പത്മരാജൻ സിനിമകളിൽ പാട്ടിനുവേണ്ടി പാട്ടൊരിക്കലും ഉൾപ്പെടുത്തിയിട്ടില്ല

52

ഗിരീഷ് വർമ്മ ബാലുശ്ശേരി

കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ …

സങ്കീർണമായ മനുഷ്യാവസ്ഥകളെയും, ബന്ധങ്ങളെയും വെള്ളിത്തിരയിലെ ചലിക്കുന്ന ബിംബങ്ങളാക്കിയ ചലച്ചിത്രകാരൻ ശ്രീ പത്മരാജൻ . ഒരു കൊലപാതകത്തിലൂടെ ഒരു നാടിന്റെ തുടിപ്പാവുന്ന രാമനിലൂടെ സ്വാതന്ത്ര്യത്തിന്റെ മേച്ചിൻപുറങ്ങളും , ഇടത്താവളങ്ങളും എല്ലാം അന്ന് കണ്ടറിഞ്ഞു. മലയാളി ഇതുവരെ ദർശിക്കാത്ത ദൃശ്യചാരുത .പെരുവഴിയമ്പലം .
അസ്തിത്വത്തിന്റെ കുതിപ്പും കിതപ്പും ….

ഭരതൻ , ഐ വി ശശി , കെ ജി ജോർജ് , കെ എസ് സേതുമാധവൻ ചിത്രങ്ങൾക്ക് തിരക്കഥാകാരനായി തുടക്കം. സ്വതന്ത്ര സംവിധായകനായി പെരുവഴിയമ്പലം. ശേഷം പതിനേഴ് സിനിമകൾ സംവിധാനം ചെയ്തു. ഓരോന്നും വ്യത്യസ്തമാർന്നത് .
സിനിമകളെ അപഗ്രഥിക്കുന്ന ഒരു കുറിപ്പല്ലിത് . പത്മരാജൻ സിനിമകളിലെ ഗാനങ്ങൾ . അതിലൂടെ ഒന്ന് പോയി വരാം..

പത്മരാജൻ സിനിമയിൽ ഗാനങ്ങൾ പ്രാധാന്യമുള്ളതല്ല എന്ന് പറയുമ്പോൾ ഇതൊക്കെയല്ലേ , അതൊക്കെയില്ലേ എന്ന് ആസ്വാദകർ തിടുക്കപ്പെടും .. 18 സിനിമകൾ സംവിധാനം ചെയ്തതിൽ പതിനൊന്നെണ്ണത്തിൽ മാത്രം പാട്ടുകൾ ഉണ്ട്. ഏഴെണ്ണത്തിൽ ഗാനങ്ങൾ ഇല്ല. താൻ തിരക്കഥയെഴുതിയ മറ്റു സംവിധായകർ ചെയ്തതിൽ മിക്കതിലും മികച്ച ഗാനങ്ങൾ ഉണ്ട്. എന്നാൽ പത്മരാജൻ സിനിമകളിൽ പാട്ടിനുവേണ്ടി പാട്ടൊരിക്കലും ഉൾപ്പെടുത്തിയിട്ടില്ല. നാലാമത്തെ സിനിമ മുതൽ ആണ് സിനിമയിൽ പാട്ടു വന്നുതുടങ്ങിയത്. രണ്ടോ മൂന്നോ ഗാനങ്ങളിൽ കൂടുതൽ ഒരിക്കലും ചേർക്കാറുമില്ല.

പെരുവഴിയമ്പലം,ഒരിടത്തൊരു ഫയൽവാൻ , കള്ളൻ പവിത്രൻ എന്നിവയ്ക്ക് ശേഷം നവംബറിന്റെ നഷ്ടത്തിൽ ആദ്യമായ് പാട്ടുരംഗം വരുന്നു. പ്രണയനഷ്ടം സംഭവിച്ച നായികയുടെ മാനസികഭാവങ്ങളും ജീവിതരീതികളും ചിത്രീകരിച്ച സിനിമയാണ് നവംബറിന്റെ നഷ്ടം . കൂട്ടുകാരികളുടെ കുസൃതികളും , കളികളും , സ്നേഹപ്രകടനങ്ങളും നിറഞ്ഞൊഴുകുന്ന സീനുകളോടെ ” അരികിലോ , അകലെയോ , എവിടെയാണ് നീ ” … പൂവച്ചൽ ഖാദറിന്റെ വരികൾക്ക് എം ജി രാധാകൃഷ്ണന്റെ സംഗീതം.. പ്രണയനഷ്ടത്തിന്റെ തീവ്രതയിൽ ഏകാന്തതയിൽ അകപ്പെട്ടുപോയ ഒരുവളുടെ നൊമ്പരങ്ങൾ വാക്കുകളാക്കിയ ഗാനം കൂടിയുണ്ട്…”ഏകാന്തതേ നിന്റെ ദ്വീപിൽ ” …

അങ്ങിനെ പത്മരാജനും സിനിമയിലെ അവിഭാജ്യഘടകമായ പാട്ടിന്റെ കൂട്ടുകാരനാവുകയായിരുന്നു . എന്നാൽ അളവിൽ കവിഞ്ഞൊരു അടുപ്പം പാട്ടിനെ സിനിമയോട് ബന്ധിപ്പിക്കുന്നതായി കാണുന്നില്ല എന്ന ദുഃഖസത്യം പറയാതെ വയ്യ.
എന്നാലും തുടർച്ചയായി പിന്നീട് വന്ന നാല് സിനിമകളിലും പാട്ടുകൾ കൊടുത്തിട്ടുണ്ട്. കൂടെവിടെ, പറന്നു പറന്നു പറന്ന് , തിങ്കളാഴ്ച നല്ല ദിവസം , നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്നിവയിലാണിത് ..

ബാല്യത്തിൽ ‘അമ്മ നഷ്ടപ്പെട്ട ഒരു കോടീശ്വര പുത്രന് അമ്മയെന്ന വാത്സല്യവും, സ്നേഹവും, സംരക്ഷണവും വരെ ആലീസിൽ നിന്ന് ലഭിക്കുമ്പോൾ , അവരുടെ ബന്ധത്തിൽ അസൂയാലുവാവുന്ന ക്യാപ്റ്റൻ തോമസിന്റെ പെരുമാറ്റത്തിന്റെ വഴി വിട്ട നീക്കങ്ങളും എല്ലാം കൂടിക്കലർന്ന ചിത്രം. മഹത്തരമായെതൊന്നിനെ ആണോ അതിനെ ചേർത്തുപിടിക്കുന്നുണ്ട് പത്മരാജൻ സിനിമകൾ. ആലീസിന്റെ നന്മയും, രവി പുത്തൂരാൻ്റെ സാരള്യവും എല്ലാം ഹൃദ്യമായൊരനുഭവം . ഓ എൻ വി കുറുപ്പിന്റെ രചനയിൽ രണ്ടു പാട്ടുകൾ . ” ആടിവാ കാറ്റേ .. പാതിരാകാറ്റേ ”
“പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു ” …..
ജോൺസന്റെ പൊന്നുരുകുന്ന സംഗീതം…
പാട്ടുകൾ സിനിമാ പ്രേക്ഷകർ ആഗ്രഹിക്കുന്നത് കൊണ്ട് ചേർക്കുന്നതായി തോന്നാറുണ്ട്. പല പാട്ടുകളിലും നായകനോ നായികയോ പാടുന്നതായിട്ടല്ല . പകരം പശ്ചാത്തലത്തിൽ മുഴങ്ങുന്ന സംഗീതസ്വരങ്ങൾ ..അപൂർവം സിനിമകളിലെ കഥാപാത്രങ്ങൾ ചുണ്ടനക്കുന്നതായി ചിത്രീകരിച്ചിട്ടുള്ളൂ..
കഥാപാത്രങ്ങൾ പാടുന്നതായി വന്നിട്ടുള്ളതു ഇവയൊക്കെ ആണ് …
നവംബറിന്റെ നഷ്ടത്തിലെ അരികിലോ അകലെയോ ..
കൂടെവിടെയിലെ പൊന്നുരുകും പൂക്കാലം..
നൊമ്പരത്തിപ്പൂവിലെ ഗാനങ്ങൾ
ഞാൻ ഗന്ധർവനിലെ ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം, പാലപ്പൂവേ , ദേവീ ആത്മരാഗമായി ..
ഇത്രയും ഗാനങ്ങൾ മാത്രമേ പാടി അഭിനയിക്കുന്നതായിട്ടുള്ളൂ..
ബാക്കി എല്ലാ ഗാനങ്ങളും അണിയറയിലെ ശബ്ദങ്ങൾ മാത്രം.. എന്നാൽ അവയ്ക്കുമുണ്ട് സിനിമയിൽ പ്രധാന സ്ഥാനം . വെറുതെ ഒരു സമയംകൊല്ലിയായോ , വൈകാരികസുഖം തരുവാനായോ മാത്രം ചേർത്തുകെട്ടിയതല്ല എന്ന് സ്പഷ്ടം.
ഒരിടിത്തീ പോലെ ചില സിനിമകളിൽ പാട്ടുതിർന്നു വീഴും.. നായികയും നായകനും കെട്ടിപ്പുണർന്നുകൊണ്ടും , മരം ചുറ്റിക്കൊണ്ടും, സ്വിറ്റ്സർലാൻഡിലോ , അമേരിക്കയിലോ, ഒക്കെ ഉടനടി എത്തപ്പെടുന്ന മായികജാലങ്ങൾ …. അതൊന്നും പത്മരാജൻ സിനിമകളിൽ പ്രതീക്ഷിക്കേണ്ട. അത്തരം ഒരൊറ്റ പാട്ടും അദ്ദേഹം ചിത്രീകരിച്ചിട്ടില്ല. നമ്മുടെ നാട്ടിൽ നിന്നും ഒരൊറ്റ നായകനും നായികയും സ്വപ്നത്തിൽ ദൂരങ്ങൾ താണ്ടിയിട്ടില്ല… ഇവിടുത്തെ മണ്ണിലും , പ്രകൃതിയിലും മാത്രം അഭിരമിക്കുന്നവർ ..

മുൻപ് ചിത്രീകരിച്ച പല സീനുകളും കോർത്തിണക്കി , അല്ലെങ്കിൽ വെട്ടിമാറ്റിയ അത്യാവശ്യമില്ലാത്ത രംഗങ്ങൾ ഒരുമിച്ചൊരു ഗാനത്തിൽ ഇഴചേർക്കുന്നതായി പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. പാട്ടൊരു വഴിക്കും, സീനുകൾ മറ്റൊരു വഴിക്കും എന്നപോലെ എന്ന് പറയുമ്പോഴും ഒരിക്കലും മടുപ്പനുഭവപ്പെടാത്ത തരത്തിൽ അത് അവിസ്മരണീയമാക്കാൻ പത്മരാജന് കഴിഞ്ഞിട്ടുണ്ട് എന്നും പറയാതിരിക്കാൻ വയ്യ .
ഉദാഹരണത്തിന് ചില പാട്ടുകളിലൂടെ പോവാം..
തൂവാനത്തുമ്പികളിലെ മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി ….
മൂന്നാം പക്കത്തിലെ താമരക്കിളി പാടുന്നു…
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ ആകാശമാകെ കണിമലർ ..
ഇന്നലെയിലെ നീ വിൺ പൂ പോൽ …
ദേശാടനക്കിളി കരയാറില്ലയിലെ പൂ വേണോ പൂ വേണോ …
വാനമ്പാടി ഏതോ തീരങ്ങൾ തേടുന്ന …
കൂടെവിടെയിലെ ആടിവാ കാറ്റേ പാതിരാ കാറ്റേ ..
തിങ്കളാഴ്ച നല്ല ദിവസത്തിലെ പനിനീരുമായി ഇളംകാറ്റ് വീശി ..
ഇവയൊക്കെ തന്നെ അത്തരം ഒരേ പാറ്റേണിൽ പിറവികൊണ്ട പോലെ തോന്നും… എന്നാൽ ഓരോന്നും വ്യത്യസ്തവും തന്നെ എന്ന അറിവും പങ്കുവെക്കുന്നു. ഒരിക്കലും ആ പാട്ടുസീനുകൾ സിനിമയിൽ അധികപ്പറ്റാവുന്നുമില്ല എന്നതും ശ്രദ്ധനീയം ..
കൂടെവിടെയിലെ “പൊന്നുരുകും പൂക്കാലം” ആലീസിന്റെ മനസ്സിൽ നിറയുന്ന സന്തോഷാധിക്യത്തിന്റെ പ്രതിഫലനങ്ങളാണ് .
മൂന്നാം പക്കത്തിലെ ” ഉണരുമീ ഗാനം ” ഒരു മുത്തശ്ശന്റെ സ്നേഹാധിക്യത്തിന്റെ പ്രകടനങ്ങൾ പ്രേക്ഷകമനസ്സിനെ ആ പാട്ടിലൂടെ എത്രമാത്രം സിനിമയിലേക്ക് അടുപ്പിച്ചു എന്നതിന് ഒരുദാഹരണം.

പത്മരാജൻ സിനിമയിലെ മികച്ച പാട്ട് ഏതെന്നു ചോദിച്ചാൽ ഉടനടി ഉത്തരം ഉണ്ട്….
ഭൂതകാലം നഷ്ടപ്പെട്ട മായയുടെ മനസ്സിന്റെ വിഭ്രമാവസ്ഥയും , പുതിയ ബന്ധങ്ങൾ നൽകുന്ന സ്നേഹ സമ്പുഷ്ടതയും ഭാവിയുടെ മൂടൽമഞ്ഞു നിറഞ്ഞ അകലകാഴ്ചകളായി സ്വപ്നദർശനം നൽകിയപ്പോൾ ….. ഓർമ്മപ്പൂവുകളെ തഴുകി ഉണർത്തുന്ന ആ സ്നേഹ പീലീസ്പർശത്തിന്റെ സുഖാലസ്യത്തിൽ നിന്നൊരു ഗാനം … ” കണ്ണിൽ , നിൻ മെയ്യിൽ , ഓർമ്മപ്പൂവിൽ ഇന്നാരോ പീലി ഉഴിഞ്ഞോ ” …. അവ്യക്തമായ അവളുടെ തിരിച്ചറിവുകൾ കൈതപ്രം ദാമോദരൻ നമ്പൂതിരി എത്ര ഭാവസാന്ദ്രമായി വരികളാക്കി ! പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ തെളിമയാർന്ന സംഗീതധാര..

കുടുംബത്തിൽ മാനസികമായും ശാരീരികമായും പീഡനമനുഭവിച്ച സോഫിയ എന്ന പെൺകുട്ടിയെ പ്രേമിച്ച സോളമൻ .അവരുടെ പ്രണയകഥ പറയുന്ന നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ … അതിലെ …
” പവിഴം പോൽ പവിഴാധരം പോൽ ..പനിനീർ പൊൻമുകുളം പോൽ :” എന്ന ഗാനവും ചിത്രീകരണവും ഒരിക്കലും മറക്കാനാവാത്തത് . പ്രണയത്തിന്റെ മുന്തിരിപ്പഴങ്ങളും, സംരക്ഷണത്തിന്റെ പുതപ്പും ഏകുന്നവൻ , സോളമൻ . അവന്റെ പ്രണയിനി സോഫി .
ഈ രണ്ടു ഗാനങ്ങളും പത്മരാജൻ സിനിമാചരിത്രത്തിൽ പാട്ടിന്റെ രണ്ടു സുവർണ്ണ ഗോപുരങ്ങൾ തന്നെയാണ്… ദൂരെ നിന്നേ കാണാവുന്ന , ഇളവെയിലിൽ വെട്ടിത്തിളങ്ങുന്ന രണ്ടു ഗോപുരങ്ങൾ ….
ജി വേണുഗോപാൽ എന്ന ഗായകന്റെ പാട്ടു ജീവിതത്തിൽ എന്നുമോർക്കാൻ രണ്ടു ഗാനങ്ങൾ പത്മരാജൻ വക സംഭാവന.
തൂവാനത്തുമ്പികളിലെ ഒന്നാം രാഗം പാടി ..
മൂന്നാം പക്കത്തിലെ ഉണരുമീ ഗാനം..
പശ്ചാത്തല സംഗീതത്തിനും വളരെയേറെ പ്രാധാന്യം കൊടുത്ത സംവിധായകൻ ആണിദ്ദേഹം. അതും മികച്ച സംഗീതജ്ഞരായ ജോൺസൻ, ശ്യം , തുടങ്ങിയവർക്കും അവസരം ഉണ്ടായിട്ടുണ്ട്…
ഒരു ലേഖനത്തിൽ എഴുതാൻ പാകത്തിലുള്ള അത്രയും പാട്ടുകളെ ഇദ്ദേഹത്തിന്റെ സിനിമകളിൽ നിന്നും കേട്ടെടുക്കാനുള്ളൂ… അത്രയും മതിതാനും.. രംഗങ്ങളുടെ അത്യാവശ്യ ഭാഗത്തു മാത്രം പാട്ടുകൾ എടുത്തുവെച്ച ആ അതുല്യ കലാകാരനെ പാട്ടുകളിലൂടെയും സ്മരിക്കാൻ കഴിയും എന്നതും ഗന്ധർവമാഹാത്മ്യം …