പാതിപെയ്ത ആഷാഢ മേഘങ്ങൾ

38

ഗിരീഷ് വർമ്മ ബാലുശ്ശേരി

പാതിപെയ്ത ആഷാഢ മേഘങ്ങൾ

മാനസികമായ ഐക്യം തന്നെയാണ് ശരിയായ സുഹൃദ്ബന്ധത്തിനു നിദാനം . അത് പലപ്പോഴും കൂട്ടായ പ്രവർത്തനങ്ങളിലേക്കും തിരിയും. ബിസിനസ് രംഗങ്ങളിൽ അങ്ങിനെ വിജയിച്ചവരെത്ര ! സാഹിത്യരംഗത്തും അത്തരം ബന്ധങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന മികച്ച സൃഷ്ടികൾ ഉണ്ടായിട്ടുണ്ട്. എം ടി – എൻ പി മുഹമ്മദ് , – പുനത്തിൽ കുഞ്ഞബ്ദുള്ള – സേതു , കെ എൽ മോഹനവർമ്മ – മാധവിക്കുട്ടി എന്നിവരിൽ നിന്നും രൂപപ്പെട്ട നോവലുകൾ ഉദാഹരണങ്ങൾ . സിനിമയിലും അത്തരം കൂട്ട് തിരക്കഥകളും, സംവിധായകരും , സംഗീത സംവിധായകരും ഉണ്ടായിട്ടുണ്ട്.

പറയാൻ ഉദ്ദേശിച്ച കാര്യം നേരിയ സാമ്യമുള്ള മറ്റൊരു ബന്ധത്തെ കുറിച്ചാണ്. ഒരു സംരംഭം തുടങ്ങുമ്പോൾ സമാനമനസ്കരായവരെ കൂടെ കൂട്ടി അവർക്കു ചേർന്ന രീതിയിലുള്ള ചുമതലകൾ ഏൽപ്പിക്കുന്നതും കാണാവുന്നതാണ്. സിനിമയിൽ പുതുമുഖമായി എത്തുന്നവരിൽ അത്തരം കൂട്ടുകെട്ടുകൾ ഏറെയുണ്ട്.ഭദ്രൻ – പുതിയങ്കം മുരളി കൂട്ടുകെട്ടിനെ ഒന്ന് വിശദമാക്കാം. പാട്ടെഴുത്തിൽ 1982ൽ പുതുമുഖമായെത്തിയ പുതിയങ്കം മുരളിയും, സംവിധായകനായി കന്നിയാത്ര തുടങ്ങിയ ഭദ്രനും ഒന്ന് ചേർന്ന സിനിമയായിരുന്നു എന്റെ മോഹങ്ങൾ പൂവണിഞ്ഞു. സംഗീതം പ്രേമേയമാക്കി ഒരുക്കിയെടുത്ത ചിത്രം. പ്രണയവും, വിരഹവും, ചതിയും , പ്രതികാരവും ഒത്തുചേർത്ത് സൃഷ്ടിച്ചെടുത്ത ആ ചിത്രം കാലം ആവശ്യപ്പെട്ട ചിത്രം . 1982 ലെ ഹിറ്റ്‌ ചിത്രമായിരുന്നു ശങ്കർ, മേനക , മോഹൻലാൽ എന്നിവർ നടിച്ച ഈ ചിത്രം. അതിലെ രണ്ടു ഗാനങ്ങൾ എഴുതിയത് പുതിയങ്കം മുരളിയാണ്. ബിച്ചുതിരുമല രചിച്ച നനഞ്ഞ നേരിയ പട്ടുറുമാൽ, തംബുരു താനേ ശ്രുതി മീട്ടി എന്നതൊക്കെ വമ്പൻ ഹിറ്റായി റേഡിയോവിൽ ശ്രോതാക്കളാവശ്യപ്പെട്ടുകൊണ്ടേയിരുന്ന ഗാനങ്ങൾ. എന്നാൽ വിരഹത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ഒഴുകിവീണ ഒരു ഗാനമുണ്ടിതിൽ . പ്രകൃതിയോട് ചേർത്ത് തങ്ങളുടെ ദുഖങ്ങളെ ദർശിക്കുന്ന വിരഹകാമുകർ. അന്നത്തെ കാലത്തെ വളരെ വ്യത്യസ്തതയാർന്ന ഒരു രചനയായിരുന്നു അത്.

“ആഷാഢ മേഘങ്ങൾ
നിഴലുകളെറിഞ്ഞു
വിഷാദ ചന്ദ്രിക മങ്ങി പടർന്നു
വിരഹം വിരഹം
രാവിനു വിരഹം
രാഗാർദ്രനാം കിളി
തേങ്ങിത്തളർന്നു…. ”

വിരഹത്തിന്റെ അത്യാഗാധമായ നിലനിൽപ്പ് . ദൂരങ്ങളിലുള്ള കമിതാക്കൾ പാടി പാടി അറിയുന്നത്. നല്ലൊരു അനുഭവമായിരുന്നു ആ ഗാനം. ദക്ഷിണാ മൂർത്തി സ്വാമിയുടെ വിരഹാശ്രുസംഗീത ധാര ..
1983 ൽ ചങ്ങാത്തം എന്ന ചിത്രത്തിലൂടെ വീണ്ടും ആ സ്നേഹബന്ധം തുടർന്നു . ഭദ്രൻ – പുതിയങ്കം മുരളി കൂട്ടുകെട്ട്.
സിനിമ അത്ര വിജയിച്ചില്ല . അതെ പോലെ പാട്ടുകളും .. എന്നാലും പ്രണയിനിയുടെ പിണക്കത്തിലേക്കു പാട്ടുമായി വരുന്ന നായകൻറെ ഭാവങ്ങൾ പകർത്തിയ ഗാനം കൊള്ളാമായിരുന്നു. ഏറെ ഒന്നും കേൾക്കാത്ത നല്ലൊരു ഗാനം.

“ഈറൻ പീലിക്കണ്ണുകളിൽ
ശോകം വീണ്ടും മെയ്യെഴുതി ”
എന്ന ഗാനം രവീന്ദ്രൻ സംഗീതം കൊണ്ടും മെച്ചപ്പെട്ടതായി. സിനിമയുടെ പരാജയം പാട്ടുകളെയും ബാധിച്ചു.
1984 ഒരാവറേജ്‌ വിജയവുമായി ഭദ്രൻ വീണ്ടും വന്നു. കൂടെ പുതിയങ്കം മുരളി എന്ന പാട്ടെഴുത്തുകാരനും …
കെ ടി മുഹമ്മദിന്റെ തിരക്കഥയുടെ ബലത്തിൽ സിനിമ പ്രേക്ഷകർ ഇഷ്ടപ്പെട്ടു. നല്ല പാട്ടുകളും. ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ എന്നതായിരുന്നു ആ ചിത്രം …

“ഇന്ദ്രനീലമെഴുതിയ മിഴികള്‍ തന്‍
മാഹേന്ദ്ര ജാലത്തിലോ..
പത്മരാഗം ചൂടിയ ചൊടികള്‍ തന്‍
മൌനരാഗത്തിലോ
അലിഞ്ഞു പോയെന്റെ ഹൃദയം
കളഞ്ഞു പോയെന്റെ ഹൃദയം ”
അതിമനോഹരമായ ഒരു റൊമാന്റിക് പശ്ചാത്തലത്തിൽ പൂർണചന്ദ്രോദയം പോലെ പാട്ടുദയം . ശ്യാം സംഗീതത്തിന്റെ അപാര സാധ്യതകൾ നിറമാല ചാർത്തിയത് … കണ്ണിനും , കാതിനും ഇന്നും അതിന്റെ ലയവിന്യാസം കൊതികൊള്ളിക്കുന്നൊരോർമ്മ …
അതിലെ തന്നെ ….
” ആരോമലെ നിലാവിൽ നീ പാടു രോമാഞ്ച രാഗം ”
എന്ന ഗാനത്തിലൂടെ ആ പാട്ടുകാലവും ഏകദേശം തീരുക തന്നെയായിരുന്നു.
പിന്നീടുള്ള ഭദ്രൻ ചിത്രങ്ങളിലൊന്നും ഈ കൂട്ടുകെട്ട് തുടർന്ന് കണ്ടില്ല. പുതിയങ്കം മുരളി എന്ന പാട്ടെഴുത്തുകാരനും അതോടു കൂടി ശനിദശയും .. ശേഷമിറങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. പ്രിയപ്പെട്ട കുക്കു പോലുള്ള ചിത്രങ്ങളിലെ എസ് പി വെങ്കിടേഷ് ഈണങ്ങളിലൂടെ തുടരാനൊരു ശ്രമം ഉണ്ടായെങ്കിലും കൂടുതൽ വിജയിച്ചു കണ്ടില്ല..2009 നു ശേഷം പുതിയങ്കം മുരളിയുടെ ഗാനങ്ങൾ ഇറങ്ങിയിട്ടില്ല ….

ശക്തമായ ബന്ധങ്ങൾ സിനിമയിൽ പലർക്കും അവസരങ്ങൾ ലഭിക്കുന്നതിന് കാരണമാവാറുണ്ട്. ആ ബന്ധം പിന്നീട് വഴിയിൽ നഷ്ടപ്പെടുമ്പോൾ ചിലർക്ക് സിനിമയുമായുള്ള ബന്ധവും അറ്റുപോവുന്നു. മറ്റു ചിലരാകട്ടെ അപ്പോഴേക്കും തങ്ങളുടേതായ ഒരു ഇടം അവിടെ കണ്ടെത്തുകയും അതുറപ്പിക്കുകയും ചെയ്തിട്ടുണ്ടാവും. നിർഭാഗ്യവാന്മാരും അവസരങ്ങൾ തേടി പോവാത്തവരും പാതിവഴിയിൽ അവസാനിപ്പിച്ചു കൊണ്ട് മടങ്ങുകയും ചെയ്യുന്നു…. എന്തായാലും പാട്ടിന്റെ ലോകത്ത് പുതിയങ്കം മുരളി എന്ന പേര് അടയാളപ്പെടുത്തിയിട്ടുണ്ട് എന്നത് തീർച്ച…