കൊറിയൻ ചിത്രങ്ങളിലെ പോലെ ശരീരത്തിൻ്റെ മുകൾഭാഗം കുലുക്കിക്കാണിച്ചാൽ എല്ലാമായി, അറപ്പുതോന്നി

632

ഗിരീഷ് വർമ്മ ബാലുശ്ശേരി

ഗ്രേറ്റ് !!
മൂന്ന് പേർക്ക് ഭക്ഷണം ഉണ്ടാക്കുന്നത് ഇത്രയേറെ ഭാരിച്ച ജോലിയാണൊ ! അടുക്കള ജോലിയെ ഇകഴ്ത്തുകയല്ല .നിമിഷയ്ക്ക് മറ്റൊരു ശല്ല്യവുമില്ല . അമ്മായിയമ്മപ്പോരില്ല , നാത്തൂൻ ശല്യമില്ല . ജോലിയ്ക്ക് പോകുന്നവളല്ല .നൃത്ത പഠന ക്ലാസ്സിനെപ്പറ്റി ഭർത്താവിനോടും അമ്മായി അച്ഛനോടും സൂചിപ്പിക്കുമ്പോൾ എതിർപ്പ് വരുന്നുണ്ട് എന്നത് സത്യം .എന്നാൽ അതിനെ മറികടക്കാൻ ആയേക്കാവുന്നതും ആണ്. സൗകര്യങ്ങളുണ്ട് വീട്ടിൽ . ഗ്യാസ് , വിറകടുപ്പുകൾ . മൂന്ന് പേർക്ക് വെക്കാൻ കൂടി വന്നാൽ ഒരു മണിക്കൂർ മതി .ഇത് പറയുന്നത് ലീക്ക് ചെയ്യുന്ന സിങ്കിൻ്റെയും താഴെ വെച്ച ബക്കറ്റിലെ അഴുക്കു ജലത്തെയും , നനഞ്ഞ ചാക്കിനെയും ചേർത്ത് കാമത്തെ ചിത്രീകരിച്ചവരുടെ മനസ്സുള്ളവരുടെ ചിന്തയിലൂടെ പുലരുന്ന ഒരുവൻ്റെതല്ല….. മദ്യപിച്ച് വന്നോ, ആക്രാന്തത്തോടെയൊ ഭാര്യയെ പ്രാപിക്കുന്നവനായി സുരാജ് അനുഭവപ്പെടുന്നുമില്ല . കൊറിയൻ ചിത്രങ്ങളിലെ പോലെ ശരീരത്തിൻ്റെ മുകൾഭാഗം കുലുക്കിക്കാണിച്ചാൽ എല്ലാമായി എന്നും . അറപ്പ് തോന്നി .

ഇത്തരം പ്രശ്നങ്ങളെ സാമാന്യവൽക്കരിക്കുമ്പോൾ യുക്തി വേണം .അതിതിലില്ല . അൻപതിലോ അറുപതിലോ നടന്ന സംഭവങ്ങൾ എന്ന് കാലം കാണിക്കാമായിരുന്നു .അതും അന്നത്തെ കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ പത്തും ഇരുപതും പേർക്ക് വെച്ച് വിളമ്പി നടുവൊടിഞ്ഞ’ സ്ത്രീരത്നങ്ങൾ പ്രാകും . നിമിഷക്ക് ലാപ്ടോപ്പുണ്ട് ,മെബൈൽ ഉണ്ട് . എഫ് ബി എക്കൗണ്ടുമുണ്ട് . പറയേണ്ടതൊന്നും അവൾക്ക് വേണ്ടി പറഞ്ഞിട്ടില്ല എന്ന് കൂടാതെ ഭർത്താവിനും അമ്മായി അച്ഛനും നേരെ ചളിവെള്ളമെറിഞ്ഞ് വീട് വിട്ടിറങ്ങുന്ന ഒരു നാറ്റ സംസ്കാരത്തെ സൃഷ്ടിക്കുകയാണ് ചെയ്യുന്നതും . കുടുംബം നിഷേധിക്കുന്ന ഒരു തരം സമീപനം . അടുക്കളപ്പണിയെപ്പറ്റി , സ്ത്രീകളുടെ പ്രയത്നത്തെപ്പറ്റി സില്ലിയായി കാണുന്ന ആൺ സങ്കൽപ്പത്തെ വിരുന്നു വന്ന ചിറ്റപ്പനിൽ നിന്ന് മനസ്സിലാക്കാം . രണ്ടാണുങ്ങൾ അടുക്കള കയ്യേറിയതിൻ്റെ ശേഷക്കാഴ്ചകളുമെല്ലാം !

“ശ്ശെടാ .. എന്തിത്ര അടുക്കളപ്പണി ” എന്ന നിസ്സാരവൽക്കരണത്തിൽ നിന്നും ..ഇതൊരു യാഥാർത്ഥ്യമാണ് ,കുറെയൊക്കെ .അപ്പോൾ ചോദിക്കും അവളെ നിങ്ങൾ മനസ്സിലാക്കിയതെ ഇല്ലല്ലോ എന്ന് . മതപരമായതൊ, വിശ്വാസപരമായതോ എന്തോ ആകട്ടെ അതത്രയും ഇഴുകിചേർന്നിരിക്കുകയാണല്ലോ സമൂഹത്തിൽ . ശബരിമല പ്രശ്‌നത്തിൽ ഇടപെട്ടതാണെന്ന് വരുത്താനാണെങ്കിൽ വേറെ പലതും പറയേണ്ടിയിരുന്നു . വീട്ടിൽ ഒരാൾ മാലയിട്ടുവെന്ന് വെച്ച് മെൻസസ്സായവൾ പൂർണ്ണമായും മുറിയടച്ചിരിപ്പൊന്നും ഇന്നത്തെ കേരളീയ കുടുംബങ്ങളിൽ ഉണ്ടെന്ന് തോന്നുന്നില്ല . തലേന്ന് വരെ എല്ലാത്തിനും അവൾ വേണമായിരുന്നു , ഇന്നവൾ ‘ പുറത്തായപ്പോൾ ‘ തീർത്തും അകത്തുമായി എന്ന് കാണിക്കാൻ വേണ്ടിയാണന്നറിയാം . വ്യക്തിപരമായി മറ്റു പ്രയോഗങ്ങളൊന്നും ഇവൾക്ക് നേരെ പ്രയോഗിക്കുന്നുമില്ല . ആറ് ദിവസത്തേക്കാണങ്കിലും അച്ഛൻ്റെ സഹോദരി ഭംഗിയായി എല്ലാം ഏറ്റെടുത്ത് നടത്തുന്നുമുണ്ട്. അസ്വാരസ്യം തോന്നുന്ന സംഭാഷണങ്ങൾ അവരിൽ നിന്നുണ്ടായെങ്കിലും ,അവരുടെ കടമ നിർവ്വഹിച്ച് കാറിൽ മടങ്ങിപ്പോവുന്നതും കാണിക്കുന്നുണ്ട് .

പൊതുവേ പറഞ്ഞാൽ അവളെ ഒരു മനുഷ്യജീവിയായി കാണാതെ, വെറുമൊരുപകരണമാക്കുന്ന ,അവളുടെ ചിന്തകൾക്ക് ,അഭിപ്രായങ്ങൾക്ക് ,പ്രവർത്തനങ്ങൾക്ക് വില കൽപ്പിക്കാത്ത ആണാധിപത്യത്തിൻ്റെ മാത്രം സൃഷ്ടിയായ കുടുംബം എന്ന കാരാഗ്രഹവാസത്തിൽ നിന്ന് ചാടി രക്ഷപ്പെടണം എന്ന ആഹ്വാനം പസ്റ്റായിട്ടുണ്ട് !! സ്വീകരിക്കേണ്ടവർ സ്വീകരിക്കണം . വിദ്യാസമ്പന്നയായ നിമിഷയുടെ കഥാപാത്രത്തിൻ്റെ ആഗ്രഹ സഫലീകരണം മനസ്സിനുന്മേഷം പകരുന്നത് തന്നെ .