ഗിരീഷ് വർമ്മ ബാലുശ്ശേരി
എത്ര പേർ വന്നാലും വിധുവിനുള്ളത് വിധുവിനു തന്നെ കിട്ടുന്നതിന് വിധുവിന്റെ ശബ്ദം ഒരു കാരണമാണ്
പൊൻവസന്തമാഗമം …
അവസരങ്ങൾ കിട്ടാതെ കഴിവുകൾ മുരടിച്ചുപോയ എത്രയെത്ര പേരുണ്ടാവും ഇവിടെ. ഒറിജിനലിനേക്കാൾ ഭംഗിയായി പാടി തെളിയിക്കാൻ കഴിവുള്ളവരുണ്ട് . ആരാലും ശ്രദ്ധിക്കപ്പെടാതെ അങ്ങിനെ ഒതുങ്ങിപ്പോയവർ ! പണ്ട് കാലത്തൊക്കെ ഭാഗ്യം കൊണ്ടോ, സ്വന്തം കഴിവ് മറ്റുള്ളവരാൽ പ്രോത്സാഹിക്കപ്പെട്ടതുകൊണ്ടോ എത്തപ്പെട്ടവരേറെയും. വളരെ കുറച്ചു പേർക്കേ അതിനുള്ള ഭാഗ്യം സിദ്ധിക്കുന്നുള്ളൂ . കഴിവില്ലാത്തതല്ല പ്രശ്നം. പരിപോഷിപ്പിക്കാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നില്ല എന്നത് മാത്രം കാരണം .
ഇന്നത്തെ സ്ഥിതി മാറി . ടീവി ചാനലുകളിൽ റിയാലിറ്റി ഷോ പ്രളയം കാരണം കുട്ടികളുടെ കലാവാസനകൾ കൂടുതൽ പ്രദർശിപ്പിക്കപെടുന്നുണ്ട്. മികവുറ്റവർ ഓരോരോ മേഖലകളിലേക്ക് എത്തപ്പെടുന്നുമുണ്ട്. കൂടുതൽ പേർ ഗായകരായി എത്തപ്പെടുമ്പോൾ എല്ലാവർക്കും സിനിമാഫീൽഡിൽ അവസരം കിട്ടിക്കൊള്ളണമെന്നില്ല . അവിടെയും പിന്തള്ളപ്പെടും. മത്സരത്തിന്റെ വേദി തന്നെയാണ് സിനിമാലോകം . ഗായകരായി അവിടെ സ്ഥിരപെടുക എന്നതിന് ശബ്ദസൗകുമാര്യം തന്നെ പ്രധാനം.
ഏഷ്യാനെറ്റിന്റെ വോയിസ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഒരു ഗായകൻ . ആ ഗായകൻ മലയാള സിനിമയിലേക്കും എത്തപ്പെടുന്നു. ഒരു റിയാലിറ്റി ഷോയിൽ നിന്നും ആദ്യമായി പാട്ടുകാരനായി അരങ്ങേറ്റം . അത് ശ്രീ വിധു പ്രതാപ് എന്ന ഗായകനായിരുന്നു. 1999 ൽ തന്നെ ദേവദാസി എന്ന ചലച്ചിത്രത്തിലൂടെ സൂപ്പർ സംഗീത സംവിധായകനായ ശരത്തിന്റെ അനുഗ്രഹാശിസുകളോടെ കടന്നുവരാൻ പറ്റി എന്നത് വിധു പ്രതാപിന്റെ ഒരു ഭാഗ്യം. ആദ്യ ചുവടുവെപ്പ് വലിയ പ്രാധ്യാന്യമുള്ളതാണല്ലോ . “പൊൻവസന്തമാഗമം ” എന്ന എസ് രമേശൻ നായർ ഗാനം .
അർദ്ധ ക്ലാസിക്കൽ രീതിയിൽ ചിട്ടപ്പെടുത്തിയത് ഒരു പതറിച്ചയും ഇല്ലാതെ അതി സുന്ദരമായി ആലപിക്കാൻ കഴിഞ്ഞു വിധുവിന് . അതിന്റെ ഓളം കൊണ്ട് തന്നെയാണ് സിനിമയിൽ തുടരാൻ ഇടയാക്കിയതും എന്ന് സ്പഷ്ടം.
ഏതു തരത്തിലുള്ള ഗാനവും പാടാൻ കഴിയുന്നവരാവണം പാട്ടുകാർ . അത് തുടർന്നുള്ള തന്റെ സംഗീതയാത്രയിൽ ഇദ്ദേഹം തെളിയിച്ചിട്ടുണ്ട്. നിറം എന്നതിലെ ” ഒരു ചിക് ചിക് ചിക് ചിറകിൽ ” ഏറി വന്നു ഒരടിപൊളി ഗാനവുമായി … ശുക്രിയ എന്ന പദം മലയാളം കൊണ്ടാടി .അധികം കാത്തിരിക്കേണ്ടി വന്നില്ല അവാർഡ് നേടാൻ .സായാഹ്നം എന്ന ആർ ശരത് ചിത്രം വിജയപ്പട്ടികയിൽ പെടുത്താൻ പറ്റില്ലെങ്കിലും അതിലെ ” കാലമേ കൈക്കൊള്ളുക നീ ” എന്ന ഗാനം വിധു പ്രതാപിന് 1999 ൽ തന്നെ മികച്ച ഗായകനുള്ള അവാർഡ് നേടിക്കൊടുത്തു. പക്ഷെ ഈ ഗാനം ഏറെയൊന്നും ശ്രോതാക്കളിൽ എത്തപ്പെട്ടില്ല എന്നത് ദുഖകരം .
പ്രഭാവർമ്മയുടെ വരികൾക്ക് പെരുമ്പാവൂർ രവീന്ദ്രനാഥിന്റെ സംഗീതം .ഒരു ഗായകന്റെ ശബ്ദം എക്കാലവും അതാതുകാലത്തെ ഏതെങ്കിലും നടന്മാരുമായി യോജിച്ചു പോവുന്നതായി അനുഭവപ്പെടാറുണ്ട്. പോപ്പുലർ നടനാണെങ്കിൽ ഗായകനും രക്ഷപ്പെട്ടു. സത്യന്റെ ശബ്ദം ഏറെ സാമ്യമുള്ളതായപ്പോൾ എ എം രാജ ശ്രദ്ധിക്കപ്പെട്ടത് ചരിത്രം. അതേപോലെ ദിലീപ്, പ്രിത്വീരാജ് എന്നിവർക്ക് ഏറെ യോജിച്ച ശബ്ദം തന്നെയായിരുന്നു വിധു പ്രതാപിന്റെത് .
കുഞ്ഞന്റെ പെണ്ണിന് കുഞ്ഞരിപ്രാവിന്റെ ( കുഞ്ഞിക്കൂനൻ )
വാളെടുത്താലങ്കക്കലി ( മീശ മാധവൻ )
തരിവളകയ്യാലെന്നെ വിളിച്ചതെന്തിന് ( സദാനന്ദന്റെ സമയം )
എന്നിവ ദിലീപ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായി…
വിധുവിന്റെ ശബ്ദം ഏറെ യോജിച്ചത് പ്രിത്വീരാജിനായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നല്ല മെലഡികൾ ആ കൂട്ടുകെട്ടിൽ ഉണ്ടാവുകയും ചെയ്തു…
മഴയുള്ള രാത്രിയിൽ ( കഥ )
ഒരേ മുഖം കാണാൻ ( നക്ഷത്രക്കണ്ണുള്ള രാജകുമാരി …)
മറക്കാം എല്ലാം മറക്കാം ( സ്വപ്നക്കൂട് )
കാറ്റാടിത്തണലും തണലത്തരമതിലും ( ക്ലാസ്സ്‌മേറ്റ്സ് )
അരപ്പവൻ പൊന്നുകൊണ്ട് അരയിലൊരേലസ് ( വാസ്തവം )
എന്നിവ പ്രിത്വീരാജിനുവേണ്ടി പാടിയ ഗാനങ്ങളാണ്.
സോളോ പാടിയപ്പോഴൊക്കെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ പിറന്നു. കൂടുതലും മറ്റു ഗായകരോടൊപ്പം പാടിയതായിരുന്നു.
എടുത്തുപറയേണ്ടത് ഇവയൊക്കെയാണ്…
ഗോകുലത്തിൽ താമസിക്കും ( കയ്യെത്തും ദൂരത്ത് )
സുഖമാണീ നിലാവ് ( നമ്മൾ )
പറന്നുവന്നൊരു പാട്ടിൽ ഞാനൊരു പരാഗമേഘം കണ്ടു ( സ്വപ്നം കൊണ്ട് തുലാഭാരം )
വെണ്ണക്കല്ലിൽ നിന്നെ കൊത്തി ( പട്ടാളം )
പൂങ്കുയിലേ കാർകുഴലീ ( കസ്തൂരിമാൻ )
ഗുജറാത്തി കാൽത്തള കെട്ടിയ ( പുലിവാൽകല്യാണം )
കാറ്റ് വെളിയിഡൈ കണ്ണമ്മ ( തന്മാത്ര )
ചങ്ങാതിക്കൂട്ടം വന്നു ( നോട്ടുബുക്)
സുന്ദരിയെ ചെമ്പകമലരെ ( പന്തയക്കോഴി )
ആദിയുഷസന്ധ്യ പൂത്തതിവിടെ ( പഴശ്ശി രാജ )
വിധു പ്രതാപിന്റെ വരവിനു ശേഷം ഒട്ടേറെ പുതുഗായകർ മലയാളത്തിൽ അരങ്ങേറി . നന്നായി പാടുന്നവരും , വികലപ്പെടുത്തുന്നവരും ഉണ്ടാവാം. ശബ്ദം ഒരു പ്ലസ് പോയിന്റ് തന്നെയാണ്. അതുകൊണ്ടു തന്നെയാണ് എത്ര പേർ വന്നാലും വിധുവിനുള്ളത് വിധുവിനു തന്നെ കിട്ടുന്നതും…. ഇപ്പോൾ മന്ദഗതിയിലായ എല്ലാ സംരംഭങ്ങളും പോലെ സിനിമയും . അപ്പോഴും അടങ്ങിയിരിക്കാതെ തന്റെ കഴിവുളോടെ വിധു പ്രതാപ് എന്ന ഗായകൻ ഒരഭിനേതാവായും ഇവിടെ ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് അദ്ദേഹം. എല്ലാ വിധ ആശംസകളും നൽകുന്നു പ്രിയ ഗായകന്.