ആരെയും ഭാവഗായകനാക്കും

73

ഗിരീഷ് വർമ്മ ബാലുശ്ശേരി

ആരെയും ഭാവഗായകനാക്കും

മലയാളികളല്ലാത്ത സംഗീതജ്ഞർ ഇവിടെ വന്ന് മലയാളം വരികൾക്കീണം പകർന്ന് പോയിട്ടുണ്ട്.. ഉഷാഖന്ന മുതൽ ഇങ്ങോട്ട് അനവധി പേർ .എല്ലാവരെയും നമ്മൾ ഹാർദ്ദമായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വിണ്ണിലായാലും കണ്ണീര് തൂകും നീ…ഉണരൂ വേഗം നീ ..
മാനസമണിവേണുവിൽ …നീ മധു പകരൂ…( ഉഷാ ഖന്ന ) ഇത്രയും ഗാനങ്ങൾ മാത്രം മതി ആ വരവാഘോഷിക്കാൻ ,ഓർമ്മിക്കാനെന്നും…തമിഴിൽ നിന്നും, തെലുങ്കിൽ നിന്നും ,ഹിന്ദിയിൽ നിന്നും ഏറെ പേർ പിന്നെയും വന്നു… ഇളയരാജ, ശങ്കർ ഗണേഷ്, എം എസ് വിശ്വനാഥൻ, സലിൽ ചൗധരി ,നൌഷാദ് തുടങ്ങിയ പ്രതിഭകൾ അനേകം പാട്ടുകൾ നമുക്ക് സമ്മാനിച്ചു.. ഇവരിൽ നിന്നൊക്കെ ഏറെ വ്യത്യസ്തനായിരുന്നു പഞ്ചാഗ്നി എന്ന എം ടി ചലച്ചിത്രത്തിലൂടെ ഇവിടെ വന്ന രവി ബോംബെ .

Bombay Ravi dead - The Hinduവ്യത്യസ്തത പല കാര്യങ്ങളിൽ ആണ്. ഒന്നാമത് വരികളുടെ അർത്ഥം അറിയാതെ സംഗീതം ചെയ്തു പോയവരെ പോലെ അല്ല ഇദ്ദേഹം . പിന്നെ തൊട്ടതെല്ലാം പൊന്നാക്കുകയും ചെയ്തു. തൊണ്ണൂറോളം ഗാനങ്ങൾ മലയാളത്തിൽ ചെയ്തു .. അതിൽ തന്നെ തൊണ്ണൂറു ശതമാനവും വമ്പൻ ഹിറ്റുകളാവുകയും ചെയ്തു. മലയാളത്തിന്റെ സംഗീതം പോലെ അനുഭവപ്പെടുന്ന പല ഗാനങ്ങളും ഇന്ന് പുതുതലമുറ പോലും ഏറ്റു പാടുന്നത്. പഞ്ചാഗ്നിയിലെ
ആ രാത്രി മാഞ്ഞുപോയി…
സാഗരങ്ങളെ പാടി ഉറക്കിയ …

നഖക്ഷതങ്ങളിലെ
ആരെയും ഭാവഗായകനാക്കും….
കേവല മർത്യഭാഷ കേൾക്കാത്ത …
മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി…
നീരാടുവാൻ നിളയിൽ നീരാടുവാൻ ..

പഞ്ചാഗ്‌നിയും നഖക്ഷതങ്ങളും പാട്ടാസ്വാദകരെ എവിടെയൊക്കെ കൊണ്ടെത്തിച്ചു !!
വൈശാലിയിലെ
തേടുവതേതൊരു ദേവപദം …
ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി….
ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളിൽ..

ഗാനങ്ങൾ പിറന്നു വീഴുന്ന സിനിമാ സന്ദർഭങ്ങൾ അനുഭവിച്ചറിയേണ്ടതാണ്. ഉജ്വല നിമിഷങ്ങളുടെ സമ്മേളനങ്ങൾ ആണവ. ഇന്ദ്രനീലിമയോലും എന്ന ഓ എൻ വി വരികളിലെ മാധുര്യമപ്പാടെ സംഗീതത്താൽ ഒപ്പിയെടുത്ത് ഒരപൂർവ ചാരുതയാർന്ന ഓർമ്മശില്പം തീർത്തിരിക്കുന്നു… വരികളിലെ വിങ്ങലും, വിതുമ്പലും, കുതറിച്ചാട്ടവും വരെ സംഗീതം കൊണ്ടപാരമാക്കിയ സൃഷ്ടി… അത് പോലെ ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി എന്ന ഗാന ചിത്രീകരണവും അത്യപൂർവ നിമിഷങ്ങൾ …

ഒരു വടക്കൻ വീരഗാഥയിലും അവിസ്മരണീയ രംഗങ്ങൾ ഓർത്തുവെക്കാൻ പ്രേരിപ്പിക്കുന്ന പാട്ടീണങ്ങൾ….ചന്ദനലേപസുഗന്ധം ചൂടിയതാരോ എന്ന കെ ജയകുമാറിന്റെ വരികൾക്ക് ജീവൻ തുടിക്കുന്ന സംഗീതം പ്രദാനം ചെയ്ത മഹാപ്രതിഭ !! രംഗത്തിനേറെ കൊഴുപ്പേകുന്ന വരികളും സംഗീതവും… അതിലെ തന്നെ കൈതപ്രത്തിന്റെ വരികൾക്ക് സംഗീതം ചെയ്ത ഒരു ഗാനമുണ്ട്.. ഇന്ദുലേഖ കൺ തുറന്നു ഇന്ന് രാവും സാന്ദ്രമായി… ഉണ്ണിയാർച്ചയെ തേടി പോകുന്ന ചന്തുവിന്റെ യാത്ര ..ആ വെണ്ണിലാ രാത്രിയും സുഖദ നിമിഷങ്ങളും മനസ്സിലേറ്റി നായകൻറെ യാത്ര… അതെത്ര സുന്ദരമാക്കി കൈതപ്രവും, രവി ബോംബെയും… സ്ത്രീ വർണ്ണനകൾ ഏറെ പാട്ടുകളിൽ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ പുരുഷനെ കുറിച്ചുള്ള സ്ത്രീയുടെ സങ്കല്പങ്ങൾ വളരെ കുറവാണ് പാട്ടുകളിൽ… നളചരിതത്തിലെ നായകനോ… നന്ദനവനത്തിലെ ഗായകനോ…. ഇതൊന്നും മറന്നിട്ടില്ല… എങ്കിലും കളരിവിളക്കു തെളിഞ്ഞതാണോ… കൊന്നമരം പൂത്തുലഞ്ഞതാണോ എന്ന രീതിയിൽ തുടരുന്ന അപൂർവ ഗാനം അതിസുന്ദരം…
നാടൻ പാട്ടിന്റെ ഈണം മുഴങ്ങിയ വിദ്യാരംഭത്തിലെ ഉത്രാളിക്കാവിലെ പട്ടോലപന്തലിൽ…. മറ്റൊരു കൈതപ്രം -രവി ബോംബേ പാട്ടു ചമയ്ക്കൽ …

സംഗീതസാന്ദ്രമായ ഒട്ടേറെ നിമിഷങ്ങൾ നമുക്കേകിയ സർഗ്ഗം എന്ന ഹരിഹരൻ ചിത്രം …!!! പാട്ടുകളുടെ ചന്തം മങ്ങി മങ്ങി പോയിരുന്ന ഒരു കാലത്തായിരുന്നു ഈ സർഗ്ഗസംഗീതത്തിന്റെ തിരിച്ചു വരവ്…

സംഗീതമേ അമരസല്ലാപമേ…
കണ്ണാടി ആദ്യമായെൻ …
പ്രവാഹമേ ഗംഗാ പ്രവാഹമേ…
ആന്ദോളനം …
കൃഷ്ണകൃപാസാഗരം…
രാഗസുധാരസ …
യൂസഫലി കേച്ചേരിയിലെ കവിയും ആരാധകനും ഉണർന്നാടിയ വരികൾ ..
സംഗീത സാഗരത്തിൽ ശ്രോതാക്കളെ ആറാടിച്ച കാലം….
ഒരു സാഹിത്യകാരന്റെ ജീവിതത്തിലെ നിമിഷങ്ങളിലൂടെ കടന്നുപോയ ഒരു സിനിമ… പാഥേയം…
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്…
രാസനിലാവിന് താരുണ്യം….
മറ്റൊരു കൈതപ്രം -രവി മാജിക്…
ഒരിക്കൽ കൂടി യൂസഫലി -രവി ബോംബേ തരംഗങ്ങൾ …ഗസൽ എന്ന ചലച്ചിത്രത്തിലൂടെ…
വടക്കു നിന്ന് പാറി വന്ന വാനമ്പാടി…
അതിരുകളില്ലാത്ത പക്ഷി…
ഇശൽ തേൻകണം …
സംഗീതമേ നിന്റെ ദിവ്യ സൗഭാഗ്യത്തിൽ…

എന്നിവയൊക്കെ ഒരുൾനാടൻ ഗ്രാമത്തിലെ മുസ്‌ലിം കുടുംബങ്ങളിലെ സന്തോഷവും, സന്താപവും , പകയും., പ്രണയവും, അധികാരവും, പതനവും എല്ലാം ചിത്രീകരിച്ചത്… നല്ലൊരനുഭവമായിരുന്നു ശ്രീ കമൽ എന്ന സംവിധായകൻ നമുക്കേകിയത് …
വീണ്ടും എംടി ഹരിഹരനിലൂടെ..ഒരു യാഥാസ്ഥിക ബ്രാഹ്‌മണ കുടുംബത്തിലെ താളങ്ങൾ തെറ്റിയ പല ജീവിതങ്ങളിലൂടെയും കടന്നുപോയ കഥ… ദുരാചാരങ്ങളെയും, അന്ധവിശ്വാസങ്ങളെയും വെള്ളിത്തിരയിലെ പൊട്ടിത്തെറി ആക്കിമാറ്റിയ സിനിമ… അതിലെ പാട്ടുകൾ പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരപരാവശ്യം സൃഷ്‌ടിച്ചവയാണ്…

അഞ്ചു ശരങ്ങളും പോരാതെ മന്മഥൻ…
വൈശാഖപൗർണ്ണമിയോ … സാമജസഞ്ചാരിണീ..
പാർവണേന്ദു മുഖീ ….
എന്നിവയൊക്കെ വമ്പൻ ഹിറ്റുകളുമായിരുന്നു…
പിന്നീട് സുകൃതത്തിലൂടെ മറ്റൊന്ന്…അതും എംടി ഹരിഹരൻ ടീമിന്റെ ചിത്രം…
പഴയ കാല ഗാനങ്ങളെ ഓർമ്മിപ്പിക്കുന്ന
കടലിന്നഗാധമാം നീലിമയിൽ എന്ന ഗാനം…അതിലെ തന്നെ എന്നോടൊത്തുണരുന്ന പുലരികളേ …എന്നതും മികച്ചതായിരുന്നു…
പിന്നീടിറങ്ങിയ ഫൈവ് സ്റ്റാർ എന്നെ തട്ടുപൊളിപ്പൻ ചിത്രത്തിൽ പോലും മികച്ച ഗാനങ്ങൾ നൽകാൻ ഇദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്…
മറന്നോ നീ നിലാവിൽ നമ്മളാദ്യം കണ്ടൊരാ രാത്രി എന്ന ഗാനം ഒരു പ്രണയവിരഹ ഗാനം ആണ്…ഇത്ര മധുരിക്കുമോ പ്രേമം….
വാതിൽ തുറക്കൂ നീ കാലമേ…
ഇതൊക്കെ എന്നെന്നും ഓർമ്മിക്കാൻ ഉള്ളത് തന്നെ…
ഏറ്റവും അവസാനം ഹരിഹരന്റെ തന്നെ മയൂഖത്തിൽ ….മങ്കൊമ്പിന്റെ രചനയിൽ
കാറ്റിനു സുഗന്ധമാണിഷ്ടം …
ചുവരില്ലാതെ ചിത്രങ്ങളില്ലാതെ…
ഈ പുഴയും കുളിർക്കാറ്റും …
ഭഗവതിക്കാവിൽ നിന്നോ…
എന്നിവയൊക്കെ നൽകി 2012 ൽ അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞു പോയി…
പക്ഷെ … കവി പറഞ്ഞ പോലെ …യാത്ര തുടരുന്നു.. ശുഭയാത്ര നേർന്നു വരൂ….