൃഷ്ണൻ …2019 ൽ ജീവിതത്തിൽ നിന്ന് തന്നെ വിടപറഞ്ഞുപോയ ആ സംഗീതപ്രതിഭയ്ക്ക് ആദരവും അർപ്പിക്കുന്നു…