ഹിറ്റ്‌ പാട്ടുകളുടെ എഴുത്തുകാരനായ സിനിമാസംവിധായകൻ

0
154

ഗിരീഷ് വർമ്മ ബാലുശ്ശേരി

മനതാരിലെന്നും …..

ബഹുമുഖപ്രതിഭകളായ എത്രയോ പേർ ഇവിടെ സർഗ്ഗപരമായ തങ്ങളുടെ ലോകത്തിൽ വിഹരിക്കുന്നുണ്ട്. അന്തർമുഖരായ പ്രതിഭകൾ അതിലുമെത്രയോ ! അത് പലപ്പോഴും കാലത്തോടൊപ്പം ഒഴുകിമറയും . പ്രതിഭ വെളിച്ചത്തു കൊണ്ടുവരാൻ, ഒഴുകിപ്പരക്കാൻ ആഗ്രഹിക്കാത്ത പ്രഗത്ഭമതികൾ ഉള്ളയിടത്താണ് അല്പജ്ഞാനികളുടെ വിളയാട്ടങ്ങളും. എല്ലാം കാണാനും കേൾക്കാനും അനുഭവിക്കാനും പാവം പ്രേക്ഷകരും, ശ്രോതാക്കളും , നിരീക്ഷകരും….

മറ്റുചിലരാകട്ടെ തങ്ങളുടെ ലക്ഷ്യത്തിലെത്താൻ അതിന്റെ പാതകളിലെ ചില വഴിയമ്പലങ്ങളിൽ വിശ്രമിച്ചു കൊണ്ട് ഊർജസ്വലരായി യാത്ര തുടരും… ആ വഴിയമ്പലങ്ങൾ അവരുടെ യാത്രാവേളകളിൽ പലതും ഇറക്കി വിശ്രമിക്കുന്ന ഇടങ്ങൾ കൂടിയാണ്… അങ്ങിനെ ഓരോ ഇടത്താവളങ്ങളിലും ഇറക്കി വെച്ച് പോവുന്ന അവരുടെ നിശ്വാസങ്ങളും , വിചാരങ്ങളും, വികാരങ്ങളും വരെ മറ്റൊരു ഭൂമിക തീർക്കുന്നു. ആ സർഗ്ഗഭൂമിക പിന്നീടവർക്കൊരു അതിശയം തന്നെയായിരിക്കും…

അങ്ങിനെ സിനിമയിൽ കടന്നു വന്ന ശ്രീ സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ സിനിമായാത്രകളിലെ ഇടത്താവളങ്ങളിലെ സമ്പുഷ്ടമായ ചില പാട്ടിടങ്ങളിൽ നമ്മളൊന്ന് പോയി വരുകയാണ്, മനസ്സുകൊണ്ട്…കുടുംബചിത്രങ്ങളുടെ സംവിധായകൻ ആണ് സത്യൻ അന്തിക്കാട്. ഹാസ്യത്തിന്റെ നൂൽ കൊണ്ട് കോർത്തെടുത്ത കുടുംബ സദസ്സിലെ വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞത് .സത്യൻ സിനിമകൾക്ക് വേണ്ടി കാത്തിരിക്കുന്ന കാലം തന്നെ ഉണ്ടായിരുന്നു. ന്യൂ ജനറേഷൻ സിനിമാകാലത്ത് അദ്ദേഹത്തിന്റെ സിനിമകൾ കാലത്തിനനുസരിച്ചു സഞ്ചരിക്കാത്തവ എന്ന അപഖ്യാതിയും നേരിടാൻ തുടങ്ങി . കളം മാറ്റിചവിട്ടാൻ എന്നിട്ടും അദ്ദേഹം തെയ്യാറായില്ല. ഞാൻ പ്രകാശൻ എന്ന സിനിമ വരെ എത്തി നിൽക്കുമ്പോൾ മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒട്ടേറെ സിനിമകളും,മുഹൂർത്തങ്ങളും ഉണ്ട് എന്നതിൽ സംശയമൊന്നുമില്ല..

1975 ൽ സുഹൃത്തായ ഡോകട്ർ ബാലകൃഷ്ണന്റെ സിനിമയിലൂടെ അരങ്ങേറ്റം . എങ്കിലും രണ്ടാമത്തെ ചിത്രമായ സിന്ദൂരത്തിലൂടെ പേരും പെരുമയും. “ഒരു നിമിഷം തരൂ നിന്നിലലിയാൻ ..ഒരു യുഗം തരൂ നിന്നെയറിയാൻ നീ സ്വർഗരാഗം ഞാൻ രാഗമേഘം ” എന്ന ഭാവനയും ഈണവും വല്ലാതെ തരളിതമായിരുന്നു…. സ്ത്രീജന്മത്തെ എത്ര മഹത്തരമാക്കി എഴുതിയ ഗാനം! ഒരു നിമിഷം കൊണ്ട് നേടുന്ന അലിഞ്ഞുചേരൽ എങ്കിലും അനുഭവിച്ചറിയാൻ ഒരു യുഗം തന്നെ വേണമെന്ന പ്രണയസാക്ഷ്യം ….
ആദ്യത്തെ ഗാനത്തിലൂടെ തന്നെ ശ്രീകുമാരൻതമ്പി , ഓ എൻ വി കുറുപ്പ് രചനകളോട് കിടപിടിക്കുന്നതായിരുന്നു സത്യൻ രചനയും. നീലാംബരത്തിലെ നീരദകന്യകൾ നിൻ നീല മിഴി കണ്ടു മുഖം കുനിച്ചു എന്ന സങ്കല്പം ഓ എൻ വി ഭാവനകളോട് ഏറെ സാമ്യം …
സത്യൻ അന്തിക്കാടിന്റെ ഏറെ ഗാനങ്ങളൂം സംഗീതം ചെയ്തിട്ടുള്ളത് എ ടി ഉമ്മർ , ശ്യാം , രവീന്ദ്രൻ എന്നിവരാണ്. എം ജി രാധാകൃഷ്ണനും , ജോൺസണും ഇടയ്ക്കു വന്നു പോയവർ.

എ ടി ഉമ്മറിന്റെ ലളിതഗാന രീതിയിൽ നിന്നും ശ്യാമിന്റെ പാശ്ചാത്യരീതി കലർപ്പിൽ നിന്നും രവീന്ദ്രന്റെ അർദ്ധ ക്ലാസിക്കൽ ഈണങ്ങളിലൂടെ കടന്നു പോയതാണ് സത്യൻ ഗാനങ്ങൾ …
ഏറ്റവും മികച്ചവ ഇവയൊക്കെയാണ് …..
1 . ഒരു നിമിഷം തരൂ നിന്നിലലിയാൻ …..( സിന്ദൂരം — എ ടി ഉമ്മർ )
2 . താരകേ മിഴിയിതളിൽ കണ്ണീരുമായി ( ചൂള … രവീന്ദ്രൻ )
3 . പൂവിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്തും ( എനിക്ക് ഞാൻ സ്വന്തം … ശ്യാം ) 4 .ഓ..മൃദുലേ .ഹൃദയമുരളിയിലൊഴുകി വാ ( ഞാൻ ഏകനാണ്….. എം ജി രാധാകൃഷ്ണൻ )
ഈ നാല് ഗാനങ്ങൾ മാത്രം മതി സത്യൻ അന്തിക്കാട് എന്ന നാമം പാട്ടുലോകത്തോർമ്മിക്കാൻ ….
1976 ൽ തുടങ്ങിയ പാട്ടുസപര്യ ദീർഘകാലം നീണ്ടു നിന്നിരുന്നില്ല 1982 ൽ ആദ്യ ചിത്രം സംവിധാനം ചെയ്തിറക്കിയതിലും തുടർന്നും ചില സ്വന്തം സിനിമകളിലും പാട്ടുകളെഴുതി ഇദ്ദേഹം…
പൂവെയിൽ മയങ്ങും പൊന്നുഷസ്സിൻ മടിയിൽ പൂമ്പൊടിയലിയും തെന്നലിന്റെ ചൊടിയിൽ …സരിത എന്ന ചിത്രത്തിലെ ശ്യാം സംഗീതം ചെയ്ത സുശീല ഗാനത്തിലൂടെ തുടർന്ന് …

തേൻമുല്ല പൂവേ …മാരിക്കാർ മുകിലേ … നീയോ ഞാനോ എന്ന ചിത്രത്തിലെ ശ്യാമീണത്തിലൂടെ ജാനകീ സ്വരത്തിലൂടെ
ആനന്ദരാഗമെഴുതിയ കരളിലെ മദഭരഭാവം…തടവറ എന്ന ചിത്രത്തിലെഎ ടി ഉമ്മർ ഭാവനയിലൂടെ വാണിജയറാം ശബ്ദത്തിലൂടെ ഒഴുകിയൊഴുകി..ചിത്രയുടെ സ്വരരാഗഭാവലയങ്ങളിലൂടെ ഉള്ള സഞ്ചാരം…
ചിത്ര ആദ്യമായി പാടി ശ്രദ്ധിക്കപ്പെട്ടത് ഞാൻ ഏകനാണ് എന്ന ചലച്ചിത്രത്തിലൂടെ ആണ്.. ആദ്യത്തെ ചിത്രയുടെ യുഗ്മഗാനം പിറവി കൊണ്ടത് സത്യൻ ഗാനത്തിലൂടെ …പ്രണയവസന്തം തളിരണിയുമ്പോൾ പ്രിയസഖി എന്തെ മൗനം … എന്ന യുഗ്മഗീതം ഒരു ചിത്രയുഗത്തിന്റെ തുടക്കമായിരുന്നു…”രജനീ പറയൂ … പൂനിലാവിൻ പരിലാളനത്താൽ നൊമ്പരങ്ങൾ മാറുമോ ?” എന്ന ചോദ്യത്തോടെ ചിത്രയുടെ സോളോ അരങ്ങേറ്റം.. തരളിത പ്രകൃതീ ഭാവങ്ങൾ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയാലും നൊമ്പരത്തിന്റെ അലകൾ അടങ്ങുമോ ? പ്രണയ വിരഹത്തിന്റെ അതിതീവ്ര തലങ്ങൾ ചിത്രീകരിച്ച ഞാൻ ഏകനാണ് എന്ന മധുവിന്റെ നിർമാണത്തിൽ പി ചന്ദ്രകുമാർ സംവിധാനം ചെയ്ത ചിത്രം അന്ന് വമ്പൻ വിജയമായിരുന്നു. പാട്ടുകളുടെ ലയനം സിനിമയ്ക്ക് കൂടുതൽ കൊഴുപ്പേകി…
രവീന്ദ്രൻ അർദ്ധ ക്ലാസിക്കൽ തലത്തിലേക്ക് സത്യൻ ഗാനങ്ങൾ മാറുന്നതിൻ മുൻപേ എ ടി ഉമ്മർ ലളിത സംഗീതത്തിൽ കുറേയുറെ ഗാനങ്ങൾ ജന്മമെടുത്തു…

അഗ്നിവ്യൂഹത്തിലെ പ്രേതഗാനം എസ് ജാനകിയുടെ ശബ്ദത്തിൽ കേരളക്കരയാകെ അലയടിച്ചു… റേഡിയോവിൽ മുഴങ്ങിയ ആ ഗാനം … ” യാമിനീ … എന്റെ സ്വപ്‌നങ്ങൾ വാരിപ്പുണർന്നു …മൂകമാം കാലത്തിൻ പൊൻശരങ്ങൾ ” വാസന്തദേവത വന്നു (അധികാരം) താളം തുള്ളും താരുണ്യമോ ( അധികാരം ) നിലാവിന്റെ ചുംബനമേറ്റു ( അവതാരം ) കാറ്റും ഈ കാടിന്റെ കുളിരും മായല്ലേ എൻ മഴവില്ലേ ( തടവറ ) അന്തരംഗത്തിൻ അജ്ഞാത നൊമ്പരങ്ങൾ ( ആയുധം )
ശ്യാം സംഗീതത്തിൽ മഴത്തുള്ളിത്തുള്ളി നൃത്തമാടിവരും ( സരിത ) ഒരു പ്രേമഗാനം പാടി ( അസ്തമയം ) കിനാവിൻ ഏദൻ തോട്ടം ( ഏദൻ തോട്ടം ) കുഞ്ഞിളം ചുണ്ടിൽ പുഞ്ചിരി കാണാൻ ( ഗായത്രി ദേവി എന്റെ അമ്മ ) എന്നിവയൊക്കെ സത്യൻ വരികളെ കൊണ്ടാടിയ കാലത്തെ സംഗീത വഴികൾ …
ശരിക്കും രവീന്ദ്രൻ സംഗീതം ഒന്നുകൂടി സത്യൻ വരികളെ മുറുക്കി…. അർദ്ധ ശാസ്ത്രീയമായ രീതിയിൽ കുറച്ചു ഗാനങ്ങൾ…
മാനസാദേവീ നിൻ രൂപമോ….

വനമാല ചൂടി മദിരോത്സവത്തിന് ( ധ്രുവ സംഗമം ) ഇല്ലിക്കാടും ചെല്ലക്കാറ്റും .. ( അടുത്തടുത്ത് ) മനതാരിലെന്നും പൊൻകിനാക്കൾ ( കളിയിൽ അല്പം കാര്യം ) കണ്ണോടു കണ്ണായ സ്വപ്‌നങ്ങൾ …ഹൃദയ സഖീ നീ അരുകിൽ വരൂ ( കിന്നാരം ) ഇവയിലൂടെ അന്തിക്കാടിന്റെ ഭാവന സ്വരരാഗചിലങ്കയണിഞ്ഞു നൃത്തം വെച്ചു ….
ജോൺസൺ ഒന്ന് രണ്ടു സിനിമകൾക്ക് സംഗീതം ചെയ്തിട്ടുണ്ട്. ജോൺസന്റെ മാസ്മരിക സംഗീതത്തിൽ തന്റെ വരികൾ ചേർക്കപ്പെടണം എന്ന സത്യൻ അന്തിക്കാടിന്റെ മോഹം ആയിരിക്കും കാലങ്ങൾക്കു ശേഷം അദ്ദേഹം വീണ്ടും എഴുതാൻ കാര്യം… തൂവൽ കൊട്ടാരത്തിലെ തങ്കനൂപുരമോ …വീണ്ടും ചില വീട്ടുകാര്യങ്ങളിലെ വിശ്വം കാക്കുന്ന നാഥാ എന്ന ഓരോ ഗാനങ്ങൾ എഴുതിയതും…

സത്യൻ അന്തിക്കാട് പാട്ടെഴുതിയ സിനിമകളൊക്കെ എറെയും രണ്ടാം തരം സിനിമകളായിരുന്നു. ജയൻ, രവികുമാർ, സീമ കാലഘട്ടത്തിലെ തട്ടിക്കൂട്ട് സിനിമകൾ .. എന്നിട്ടും പാട്ടുകൾ ഇവയെ അതിജീവിച്ചു എന്നത് ഇദ്ദേഹത്തിലെ കവിയുടെ കഴിവ്..
വരും സിനിമകളിലും ഞങ്ങളിനിയും പാട്ടുകൾ പ്രതീക്ഷിക്കുന്നുണ്ട്.. പ്രത്യേകിച്ച് സിനിമയിൽ നിന്നും പാട്ടുകളുടെ കാലം ഒഴിഞ്ഞുപോയിരിക്കുന്ന ഈ സമയത്ത്,…..