ഈറൻകാറ്റിൻ ഈണം പോലെ …

74

ഗിരീഷ് വർമ്മ ബാലുശ്ശേരി

ഈറൻകാറ്റിൻ ഈണം പോലെ …

2010 ൽ തുടങ്ങി 2020 ൽ എത്തി നിൽക്കുന്ന ഒരാളുടെ സിനിമാപാട്ടുകാലത്തെ ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. സിനിമ ആസ്വദിക്കുന്നവരിൽ ഒരു ചേരിതിരിവും സാധ്യമല്ല . ആസ്വാദനത്തിന്റെ അളവിൽ വരെ . അളന്നെടുക്കുന്ന രീതി തന്നെ പ്രാധാന്യം. ഇന്നത്തെ കാലത്ത് ആസ്വാദനത്തിനും ജാതിമത രാഷ്ട്രീയ ചിന്താധാരകൾ വഴിമരുന്നിടും . ആ സ്ഫോടനത്തിൽ നിന്നും ‘ഉത്തമ ‘ ആസ്വാദനക്കുറിപ്പും പുറത്തുവരും. ചിലപ്പോൾ അതാവും രേഖപ്പെടുത്തുന്ന സിനിമാചരിത്രത്തിലേക്കുള്ള നീക്കിവെപ്പും. അപ്പോഴും ഉത്തമമായെതെന്നു നമ്മൾ വേർതിരിക്കുന്നത് സാക്ഷാൽ പ്രേക്ഷരിൽ, ശ്രോതാക്കളിൽ ഉറങ്ങിക്കിടക്കുന്നുമുണ്ടാവും. അവരാണ് സിനിമയെ എന്നും രക്ഷിക്കുന്നതും, ചിലപ്പോൾ ശിക്ഷിക്കുന്നതും.

ആസ്വാദനത്തിന്റെ കാര്യം പറഞ്ഞു കൊണ്ട് നീങ്ങുമ്പോൾ ഇന്നത്തെ പാട്ടുകളിലേക്കു വീണ്ടും വീണ്ടുമെന്നെ ആരൊക്കെയോ നിർബന്ധിച്ചു കൊണ്ട് വരുന്നു. പാട്ടെഴുത്തിന്റെ കാലത്തെ കുറിച്ചെഴുതുമ്പോൾ എന്നും ഒരു സുവർണ്ണകാലത്തെ ഓർമ്മിപ്പിച്ചു കൊണ്ടേ തുടങ്ങൂ… ഒരസ്തമയമെന്നു നിനച്ച കാലം വരെ മനസ്സിലുണ്ടായിരുന്നു. അത്തരമൊരു അടഞ്ഞ ചിന്ത വേണ്ടെന്നു തീരുമാനിച്ചപ്പോൾ ഇന്നിന്റെ ഒറ്റതിരിഞ്ഞിട്ടുള്ള ചില പാട്ടുയാത്രക്കാരെ കണ്ടെത്താനും കഴിഞ്ഞു….

ഒരു സിനിമയിൽ ഒരാൾ തന്നെ പാട്ടെഴുത്തുകയും , ഒരാൾ തന്നെ സംഗീതം ചെയ്യുകയും ആയിരുന്നു പതിവ്. ആ പതിവ് എന്നാണു തെറ്റിയതെന്ന് ചികഞ്ഞു പോവുമ്പോൾ നമ്മൾ പലരിലും എത്തപ്പെടും. ഇപ്പോൾ ഒരു സിനിമയിൽ തന്നെ അഞ്ചാറു പാട്ടെഴുത്തുകാരും, അതുപോലെ തന്നെ അത്രതന്നെ സംഗീത സംവിധായകരും വരെ പണിയെടുക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. രണ്ട് പാട്ടെഴുത്തുകാർ ഇല്ലാത്ത സിനിമ തന്നെ കുറവ് ഇപ്പോൾ. വ്യത്യസ്ത രീതിയിലുള്ള പാട്ടുകൾ കേൾക്കാൻ കഴിയുന്നത് സുഖമുള്ള കാര്യം തന്നെ.

ബീ കെ ഹരിനാരായണൻ എന്ന പാട്ടെഴുത്തുകാരൻ 2010 ൽ ഇവിടെ ഉദയം ചെയ്തു. ചിത്രീകരണത്തിന്റെ എല്ലാ പുതിയ ടെക്നിക്കുകളും ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു കാലത്താണ് ഈ എഴുത്തുകാരൻ മലയാളത്തിൽ പാട്ടെഴുത്തുകാരനായി വന്നത്. സംഗീതം എഴുത്തിനെ നിയന്ത്രിച്ചിരുന്ന കാലത്തെന്നു പറഞ്ഞാൽ എഴുതുന്നവർക്കും വേദനിക്കും. അവരുടെ വികലപ്പെടുത്തേണ്ടി വന്ന വാക്കുകൾ ശബ്ദമില്ലാതെ കരയുന്നതവർ കേൾക്കും. എന്നിട്ടും എഴുത്താണ് മുഖ്യം അല്ലെങ്കിൽ ഞാൻ ചെയ്യുന്ന പ്രവർത്തിയാണ് വിലപ്പെട്ടത് എന്ന് തോന്നുന്ന ഒരാൾക്ക് വ്യാകുലപ്പെടേണ്ട കാര്യമില്ല. അത്തരമൊരു ചിന്താഗതി ഹരിനാരായണൻ എന്ന ഗാനരചയിതാവിനുണ്ട് എന്ന് ആ പത്തു വർഷത്തെ ഗാനങ്ങളിലൂടെ പോയപ്പോൾ എനിക്കും മനസ്സിലായി. പാട്ടിൽ അദ്ദേഹം ഏകനാണ്. പല ഗാനങ്ങളിലും നിറഞ്ഞുകവിയുന്ന ആ മനസ്സ് കാണാം. പക്ഷെ അത്തരം എത്രയോ ഗാനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. സംഗീതത്തിന്റെ , പാടിയവരുടെ അധികപ്രകടനങ്ങൾ എന്ന് മാത്രം പറഞ്ഞുവെക്കുന്നു.

ദി ത്രില്ലറിലൂടെ കടന്നുവന്നെങ്കിലും ത്രില്ലടിക്കാൻ മലയാളിക്ക് പിന്നെയും കാത്തിരിക്കേണ്ടി വന്നു. 2014 ൽ എന്നാലതിനു ഭാഗ്യമുണ്ടായി. “ഓലഞ്ഞാലി കുരുവീ ഇളം കാറ്റിലാടി വരൂ നീ “എന്ന ഗാനവുമായി നമ്മുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ കഴിഞ്ഞു ഇദ്ദേഹത്തിന് .എൺപതു കാലങ്ങളെ മനസ്സിലെന്നും താലോലിച്ചു സൂക്ഷിക്കുന്നവർക്കതു തീർത്തും നിർവൃതിദായകമായി .എബ്രിഡ് ഷൈൻ എന്ന സംവിധായകന് പ്രേക്ഷകന് എന്തുവേണമെന്നു അറിവുണ്ടായിരുന്നു. 1983 നു ശേഷവും അതിന്റെ അനുഭവസാക്ഷ്യങ്ങൾ ഉണ്ടല്ലോ !.അത്തരമൊരു പാട്ടു ചിത്രീകരണവും ഒരു എബ്രിഡ് ഷൈൻ തുടക്കം തന്നെയായിരുന്നു. അത് ഹരിനാരായണനും തന്റെ മനസ്സ് മലർക്കെ തുറക്കാനായി… നാലുമണിപ്പൂവും, ചെറുമഷിത്തണ്ടും ഉണർത്തിവിട്ട ബാല്യകുതൂഹലങ്ങൾ വീണ്ടുമൊന്നു തളിർക്കാനുതകി …. പതറാത്ത ശബ്ദവിന്യാസത്തോടെ ജയചന്ദ്രനും , വാണിജയറാമും… വാണിജയറാമിന്റെ തിരിച്ചു വരവ് ആഘോഷിച്ച കാലം…. നന്ദി ശ്രീ ഗോപി സുന്ദർ …

ഗോപീ സുന്ദർ സംഗീതം പലപ്പോഴും ഹരിനാരായണൻ വരികളോട് കൂട്ടുചേർന്നു പോകുന്നുണ്ട്. എന്നുമുണ്ടാവുമല്ലോ ഇത്തരം കൂടിച്ചേരലുകൾ… സലാല മൊബൈൽസിലെ ” ഈറൻകാറ്റിൻ ഈണം പോലെ ” എന്ന ഗാനവും ചിട്ടപ്പെടുത്തിയത് നോക്കുക. ഏറ്റം മൃദുലമായ വരികളെ ഇതിലേറെ എങ്ങിനെ തൊട്ടുണർത്തും…. അതും അത്രയേറെ ഭാവസാന്ദ്രമായ അനുഭവങ്ങൾ പാടി തരുന്ന ശ്രേയാൽ ഘോഷാലിലൂടെ !! പുതുകാലത്തെ നല്ലൊരു പാട്ടറിവ്‌ തന്നെയായിരുന്നു ഈറൻകാറ്റിന്റെ തൊട്ടുതലോടൽ . മഴനിലാവിൽ ഖയാൽ പാടുന്നതൊക്കെ !!

“നോവിന്റെ കായൽക്കരയിൽ തനിയെ തേങ്ങുന്നു ” എന്നൊരു ഗാനം ഉണ്ട് .മിഖായേൽ എന്ന ചോരക്കളി ചിത്രം. അതിൽ പിരിമുറുക്കം തോന്നുന്ന നിമിഷത്തിൽ തന്നെ ഈ പാട്ടൊഴുകി വരും. ചോര കല്ലിച്ച നിമിഷങ്ങളെ തുടച്ചുനീക്കുന്ന പാട്ടിന്റെ സ്പർശം . ഗോപിയുടെ ആർദ്രസംഗീതമിതിനും .

ശ്രേയ എന്ന ഹിന്ദി ഗായികയെ ഏറെ പുകഴ്ത്തുമ്പോഴും ഇടയ്ക്കിടെ കയറി വരുന്ന മറ്റൊരു മുഖമുണ്ട്. അതേ ഭാവത്തോടെ പാടുന്ന മലയാളത്തിന്റെ ഗായിക . സിതാര കൃഷ്ണകുമാർ . സിതാര പകർന്നു തരുന്ന ശ്രവണസുഖം . സിതാരയിലൂടെ , ഹരിയുടെ, ഗോപിയിലൂടെ ഈ ഗാനം ഇനിയുമേറെക്കാലം ഇവിടെ ജീവിക്കും…
മുരുകാ മുരുകാ പുലി മുരുകാ എന്ന തരത്തിലുള്ള ഗാനങ്ങളൂം രണ്ടു പേരും ചേർന്ന് സൃഷ്ടിച്ചിട്ടുണ്ട്. ഇന്നത്തെ കാലം ആവശ്യപ്പെടുന്നത് അത്തരത്തിലുള്ളതും ആവാം. വിജയമാണല്ലോ ഏതൊരു നിർമ്മാതാവും കൊതിക്കുന്നത്. അതിനോട് ചേർന്ന് നിൽക്കാനേ മറ്റുള്ളവർക്കും കഴിയൂ.. കഴിവുകൾ ചിലപ്പോൾ ഭാരമായി തോന്നിയേക്കാവുന്ന നിമിഷങ്ങളുമുണ്ടാവും …
ഗിരിയോടുള്ള പൂജയുടെ അത്യാകർഷണത്തിന്റെ നറും തമാശകൾ നിറഞ്ഞ ചിത്രമായ ഓം ശാന്തി ഓശാനയിലെ ” കാറ്റ് മൂളിയോ പ്രണയം ” എന്നത് ഇടക്കൊക്കെ മൂളക്കം പോലെ തോന്നിയെങ്കിലും രചനയുടെ സൗകുമാര്യത്തിൽ ഇടയ്ക്കിടെ ഓളങ്ങൾ സൃഷ്ടിക്കുന്നു മനസ്സിൽ. ഷാൻ റഹ്‌മാൻ സംഗീതം കുഴപ്പമില്ല..

നാദിർഷായുടെ നർമ്മം പാട്ടിൽ വരെയെത്തി . നല്ലൊരു കാമുകനുണ്ട് നാദിർഷയിൽ . അതുകൊണ്ടും ആ ദൃശ്യം സുന്ദരമായി . നനുനനെ വിരിയുന്ന മലരായി പ്രണയത്തെ എഴുതി ഹരിനാരായണൻ .നാദിർഷ തന്നെ സംഗീതം ചെയ്ത ഈ ഗാനം എഴുത്തിലും സംഗീതത്തിലും മികവ് പുലർത്തുന്നു.
ഏഴു ജന്മവും ചിറകായി മാറുവാനായി പ്രണയത്തെ വാക്കുകളാൽ പുനഃസൃഷ്ടിക്കുന്ന ഹരിനാരായണൻ സ്പർശം തെളിഞ്ഞു വിലസിയത് തീവണ്ടിയിലെ ഈ ഗാനത്തിലാണ് ..”ജീവാംശമായ് താനേ നീ എന്നിൽ കാലങ്ങൾ മുന്നേ വന്നു ” ..പൂവാടി തേടി നടന്ന ശലഭം പോൽ അവളുടെ കാൽപാദം തേടി അലഞ്ഞവൻ …ഓരോ രാവും പകലുകളാക്കിയും, ഓരോ നോവും മധുരിതമാക്കിയും തുടർന്നത് …കാറ്റ് പോലെ , നിള പോലെ പ്രണയത്തിന്റെ നിറഞ്ഞൊഴുക്ക് … പാട്ടുകാരനിലെ കവി സന്തോഷിച്ച നിമിഷങ്ങളാവും ഇവ. സരളമായ വാക്കുകളിലൂടെ പൂവായും, ശലഭമായും വിടർന്നുലഞ്ഞ വാക്കുകൾ…. കൈലാസ് മേനോൻ എന്ന സംഗീത സംവിധായകന്റെ അർദ്ധ ക്‌ളാസിക്കൽ പ്രണയം . എങ്കിലും സംഗീതത്തിന്റെ വഴികൾ തമിഴിലെ പ്രസിദ്ധമായ ഒരു ഗാനത്തിൽ കൊണ്ടെത്തിച്ചു.. രീതിഗൗള രാഗത്തിന്റെ തനിമ നിലനിർത്തിയ “കൺകൾ ഇരുന്താൽ ..” എന്ന സുബ്രമണ്യപുരത്തിലെ ഗാനം. ഒരു സിനിമയെ എന്നുമോർമ്മിപ്പിക്കുന്ന ഗാനചിത്രീകരണവും, പാട്ടും… രാഗങ്ങളെക്കുറിച്ച് ഏറെയൊന്നും അറിയാത്ത ഞാൻ ഈ രാഗത്തെത്തേടി പോയി… കാണാതിരിക്കാൻ ആവാത്ത തരത്തിൽ ഒന്നായിപ്പോയ ഹൃദയങ്ങൾ താലോലിക്കുന്ന രാഗസൗരഭം അനുഭവിച്ചറിഞ്ഞു ഞാൻ…

ഷാൻ റഹ്മാന്റെ സംഗീതം ഹരിനാരായണൻ വരികൾക്ക് ഉതകും വിധം ചിട്ടപ്പെടുത്തിയ ഗാനമാണ് അരവിന്ദന്റെ അതിഥികളിലെ ” രാസാത്തി എന്നെ വിട്ടു പോകാതെ ” എന്ന ഗാനം. മൂകാംബി ജീവിതത്തിന്റെ ചില ഏടുകളിൽ കൂടി കടന്നു പോയ ഗാനം ഹൃദ്യമായിരുന്നു…
കലാഭവൻ മണിക്ക് ആദരം അർപ്പിക്കും പോൽ അതീവ ഹൃദ്യമായ ഒരു രചനയാണ്‌ ” കൂടപ്പുഴയോരത്തെ മാടക്കിളിപെണ്ണാള് ” എന്നത്. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന പദം ഏൽപ്പിക്കുന്ന വേദനയുടെ ഓളമുണ്ട്… ആ അതുല്ല്യ കലാകാരനെ സെന്തിൽ കൃഷ്ണ എത്രമാത്രം അവിസ്‌മരണീയമാക്കി എന്നാ ചിത്രം കാണുന്നവർ ഓർക്കും.. നോക്കിലും, വാക്കിലും,.എല്ലാം മണി നിറഞ്ഞു നിന്ന സിനിമ. ഈ ഗാനവും ഹരി നാരായണന്റെ ഒരു അഞ്ജലി തന്നെയാണ് തീർച്ചയായും…
അരുൺരാജിന്റെ ഒരു ബോംബ് കഥയിലെ “മൂവാണ്ടൻ ചോട്ടിൽ കണ്ടപ്പോ തന്നെ ” എന്നത് ഒരു നാടൻ മട്ടിലുള്ള വരികളും, സംഗീതവും …

രഞ്ജിൻ രാജ് എന്ന പുതുമുഖ സംഗീതസംവിധായകന്റെ വരവ് തന്നെ ആഘോഷപൂർണമായി. ജോസഫ് എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഗംഭീരമായിരുന്നു. അജീഷിന്റെ പൂമുത്തോളെ എന്ന ഗാനം കഴിഞ്ഞാൽ അതിലെ മറ്റു ഗാനങ്ങൾ ഹരിനാരായണന്റേതായിരുന്നു. ഒരു പ്രാർത്ഥനാഗീതമായ
“ഉയിരിൻ നാഥനെ ഉലകിൻ ആദിയെ ഇരുളിൻ വീഥിയിൽ വിരിയാൻ നീവരൂ “അതിലെ തന്നെ അനുപല്ലവിയിലെ വരികൾ തന്ന അനുഭൂതി വിവരണാതീതം …” ഞാനെന്നൊരീ ജന്മം
നീ തന്നൊരീ സമ്മാനം
ആനന്ദമാം ഉറവേ ….
ജോസഫിന്റെ മനഃസംഘർഷങ്ങളെ ഭക്തിയിലലിയിച്ച വരികൾ… ” കരിനീലക്കണ്ണുള്ള പെണ്ണെ ” മറ്റൊരു പ്രണയഗീതം…
പാട്ടിന്റെ തുഴയെറിഞ്ഞു നീങ്ങിയ കാലമിപ്പോൾ 2020 ൽ എത്തി നിൽക്കുന്നു. വളരെ കുറച്ചു പാട്ടുകളിലൂടെയേ ഞാൻ പോയിട്ടുള്ളൂ… അഞ്ചൂറിൽ എത്താറായി ഹരിനാരായണൻ ഗീതങ്ങൾ .അതിൽ നിന്നും ഏറെ ഇഷ്ടപ്പെട്ടത് തിരഞ്ഞെടുത്ത് പങ്കിടുന്നു. ആ ഇഷ്ടങ്ങളിനിയും തുടരണം ഹരീ….
ഈ കോവിഡ് കാലത്ത് തീയ്യേറ്റർ കാണാതെ കംപ്യൂട്ടറിൽ ജനനമെടുത്ത ” സൂഫിയും സുജാതയും എന്നതിലെ ഗാനം പറയാതെ ഇതിനൊരു താൽക്കാലിക വിരാമമില്ലല്ലോ… സിനിമയും ഗാനങ്ങളും സോഷ്യൽ മീഡിയ കൊണ്ടാടിയത്…തുടക്കത്തിലെ ആ ഒതുക്കം നിലനിർത്തിയ കവിയുടെ ഈ ഗാനവും ഏറെ പ്രചരിക്കപ്പെട്ടു ..” വാതുക്കല് വെള്ളരിപ്രാവ്‌ ” എം ജയചന്ദ്രന്റെ സംഗീതമികവിൽ പാട്ടസ്വാദകർ ഏറ്റെടുത്ത പാട്ടുമാണിത് . വെള്ളിമീനായ് നീയെന്ന റൂഹ് റൂഹ്… ഗംഭീരം…പ്രേമംവെളിച്ചം ഉള്ളുനിറച്ചൊരു താള്….
ഇനിയുമെത്ര രചനകൾ!
കാത്തിരിക്കുന്നു ഞങ്ങൾ…