ചന്ദനം മണക്കുന്ന വിദ്യാധരൻ ഗാനങ്ങൾ

33

ഗിരീഷ് വർമ്മ ബാലുശ്ശേരി

ചന്ദനം മണക്കുന്ന വിദ്യാധരൻ ഗാനങ്ങൾ

നഷ്ടസ്വർഗങ്ങൾ പണിഞ്ഞു നൽകിയ ദുഖസിംഹാസനത്തിൽ, തപ്തനിശ്വാസങ്ങളുടെ വിശറിക്കാറ്റേറ്റു കഴിയുന്ന ഭഗ്നസിംഹാസനത്തിൽ, നഷ്ടപ്രണയത്തെ ഓർത്തു കേഴുന്ന വിരഹകാമുകനെ നമ്മൾ കണ്ടു, കേട്ടു , അറിഞ്ഞു.. 1993 ൽ ഇറങ്ങിയ അമ്പിളി ആദ്യമായ് സംവിധാനം ചെയ്ത ചലച്ചിത്രം “വീണപൂവ് ” . ഈ ഗാനമന്ന് പ്രണയം തുളുമ്പുന്ന മനസ്സുകളെ തരളിതമാക്കിയത് .. മനോരാഗാതുരാലയത്തിലെ ഒരന്തേവാസിയുടെ ഓർമ്മകൾ കലപിലകൂട്ടുമ്പോൾ ആർദ്രമായി പാടുന്ന ഗാനം. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് സംഗീതം ചെയ്തു കൊണ്ട് ഒരാരാധ്യ പുരുഷൻ ഇവിടെ ഉദയം ചെയ്തു. വിദ്യാധരൻ മാസ്റ്റർ എന്ന് നമ്മൾ ആദരവോടെ വിളിച്ചു.

Vidyadharan Master - Movies, Biography, News, Age & Photos | BookMyShowവിദ്യാധരൻ മാസ്റ്ററെ കുറിച്ചെഴുതുമ്പോൾ ഒറ്റയ്ക്കും തെറ്റയ്ക്കും ഇവിടെ വന്നു പോയവരും മുഖം കാണിക്കും . അവരെയും കൂട്ടത്തിൽ നമ്മൾ ഓർമ്മിച്ചെടുക്കും. കുറച്ചു ഗാനങ്ങൾ മാത്രം പാടി രംഗം വിട്ട ജൻസി എന്ന ഗായികയെ കൂടി ഓർത്തെടുക്കുന്നു. വീണപൂവ് എന്ന ഈ ചിത്രത്തിൽ “സ്വപ്നം കൊണ്ട് തുലാഭാരം നേർന്നപ്പോൾ ” എന്ന മുല്ലനേഴി സുന്ദരഗാനം .
” കന്നിപ്പൂ മാനം കണ്ണും നട്ടു ഞാൻ നോക്കിയിരിക്കെ ”
” ഏകാന്തതേ നിന്റെ ദ്വീപിൽ ”
“താലീപ്പീലി കാട്ടിനുള്ളിലൊരു ”
എന്നീ അപൂർവ ഭാവസുന്ദര ഗാനങ്ങൾ ഓർക്കാതെ വയ്യ. ഇവയൊന്നും വിദ്യാധരൻ മാസ്റ്റർ സംഗീതം ചെയ്തതല്ലാഞ്ഞിട്ടും മാസ്റ്ററോടൊപ്പം ജൻസിയെയും ഒന്നോർത്തെടുക്കുന്നു..

അമ്പിളിയുടെ സംവിധാനത്തിൽ വീണ്ടും ഒരു സിനിമ കൂടി . അഷ്ടപദി . ചന്ദന ചർച്ചിത നീലകളേബര എന്ന കൃഷ്ണഗീതം സുന്ദരമായൊരാലാപനമായി ഈ ചിത്രത്തിൽ ഉണ്ട്. വേറെയും അഷ്ടപദികളും ഉണ്ട്. ജയദേവരുടെ ഗീതങ്ങൾ ഉണ്ടെങ്കിലും ആധുനിക കാലത്തെ ലളിതചലച്ചിത്ര ഗാനങ്ങളൂം ചേർന്ന നല്ലൊരു സംഗീതിക ആണ് അഷ്ടപദി .
പി ഭാസ്കരന്റെ രചനയിൽ
മാനവഹൃദത്തിൻ അണിയറയിൽ .. എന്നതും
സുജാതയുടെ കൊഞ്ചലീണത്തിൽ …
പണ്ടൊരു പണ്ടൊരു കാലത്ത് …. എന്ന ഗാനവും…
ഇതൊക്കെ ഇറങ്ങിയെങ്കിലും ഒരു പുതു സംഗീത സംവിധായകന്റെ മികവോടെ മറ്റൊരു ഗാനചരിത്രം ഇവിടെ രേഖപ്പെടുത്തപ്പെട്ടു. എന്റെ ഗ്രാമത്തിൽ ….
“ക” വെച്ച് തുടങ്ങി തുടർച്ചയായി “ക ” രാക്ഷരങ്ങളായി “ക” വിതയിൽ അവസാനിച്ച ഒരു ഗാനം…
” കൽപ്പാന്ത കാലത്തോളം ” എന്ന വിഖ്യാത ഗാനം..
ശ്രീമൂല നഗരം വിജയൻ എന്ന കവിയുടെ പേരും പ്രശസ്തിയും കൂട്ടിയ ഗാനം…
അതിലെ തന്നെ ” വീണാപാണിനീ രാഗവിലോലിനീ ” എന്ന ഭക്തിസാന്ദ്രമായ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
മുസ്ളീം പശ്ചാത്തലത്തിലുള്ള നാടൻ പ്രയോഗങ്ങൾ കൂടിച്ചേർന്ന പാട്ടുകൾ ആദ്യകാലത്തു ശ്രീമൂലനഗരം വിജയൻ എഴുതിയതായി കേട്ടിട്ടുണ്ട്..
വണ്ടിക്കാരൻ ബീരാൻ കാക്കാ …
ചായക്കടക്കാരൻ ബീരാൻ കാക്കേടെ …

മുണ്ടൊപ്പാടത്ത് കൊയ്ത്തിനു വന്നപ്പോൾ എന്നൊരു ഗാനവും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്…പുതുകാലത്ത് ഈയോർമ്മയിലൊക്കെയായിരിക്കും “ആമിനാത്താത്താടെ പൊന്നുമോളാണേ ” എഴുതിയതും…
ഇതൊക്കെ മാസ്റ്ററുടെ അക്കൗണ്ടിൽ എഴുതുന്നത് എന്തെന്ന് പലർക്കും അത്ഭുതം തോന്നും.. മാഷിൽ കൂടിയാണ് ഇവർ കൂടുതൽ അറിയപ്പെട്ടത്‌ എന്നതുകൊണ്ടാണ്…
മാസ്റ്ററുടെ സംഗീത പാരമ്പര്യം ഒട്ടും ചോർന്നു പോകാതെ ഈണമിട്ട വേറെയും കുറച്ചു ഗാനങ്ങൾ കൂടി പരിചയപ്പെടുത്താം .
അച്ചുവേട്ടന്റെ വീട്ടിലെ ചന്ദനം മണക്കുന്ന പൂന്തോട്ടം എന്ന ഗാനം. രമേശൻ നായർ എഴുതിയ ഈ ഗാനത്തിന്റെ വരികൾ കാണുമ്പോൾ ഇത് സംഗീതം ചെയ്യേണ്ടത് വിദ്യാധരൻ മാസ്റ്റർ തന്നെ എന്ന് തോന്നിയാലും തെറ്റില്ല..
വിദ്യാധരൻ മാസ്റ്ററുടെ കരിയറിലെ , കെ എസ് ചിത്രയുടെ ആദ്യഗാനങ്ങളിലെ പ്രസിദ്ധമായതുമായ കാണാൻ കൊതിച്ച് എന്ന ചലച്ചിത്രത്തിലെ ഗാനം ” സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം ” പെട്ടിക്കുള്ളിൽ ഉറങ്ങിപ്പോയ ഒന്നായിപ്പോയി… റിലീസ് ആവാൻ യോഗമില്ലാതെ പോയ ഒരു ചലച്ചിത്രം…
സംഗീതാർച്ചനയിൽ ,വിധികളിൽ ഒരു മാറ്റവും വരാതെ ആ യാത്ര തുടർന്നു. എഴുതാപ്പുറങ്ങളിലെ ” പാടുവാനായ് വന്നു നിന്റെ പടിവാതിൽക്കൽ ” ഓ എൻ വി കുറുപ്പിന്റെ കവിത .
താലോലം പൈതൽ താലോലം എന്ന താരാട്ടുപാട്ടും കൂടെ ഉണ്ടതിൽ .
വിദ്യാധരൻമാസ്റ്റർക്കു ലഭിച്ച ഒരു സൊഭാഗ്യം ഉണ്ട്. വ്യത്യസ്ത കഥാപശ്ചാത്തലത്തിലുള്ള ചിത്രങ്ങളിലെ പാട്ടുകൾക്ക് സംഗീതം ചെയ്യാനവസരം ലഭിച്ചു . അതും പ്രഗത്ഭ കവികളുടെ വരികൾക്കും..
പാദമുദ്ര അവതരണത്തിൽ മികച്ചു നിന്ന ഒരു ചലച്ചിത്രമായിരുന്നു. ഓച്ചിറ മാഹാത്മ്യം വിളമ്പുന്ന ഗാനം ” അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ” .. ഹരി കുടപ്പനക്കുന്ന് എഴുതിയ രചനയിൽ വ്യത്യസ്തത പുലർത്തിയ ഒന്ന് …
കെ എസ് ചിത്രയുടെ ശബ്ദത്തിൽ “കുറുമ്പിയാമമ്മയുടെ ” എന്ന ഗാനവും കേൾക്കേണ്ടത് തന്നെ.
എംടിയുടെ രചനയിൽ പവിത്രൻ സംവിധാനം ചെയ്ത മറ്റൊരു ശൈലീ ചിത്രം ” ഉത്തരം ” …
ഓ എൻ വി യുടെ കവിതാശകലങ്ങൾ അരുന്ധതിയുടെ ശബ്ദത്തിൽ കേൾക്കാം…
ചിത്രയുടെ ശബ്ദത്തോട് ഏറെ സാമ്യമുള്ള ഗായികയാണ് അരുന്ധതി.
എത്രപൂക്കാലമിനി എത്ര മധുമാസമതിൽ …
കിളിയെ കിളിയെ കിളിമകളെ ..
സുമസായകാ …
സ്വപ്നമാലിനീ തീരത്തുണ്ടൊരു …
ഗേയം ഹരിനാമധേയം ..
എന്നിവയിലൂടെ തന്റെ ശബ്ദസൗകുമാര്യം മലയാളി സംഗീതപ്രേമികളുടെ മുൻപിൽ തെളിയിച്ചതാണ്. എന്നാലും ഭാഗ്യം തികയാത്ത , തിരസ്കരിക്കപ്പെട്ട ഒരു ഗായികയായിപ്പോയി…
കഴിവില്ലായ്മ കൊണ്ടല്ല … സിനിമയിലെ കളികൾ തന്നെ..
ഉത്തരത്തിലെ ” സ്നേഹിക്കുന്നു ഞാൻ ..” എന്ന കവിത ശ്രുതിമധുരമായാലപിച്ചിരിക്കുന്നു അരുന്ധതി . അതിൽ തന്നെ
” മഞ്ഞിൻ വിലോലമാം യവനികക്കുള്ളിലൊരു ” എന്ന ഗാനവും ഉണ്ട്. ജി വേണുഗോപാലിന്റെ ശബ്ദത്തിലും, അരുദ്ധതിയുടെയും ആയി കേൾക്കാവുന്നതാണ്.
നായികയുടെ ഉത്സാഹത്തിനു കുട പിടിക്കുന്ന ഗാനങ്ങൾ ഏറെയുണ്ട് മലയാളത്തിൽ. മാസ്റ്റർക്കും അത്തരമൊന്നു ചെയ്യേണ്ടി വന്നു. രാധാമാധവത്തിൽ ” ഏഴു നിറമുള്ള കുപ്പിവള വിൽക്കും ” എന്ന തരത്തിലുള്ള ഗാനവും തനിക്കു ചേരുമെന്നദ്ദേഹം തെളിയിച്ചു.
വിദ്യാധരൻ മാസ്റ്ററുടെ സംഗീത ജീവിതത്തിൽ അതി വൈകാരികത തുളുമ്പുന്ന ഒരു കവിതയ്ക്കും ഈണം നൽകേണ്ടിവന്നു. മൃതിതാളം മുഴക്കുന്ന കവിത . ഇടപ്പള്ളി രാഘവൻ പിള്ളയുടെ പ്രസിദ്ധമായ കവിതയിൽ നിന്നും എടുത്ത ചില വരികൾ . എം ജി ശശിയുടെ സിനിമ . അടയാളങ്ങൾ .
” ചിരികൾ തോറുമെൻ പട്ടട തീപ്പൊരി ” എന്ന ഗാനമായി പരിണമിച്ചു.
പുതുകാലത്ത് പാട്ടുകൾക്ക് ഈണം നൽകാൻ വിദ്യാധരൻ മാസ്റ്ററിലിപ്പോൾ . സംഗീതമടങ്ങാത്ത മനസ്സുമായി അദ്ദേഹമുണ്ടെങ്കിലും .
” കെസ്സു പാടണ കാറ്റേ ” എന്ന രമേശ് കാവിൽ രചനയ്ക്ക് പള്ളിക്കൂടത്തിൽ സംഗീതം ചെയ്തു ഇദ്ദേഹം … ഈണമടങ്ങാത്ത ഈ മഹാനുഭാവന് സംഗീതത്തിന്റെ അരങ്ങുകളിനിയും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു…..