ഒരു പിടി അവിലുമായ് …

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
152 SHARES
1826 VIEWS

ഒരു പിടി അവിലുമായ് …

ഗിരീഷ് വർമ്മ ബാലുശ്ശേരി

സിനിമാപാട്ടു ചരിത്രത്തിലെ ഭക്തകവി ആരെന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ . എന്നാൽ അദ്ദേഹം തന്റെ സിനിമാ ജീവിതത്തിൽ മനസ്സിൽ നിറഞ്ഞു കവിയുന്ന ആ ഭക്തി പ്രണയത്തിൽ ചാലിച്ചും എഴുതാൻ ശ്രമിച്ചിരുന്നു എന്നതും നമ്മൾ കേട്ടറിഞ്ഞ സത്യം..

ശ്രീ എസ് രമേശൻ നായർ എഴുതിയ ഭക്തി ഗാനങ്ങളോളം വരില്ല അറുനൂറ്റി അമ്പതോളം വരുന്ന സിനിമാഗാനങ്ങൾ . രമേശൻ നായരുടെ സിനിമാ ഗാനങ്ങളെ ഇകഴ്ത്തിയതല്ല . അതിന്റെ പകിട്ട് ഒന്ന് വേറെ തന്നെയാണ്. ചലച്ചിത്ര ഗാനങ്ങളെ വിലയിരുത്തും മുൻപ് തീർച്ചയായും അനുഭവിച്ചറിയേണ്ടത് ഹിന്ദു ഭക്തി ഗാന ആൽബങ്ങളെ ആണ്. ഭക്തിഗാന ചരിത്രത്തിൽ തന്നെ രമേശൻ നായർ സാഹിത്യത്തെ വെല്ലാൻ മറ്റാരും ഇതുവരെ എഴുതിയിട്ടില്ല. മുൻപും പിൻപും .

കൃഷ്ണഭക്തിയുടെ നിറകുടം തുളുമ്പി ശ്രോതാക്കളിലേക്കും അത് പ്രവഹിക്കും . എഴുതിയ ഗാനങ്ങളിൽ ശ്രീകൃഷ്ണ ഭക്തി ഗാനങ്ങളാണ് മുഖ്യം . അതങ്ങ് വെറുതെ എഴുതി പോയതല്ല . സിനിമാ ഗാനങ്ങൾ എഴുതേണ്ടി വരുമ്പോൾ കഥയ്ക്ക് അനുസരിച്ചേ പാട്ടെഴുത്തുകാരന് ചലിക്കാനാവൂ . തന്റേതായ അറിവ്, കാഴ്ചപ്പാടുകൾ പാട്ടുകളിൽ കൂടുതൽ ചെലുത്താനാവില്ല . കഥാ സന്ദർഭത്തിനനുസരിച്ചു മാത്രം തൂലിക ചലിപ്പിക്കുന്നവർ ആണല്ലോ പാട്ടെഴുത്തുകാർ. എന്നാൽ ഭക്തി ഗാനരസപ്രദമായിട്ടെഴുതുമ്പോൾ തന്റെ മനസ്സ് അതിൽ വിലയിപ്പിക്കാൻ ഗാനരചയിതാവിനാവുന്നു. വിഷാദവും, നിർവൃതിയും , ആശയും , പ്രതീക്ഷയും , വിരഹവും, സ്നേഹവും , പരാതിയും എല്ലാം ഭക്തിരൂപേണ എഴുതി ചേർക്കാൻ ആവും. ആ വിലയനം ശരിക്കും അനുഭവിക്കും ഒട്ടേറെ ആൽബങ്ങളിൽ . ആദ്യകാല കാസ്സറ്റുകളായ പുഷ്പാഞ്ജലി, വനമാല, മയിൽ‌പ്പീലി എന്നിവയിലൂടെ മാത്രം കേൾവിക്കാരനായി പോയാൽ മതി. അനുഭവതീക്ഷണത നിഴലിക്കുന്ന വരികൾ , സമർപ്പണമായ ഒരു മനസ്സ് , വാക്കുകളിലെ കുലീനത്വം എന്നിവ അനുഭവവേദ്യമാകും ..

എൺപതുകളിലെ , തൊണ്ണൂറുകളിലെ കാസറ്റ് കാലങ്ങളെ തിരികെ കൊണ്ടുവരും ഈ ആൽബങ്ങളിലൂടെ കടന്നുപോവുമ്പോൾ . ഭക്തി ഗാന കാസ്സെറ്റ് വിൽപ്പനയിൽ ചരിത്രം സൃഷ്ടിച്ചവ ആയിരുന്നു മുകളിൽ പറഞ്ഞ മൂന്നും ..

പുഷ്പാഞ്ജലി
വിവിധ സ്ഥലങ്ങളിലെ പ്രസിദ്ധ ക്ഷേത്രങ്ങളിലെ മുഖ്യദൈവങ്ങളെ പ്രകീർത്തിച്ചുകൊണ്ട് എഴുതപ്പെട്ടത് …
പി കെ കേശവൻ നമ്പൂതിരി – രമേശൻ നായർ കൂട്ടുകെട്ടിൽ പിറന്ന ഭക്തിസാന്ദ്രമായ വൈഭവം !
സ്വജീവിതം സമ്പൂർണമായി വിഗ്നേശ്വരന് സമർപ്പിക്കുന്ന അപൂർവഭക്തിയുടെ നിറവ് …. ആദ്യ ഗാനം തന്നെ വിഗ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാൽക്കലുടക്കുവാൻ വന്നു … ഒരദൃശ്യ സാന്നിധ്യത്തിന്റെ അനുഭവ നിർവൃതിയിൽ കവി പിന്നീടുള്ള എല്ലാ ഗാനങ്ങളും എഴുതി നിറച്ചു.
ഗുരുവായൂരമ്പലത്തിന്റെ പ്രൗഢിയും , വാകച്ചാർത്തിന്റെ അനുപമനിർവൃതിയും ചാലിച്ചെഴുതിയ രണ്ടാമത്തെ ഗാനം . ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം ….
ക്ഷേത്ര ചുറ്റുപാടുകളെ കുറിച്ചും, ഐതിഹ്യങ്ങളെക്കുറിച്ചും കേവല അറിവുണ്ടെങ്കിലേ ഭക്തി ഗാന രചന പൂർണമാവൂ .
വടക്കുന്നാഥന് സുപ്രഭാതം പാടും വണ്ണാത്തിക്കുരുവികൾ നമ്മൾ ..
കൂടും പിണികളെ കണ്ണാലൊളിക്കും കൂടൽമാണിക്യസ്വാമീ ..
നീലമേഘം ഒരു പീലിക്കണ്ണ് ..
എന്നിവയോക്കെ നിസ്സാരമായി എഴുതിപോവാവുന്ന ഒന്നല്ല ..
മൂകാംബികേ ഹൃദയ താളാഞ്ജലി എന്ന ഗാനം ശ്രദ്ധിക്കുക.
സകല വേദത്തിന്റെയും അധിപതിയായവളേ ഞാനാകുന്ന എഴുത്തോലച്ചിറകിൽ ഗാനാമൃതം ചുരത്തിക്കുമോ എന്ന അഭ്യർത്ഥന മറ്റു രൂപത്തിലും വന്നിട്ടുണ്ട്…
നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ എന്ന വരികളിലൂടെ മയിൽ‌പ്പീലി ആൽബത്തിൽ ജയവിജയ സംഗീതത്തിൽ…

 

തുടർന്ന് വന്ന വനമാല എന്ന ആൽബത്തിനും സംഗീതം പികെ കേശവൻ നമ്പൂതിരി തന്നെയായിരുന്നു. രണ്ടു പേരുടെയും പ്രാധാന്യം തരംഗിണി മനസ്സിലാക്കിയിരുന്നു…
വനമാല മൊത്തം കൃഷ്ണഭക്തി വഴിഞ്ഞൊഴുകുന്ന ഗാനാമൃതം തന്നെയാണ്.
അതി ഗംഭീരമായ ഒരു തുടക്കം…. അണ്ഡകടാഹങ്ങൾ തിരയടിച്ചുണരുന്നു അഗ്രെ പശ്യാമി …..
കണികാണും നേരം എന്ന ഗാനത്തിന്റെ ചുവടു പിടിച്ചാണെങ്കിലും അതിലും മഹത്തരമായ വരികൾ നമുക്ക് നൽകിക്കൊണ്ട് ” കായാമ്പൂക്കളോടിടയും തിരുമെയ് കണികാണേണം കൃഷ്ണാഹരേ : എന്ന ഗാനം.
ഇതിൽ എഴുതേണ്ട കാര്യമില്ല. ഒരു ഭക്തമാനസത്തിന്റെ ഉടമ അല്ല ഞാൻ . എന്നാൽ രമേശൻ നായർ എഴുതിയ ചിലതൊക്കെ എന്തൊക്കെ നമ്മളെകൊണ്ട് ചിന്തിപ്പിക്കുന്നു എന്ന് ചില ഏകാന്ത നിമിഷങ്ങളിൽ ഓർത്തുപോവാറുണ്ട് ..

അനേക മൂർത്തേ അനുപമകീർത്തേ
അവിടുത്തേക്കൊരവിൽപ്പൊതി
അനന്തദുഃഖത്തീയിൽപ്പിടയുമൊ
യൊരാത്മാവിന്റെയഴൽപ്പൊതി …
ആയിരം നാവുള്ളൊരനന്തതേ
നിനക്കാവുമോ ഭഗവാനെ വാഴ്ത്താൻ
വാതാലയമാം വൈകുണ്ഠം വാഴുന്ന
വേദാന്തരൂപനെ വാഴ്ത്താൻ …
എന്നീ വരികളൊക്കെ കവിത തന്നെയാണ്….

ആകാശം നാഭീ നളിനം എന്ന ഗാനത്തിൽ ആലിലയിലെ അനന്തശയനത്തോടൊപ്പം മനസ്സും തുടിച്ചു നിൽക്കും ..
ആ ഹൃദയസമർപ്പണം ആണ് ഏറെ ആകർഷണം . മനുഷ്യനിലെ അന്തർനീലമായ ഹൃദയസ്മിതം , അതെന്തുമാത്രമാണ് വരികളെ പുൽകുന്നത്. നിഷ്കളങ്കമായ ഭക്തിയുടെ പൂർണോദയം ദർശിക്കും നമ്മൾ ..
ഭഗവാന്റെ ശ്രീപാദ ധൂളീകണം ..
വേദങ്ങൾ മീളാൻ മൽസ്യം നീ …
ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും…
അഷ്ടപദി ഗുരുവായൂരപ്പന്റെ ഇഷ്ടസഖി …
ഗുരുവായൂരേകാദശി തൊഴുവാൻ പോവുമ്പോൾ ..
എന്നിവയൊക്കെ തന്നെ ആ ഹൃദയ നൈർമല്യത്തിന്റെ ഉത്തമോദാഹരണങ്ങളാണ് …
വീണ്ടും കൃഷ്ണഭക്തിരസാനുഭവങ്ങൾ …
മയിൽ‌പ്പീലി എന്ന ആൽബത്തിൽ ജയവിജയ സംഗീത സംവിധായകനായി എത്തി …
ഒട്ടും കുറയാത്ത നിതാന്ത സംഗീത ധാര …
ചന്ദനചർച്ചിത നീലകളേബരം ….
ഒരു പിടി അവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ
വരികയായ് ദ്വാരക തേടി….എന്ന ഗാനത്തിലെ
എൻ മിഴിനീരിലെ നാമ ജമപങ്ങളെ
പുണ്യമാം തീരത്തണച്ചവനേ..
വിറകിൽ‍ ചിതഗ്നിയായ്‍ കാട്ടിലലഞ്ഞപ്പോൾ
വിധിയോടൊളിച്ചു.. കളിച്ചവനേ..
എന്റെ ദൈവം.. ഭവാനെന്റെ ദൈവം
എന്നയിടത്തൊക്കെ എത്തുമ്പോൾ ഇത് വെറും ഭക്തിഗാനം മാത്രമല്ല സർവവും തുടിക്കുന്ന ജീവൽ മന്ത്രം തന്നെയാണ്….

ചെമ്പൈക്കു നാദം നിലച്ചപ്പോൾ …
ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാനുരുകുന്നു കർപ്പൂരമായി..
ഈ ഗാനങ്ങൾക്കൊക്കെ ഞാനെന്തു പറയാൻ..!!!!!
രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ
ഞാൻ പാടും ഗീതത്തോടാണോ
എന്ന ഗാനം ഒരു സിനിമാ ഗാനം എന്ന് നിനച്ചു കൊണ്ട് പാടി നടന്നിട്ടുണ്ട്…
യമുനയിൽ ഖരഹരപ്രിയയായിരുന്നെങ്കിൽ …
ഹരികാംബോജി രാഗം പഠിക്കുവാൻ …
എന്നീ ഗാനങ്ങളൊക്കെ പിന്നെയും നിർവൃതി നേടിക്കഴിഞ്ഞ ഒരു മനസ്സിന്റെ സുന്ദര സ്വപ്നങ്ങളാണ് ..
ഇനിയെത്ര കിടക്കുന്നു…
ഭക്തി നിർഭരമായ അനേകം സൃഷ്ടികൾ !!
ഇനിയൊന്നിലേക്കും പോകാൻ ഉദ്ദേശിക്കുന്നില്ല…
നിറഞ്ഞു കവിയുന്ന മനസ്സിനെ തലോടി …
വിശ്രമിക്കൂ വിശ്രമിക്കൂ…

*****

എസ് .രമേശൻ നായരുടെ ചലച്ചിത്ര ഗാനങ്ങളിലൂടെ ഒരു ഭാഗം കൂടി.

മംഗളം പാടുന്ന സംഗീതം…

എഴുതാനിരിക്കുമ്പോൾ വ്യക്തത ഇല്ലാതെ വരുന്നത് ഒരെഴുത്തുകാരന് വലിയ പ്രയാസങ്ങൾ നേരിടും . അക്ഷരങ്ങൾ കൂട്ടിയോജിപ്പിച്ച് ഒരു വാചകമാക്കിയാൽ പോലും എഴുത്തുകാരൻ ജനിക്കില്ല . അത് ചില കത്തെഴുത്തോ മറ്റോ ആയി പരിണമിക്കാം .അവനവനൂഹിച്ചെതെന്തോ അതെന്റെ കരങ്ങളിൽ പുരളണം ..
അതിനായ് , വാക്സ്വരൂപിണിക്കായ് തപസ്സിരുന്നവർ . ഉള്ളിലെ ദൈവീകതയെ സ്വരസമ്പുഷ്ടമാക്കുവാൻ , ഹൃദയാനുഗ്രഹങ്ങളുടെ ഈണങ്ങളുമായി വരദാനമായ് ആരെങ്കിലും വരും… എഴുതിയതെല്ലാം പുഷ്പാഞ്ജലീ മന്ത്രമായി മാറും ..അത്തരം അഞ്ജലീ മന്ത്രമായി തീർന്ന , കറകളഞ്ഞ ഒരാളെ പറ്റി പറഞ്ഞു കഴിഞ്ഞു…
ശ്രീ എസ് രമേശൻ നായർ ..ആ ഭക്തിഗാനരസസുധയിൽ നിന്നായിരുന്നു മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം…

”വനശ്രീ മുഖം നോക്കി വൽക്കണ്ണെഴുതുമീ പനിനീർതടാകമൊരു പാനപാത്രം
സിനിമാ സന്ദർഭങ്ങൾക്കനുസരിച്ച് പാട്ടെഴുത്തു തുടങ്ങിയിരുന്നു ഈ ഗാനങ്ങളിലൂടെ ..
എന്നാലും ആ വരികളിലൂടെ ഒന്ന് പോയി നോക്കൂ.
ആ ഭക്തിയും വിഭക്തിയും…
നവ്യമായൊരു പുലർകാലം തന്നുകൊണ്ടായിരുന്നു ആ പൂർണോദയം…
മംഗളം പാടിക്കൊണ്ട് ഒരു തുടക്കം …
പത്താമുദയത്തിലെ ..
“മംഗളം പാടുന്ന സംഗീതം ”
ശേഷം രംഗം എന്ന ചിത്രത്തിലെ ഗാനങ്ങൾ ….
അതൊരു ഐവി ശശി ചിത്രത്തിന് പോലും നവ്യമായൊരു അനുഭൂതി ആയിരുന്നു. ആപ്റ്റ് ആയിരുന്നു ആ വരികൾ …
“വനശ്രീ മുഖം നോക്കി വാൽക്കണ്ണെഴുതുമീ പനിനീർത്തടാകമൊരു പാനപാത്രം ”
വ്യത്യസ്തമായ ഒരു ചലച്ചിത്ര ഗാനം .. അതിന്റെ തുടർച്ചയിലേക്ക് മുങ്ങിത്താഴുമ്പോൾ അറിയാം പുഷ്പ്പാഞ്ജലീ ഗീതത്തിന്റെ ആ
വർണ്ണപ്പകിട്ട് …
:”സ്വാതി ഹൃദയ ധ്വനികളിലുണ്ടൊരു
സ്വരതാള പ്രണയത്തിൻ മധുരലയം ..”
പ്രണയത്തിനും ഇത്രമേൽ പ്രിയരഹസ്യങ്ങൾ ഒതുക്കിയ ഒരു ഗാനം.!!
സിനിമയിലേക്കുള്ള അരങ്ങേറ്റം കഴിഞ്ഞതിനു ശേഷം അതും വിജയിച്ച പാട്ടുകൾ തന്നയാൾ ആവുമ്പോൾ ആളുകൾ തേടി വരും…
പ്രിയദർശൻ നോട്ടം ഇദ്ദേഹത്തിലും വന്നു പെട്ടു…

പാട്ടെഴുത്തിന്റെ ആ പാതയിലേക്ക് ഇദ്ദേഹം വഴുതി വീണത് ഈ പാട്ടിലൂടെ ആണ്..
“: നീയെൻ കിനാവോ പൂവോ നിലാവോ ”
സംവിധായകന്റെ മനോധർമത്തിനു അനുസരിച്ചെഴുതിയ ആദ്യ ഗാനം… ഏറെ ശ്രദ്ധിക്കപ്പെട്ടു . എങ്കിലും രമേശൻ നായർ എന്ന കവിയെ തേടി ഉജ്വല സൃഷ്ടികൾ വന്നു കൊണ്ടിരുന്നു…
രാക്കുയിലിൻ രാഗസദസ്സിലെ . ” എത്ര പൂക്കാലമിനി ” എന്ന ഗാനം നേടിക്കൊടുത്ത കരുത്ത് ഒന്ന് വേറെ തന്നെയാണ്.. പലർക്കും ആ ഗാനം ഒരുദയം തന്നെയായിരുന്നു. അല്ലെങ്കിൽ ഒരു കുതിപ്പ് ..
യേശുദാസ്, അരുന്ധതി എന്നിവർക്കെങ്കിലും … പ്രിയദർശൻ നോട്ടം പുണ്യമായ് നിറഞ്ഞ നിമിഷങ്ങൾ …
മറ്റൊരു നവ്യാനുഭവമായി ഒരു ഗാനം രാക്കുയിലിൻ രാഗസദസ്സിൽ എന്ന സിനിമ സമ്മാനിച്ചു. ..
ഇന്നത്തെ കാലത്ത് നിഷേധരൂപമായൊരു എഴുത്ത് എന്ന് പുനർനിർണ്ണയിക്കും എങ്കിലും സാരമില്ല നന്മ നിറഞ്ഞൊരു മനസ്സിന് ഇങ്ങനെയും എഴുതാം…
” പൂമുഖവാതുക്കൽ സ്നേഹം വിടർത്തുന്ന
പൂന്തിങ്കളാവുന്നു ഭാര്യ !!” എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു ചിത്രവിളക്കാണ് ഭാര്യ എന്നെഴുതുമ്പോൾ സ്ത്രീ മനസ്സുകളെ , ചിന്തകളെ അതെത്രമാത്രം മഹത്വവൽക്കരിച്ചിരിക്കുന്നു എന്നും മനസ്സിലാകും..
വീണ്ടും പ്രിയദർശൻ സിനിമകൾ തന്നെ…
കിളിയെ കിളിയെ കിളിമകളെ .. എന്ന ധിം തരികിട തോം സിനിമയിലെ ക്ലാസ്സിക്കൽ പ്രണയ ഗാനം…
എൺപതു അവസാനം തന്നെ ഹൃദയസ്പർശിയായ ഗാനങ്ങൾ…
വീടകങ്ങളെ പുളകം കൊള്ളിച്ച ഒന്ന് …
ചിലപ്പോൾ തോന്നും സ്വപ്നസ്പർശിയായ ഒന്ന്..
അനുഭവമായാലല്ലേ കൂടുതൽ ഹൃദയഹാരിയാവുന്നത് !
അല്ല എന്നുദാഹരണം…
മനസ്സിലെ ചിലത് .. അതിനൊക്കെ ആയിരുന്നെങ്കിൽ എന്ന് ഉൾച്ചേർന്നു പോവും… കവിയുടെ ഹൃദയത്തിലെ ആ ഭക്തിനിർഭരമായ മനസ്സ് ഇങ്ങനെയൊക്കെ അല്ലെ എഴുതേണ്ടത്….

“ചന്ദനം മണക്കുന്ന പൂന്തോട്ടം…
ചന്ദ്രിക മെഴുകിയ മണിമുറ്റം…
ഉമ്മറത്തമ്പിളി നിലവിളക്ക്…
ഉച്ചത്തിൽ സന്ധ്യക്കു നാമജപം..
ഹരിനാമജപം…”
വിചാരണയിലെ ഗാനമെത്തുമ്പോൾ ചതിയുടെയും , സ്നേഹനിരാസത്തിന്റെയും ഇടയിൽ പെട്ടുപോയ ഒരുവന്റെ ഹൃദയം നമ്മൾ കണ്ടു…
” ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുതിരുന്ന ലയമറിഞ്ഞു…”

പ്രണയത്തിന്റെ ഓർമ്മനിലാവിൽ ആ നറുമഞ്ഞനുഭവം ശരിക്കും പ്രേക്ഷകർ അറിഞ്ഞു…
വാർധ്യക്യപുരാണത്തിലേക്കെത്തുമ്പോൾ
” പാൽനിലാവിൻ കളഹംസമേ
ഒരു സ്നേഹദൂദ് ചൊല്ലുമോ ”
എന്ന അഭിനവകാവ്യമായും തീരുന്നു..
തൊണ്ണൂറു മധ്യമാവുമ്പോഴേക്കും
“മധുവിധു രാവുകളെ
സുരഭിലയാമങ്ങളെ
മടിയിലൊരാൺപൂവിനെ താ ”
എന്ന രാജസേനൻ ഭാവനയിലേക്ക് ഇത്തരത്തിലും…

ബാലചന്ദ്രമേനോൻ പ്രതിഭ ഏപ്രിൽ 19 എത്തുമ്പോഴേക്കും ഗ്രാഫ് താഴ്ന്നു തുടങ്ങിയിരുന്നു…
എന്നിരുന്നാലും …
“ശരപ്പൊളിമാല ചാർത്തി
ശരദിന്ദുദീപം നീട്ടി
കുറിഞ്ഞികൾ പൂത്ത രാവിൽ
ഏതു രാഗം നിന്നെത്തേടുന്നൂ”
പാട്ടിന്റെ ഒരോർമ്മയിലേക്കു ഈ സിനിമയെ കൊണ്ട് നിർത്തി ശ്രീ രമേശൻ നായർ…
എസ് ജാനകിയുടെ ശ്രുതി മധുരം കാലങ്ങൾക്കു ശേഷം പകിട്ടൊട്ടും ചോരാതെ അനുഭവിപ്പിച്ചത്…
പിന്നീട് ഔസേപ്പച്ചൻ ഈണം രമേശൻ നായർ വരികളെ ഒന്നുകൂടെ ഉയരങ്ങളിലേക്ക് എത്തിച്ചു..
അകലെ നിഴലായ് അലിയും കിളിയെ ..
നിലാത്തിങ്കൽ ചിരി മായും…
പൂവരശിൻ കുട നിവർത്തി …
എന്നീ വരികളിലൂടെ ഔസേപ്പച്ചൻ സംഗീതവും ഉണർന്നുലഞ്ഞു …
സൗമ്യസംഗീതത്തിന്റെ ഉടമ എന്ന് പറയേണ്ടുന്ന സംഗീതജ്ഞനാണ് ശ്രീ മോഹൻ സിതാര.. അദ്ദേഹത്തിന്റെ ഈണത്തിൽ കളിവീട് എന്ന ചിത്രത്തിൽ നല്ല ഗാനങ്ങൾ പിറന്നു..
മനസ്സ് ഒരു മാന്ത്രികക്കൂട്
മായകൾ തൻ കളിവീട് …
എന്ന വൈരുധ്യ യാഥാർഥ്യങ്ങളും വിരചിക്കേണ്ടി വന്നു ഇദ്ദേഹത്തിന്…
ഗുരു എന്ന ഒരു വ്യത്യസ്ത പ്രമേയം ചലച്ചിത്രമായപ്പോൾ അതിനനുസരിച്ചും ഗാനങ്ങൾ എഴുതി …
ഇളയരാജയുടെ ഈണത്തിൽ …
” ദേവസംഗീതം നീയല്ലേ …
തഴുകാൻ ഞാനാരോ !
നുകരാൻ ഞാനാരോ ! ”

കണ്ണിൽ വന്നു പെടാത്ത ബന്ധങ്ങളെ മനസ്സിൽ ചേർത്തു നിർത്തുമ്പോൾ അവ്യക്തമായ ചിന്തകളോടെ ഇങ്ങനെയേ എഴുതാൻ ആവുള്ളൂ…
അനിയത്തിപ്രാവ് ഒരു ചരിത്രം തന്നെ ആയിരുന്നു. പ്രണയത്തിൽ നിറയുന്ന ത്യാഗം … പ്രണയപര്യവസാനമായി ത്യാഗികളാവുമ്പോൾ തകർന്നു പോവുന്ന ഹൃദയങ്ങൾക്ക് വേണ്ടി എഴുതിയ ഗാനങ്ങൾ എന്ന് തോന്നും…
എന്നും നിന്നെ പൂജിക്കാം എന്നെഴുത്തിൽ ഭക്തിനിർഭരമായ ആ മനസ്സിനെ പ്രണയത്തിലേക്ക് ചാലിക്കുന്നത് ചിലർക്കെങ്കിലും അനുഭവമായിരിക്കും…
ഓ പ്രിയേ …
പ്രിയേ നിനക്കൊരു ഗാനം….
സമർപ്പണത്തിന്റെ ആൾരൂപമായി പൂർണപ്രണയഗാനം
“ഒരുരാജമല്ലി വിടരുന്നപോലെ
ഇതളെഴുതി മുന്നിലൊരു
മുഖം
ഒരുദേവഗാനമുടലാർന്നപോലെ
മനമരുളിയെന്നിലൊരു സുഖം
കറുകനാമ്പിലും
മധുകണം
കവിതയെന്നിലും നിറകുടം
അറിയുകില്ല നീയാരാരോ ”
പാട്ടിന്റെ , കവിതയുടെ നറുമണമൂറിയ വരികൾ

വിനയൻ സിനിമകൾക്ക് പാട്ടെഴുത്തുമായി പോയപ്പോൾ ചില തരികിടകൾ പാട്ടുകളിലും വരുത്തേണ്ടി വന്നു.. എന്നാലും പാട്ടെഴുത്തിന്റെ ആ നിർബന്ധ ബുദ്ധി മറന്നും എഴുതാൻ കഴിഞ്ഞു രമേശൻ നായർക്ക്.
പ്രേത സിനിമകൾക്ക് വേണ്ടി പാട്ടെഴുതേണ്ടി വന്നത് അങ്ങിനെ ഒരു യോഗം.. എങ്കിലും തന്റെ പാർട് ഭംഗിയാക്കി ഇദ്ദേഹം…
“പുതുമഴയായ് വന്നൂ നീ “”
എന്ന ഗാനത്തിലൂടെ നിശാഗീതമായി വരുവാൻ ക്ഷണിക്കുന്നുണ്ട്…
മറ്റൊന്ന്….
“ചന്ദനമുകിലേ ”
എന്ന വെള്ളിനക്ഷത്രത്തിലെ ഗാനത്തിൽ പോലും കണ്ണന്റെ പ്രണയത്തിൽ അലിയുന്ന ഗോപികയെ പോലെ കഴിഞ്ഞു പോയ ഒരു കാലത്തെ ഓർമ്മിപ്പിക്കുന്നുണ്ട്…
പറഞ്ഞുപോകുമ്പോൾ മറ്റു ചില ഇഷ്ടഗാനങ്ങൾ പറയാതെ എങ്ങിനെ…
വൈകാശി തിങ്കളിറങ്ങും ( ആകാശഗംഗ)
ഇരുമെയ്യും ഒരുമനസ്സു
ഈറനാം ഈ രാവുകളും ( ഞങ്ങൾ സന്തുഷ്ടരാണ് )
എന്നിവയൊക്കെ ഉൾപ്പെടുത്താതെ വയ്യ!!!
ലോഹിതദാസിന്റെ ചിന്തകൾക്കൊപ്പം ,തിരക്കഥാ സൗകൃതത്തിനൊപ്പം പോകാൻ , വഴിവെട്ടിപോകാൻ ആവുന്ന പാട്ടെഴുത്തുകാരനായി ഇദ്ദേഹം….
നവ്യാനുഭൂതി പകർന്നുകൊണ്ട്…
രാവിൽ ആരോ വെണ്ണിലാവിൻ ജാലകങ്ങൾ തുറന്നിട്ടതാവാം
നിൻ മുഖപൂതിങ്കളാവാം …
വീണ്ടും…

നായികയുടെ ഹൃദയാഭിലാഷങ്ങൾ പകർത്തിവെച്ചുകൊണ്ട്…
പേരറിയാം
മകയിരം നാളറിയാം…
എന്ന നിഷ്കളങ്ക ഭാവ ഗാനം..
ശലഭം വഴിമാറുമാ ( അച്ഛനെയാണെനിക്കിഷ്ടം )
മണിക്കുയിലേ ( വാൽക്കണ്ണാടി )
വസന്തരാവിൻ കിളിവാതിൽ ( കയ്യെത്തും ദൂരത്ത് }
തേരിറങ്ങു മുകിലേ ( മഴത്തുള്ളി കിലുക്കം )
പ്രണയസൗഗന്ധികങ്ങൾ ( ഡാർലിംഗ് ഡാർലിംഗ് )
എന്നിവ പാട്ടുകളിൽ എണ്ണേണ്ട ഇനങ്ങളാണ്..
ഒടുവിൽ ഓർമ്മയിൽ വരുന്നത് ഇവ രണ്ടുമാണ്…
പുണ്യം എന്ന ചിത്രത്തിലെ
കുങ്കുമ രാഗപരാഗമലിഞ്ഞൊരു ….
കളഭം എന്ന ചിത്രത്തിലെ
ദേവസന്ധ്യാ ഗോപുരത്തിൽ ..
ഈ ഗാനങ്ങളിലൂടെ പ്രിയ എഴുത്തുകാരൻ എന്നെ പുല്കുകയാണ്. ഹൃദ്യാനുരാഗങ്ങളുടെ നവ്യമായ ഓർമ്മകൾ സമ്മാനിച്ചുകൊണ്ട്…സാഷ്ടാംഗ നമസ്കാരങ്ങൾ ….

ജൂൺ 18 ഈ മഹാനുഭാവന്റെ ചരമ ദിനം ആണ്. ഒന്നാം വാർഷികം.നമസ്‌കരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *

LATEST

ബാബയും ശിവാജിയും നേർക്കുനേർ, രജനിക്കെതിരെ രജനി തന്നെ മത്സരിക്കുന്നു, തമിഴകം ആഘോഷ ലഹരിയിൽ

ശിവാജിയുടെ പെട്ടെന്നുള്ള അപ്‌ഡേറ്റ് ബാബയെ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷകരമായ ഒരു സർപ്രൈസ് സമ്മാനിച്ചു.സൂപ്പർസ്റ്റാർ

“ഫാന്റ ബോട്ടിൽ സ്ട്രക്ച്ചർ”, “അസ്ഥികൂടം” കളിയാക്കിയവർക്ക് സ്റ്റാൻഡേർഡ് മറുപടിയാണ് കുറിപ്പിലൂടെ ദിവ്യ ഭാരതി നൽകിയത്

കോളേജ് കാലം മുതൽ ഇതുവരെ നേരിട്ട പരിഹാസങ്ങളെ കുറിച്ച് നടി ദിവ്യ ഭാരതി