Music
മലയാളത്തിൽ പാടിയ സബിത ചൗധരി ആരെന്നറിയാമോ ? ഒരുപക്ഷെ അതൊരു നിയോഗം ആയിരിക്കാം
സംഗീതത്തിന് ഭാഷയില്ല . ഏതു ഭാഷയിലായാലും സംഗീതം ആസ്വദിക്കാൻ ആവുന്നത് ഇതിന്റെ മാത്രം ഒരു പ്രത്യേകത ആണ്. എഴുതപ്പെട്ടതും , പറഞ്ഞുപോരുന്നതും
205 total views

ഗിരീഷ് വർമ്മ ബാലുശ്ശേരി
ഭൂമി തൻ സംഗീതം നീ ..
സംഗീതത്തിന് ഭാഷയില്ല . ഏതു ഭാഷയിലായാലും സംഗീതം ആസ്വദിക്കാൻ ആവുന്നത് ഇതിന്റെ മാത്രം ഒരു പ്രത്യേകത ആണ്. എഴുതപ്പെട്ടതും , പറഞ്ഞുപോരുന്നതും. ഒരു തരത്തിൽ ശരിയാണ്. ഭാഷയുടെ അകമ്പടിയോടെ വരുന്നതാണെങ്കിലും സംഗീതത്തിന്റെ ജീവാംശം ഒന്ന് തന്നെ. കർണാടിക് , ഹിന്ദുസ്ഥാനി, പാശ്ചാത്യ സംഗീതം എന്ന വേർതിരിവുകൾ ഉണ്ടെങ്കിലും പലപ്പോഴും പണ്ഡിതനെയും പാമരനേയും വരെ കീഴ്പ്പെടുത്തിക്കളയുന്നു ആ മാസ്മരികത !!
:format(jpeg):mode_rgb():quality(40)/discogs-images/A-3030105-1498846931-9221.jpeg.jpg)
സബിത ചൗധരി
ഇന്ത്യൻ ഭാഷകളിൽ സംസാരിക്കാനും എഴുതാനും ഏറെ ബുദ്ധിമുട്ടുള്ള ഭാഷ മലയാളം ആണെന്ന് പൊതുവെ പറഞ്ഞുകേട്ടിട്ടുണ്ട്. അന്യ ഭാഷകളിൽ ഇന്നും ഇവിടെ സംഗീതം ചെയ്യാനും, പാടാനും എത്തുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് കേട്ടറിവ് . ദക്ഷിണേന്ത്യൻ ഗായകർക്ക് പോലും പ്രയാസം അനുഭവപ്പെടുമ്പോൾ ഉത്തരേന്ത്യൻ ഗായകരുടെ കാര്യം പറയണോ!!
എന്നാൽ എസ് ജാനകിയെ പോലുള്ള പ്രഗത്ഭമതികളുടെ ഉച്ചാരണത്തിന്റെ മാഹാത്മ്യം എടുത്തു പറയേണ്ടത്. തെലുങ്ക് , തമിഴ് എന്നിവയിൽ തിളങ്ങുമ്പോഴും തുടക്കക്കാരിയായിട്ടും മലയാളത്തിൽ ആദ്യഗാനങ്ങളിൽ ഒന്നായ ” കാണാൻ നല്ല കിനാവുകൾ കൊണ്ടൊരു ” എന്നതൊക്കെ എത്ര സ്പഷ്ടമായാണ് വാക്കുകൾ സംഗീതമയമാക്കിയത് .!! ദക്ഷിണേന്ത്യൻ ഗായകർക്ക് മലയാളത്തോടുള്ള അടുപ്പം ഉണ്ടാവാം . ബോളിവുഡിലും , ബംഗാളിയിലും തിളങ്ങിയവർ ഇവിടെ വരുമ്പോൾ വല്ലാതെ കഷ്ടപ്പെടും.
സബിത ചൗധരി ബംഗാളിന്റെ പുത്രി ആണ്. ബോളിവുഡിലും ബംഗാളിയിലും കുറെയേറെ സൂപ്പർ ഗാനങ്ങൾ ഇവരുടേതായിട്ടുണ്ട്. സലിൽ ചൗധരിയുമായുള്ള വിവാഹബന്ധത്തിനു ശേഷം അദ്ദേഹത്തിന്റെ ഈണത്തിൽ സുന്ദരമായ കുറെ ഗാനങ്ങൾ ആലപിക്കാൻ കഴിയുകയും ചെയ്തു. അങ്ങിനെയാണ് മലയാളത്തിൽ എത്തപ്പെട്ടത്. ഇവിടെ പാടിയ ഗാനങ്ങൾ മുഴുവൻ സലിൽ ചൗധരി ഗാനങ്ങൾ മാത്രമാണ്.
മലയാളം ഒട്ടും വഴങ്ങാത്ത ഒരു ഗായിക ആണ് ആദ്യകാലങ്ങളിൽ സബിത. സബിത ചൗധരിയുടെ ശബ്ദം സുശീലയുടെ ശബ്ദത്തോടു സാമ്യം തോന്നാം . ഉത്സാഹവതിയായ ഒരു പാട്ടുകാരി എന്ന് വിശേഷിപ്പിക്കാൻ ഒരു മോഹം. കാരണം അങ്ങിനെയാണ് പാട്ടിന്റെ വരവ്. മനസ്സ് തുറന്നുള്ള പാട്ടുരീതി. ഭാഷ തനിക്കൊരു തടസ്സമാണോ എന്ന ചിന്തയൊന്നുമില്ലാതെ. ഇടക്കൊക്കെ ഭാഷ പതറും. മലയാലം ആവാറുണ്ട്. എന്നിരുന്നാലും പാടിയ എട്ടുപാട്ടുകളും സൂപ്പർ ഹിറ്റായി എന്നത് സബിത ചൗധരിക്കു മാത്രം അവകാശപ്പെട്ട റിക്കാർഡ് . ആരും ഇതുവരെ തകർക്കാത്തതും.
തോമാശ്ലീഹാ എന്ന സിനിമയിലെ ” വൃശ്ചികപെണ്ണേ , വെളിപ്പെണ്ണേ ” യേശുദാസുമൊത്തുള്ള ഒരു യുഗ്മഗാനം ആണ്. ചിതറിത്തെറിച്ചു വരുന്ന സബിത ശബ്ദം മലയാളികൾക്കൊരു അദ്ഭുതമായിരുന്നു. ഈ ഗാനം 1975 കൊണ്ടാടിയ ഗാനം ആയിരുന്നു. മലയാളം ഒരു ഗായികയെ എങ്ങിനെ കഷ്ടപ്പെടുത്തും എന്നും ഈ ഗാനം കേൾക്കുമ്പോൾ മനസിലാവും… വയലാറിന്റെ രചനകളിൽ പേരുകേട്ടതുമാണിത് …
പിന്നീട് ശ്രീകുമാരൻതമ്പിയുടെ രചനയിൽ ഏതോ ഒരു സ്വപ്നം എന്നതിലെ ” ഒരു മുഖം മാത്രം കണ്ണിൽ ” ആദ്യ സോളോ ആയിരുന്നു. യേശുദാസിന്റെ ശബ്ദത്തിൽ ഈ ഗാനം സിനിമയിൽ ഉണ്ട്. ഉജ്വലമായൊരു പ്രണയഗാനം ആയിരുന്നു ഇത്… ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ എന്ന ഭാവങ്ങളൊക്കെ സുന്ദരം….
പിന്നീട് വന്ന ഗാനങ്ങളൊക്കെ ഓ എൻ വി കുറുപ്പിന്റെ വരികൾ മാത്രമായിരുന്നു. ഓ എൻ വി – സലിൽ ചൗധരി കൂട്ടുകെട്ട് കുറെയേറെ ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
സമയമായില്ല പോലും എന്നതിലെ ” മയിലുകളാടും മാലിനി തൻ തീരം ” …. യേശുദാസുമൊത്ത് വീണ്ടും … ഇതിൽ ഗായകന് കൂട്ടുചേർന്ന് ഹമ്മിങ് മാത്രം.
മലയാളത്തിലെ അതീവ സുന്ദരമായതും, ദുഃഖസാന്ദ്രമായതുമായ ഒരു പ്രണയകഥ എൻ ശങ്കരൻനായരുടെ മദനോത്സവം എന്ന സിനിമയാണ് . കമൽഹാസൻ – സറീന വഹാബ് തകർത്താടിയ ചിത്രം. ഓ എൻ വി – സലിൽ ചൗധരി കൂട്ടുകെട്ടിൽ അഞ്ചാറു ഗാനങ്ങളുണ്ടിതിൽ . രണ്ടു ഗാനങ്ങൾ സബിതയ്ക്കും കിട്ടി.
മേലെ പൂമാല താഴെ തേനല എന്ന യുഗ്മഗാനത്തിൽ തകർത്ത് സബിതയും… “: നീ മായും നിലാവോ എൻ ജീവന്റെ കണ്ണീരോ “: എന്ന ദുഃഖഗാനത്തിൽ സബിതയും വിഷാദവതിയായി പാടി …
1979 ലെ ദേവദാസി എന്ന ചിത്രത്തിൽ മറ്റൊരു സോളോ ..
അപ്പോഴേക്കും മലയാളം ഏറെക്കൂറെ സബിതക്ക് വഴങ്ങിയിരുന്നു. ” ഇനി വരൂ തേൻ നിലാവേ ” എന്ന ഗാനം കേട്ടാൽ അത് മനസ്സിലാവും.. നല്ലൊരു ഗാനമായിരുന്നു അത്..
ഒടുവിലായി ഒരു ഗാനം കൂടി .
” ഭൂമി തൻ സംഗീതം നീ ” എന്ന ഓ എൻ വി വരികൾ പാടിക്കൊണ്ട് മലയാളത്തിനോട് വിടപറഞ്ഞു …അന്തിവെയിലിലെ പൊന്ന് എന്ന സിനിമയിലെ ഗാനം ആയിരുന്നു അവസാനത്തേത്.
സലിൽ ചൗധരിയുടെ ഭാര്യ എന്ന നിലയിൽ ആയിരിക്കാം മലയാളത്തിൽ സബിതയ്ക്ക് പാടേണ്ടി വന്നത്. അതൊരു നിയോഗം ആണ്. എന്നാലും ഭാഷാപരിചയത്തിന്റെ കുറവുകൾ ഉണ്ടെങ്കിലും ഇവരുടെ ഗാനങ്ങൾ ഇന്നും കേൾക്കാൻ ശ്രോതാക്കളുണ്ട്, ഇഷ്ടക്കാരുണ്ട്. അതിനിയും തുടരും……
206 total views, 1 views today