മലയാളത്തിലേക്കുള്ള ശ്രേയയുടെ വരവ്, അതൊരൊന്നൊര വരവായിരുന്നു, ഇവരെയല്ലേ നമ്മൾ കാത്തിരുന്നത് !

43

ഗിരീഷ് വർമ്മ ബാലുശ്ശേരി

ശലഭമഴ പോലെ ശ്രേയാസ്വരങ്ങൾ …..

പി. ലീലയും, ശാന്താ പി നായരും മറ്റു ചില അപൂർവ ഗായികമാരും മാത്രം മലയാളത്തിൽ പാടിക്കൊണ്ടിരുന്ന സമയത്താണ് അന്യഭാഷാ ഗായികമാർ ഇവിടേയ്ക്ക് കടന്നു വരുന്നത്. മലയാളത്തിന് പുറത്ത് അവർ സംഗീത ലോകം കീഴടക്കിക്കൊണ്ടിരിക്കുന്ന സമയം. ശരിക്കും എൺപതുകൾ വരെ ഇവരാണ് പിന്നെ മലയാള ഗാനസാമ്രാജ്യം ഭരിച്ചവർ.

ജാനകി, സുശീല, വസന്ത, മാധുരി എന്നിവരുടെ കൂടെ എൽ ആർ ഈശ്വരി, ജിക്കി തുടങ്ങിയവരും കൂട്ടിനായി ഉണ്ടായിരുന്നു. മലയാളത്തിനതൊരു സുവർണ്ണകാലം തന്നെ. മലയാളം കേട്ട് പഴകിയ ” മലയാളിത്ത ” ത്തിൽ നിന്ന് മാറിയൊരു ശബ്ദവിന്യാസം . തുറന്ന ശബ്ദം, ഏതു തരത്തിലുമുള്ള പാട്ടും പാടാനുള്ള കഴിവ് ഇതൊക്കെ കൊണ്ടുതന്നെ അവരൊക്കെ ഇവിടെ സ്ഥിരമാവുകയും ചെയ്തു. ഇവർക്കിടയിലും മലയാളത്തിന്റെ ഗായികമാരായി അമ്പിളിയും, ലതയും മറ്റും ഒളിഞ്ഞും തെളിഞ്ഞും ഇവിടെ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ഇതിനൊരു മാറ്റം വന്നത് 1975 ൽ സുജാത എന്ന ഗായികയുടെ അരങ്ങേറ്റം മുതലാണ്. കൂട്ടത്തിൽ മറ്റൊരന്യഭാഷാ ഗായിക കൂടി തന്റെ സ്ഥാനം ഉറപ്പിക്കാൻ എത്തിയ സമയമായിരുന്നു- വാണീ ജയറാം എന്നിരുന്നാലും അന്യഭാഷാ ഗായികമാരോട് തീർത്തും ഒരു മത്സരനിയമം പാലിക്കാൻ സുജാതയ്ക്കുമായിരുന്നില്ല. വാണിജയറാം ഗാനങ്ങൾ മലയാളം കീഴടക്കുകയായിരുന്നു. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ കടന്നുവരവിൽ നല്ലൊരു മാറ്റം ഇവിടെ സംഭവിക്കുകയായിരുന്നു. ചിത്രയും സുജാതയും തന്നെ മാറിമാറി പാടികൊണ്ടിരുന്നു പിന്നീട് മലയാളത്തിൽ. ശരിക്കും അതൊരു ആധിപത്യം സ്ഥാപിക്കൽ തന്നെയായിരുന്നു. പിന്നീട് ഒറ്റയ്ക്കും തെറ്റയ്ക്കും മറ്റു ഭാഷാ ഗായികമാർക്കു അവസരങ്ങൾ ലഭിക്കുന്നുണ്ടായിരുന്നുവെങ്കിലും ചിത്ര – സുജാത ശബ്ദ വീചികൾ അപ്പോഴേക്കും മലയാളം കീഴടക്കിയിരുന്നു.

മാധുര്യമേറിയതിനു പിന്നാലെ മനുഷ്യ മനസ്സിന്റെ പ്രയാണങ്ങൾ അവിരാമം തുടർന്നുകൊണ്ടിരുന്നു. എന്ന് ഏതു ശബ്ദമാണോ അധികം ഹൃദ്യം അവർക്കെവിടെയും കടന്നുകയറ്റം സാധിക്കും. ചിലപ്പോൾ കഴിവ് മാത്രം പോരാ എന്നും വരുന്നുണ്ട്. പിടിപാടുകൾ , മത്സരബുദ്ധി, എന്നിവയും കൂടെ വേണം. അതൊക്കെ ആണോ രാധികാ തിലക് പോലുള്ള അസാമാന്യകഴിവുള്ളവർ ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോയത് !! കാലങ്ങളോളം മലയാളി ചിത്ര-സുജാത ഗാനങ്ങളിൽ തന്നെ മുഴുകി, അതും 2010 വരെ എങ്കിലും ! ഇതിനിടക്കും ശേഷവും ഗായത്രി , മിന്മിനി, സ്വർണലത എന്നിവരൊക്കെ വന്നും പോയുമിരുന്നു.

ശ്രേയ ഘോഷാൽ

ഇതിനൊരു മാറ്റം വന്നത് വീണ്ടും ഒരു അന്യഭാഷാ ഗായികയുടെ കടന്നുവരിലൂടെ ആണ്. അതൊരൊന്നൊര വരവ് തന്നെയായിരുന്നു. ഇവരെയല്ലേ നമ്മൾ കാത്തിരുന്നത് ! ഈ ശബ്ദമല്ലേ കാലങ്ങളോളം മറ്റുള്ളവരിലൂടെയും കേൾക്കാൻ ശ്രമിച്ചത്! എന്നൊക്കെ മനസ്സ് അതിശയോക്തി കലർത്തി പിറുപിറുത്ത് കൊണ്ടേയിരുന്നു. അടക്കാൻ കഴിയാത്ത ഒരു സന്തോഷം ആ ഗായികയുടെ വരവിൽ നിന്നും ചിലരെങ്കിലും അനുഭവിച്ചറിഞ്ഞിട്ടുണ്ടാവും . മറ്റു അന്യഭാഷാ ഗായികമാർക്കില്ലാത്ത അല്ലെങ്കിൽ മുഴുവനായും മാറ്റാൻ പറ്റാതിരുന്ന അക്ഷരശുദ്ധി ഇവർക്കുണ്ടായിരുന്നു.

Shreya Ghoshal Wiki, Height, Biography, Early Life, Career, Age, Birth  Date, Marriageമലയാളം കീഴടക്കിയ മഹാപ്രതിഭകളെ അവഹേളിക്കുക ആണെന്ന് വിചാരിക്കരുത്. അക്ഷരശുദ്ധിയുടെ കാര്യത്തിൽ ശ്രേയ ഇവരെയൊക്കെ പിന്നിലാക്കി എന്നത് സത്യം. പിന്നെ അതിലേറെ പറയാനുള്ളത് പാട്ടിൽ കലർത്തുന്ന ഭാവം … അതിനി വിഷാദഗാനമായാലും…സന്തോഷനിമിഷമായാലും വരികൾക്കിടയിൽ അവർ മിന്നിത്തെളിയിക്കുന്ന ആ ഭാവസൗന്ദര്യം !! അപാരം തന്നെ… ഉദാഹരണത്തിന് ചില ഗാനങ്ങളിലൂടെ ഒന്ന് പോയി വരാം…

റഫീഖ് അഹമ്മദിന്റെ രചനയിൽ രമേശ് നാരായണന്റെ സംഗീതത്തിൽ ” കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും ” എന്ന ഗാനത്തിലെ ഗായിക ലയിക്കുന്നത് കേട്ടിരുന്നു കാണാം.. സ്വാതന്ത്ര്യ സമരസേനാനി അബ്ദുൾ റഹിമാൻ സാഹിബിന്റെ ജീവിത കഥ പറയുന്ന ചിത്രം. അദ്ദേഹത്തിന്റെ കാമിനിയുടെ ലാസ്യഭാവങ്ങൾ പകർത്തിയെടുത്ത ഗാനം. ശ്രേയയിലൂടെ കണ്ണോടു കണ്ണോരം, കാതോട് കാതോരം ആസ്വാദകനെ അലിയിപ്പിച്ച ഗാനം.

പ്രണയം എന്ന ചിത്രത്തിൽ ഓ എൻ വി കുറുപ്പിന്റെ രചനയിൽ ജയചന്ദ്രന്റെ ഈണത്തിൽ സമാനമായ ലഹരികൾ സമ്മാനിക്കുന്ന ഒന്ന്. “പാട്ടിൽ ഈ പാട്ടിൽ …ഇനിയും നീ ഉണരില്ലേ ” . രണ്ടു പുരുഷന്മാരുടെ ജീവിതത്തിലൂടെ കടന്നു പോവേണ്ടി വന്ന ഒരു സ്ത്രീയുടെ തുടരുന്ന നിമിഷങ്ങളുടെ പ്രണയ സല്ലാപ നിമിഷങ്ങൾ പകർത്തിയ ഗാനം. കാറ്റും, കടലും , കടൽത്തിരകളും , ആ അന്തരീക്ഷവും സമ്മാനിക്കുന്ന പ്രണയാഭിനിവേശത്തിന്റെ അസുലഭമുഹൂർത്തങ്ങൾ തകർത്താടിയത് .പ്രണയത്തിന്റെ കാര്യം പറയുമ്പോൾ സാഫല്യം കാണാതെ പോയ ഒരു റിയൽ സ്റ്റോറിയുടെ തേങ്ങലുകൾ നമ്മെ പിന്തുടരും. മഴയത്തതൊരു അടങ്ങാത്ത മർമ്മരമായി ഇന്നും കാതിൽ മൂളുന്നു… ” കാത്തിരുന്ന് കാത്തിരുന്ന് , പുഴമെലിഞ്ഞു “. അടക്കിവെക്കാനാവാത്ത ഹൃദയവികാരങ്ങൾ പൊട്ടിയലിഞ്ഞൊഴുകുന്നു ഈ പാട്ടിലൂടെ , ശ്രേയയുടെ മധുരശബ്ദത്തിലൂടെ … പാട്ടുകൾക്ക് ശ്രേയ കൊടുക്കുന്ന ഒരു പതിഞ്ഞ ശബ്ദമുണ്ട് . ചില വിഷാദ നിമിഷങ്ങൾ അത് കൊണ്ടുവരുന്ന വൈകാരികതയെ പകർത്താൻ വാക്കുകൾ ഇല്ല എന്ന് പറയട്ടെ!!

ഹമ്മിങ്ങിലായാലും ശ്രേയ ചേർക്കുന്ന ടെക്നിക്കുകൾ സംഗീതകർത്താവിന്റെ നിർദേശം മൂലം മാത്രം എന്ന് പറയാൻ ആവില്ല. കാരണം ആര് സംഗീതം ചെയ്തതിലും ആ ഭാവലയം അനുഭവപ്പെടുന്നുണ്ട്. അത് സർഗാത്മകതയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണെന്ന് സ്പഷ്ടം. ആദ്യഗാനമായ ‘വിട പറയുകയാണോ..’ എന്ന ബിഗ് ബി ചിത്രത്തിലെ ഗാനത്തിൽ പോലും അത്രയ്ക്കും അതുണർന്നു വരുന്നുണ്ട്. ഇതുകൊണ്ടൊക്കെ തന്നെയായിരിക്കും അത്തരം ഗാനങ്ങൾക്കും ആണ് പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ളതും. രണ്ടാമത്തെ ഗാനമായ ശ്രേയയുടെ ഒരു വ്യത്യസ്തതയ്ക്ക് കിട്ടി ആദ്യ അവാർഡ് .

ബനാറസിലെ “ചാന്ത് തൊട്ടില്ലേ , നീ ചന്ദനം തൊട്ടില്ലേ ” …. ഗിരീഷ് പുത്തഞ്ചേരിയുടെ രചന.. എം ജയചന്ദ്രൻ സംഗീതം. കിഴക്കു പൂക്കും ( അൻവർ ) ഈ ഒപ്പനപ്പാട്ടിനുമുണ്ടൊരു വ്യത്യസ്തത. മറ്റു ഒപ്പനകളിലെ ശബ്ദമുഴക്കം ഇതിലനുഭവപ്പെടില്ല . ശ്രേയയുടെ പതിഞ്ഞ താളത്തിൽ അവിടെ മറ്റൊരു ലോകം സൃഷ്ടിക്കുകയാണ്,,,,ശ്രേയാഭാവത്തിന്റെ മറ്റൊരു മുഖം കാണാമിനി. പ്രസിദ്ധ സംവിധായകൻ ഭരതന്റെ ചിത്രമായ ‘നിദ്ര’ മകൻ സിദ്ധാർഥൻ പുനരവതരിപ്പിക്കുന്നുണ്ട്. താളം തെറ്റിയ മനസ്സിന്റെ ഉടമയായ രാജുവിന്റെ പ്രണയിനിയായ അശ്വതിയുമൊത്ത് ഒരുല്ലാസവേളയിൽ ഒഴുകിവരുന്ന ഗാനം.

ശലഭമഴ പെയ്യുമീ വാടിയിൽ …..റഫീഖ് അഹമ്മദിന്റെ കവിതയ്ക്ക് ജാസി ഗിഫ്റ്റ് നൽകുന്ന അപൂർവ സംഗീതം.. ശരീരങ്ങൾ തമ്മിലുള്ള ഇഴുകിച്ചേരലും , വിലാസലാസ്യലയങ്ങളും ഒരനുഭൂതി പകർന്നുതരുന്ന ഗാനം…. കാമുകിയുടെ ഭാവങ്ങളോടെ ശ്രേയയുടെ ശബ്ദം …. അവസാന വരികളിൽ “രാതോന്മാദ ലഹരിയിൽ , ചുഴികളിൽ വിലയുമാ മൗനം ” എന്ന വരികളിലേക്കു ഒരെടുത്തെറിയലുണ്ട് … ആ ഷോട്ടും മറക്കാനാവില്ല. അതുപോലെ തന്നെ ബീ കെ ഹരിനാരായണന്റെ വരികൾക്ക് ഗോപീ സുന്ദറിന്റെ ഈണം…”ഈറൻ കാറ്റിൻ ഈണം പോലെ ” സലാല മൊബൈൽസ് എന്നതിലെ ലയനവും ശ്രദ്ധിക്കുക. കലാലയജീവിതത്തിന്റെ ഉല്ലാസവേളകളിൽ നിന്നും ഊർന്നിറങ്ങി വരുന്നൊരു ഗാനമുണ്ട്. . അജീഷ് ദാസന്റെ വരികൾക്ക് ഫൈസലിന്റെ സംഗീതം….
” നേരമായ് .. നിലാവിലീ ജാലകം തുറന്നീടാം ”

2017 ൽ പ്രസിദ്ധ എഴുത്തുകാരിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ആമിയിലെ രണ്ടു ഗാനവും ശ്രേയയ്ക്ക് തന്നെ. റഫീഖ് അഹമ്മദിന്റെ വരികളെ ഇത്രകണ്ട് ആഘോഷിക്കപ്പെടാൻ കാരണം രമേശ് നാരായണൻ സംഗീതവും, ജയചന്ദ്രൻ സംഗീതവും കൊണ്ടാണ്. രണ്ടുപേരുടെയും കുറെയേറെ ഗാനങ്ങൾ ശ്രേയയും ആലപിച്ചിട്ടുണ്ട്.. ആമിയിലെ
” നീർമാതളപ്പൂവിനുള്ളിൽ ” പുരസ്കാരവും നേടിക്കൊടുത്തു. മാധവിക്കുട്ടിയുടെ ജീവിത സങ്കൽപ്പങ്ങളെ , അഭിനിവേശങ്ങളെ , ആഴത്തിൽ മനസ്സിലാക്കി അഭ്രപാളികളിൽ ഒരു വിലാപകാവ്യമാക്കിയ ചിത്രം.” പ്രണയമയീ രാധ ” എന്ന ഗാനവും അതീവ ഹൃദ്യം. മാധവിക്കുട്ടിയുടെ പിരിമുറുക്കം ഏറിയ , അലകടൽ പോലെ ഇളകിമറിഞ്ഞ ജീവിത മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഗാനം.

അനുരാഗവിലോചനനായി ( നീലത്താമര )
കൊണ്ടോരാം … കൊണ്ടോരാം ( ഒടിയൻ )
മാനം തുടിക്കണ് …
കളരിയഴകും (കായംകുളം കൊച്ചുണ്ണി )
വിജനതയിൽ ( ഹൌ ഓൾഡ് ആർ യു )
കാണാമുള്ളാൽ ഉൾനീറും ( സാൾട് ആൻഡ് പെപ്പർ )
കണ്ണോരം ചിങ്കാരം ( രതിനിർവേദം )
പതിനേഴിന്റെ പൂങ്കരളിൽ ( വെള്ളരിപ്രാവിന്റെ ചങ്ങാതി )
ആവണിത്തുമ്പി ( സ്‌നേഹവീട് )
ഇവയിലൊക്കെ തന്നെ ശ്രേയ സ്പർശം നിറഞ്ഞു നിൽക്കുന്നു…
ഒഴിവാക്കാനാവില്ല ഒന്നും…

കോവിഡ് കാലത്തിനു മുൻപായി തീയേറ്ററടങ്ങുന്നതിന് കുറച്ചു മുൻപ് ” ജീവാംശമായ് താനെ നീയും ” എന്ന് മാസ്മരികമായി തൊട്ടുകൊണ്ടു ഹരിനാരായണൻ ഗീതം. കൈലാസ് മേനോൻ സംഗീതം.ശേഷം കോവിഡ് മൂടും മുൻപ് മാമാങ്കത്തിലെ ” മൂക്കുത്തി മൂക്കുത്തി കണ്ടില്ല ” എന്ന ലാസ്യഗാനം … അതിലും ശ്രേയ ടച്ച് വരുത്താൻ കഴിഞ്ഞു എന്നത് ശ്രദ്ധനീയം ….ഉണർവിന്റെ ഇളംകാറ്റ് പോലെ ശ്രേയാ ഗീതങ്ങൾ ഇനിയും തഴുകണം . അതിലിടറണം മനസ്സ് , അടയണം കണ്ണുകൾ. ലഹരിയിൽ അലിഞ്ഞില്ലാതാവണം….ഭാവുകങ്ങൾ പ്രിയ ഗായികയ്ക്ക് …