കണ്ണെഴുതി പൊട്ടു തൊട്ടു വന്നവൾ, സുജാതാമോഹന്റെ ഗാന സാമ്രാജ്യത്തിലൂടെ – ഭാഗം 1

61

കണ്ണെഴുതി പൊട്ടു തൊട്ടു വന്നവൾ
( സുജാതാമോഹന്റെ ഗാന സാമ്രാജ്യത്തിലൂടെ ) ഭാഗം 1

1975 ൽ മലയാള സിനിമാ ഗാനരംഗത്ത് ഒരു പുത്തൻ താരോദയമുണ്ടായി. ഒരു കുഞ്ഞു താരം . അവൾ പ്രഭാപൂരിതമാക്കി പിന്നീട് സിനിമാ ഗാനശാഖയാകെ .പന്ത്രണ്ടാമത്തെ വയസ്സിൽ പാടാനെത്തിയവൾ . അതും നായികയ്ക്ക് ശബ്ദം നൽകിക്കൊണ്ട്. അതും പ്രണയലഹരിയിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഒരുവൾക്കു വേണ്ടി. കണ്ണെഴുതി പൊട്ടു തൊട്ടു നിൽക്കുന്ന കണ്ണാന്തളി പൂവിന്റെ നാണത്തെ പ്രകീർത്തിച്ചു കൊണ്ടൊരു ഗാനം. സുജാത എന്ന പുതിയ ഗായിക .

1975 ൽ ടൂറിസ്റ്റ് ബംഗ്ളാവ് എന്ന ചലച്ചിത്രത്തിന് വേണ്ടി ഓ എൻ വി കുറുപ്പ് രചിച്ച ” കണ്ണെഴുതി പൊട്ടു തൊട്ട് കല്ലുമാല ചാർത്തിയപ്പോൾ ” …. ഈ ഗാനം സംഗീതം ചെയ്തത് എം കെ അർജുനൻ മാസ്റ്ററും . കാട്ടുപൂവിലൂടെ പ്രണയഭാവങ്ങൾ പ്രതിഫലിച്ചു കണ്ട നായികയുടെ ഭാവങ്ങൾ ആ കുഞ്ഞു ഗായിക ഭംഗിയാക്കുകയും ചെയ്തു. കൊഞ്ചലോടു കൂടിയുള്ള ഗാനാലാപനത്തിനു അന്ന് വലിയ സ്വീകരണമാണ് ലഭിച്ചത്. റേഡിയോവിൽ അത് മുഴങ്ങി വിലസിയത് ഇന്നുമോർക്കുന്നു.

പത്തു വർഷത്തെ സുജാതയുടെ ഗാനസമ്പത്തിലൂടെ ഒന്ന് കണ്ണോടിക്കുകയാണ്. ആ കുരുന്നു പ്രായം മുതൽ ഒരുറച്ച ശബ്ദമായി മലയാളത്തിൽ തുടർച്ച നേടിയ കാലത്തിലൂടെ ഒരു തിരിഞ്ഞുനോട്ടം. എല്ലാം വിധത്തിലുമുള്ള ഗാനങ്ങളും ആ തുടക്കകാലത്തു സുജാതയ്ക്ക് പാടാൻ കിട്ടുകയുണ്ടായി. പ്രണയ പരവശ ഗാനങ്ങൾ മുതൽ , ഭക്തി ഗാനങ്ങൾ, വിഷാദഗാനം, തമാശ ഗാനം , യുഗ്മഗാനം, സംഘഗാനം തുടങ്ങിയവയിലൊക്കെ പ്രാവീണ്യം നേടിയിട്ടായിരുന്നു ജൈത്രയാത്ര.. ഇരുത്തം വന്ന ഗായികയായി മാറി പിന്നീട് സുജാത. പന്ത്രണ്ടാം വയസ്സിൽ പാട്ടിൽ ഒളിഞ്ഞിരിക്കുന്ന ആ കൊഞ്ചൽ ഭാവം എന്നാൽ മുഴുവനായി സുജാതയെ കൈവിട്ടതായി കാണുന്നില്ല. പക്ഷെ അതൊരു കുറവായല്ല പറഞ്ഞത്.

With KJY, Sujatha Mohan , Amma - Anuradha Sriramരണ്ടാമത്തെ പ്രണയമോഹിതകൽപ്പനകൾ നിറഞ്ഞ ഗാനത്തിന് ശേഷം ഗാനഗന്ധർവനുമായിട്ടായിരുന്നു അടുത്തത് . ഭരണിക്കാവ് ശിവകുമാർ രചിച്ച് ശ്യാം ഈണം പകർന്ന “: സ്വപ്നം കാണും പെണ്ണെ … സ്വർഗം തേടും കണ്ണേ ” എന്നത് ..കാമം ക്രോധം മോഹം എന്നതിലേത് . പ്രണയശരങ്ങളേൽക്കുന്ന അവളുടെ ഭാവങ്ങൾ പാട്ടിൽ വരുത്തിക്കൊണ്ട് ഭംഗിയാക്കി സുജാത. “: വരൂ സ്വർഗ്ഗദേവാ ..” എന്നിടത്തൊക്കെ വരുത്തിയ ഭാവം ശ്രദ്ധിക്കപ്പെട്ടു.

കുട്ടിത്തത്തിൽ നിന്നും വിടുതൽ നേടുന്ന ഗായികയെ കണ്ടു നമ്മൾ .സുജാതയയ്ക്ക് കിട്ടിയ വലിയൊരു ഭാഗ്യം തുടക്കത്തിൽ തന്നെ യേശുദാസിനൊപ്പം , ശേഷം സഹ ഗായികമാരൊത്തു പല ഗാനങ്ങളിലും സഹകരിക്കാൻ കഴിഞ്ഞതും .രണ്ടാമത്തെ ചിത്രം മുതൽ തന്നെ , മൂന്നാമത്തെ പാട്ടുമുതൽ അത് സാധിച്ചു. “രാജാധിരാജന്റെ വളർത്തു പക്ഷി ” എന്ന ഗാനം അമ്പിളിയുമൊത്തു പാടാൻ കഴിഞ്ഞു.തുടക്കകാലത്തു തന്നെ കുറച്ചേറെ ഭക്തിഗാനങ്ങൾ ആലപിക്കാൻ പറ്റിയിട്ടുണ്ട്. അപരാധിയിലെ ലതാ രാജുവുമൊത്ത് ” നന്മ നേരും ‘അമ്മ ,വിണ്ണിൻ രാജകന്യ ” എന്നതിലൂടെ ശബ്ദത്തിനൊരു സാത്വികഭാവവും കൈവന്നു .രാജപരമ്പരയിലെ “വിശ്വം ചമച്ചും, ഭരിച്ചും വിളങ്ങുന്ന ” എന്ന മറ്റൊരു ഗാനത്തിലൂടെ അത് വീണ്ടും നമ്മൾ കേട്ടറിഞ്ഞു.1977 ൽ തന്നെ ഓർമ്മകൾ മരിക്കുമോ എന്നതിലൂടെ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥന്റെ ജ്വലിക്കുന്ന കാമത്തിന്റെ അമ്പേറ്റ്‌ വിവശയായ നായികയ്ക്ക് വേണ്ടി

“നാണം.. കള്ളനാണം .. കണ്ണിൽ ബാണം .. കാമബാണം ” ….അതിൽ അതിസുന്ദരമായ ഹമ്മിങ്ങുകളോടോ പ്രിയ ഗായിക …
അപരാധി എന്ന ചിത്രത്തിൽ തന്നെ തന്റെ പ്രായത്തിനനുസരിച്ചോരു ഗാനം പാടാൻ പറ്റി .” തുമ്പീ തുമ്പീ തുള്ളാൻ വായോ ” ….
യേശുദാസിന്റെ പ്രോത്സാഹനത്തോടെ സിനിമയിൽ സ്ഥിരമായ സുജാതയ്ക്ക് അദ്ദേഹം ഈണം പകർന്ന പാട്ടുകളും ആലപിക്കാൻ കഴിഞ്ഞു. 1981 ഇറങ്ങിയ മൂന്നു ചിത്രങ്ങളിൽ യേശുദാസിന്റെ സംഗീത ലഹരി പടർന്നിരുന്നു. താറാവിൽ കല്ല്യാണീ മേനോനോടൊത്ത് “ഒറ്റക്കാലിൽ തപസ്സു ചെയ്യും കൊറ്റി ”
സഞ്ചാരിയിൽ ” കർപ്പൂരദീപം തെളിഞ്ഞു ” എന്ന ഭക്തിഗാനവും . അമ്പിളിയുടെ ” വൃന്ദാവനം സ്വർഗ്ഗമാക്കിയ ശ്രീകൃഷ്ണാ ” എന്ന അവിസ്മരണീയ ഗാനത്തോട് കിടപിടിക്കുന്ന ഒന്നായിരുന്നു അത്…
യേശുദാസിന്റെ സംഗീതത്തിൽ പൂച്ചസന്യാസിയിൽ ഒരു തമാശ ഗാനം മൂന്നു പ്രഗത്ഭ ഗായികമാരോടൊത്താലപിക്കാൻ സുജാതയ്ക്ക് കഴിഞ്ഞു… ” ഇവനൊരു സന്യാസി … കപടസന്യാസി ” എന്നത് വാണിജയറാം , അമ്പിളി , എസ് പി ശൈലജ എന്നിവരോടൊപ്പമാണ് പാടേണ്ടി വന്നത്..
കാര്യം നിസ്സാരത്തിലെ കണ്മണി പെണ്മണിയെ …
അഷ്ടപദിയിലെ പണ്ട് പണ്ടൊരു കാലത്ത്
കാറ്റത്തെ കിളിക്കൂടിലെ കൂവരം കിളി കൂട്
ആദ്യത്തെ അനുരാഗത്തിലെ രാഗം അനുരാഗം …
എന്നിവയൊക്കെ ഇരുത്തം വന്ന ഒരു ഗായികയുടെ ശബ്ദമിശ്രണങ്ങളാണ് …
കെ എസ് ചിത്രയ്ക്ക് മുൻപേ മലയാളത്തിൽ വന്നു ചേർന്ന സുജാത ചിത്രയോടു ചേർന്നും മലയാള സിനിമാ ഗാന പ്രപഞ്ചത്തെ സമ്പുഷ്ടമാക്കി …

( തുടരും… )