ഓർമ്മയിലൊരു ശിശിരം ….

0
191

ഗിരീഷ് വർമ്മ ബാലുശ്ശേരി

ഓർമ്മയിലൊരു ശിശിരം ….

ഗായകർക്കെല്ലാർക്കും അവരവരുടേതായ ഒരു സ്റ്റൈൽ ഉണ്ട്. ആ ആലാപനരീതിയാണ് അവരെ ആ ഫീൽഡിൽ കീർത്തിമാനാക്കുന്നതും , പുരസ്കാരജേതാക്കളാക്കുന്നതും . എൺപതുകളുടെ തുടക്കം വരെ മലയാളത്തിൽ യേശുദാസ് , ജയചന്ദ്രൻ തരംഗം തന്നെയായിരുന്നു. ദേവഗായകന്റെയും, ഭാവഗായകന്റെയും ശബ്ദമാധുരി ആസ്വദിച്ചുകൊണ്ട് നമ്മൾ. ഒറ്റയ്ക്കും തെറ്റയ്ക്കും ചിലർ വന്നുപോവും. പലരും വേര് പിടിക്കില്ല. കഴിവുള്ളവർ പോലും പിന്തള്ളപ്പെട്ടകാലം. 1981 ൽ ട്രാക്ക് പാടിവന്ന ആൾ തന്നെ പ്രധാനഗായകനാവുന്നതും മലയാളസിനിമ സാക്ഷി . കടത്ത് എന്ന പി ജി വിശ്വംഭരൻ ചിത്രത്തിലൂടെ ഒരു പതിഞ്ഞ ശബ്ദം മലയാളത്തെ ഗ്രസിച്ചു. പ്രണയഗാനങ്ങളിലെ ആ നിശബ്ദ രാഗ നിമന്ത്രണങ്ങൾ ശ്രോതാക്കളെയും ത്രസിപ്പിച്ചു.
“ഓളങ്ങൾ താളം തല്ലുമ്പോൾ നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നു…” ഈ ബിച്ചുതിരുമല ഗാനവീചികൾ മലയാളക്കരയാകെ ഓളങ്ങൾ സൃഷ്ടിച്ചു.
വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ…
പുന്നാരേ … പൂന്തിങ്കളെ .. രാവിൻ ചായൽ പൂ മൂടി വാ …

ഈ ഗാനങ്ങൾ സോളോയായും, യുഗ്മഗാനമായും നല്ലൊരാസ്വാദനം നല്കുന്നവയായിരുന്നു. ശ്രീ ഉണ്ണിമേനോന്റെ അരങ്ങേറ്റമായിരുന്നു അത്. ശ്യാം എന്ന സംഗീത സംവിധായകൻ പരിചയപ്പെടുത്തിയ പ്രതിഭ. ശ്യാം സംഗീതത്തിൽ തന്നെ ഉണ്ണിമേനോന് ഇവിടെ ഒരു അഡ്രസ് ഉണ്ടാവുകയും, അത് സ്ഥിരമാവുകയും ചെയ്തു.ശ്യാം ഒട്ടേറെ ഗാനങ്ങൾ പിന്നീട് ഉണ്ണിമേനോന് നൽകുകയുണ്ടായി.
എൺപതുകളിലെ മിക്ക മമ്മൂട്ടി , മോഹൻലാൽ, നെടുമുടി വേണു ചിത്രങ്ങളിലെയും പാട്ടുകൾ ഉണ്ണിമേനോൻ ആയിരുന്നു പാടിയിരുന്നത്.

ശ്യാം സംഗീതത്തിൽ ഉണ്ണിമേനോന് കിട്ടിയ പാട്ടിന്റെ വൈഡൂര്യ മുത്തുകൾ ഒന്നെണ്ണി നോക്കുന്നത് കൗതുകകരം. ഏറ്റവും പ്രധാനപ്പെട്ടവ ഇവയൊക്കെയാണ്,.
വളകിലുക്കം ഒരു വളകിലുക്കം ( മുന്നേറ്റം )
മാനത്തെ ഹൂറി പോലെ പെരുന്നാൾ പിറ പോലെ ( ഈനാട് )
തേൻപൂക്കളിൽ കുളിരിടും തേൻ തെന്നലേ ( ശരവർഷം )
ജോൺ ജാഫർ ജനാർദ്ദനൻ ഒരുമിക്കും പന്തങ്ങൾ ( ജോണ് ജാഫർ ജനാർദ്ദനൻ )
പൂന്തട്ടം പൊങ്ങുമ്പോൾ തെളിയുന്ന തൂ നെറ്റി …
വിടർന്നു തൊഴുകൈ താമരകൾ ….
സ്വർഗ്ഗവാതിൽ തുറന്നു തന്നു ( ഇനിയെങ്കിലും )
പോം പോം ഈ ജീപ്പിനു മദമിളകി ( നാണയം )
മൂടൽമഞ്ഞിൻ ചേലയൂർന്നിതേ ..( ആരാരുമറിയാതെ )
അലസതാ വിലസിതം ( അക്ഷരങ്ങൾ )
തൊഴുതു മടങ്ങും സന്ധ്യയുമേതോ …
മാറത്തു മറുകുള്ള മന്ദാരപ്പൂവിന്റെ ( കരിമ്പ് )
അരയന്നക്കിളിയൊന്നേൻ മനസത്തിൽ ( മാന്യമഹാജനങ്ങളെ )
ചന്ദനക്കുറിയുമായി സുകൃത വനിയിൽ ( ഒരു നോക്ക് കാണാൻ )
ചിന്നകുട്ടീ ഉറങ്ങീലെ ….
തൂ വെൺതൂവൽ ചിറകിൽ ( അങ്ങാടിക്കപ്പുറത്ത് )
തെന്നലാടും പൂമരത്തിൽ ( കണ്ടു കണ്ടറിഞ്ഞു )
താഴം പൂക്കൾ തേടും കാറ്റിൻ രാഗം …
ഓർമ്മയിലൊരു ശിശിരം ..( ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് )
എന്റെ ഉയിരായി നീ മാറി ( ക്ഷമിച്ചു എന്നൊരു വാക്ക് )
സ്നേഹപ്പൂക്കൾ വാരിച്ചൂടി ( ചേക്കേറാനൊരു ചില്ല )
പൂവേ.. അരിമുല്ല പൂവേ …( എന്ന് നാഥന്റെ നിമ്മി )

ഒരു മലയാളി ഗായകന് ഒരു സംഗീത സംവിധായകനിൽ നിന്ന് ഇങ്ങനെ ഒരനുഗ്രഹം കിട്ടിയിട്ടുണ്ടാവില്ല. മിക്കവാറും ശ്യാം സംഗീതത്തിൽ ഉണ്ണിമേനോന് ഒരു പാട്ടെങ്കിലും ഉണ്ടാവും. സംഘഗാനമായാലും ഉണ്ണിമേനോൻ സഹകരിക്കുകയും ചെയ്തു.
രഘുകുമാർ സംഗീത സംവിധായകനായി വന്നത് മുതൽ ഇടയ്ക്കിടെ ഗാനങ്ങൾ കൊടുത്തുകൊണ്ടിരുന്നു.
ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാൻ ( ബോയിങ് ബോയിങ് )
ഈ കുളിർ നിശീഥിനിയിൽ ഉറങ്ങിയോ ( ആയിരം കണ്ണുകൾ )
എസ് ജാനകിയോടുത്തുള്ള ഈ യുഗ്മഗാനം അതീവഹൃദ്യമായത്.
ജാനകിയോടൊപ്പം അത് ഇരട്ടിമധുരമായി അനുഭവപ്പെട്ടു.

പൂങ്കാറ്റേ പോയി ചൊല്ലാമോ ( ശ്യാമ ) എന്നീ ഗാനവും ഈ കൂട്ടുകെട്ടിലെ മികച്ച അദ്ധ്യായം.
എം ജി ശ്രീകുമാറിന്റെ വരവോടു കൂടി മോഹൻലാൽ ചിത്രങ്ങളിൽ നിന്നും ഉണ്ണിമേനോൻ ഔട്ട് ആവുകയായിരുന്നു. എം ജി യുടെ പിടിപാടുകളും , സുഹൃദ് ബന്ധങ്ങളും കാരണം പിന്നീട് മിക്ക ചിത്രങ്ങളിലും അദ്ദേഹം തെന്നെ ആയിരുന്നു പാടിയിരുന്നത്. അപ്പോഴും ഒരു കുഞ്ഞു പിന്മാറ്റം നടത്തിയ ഉണ്ണിമേനോൻ പിന്നീട് കാലങ്ങളോളം മറ്റു ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ സജീവമായി. പ്രത്യേകിച്ച് തമിഴിൽ. മലയാളത്തിൽ നിന്നും ലഭിക്കാത്ത പുരസ്കാരം അവിടെ നിന്നും രണ്ടു തവണ ഇദ്ദേഹത്തിന് കിട്ടുകയുണ്ടായി. എങ്കിലും ഇടയ്ക്കിടെ ഇദ്ദേഹത്തിന്റെ ശബ്ദം മലയാളത്തിന് ആവശ്യമായിരുന്നു. അപ്പോഴെക്കെ ചില പ്രിയപ്പെട്ട സംവിധായകർ ഉണ്ണിമേനോനെ ഇങ്ങോട്ടു തന്നെ കൊണ്ടുവന്നു.

സിദ്ധിഖ് ലാലിന്റെ സിനിമകളിലെ പോലെ…
ഒരായിരം കിനാക്കളാൽ ( രാംജി റാവ് സ്‌പീക്കിങ് )
ഏകാന്ത ചന്ദ്രികേ ( ഇൻ ഹരിഹർ നഗർ )
പൂക്കാലം വന്നു പൂക്കാലം ( ഗോഡ് ഫാദർ )
കാലങ്ങൾക്കു ശേഷം പിന്നീട് വന്നത് ഉണ്ണിമേനോൻ നായകനായി അഭിനയിച്ചു കൊണ്ട് പ്രഭാവർമ്മ എഴുതിയ വരികൾക്ക് സംഗീതം ചെയ്തു പാടിയ പാട്ടുമായാണ്. അന്ന് വരെ പാടിയ ഏതു പാട്ടിനേക്കാൾ മുൻപന്തിയിൽ അതെത്തുകയും ചെയ്തു.

ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ( സ്ഥിതി ) . ഇതായിരുന്നു ആ ഗാനം.
ശരിക്കും മിഴിനീർ പൂവുകൾ മുതൽ ബട്ടർഫ്‌ളൈസ് വരെ മിക്ക മോഹൻലാൽ സിനിമകളിലും പ്രധാന ഗായകൻ ഇദ്ദേഹമായിരുന്നു. രാജാവിന്റെ മകനിലെ എസ് പി വെങ്കിടേഷിന്റെ ഈണത്തിൽ ” വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ ” എന്നതും ” ദേവാംഗനെ .. ദേവസുന്ദരീ ” എന്നതും ഏറെ ഹിറ്റായത് …
ജോൺസൻ സംഗീതത്തിലായാലും തിളങ്ങിയ പാട്ടുകാരൻ തന്നെ ഉണ്ണിമേനോൻ
ഏതോ ജന്മ കല്പനയിൽ ( പാളങ്ങൾ ) . ഇതിൽ വാണിജയറാമിനൊപ്പം മൂളാൻ മാത്രമെങ്കിലും …..
നീ മനസ്സിൻ താളം നീയെൻ മനസ്സിൻ രാഗം ( ഒന്ന് ചിരിക്കൂ )
രാഗോദയം മിഴിയിൽ സൂര്യോദയം ( അകലങ്ങളിൽ )
സാരംഗി മാറിലണിയും ഒരപൂർവ ഗാനമോ ( പാവക്കൂത്ത് )
സിന്ദൂരം തൂകും ഒരു സായംകാലം ( ശുഭയാത്ര )
രണ്ടായിരത്തിനു ശേഷം അപൂർവം സിനിമകളിലെ ഉണ്ണിമേനോൻ പാടിയിട്ടുള്ളൂ… എങ്കിലും ചില സൂപ്പർ ഗാനങ്ങൾ വല്ലപ്പോഴും പാടാൻ അവസരം ലഭിച്ചിരുന്നു ഇദ്ദേഹത്തിന്. വലിയ ഭാഗ്യം പോലെ അവയൊക്കെ വല്ലാതെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു..
ഓംകാരം ശംഖിൽ ചേരുമ്പോൾ ( വെറുതെ ഒരു ഭാര്യ )
മഴനീർത്തുള്ളികൾ നിൻ തനുനീർ തുള്ളികൾ ( ബ്യൂട്ടിഫുൾ )
മരണമെത്തുന്ന നേരത്ത് ( സ്പിരിറ്റ് )
ചെമ്പനീർ ചുണ്ടിൽ ഞാൻ ( നത്തോലി ഒരു ചെറിയ മീനല്ല )
തിരുവാവണി രാവ് ( ജേക്കബിന്റെ സ്വർഗ്ഗ രാജ്യം )
റിലീസാവാത്ത ഒരു സിനിമയിലെ ഗാനവും കാത്തിരിക്കുന്നു .ഹരിനാരായണന്റെ രചനയിൽ രഞ്ജിൻ രാജ് സംഗീതം ചെയ്ത കർണ്ണൻ നെപ്പോളിയൻ ഭഗത്സിങ് എന്ന ചിത്രത്തിലെ ” കാതോർത്ത് കാതോർത്ത് ഞാനിരിക്കെ “…

ഓളങ്ങൾ താളം തല്ലി വന്ന 1981 ലെ ആ ശബ്ദത്തിന് ഒരിടിവും സംഭവിക്കാതെ 2021 ലും തുടരുന്നു….. നാൽപ്പതു വർഷമായി ഞങ്ങൾ നിങ്ങളെ കേട്ടുകൊണ്ടിരിക്കുകയാണ് പ്രിയനേ…..
അഭിവാദ്യങ്ങൾ പ്രിയ പാട്ടുകാരന്….