പാട്ടരങ്ങിൽ ഒതുങ്ങിയവർ

453

ഗിരീഷ് വർമ്മ ബാലുശ്ശേരി

 

പാട്ടരങ്ങിൽ ഒതുങ്ങിയവർ

ചലച്ചിത്രസർഗ്ഗവേദികളിൽ ഒരു മിന്നലാട്ടം പോലെ വന്നുപോവുന്നവരുണ്ട്. പക്ഷെ അവർ തന്നിട്ടുപോയ നുറുങ്ങുകൾ ചില നേരങ്ങളിൽ ഓർമ്മകളിലേക്ക് കടന്നു വരും. അവരുടെ ശബ്ദം, നോട്ടം, അഭിനയമുഹൂർത്തങ്ങൾ , വരികൾ , സംഗീതം എന്നിവയിലേതെങ്കിലും ഒന്നിൽ അല്പകാലമെങ്കിൽ അല്പകാലം അവരേല്പിച്ചു പോയ ചില സർഗ്ഗക്രിയകൾ ചിലപ്പോൾ കാലങ്ങളോളം ഇവിടെയൊക്കെ തന്നെ ഉണ്ടാകും. പ്രതിഭകളുടെ നിലനിൽപ്പിനു കഴിവുകൾ മാത്രം പോരെന്നു പലപ്പോഴും തോന്നാറുണ്ട്. കഴിവും, ഭാഗ്യവും, പിടിപാടും ഉണ്ടെങ്കിലും പലർക്കും ഉയരങ്ങളിൽ എത്താൻ കഴിയും. പാടാൻ കഴിവുള്ളവർ ഇടയ്ക്കൊന്നു സിനിമയിൽ വന്നുപോയാൽ പിന്നെ ഉയരണമെങ്കിൽ ഭാഗ്യവും, പിടിപാടും കൂടെ വേണം എന്നത് എഴുതി വെച്ച ചരിത്രം പോലെ നമ്മുടെ കണ്മുൻപിലുണ്ട് . എത്രയോ പ്രതിഭകൾ ഇതേപോലെ ഇവിടെ എത്തി തങ്ങളുടെ കഴിവ് കാട്ടിയെങ്കിലും പിന്നീട് ഉയരങ്ങളിൽ എത്തിപ്പെട്ടിട്ടില്ല എന്നത് നിർഭാഗ്യകരം. ഏറ്റവും നല്ല ഉദാഹരണം കെ പി ബ്രഹ്മാനന്ദൻ …
ശേഷം കുറച്ചു പേരെ അവർ പാടിയ പ്രശസ്ത ഗാനങ്ങൾ പരിചയപ്പെടുത്തികൊണ്ട് എഴുതുന്നു…

അയിരൂർ സദാശിവൻ

1973 യേശുദാസ് ജാനകിയോടൊപ്പം ഉദയസൗഭാഗ്യ താരകയോ എന്ന ശ്രീകുമാരൻ തമ്പി എംകെ അർജുനൻ ഗാനവുമായി കടന്നുവന്ന സദാശിവൻ നല്ലൊരു ശബ്ദത്തിന്റെ ഉടമയാണ്. ബ്രഹ്മാനന്ദന്റെ ശബ്ദത്തോട് ചേർത്തുവെയ്ക്കാവുന്നത് . ചായം എന്ന ചിത്രത്തിൽ വയലാറിന്റെ ശ്രീവൽസം മാറിൽ ചാർത്തിയ ,അമ്മെ അമ്മെ അവിടുത്തെ മുൻപിൽ ഞാനാര് ദൈവമാര് ..മരം എന്ന ചിത്രത്തിലെ മൊഞ്ചത്തിപ്പെണ്ണേ ചുണ്ടിൽ എന്ന ഗാനവും സൂപ്പർഹിറ്റ് ആയിരുന്നു അക്കാലത്ത് .. നിർഭാഗ്യമെന്നു പറയട്ടെ… പിന്നീട് നല്ല അവസരങ്ങൾ ഒന്നും തന്നെ ഇദ്ദേഹത്തിന് കിട്ടിയിട്ടില്ല…

ജോളി എബ്രഹാം

ചട്ടമ്പിക്കല്ല്യാണിയിലെ ജയിക്കാനായ് ജനിച്ചവൻ ഞാൻ എന്ന നല്ലൊരു ഗാനത്തോടെ അരങ്ങേറ്റം .. വലിയ ഗുണമൊന്നും ഇദ്ദേഹത്തിനും ഉണ്ടായില്ല. കുറെയേറെ ഗാനങ്ങൾ പാടിയെങ്കിലും സോളോ ഗാനങ്ങൾ വളരെ കുറവായിരുന്നു. പലഗായകർക്കൊപ്പം വേറിട്ടൊരു ശബ്ദമാകാതെ ഒതുങ്ങാനായിരുന്നു ഇദ്ദേഹത്തിനും വിധി.. എങ്കിലും
സ്നേഹം എന്നതിലെ ഈണം പാടിത്തളർന്നല്ലോ നമ്മളും കാറ്റും…ജയിക്കാനായ് ജനിച്ചവനിലെ അള്ളാവിൻ തിരുസഭയിൽ …പമ്പരത്തിലെ വരിക നീ വസന്തമേ ..മനസാ വാചാ കർമ്മണാ എന്നതിലെ നിമിഷങ്ങൾ പോലും വാചാലമാവും …തുറമുഖത്തിലെ ശാന്തരാത്രി തിരുരാത്രി ….ഏഴാം കടലിനക്കരെയിലെ സ്വരലോകജലധാര ഒഴുകിയൊഴുകി…ചമയത്തിലെ അന്തികടപ്പുറത്തു ….എന്നിവ എന്നും മനസ്സിൽ തങ്ങി നിൽക്കുന്നത്…

സി എ ആന്റോ

വീടിനു പൊന്മണി വിളക്ക് നീ … എന്ന കുടുംബിനിയിലെ സുന്ദരഗാനവുമായി കടന്നുവന്ന ആന്റോ പിന്നീട് മറ്റു ഗായകരുടെ കൂടെയുള്ള അലയൊലി മാത്രമായി താണുപോയത് സങ്കടകരമായ ഒരു സംഗതിയാണ്. എ എം രാജയുടെ കാലത്തുണ്ടായിട്ടും രാജയോളമോ അതിനു താഴെയോ പോലും എത്താൻ കഴിഞ്ഞില്ല എന്നത് കാലത്തിന്റെ ഒരു കളിയാണ്..
പാപ്പി അപ്പച്ചാ …അപ്പോഴും പറഞ്ഞില്ലേ …അച്ചാമരം ഈച്ചാമരം ..കരകാണാക്കടലലമേലെ …അവനവൻ കുരുക്കുന്ന..ഒരായിരം കിനാക്കളാൽ …മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ … എന്നിവയിലൊക്കെ ശ്രീ ആന്റോയുടെ ശബ്ദവും നമുക്ക് കേൾക്കാവുന്നതാണ്…

വി ടി മുരളി

വി ടി കുമാരൻ മാസ്റ്ററുടെ മകനായ ശ്രീ വിടി മുരളി നല്ലൊരു ഗായകനാണ്. സിനിമയിൽ കെ രാഘവന്റെ സംഗീതത്തിൽ തേൻതുള്ളിയിലെ ഗൃഹാതുരത്വമുണർത്തുന്ന ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം എന്ന ഗാനത്തോടെ ഗംഭീരതുടക്കം. കാലത്തെ ജയിക്കുവാൻ എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
കത്തിയിലെ പൊന്നരളിപ്പൂവൊന്നു മുടിയിൽ ചൂടി …ഉയരും ഞാൻ നാടാകെയിലെ മാതളതേനുണ്ണാൻ പാറിപ്പറന്നുവന്ന …
എന്നീ ഗാനങ്ങൾ വി ടി മുരളിയുടെ ഗംഭീര സംഭാവനകൾ ആയി നമുക്ക് കണക്കാക്കാവുന്നതാണ്..

ശ്രീകാന്ത്

സ്വാമി അയ്യപ്പനിലെ കൈലാസശൈലാദ്രി നാഥാ…സ്വർണക്കൊടിമരത്തിൽ ….എന്നിവ നല്ലൊരു തുടക്കായെങ്കിലും ഓർക്കാനായി …ഇതിഹാസങ്ങൾ ജനിക്കും മുൻപേ… എന്ന ചുവന്ന സന്ധ്യകളിലെ ഗാനം തന്ന്
പിന്മാറാനേ ഇദ്ദേഹത്തിനും കഴിഞ്ഞുള്ളു..

കൃഷ്ണചന്ദ്രൻ

അഭിനയവും പാട്ടും ഒന്നിച്ചുകൊണ്ടുപോയ കൃഷ്ണചന്ദ്രൻ എന്ന പ്രതിഭയെ ഓർക്കുന്നതും ഉചിതമാവും. പാട്ടിൽ ഒരുപടി മുൻപിൽ തന്നെയാണ് കൃഷ്ണചന്ദ്രൻ . ഐ വി ശശി ചിത്രങ്ങളിൽ അഭിനയവും പാട്ടും ഒന്നിച്ചു കൊണ്ടുപോവാൻ ഇദ്ദേഹത്തിന് അവസരം കിട്ടിയിട്ടുണ്ട്. ഇണയിലൂടെ ഒരു ഗംഭീര തുടക്കം കിട്ടി . വെള്ളിച്ചില്ലും വിതറി എന്ന ഗാനം അന്നത്തെ യുവാക്കളെ പുളകം കൊള്ളിച്ച ഒരു ഗാനമായിരുന്നു. അതിലെ മിക്ക ഗാനങ്ങളും കൃഷ്ണചന്ദ്രൻ തന്നെയാണ് പാടിയിട്ടുള്ളത്..
മംഗളം നേരുന്നുവിലെ അല്ലിയിളം പൂവേ നല്ലൊരു താരാട്ടുപാട്ടാണ്‌..
സിന്ദൂരസന്ധ്യക്കു മൗനത്തിലെ ആകാശഗംഗയിൽ വർണ്ണങ്ങളാൽ …മഹാബലിയിലെ സൗഗന്ധികങ്ങളെ വിടരുവിൻ ..കാണാമറയത്തിലെ മിസ്തൂരിമാൻകുരുന്നേ …അങ്ങാടിക്കപ്പുറത്തിലെ അഴകിനൊരാരാധനാ …രംഗം എന്നതിലെ വനശ്രീ മുഖം നോക്കും …
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ കൺമണിയെ ആരിരാരോ …ഡെയ്‌സിയിലെ തേന്മഴയോ..
എന്നതൊക്കെ ഓർമ്മയിൽ വന്നു പോവുന്ന കൃഷ്ണചന്ദ്രൻ ഗാനങ്ങളാണ്…

ഗായികമാരിലുമുണ്ട് ഇതേ പോലെ ഭാഗ്യം കുറഞ്ഞവർ .. എന്തൊകൊണ്ടോ മധുരിതമായ ശബ്ദം ഉണ്ടായിട്ടും ഗാനാലാപനത്തിൽ മികച്ചു നിന്നിട്ടും ഏറെയൊന്നും തിളങ്ങാതെ ഒതുങ്ങിപ്പോയവർ…

അമ്പിളി

ശ്രീ ഗുരുവായൂരപ്പനിലെ ഗുരുവായൂരപ്പന്റെ തിരുവമൃതൂട്ടിനു എന്ന തകർപ്പൻ പാട്ടിലൂടെ മലയാളികളെ പുളകം കൊള്ളിച്ച അമ്പിളിയുടെ ഒരു വേറിട്ട ശബ്ദം തന്നെയായിരുന്നു. അക്ഷരസ്പുടത ഇത്രയേറെ മറ്റൊരു ഗായികയിൽ കണ്ടിട്ടില്ല …
പഞ്ചവടിയിലെ ചിരിക്കു ചിരിക്കു ചിത്രവർണ്ണപ്പൂവേ…പാവങ്ങൾ പെണ്ണുങ്ങളിലെ കുഞ്ഞല്ലോ പിഞ്ചുകുഞ്ഞല്ലോ ..വീണ്ടും പ്രഭാതത്തിലെ ഊഞ്ഞാലാ ഊഞ്ഞാലാ..അമൃതവാഹിനിയിലെ വൃന്ദാവനം സ്വർഗ്ഗമാക്കിയ ശ്രീകൃഷ്ണാ ..എന്നിവയിലൂടെ മുന്നേറിയെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞിരുന്നില്ല.. കുറച്ചേറെ ഗാനങ്ങൾ ഉണ്ട് അമ്പിളിയുടേതായി.. പി സുശീലയുടെ ആലാപനരീതിയോടു ചേർന്ന് നിൽക്കുന്നതാണ് അമ്പിളിയുടെ ശബ്ദവും..

ലതിക

അഭിനന്ദനത്തിലെ പുഷ്പതല്പത്തിൽ നീ വീണുറങ്ങി എന്നതിലെ യേശുദാസിനോടൊപ്പം പാടി തുടങ്ങി ലതിക എങ്കിലും ഭരതൻ ചിത്രങ്ങളിലെ ഗാനങ്ങളാണ് കൂടുതൽ ശ്രദ്ധ നേടിയത്..
ഇത്തിരിപ്പൂവേ ചുവന്നപ്പൂവേയിലെ പൊൻപുലരൊളി പൂ വിതറിയ …കായാമ്പൂ കോർത്തുതരും എന്ന ആരോരുമറിയാതെയിലെ ഗാനം..ശ്രീകൃഷ്ണപ്പരുന്തിലെ നിലാവിന്റെ പൂങ്കാവിൽ…കാതോടുകാതോരത്തിലെ കാതോട് കാതോരം …നീയെൻ സർഗസൗന്ദര്യമേ … ദേവദൂതർ പാടി…
ചിലമ്പിലെ താരും തളിരും മിഴിപൂട്ടി…പുലരേ പൂന്തോണിയിൽ എന്ന അമരത്തിലെ ഗാനം..ഒത്തിരി ഒത്തിരി മോഹങ്ങൾ തളിരിട്ട എന്ന വെങ്കലത്തിലെ ഗാനങ്ങൾ ലതികയുടെ സംഭാവനകളാണ്…

ലതാരാജു

കണ്ണും കരളും എന്നതിലെ താത്തെയ്യം കാട്ടിലെ മധുരഗാനം പാടി ആഗമനം ..കുട്ടികൾക്ക് വേണ്ടി കുറെയേറെ നല്ല ഗാനങ്ങൾ പാടാൻ കഴിഞ്ഞിട്ടുണ്ട് ലതയ്ക്ക് .ഏഴുരാത്രികളിലെ മക്കത്തു പോയ് വരും..ത്രിവേണിയിലെ കിഴക്കു കിഴക്കൊരാന …കണ്ണിനു കണ്ണായ കണ്ണാ.. എന്ന പ്രിയയിലെ ഗാനം..വില്ലുകെട്ടിയ കടുക്കനിട്ടൊരു …വാ മമ്മീ വാ.. കാറ്റുമൊഴുക്കും കിഴക്കോട്ട് .. എന്നിവ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്.
ഇവിടുത്തെ ചേച്ചിയ്ക്കിന്നലെ മുതലൊരു ജലദോഷം..പിഞ്ചുഹൃദയം ദേവാലയം
മഞ്ഞക്കിളി സ്വര്ണക്കിളി.എന്നിവ കുട്ടികൾക്ക് വേണ്ടി പാടിയപ്പോൾ അതീവ ഹൃദ്യമായിരുന്നു…

ഭാവനാ രാധാകൃഷ്ണൻ

എന്നോടെന്തിനീ പിണക്കം എന്ന കളിയാട്ടത്തിലെ ഗാനം ചിത്ര പാടിയാതാണെന്നു വിശ്വസിക്കുന്നവരുണ്ട് ഇന്നും.. അത്രയ്ക്കും സാമ്യം തോന്നും…
പിന്നീട് കാറ്റത്തൊരു പെൺപൂവിലെ മനസ്സിലെന്തേ മയിൽ‌പീലി കാവടിയാട്ടം എന്ന ഗാനത്തോടെ ഈ രംഗം വിടുകയായിരുന്നു ഭാവനാ..

രാധികാ തിലക്

ശബ്ദമാധുര്യം കൊണ്ട് ആരെയും ആകർഷിച്ചിരുന്ന അകാലത്തിൽ നമ്മെ വിട്ടു പോയ രാധിക തിലക് എന്ന അനുഗ്രഹീത ഗായികയ്ക്കു പ്രണാമം അർപ്പിച്ചുകൊണ്ട് ഇത് നിർത്താം..
മായാമഞ്ചലിൽ ഇതുവഴിയെ… എന്ന ഒറ്റയാൾ പട്ടാളത്തിലെ ഗാനം മാത്രം മതി രാധികയെ ഓർക്കാൻ…
ഗുരുവിലെ അരുണകിരണദീപം ..
ദേവസംഗീതം നീയല്ലേ…
കന്മദത്തിലെ തിരുവാതിര തിരനോക്കിയ..സ്നേഹത്തിലെ കൈതപ്പൂമണമെന്തേ..ദീപസ്തംഭം മഹാശ്ചര്യം എന്നതിലെ നിന്റെ കണ്ണിൽ വിരുന്നുവന്നു..
എന്റെ ഉള്ളുടുക്കും കൊട്ടി..
നന്ദനത്തിലെ മനസ്സിൽ മിഥുനമഴ ..മിസ്റ്റർ ബ്രഹ്മചാരിയിലെ കാനനകുയിലേ കാത്തിലിടാനൊരു ..
ഇത്രയൊക്കെയേ ഉള്ളൂ രാധികാ തിലകിന്റെ സംഭാവനയായിട്ട് .. കൂടുതൽ അവസരങ്ങൾ ഇവർക്കൊന്നും കൊടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് നമുക്കൊന്നും അറിയില്ല… ഇത്രയൊക്കെ നമുക്ക് സമ്മാനിച്ചിട്ടുണ്ടല്ലോ എന്നോർത്ത് സമാധാനിക്കാം…

എത്രയോ ഭാഗ്യഹീനരെ വിട്ടു പോയിട്ടുണ്ട് .

വലിയൊരു ഉദാഹരണം വിട്ടു പോയതാണ് . കണ്ണീരിൻ മഴയത്ത് നെടുവീർപ്പിൻ കാറ്റത്ത് എന്ന ദ്വീപിലെ ഗാനം ആര് മറക്കും !!
അനുഗ്രഹീത ശബ്ദത്തിന്റെ ഉടമയായ കല്ല്യാണീ മേനോൻ എന്ന ഗായികയൊക്കെ ചവുട്ടി താഴ്ത്തപ്പെടുകയായിരുന്നു.
മണ്ണൂർ രാജകുമാരനുണ്ണി ,ആശാലത തുടങ്ങിയവരെയും ഇത്തരുണത്തിൽ ഓർക്കുന്നു ..