പാട്ടിന്റെ തൂമഞ്ഞുതുള്ളികൾ

198

ഗിരീഷ് വർമ്മ ബാലുശ്ശേരി

പാട്ടിന്റെ തൂമഞ്ഞുതുള്ളികൾ …

1978 ൽ തന്റെ അമ്പതാമത്തെ വയസ്സിലാണ് ശ്രീ കാവാലം നാരായണപ്പണിക്കർ തന്റെ സിനിമാജീവിതം പുഷ്ടിപ്പെടുത്താൻ തുടങ്ങിയത്. അതായത് സിനിമാ ഗാനങ്ങളുടെ കൂട്ടുകെട്ടുകളിലേക്ക് കടന്നുവന്നത് . അതിനു മുൻപ് നാടകരംഗത്തെ ഒഴിച്ചുകൂടാനാവാത്ത ഒരു സാന്നിധ്യമായി നിറഞ്ഞുനിന്നിരുന്നു കാവാലം. പാരമ്പര്യത്തിലധിഷ്ഠിതമായൊരു നാടകസംരഭം ഒരുക്കിയെടുക്കുന്നതിൽ ശ്രദ്ധാലുവായി കഴിഞ്ഞിരുന്ന കാലങ്ങൾ. ഒഴുക്കൻ നാടകങ്ങളുടെ പോക്ക് അതൃപ്തിയോടെ കണ്ടിരുന്ന കാവാലം പുതിയൊരു നാടകസംസ്കാരത്തിന്റെ കേളികൊട്ട് നടത്തുകയായിരുന്നു തനതുനാടകവേദി എന്ന പുതുപ്രസ്ഥാനത്തിലൂടെ . വേദികളിൽ നിന്നും ആൾക്കൂട്ടത്തിലേക്കു ഇറങ്ങി വന്ന കഥാപാത്രങ്ങൾ അതിശയിപ്പിക്കുന്ന ഭാവചലനങ്ങളോടെ പ്രേക്ഷകരോടൊപ്പം നിറഞ്ഞാടി. പാട്ടും, നൃത്തവും, വാദ്യങ്ങളുമായി പുതിയൊരു രീതിയിൽ. കവിതകളും , നാടകവും തമ്മിൽ ഒരഭേദ്യബന്ധം ഉടലെടുക്കുകയായിരുന്നു . പഴമയിൽ നിന്നും ക്ലാസ്സിക്കൽ കലകളിൽ നിന്നും ഊർജ്ജമുൾക്കൊണ്ട ഒരു ഉശിരൻ രീതി. കൂടിയാട്ടം തെയ്യം എന്നീ ക്ഷേത്രകലകളിൽ നിന്നും ഊറ്റിയെടുത്ത നാടൻ പാട്ടിന്റെ കൊട്ടിയൊരുക്കത്തിലൂടെ ജന്മനസ്സുകളിലേക്കു അത് കത്തിക്കയറി .. ആ കാലത്തിന്റെ പ്രസരിപ്പിൽ നിന്നും സിനിമാഗാനങ്ങളിലേക്കു കാവാലം കുടിയേറിയപ്പോൾ ഇവിടെയും ഒരു തനതുസിനിമാസംസ്കാരം ഉടലെടുത്തു..

1978 ൽ വാടകയ്‌ക്കൊരു ഹൃദയം എന്ന ചലച്ചിത്രത്തിലൂടെ ഉഗ്രൻ തുടക്കം. പൂവാംകുഴലി പെണ്ണിനുണ്ടൊരു കിളുന്തു പോലുള്ള മനസ്സ് എന്ന ഗാനത്തോടെ…അതിലെ തന്നെ ഒഴിഞ്ഞ വീടിൻ ഉമ്മറക്കോടിക്ക് ഓടോടിമൈന ചിലച്ചു ..എന്നതും ഒരു പ്രത്യേക രീതിയിൽ എഴുതപ്പെട്ട ഗാനമാണ്. നാടൻ പദങ്ങൾ ഇടയ്ക്കിടെ ഉപയോഗപ്പെടുത്തി പാട്ടിന്റെ മറ്റൊരു പ്രപഞ്ചം സൃഷിടിച്ചു ശ്രീ കാവാലം.
പ്രാദേശിക പദങ്ങൾ പാട്ടിൽ നിറയ്ക്കുമ്പോൾ ഒരു പ്രത്യേക ഭാവം തന്നെ അവയ്ക്കു കൈവരുന്നു..
തമ്പിലെ കാനകപ്പെണ്ണ് ചെമ്പരത്തി …. ഉഷാരവി എന്ന പുതുഗായിക പരീക്ഷിക്കപ്പെട്ടു. ഒരു യമുനാ നദി ഓളം നിലയ്ക്കിലും … എന്ന ഉഷാരവി ഗാനവും അക്കാലത്തു ശ്രദ്ധിക്കപ്പെട്ടു.
പത്മരാജന്റെ മാസ്റ്റർപീസായ രതിനിർവേദത്തിലെ ഗാനങ്ങൾ . ഒരു കൗമാരക്കാരനിൽ കാമത്തിന്റെയും, പ്രണയത്തിന്റെയും അലയൊലികൾ ഉയരുന്നതിന്റെ എല്ലാ വിമ്മിഷ്ടങ്ങളും , ഇളക്കങ്ങളും തിരുതിരുമാരൻ കാവിൽ ആദ്യവസന്തം കൊടിയേറി എന്ന ഗാനത്തിൽ അടങ്ങിയിട്ടുണ്ട്.. അതിലെ തന്നെ മാധുരിയുടെ ശ്യാമാനന്ദനവനിയിൽ നിന്നും എന്നതും ഉശിരൻ ഗാനമാണ്.

അരവിന്ദന്റെ കുമ്മാട്ടി തന്റെ നാടകപ്രവർത്തനങ്ങളുടെ കാലങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് ആരമ്പത്താരമ്പത്താരമ്പത്ത് …. കറുകറെ കാർമുകിൽ കൊമ്പനാനപ്പുറത്ത് … എന്നിവയിലൂടെ കാവാലം പൂർണനാവുന്നതും കണ്ടു നമ്മൾ ..ആരവം, കുമ്മാട്ടി എന്നിവയൊക്കെ കാവാലത്തിന്റെ എഴുത്തുകാരന്റെ തനതുസംസ്കാരം നിഴലിക്കുന്ന രചനകളാൽ നിറഞ്ഞവയാണ്..മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചുകെട്ടിത്താ …ഇതിലെ വരികളിലൂടെയൊക്കെ സഞ്ചരിക്കുമ്പോൾ പാട്ടുവഴികളിലെ ഒരപൂർവതീരത്തു എത്തിപ്പെട്ട സന്തോഷമാണ്.. നാടും, കാടും,മണക്കുന്ന ആ പൊയ്പോയ തനിമയുടെ ഒരാവർത്തനം …തനിയാവർത്തനം ..എൺപതുകളിലെ വേനൽ, ആലോലം ,മർമ്മരം ,ഇളക്കങ്ങൾ എന്നീ ചിത്രങ്ങളിലൊക്കെ അദ്ദേഹം ഒരുക്കിയിട്ടുള്ള ഗാനങ്ങൾ ശ്രദ്ധേയമാണ്. കാവാലം – എം ജി രാധാകൃഷ്‌ണൻ കൂട്ടുകെട്ട് ഒരുക്കിയ ഗാനങ്ങളുടെ പ്രത്യേകതകൾ പറഞ്ഞറിയിക്കാൻ ആവാത്തത്. തമ്പ് ,ആരവം , രണ്ടുജന്മം ,പൂരം, എന്നിവയിലൂടെ  തിളങ്ങിനിന്നപ്പോൾ എം ബി ശ്രീനിവാസൻ കൂട്ട് സമാനമായ ആ അനുഭൂതി പിന്നെയും പങ്കുവെയ്ക്കുകയുണ്ടായി .. വേനൽ , ഇളക്കങ്ങൾ എന്നിവയിലെ ഗാനങ്ങൾ ഉദാഹരണം.

ഇളക്കങ്ങളിലെ കൗമാരം കടന്നിട്ടില്ലാത്ത ഒരു പെൺകുട്ടിയുടെ മനസ്സിന്റെ ഇളക്കങ്ങൾ പാട്ടുകളിലൂടെ കാവാലം പൂർണമായും പകർത്തിവെച്ചു . ആവണിരാത്തിങ്കൾ ഉദിച്ചില്ല എന്ന ഗാനത്തിൽ നായികയുടെ മാനസികാസ്വാസ്ഥ്യം എത്ര ഭംഗിയോടെയാണ് എഴുതിയിട്ടിരിക്കുന്നതു… ശാരദനീലാംബരപാളികളെ … എന്ന ഗാനവും അസാധ്യം തന്നെ..ആലോലം, കാറ്റത്തെ കിളിക്കൂട് എന്നിവയിൽ രണ്ടിലും നായികയുടെ മാനസികോല്ലാസവും , കഠിനവ്യഥകളും പാട്ടുകളിലൊതുക്കി തരുമ്പോൾ നിർവൃതിയോടെ അതേറ്റുവാങ്ങാതെങ്ങിനെ !!
ആലോലത്തിലെ വീണേ വീണേ വീണക്കുഞ്ഞേ…എന്നതിലെ സ്നേഹസ്വരങ്ങൾ വഴിമാറി വ്യഥയിലേക്ക് കൂപ്പുകുത്തിയപ്പോൾ
തണൽ വിരിക്കാൻ കുട നിവർത്തും സൗവർണാവസന്തം എന്ന വിഷാദഗാനംപിറന്നു… അതിലെ മഞ്ചാടിമോഹങ്ങൾ എന്ന പ്രയോഗം തന്നെ നോക്കൂ…

ഭക്തിഗാനങ്ങളായിട്ടല്ലെങ്കിലും ചില ഗാനങ്ങൾ ഒരുക്കേണ്ടി വന്നിട്ടുണ്ട് കാവാലത്തിനും . അത് സിനിമാ സന്ദർഭത്തിനു യോജിച്ച തരത്തിൽ സുന്ദരമാക്കുകയും ചെയ്തു. ഇളക്കങ്ങളിലെ തുഷാരമണികൾ തുളുമ്പി നിൽക്കും തുളസിപൂമാല ചാർത്താം നിന്നെ എന്ന വരികിൽ വ്യത്യസ്തത പുലർത്തുന്നു . മർമ്മരത്തിലെ കർണ്ണാമൃതം കണ്ണന് കർണ്ണാമൃതവും വേറിട്ട ഒരനുഭൂതിയല്ല കൈവരുത്തി തരുന്നത്..
കാറ്റത്തെ കിളിക്കൂടിലും ഗോപികയുടെ ഹൃദയരഹസ്യം വെളിപ്പെടുത്തുന്ന , കണ്ണനിലേക്കു രതിയുടെ മേഘസ്വപ്നങ്ങളായി ഒഴുകിയെത്തുന്ന ഗാനവും മറക്കാനാവില്ല.. ഗോപികേ .. നിൻ വിരൽ തുമ്പുരുമ്മി വിതുമ്പി….
പൂരം എന്ന ചിത്രത്തിലെ പ്രേമയമുനാ തീരവിഹാരം ശൃംഗാരസുഖസാരം….പതിവുരീതികളിൽ നിന്നൊക്കെ വേറിട്ടൊരു പ്രണയഗാനമാണ്..
ഉത്സവപ്പിറ്റേന്നിലെ പുലരിത്തൂമഞ്ഞുതുള്ളിയിൽ പുഞ്ചിരിയിട്ടു പ്രപഞ്ചം എന്ന കവിതാസമാനമായ ഗാനം നമുക്ക് നൽകിയതിന് ഈ ജന്മം തന്നെ കടപ്പെട്ടിരിക്കുന്നു.
ശ്യാം എന്ന സംഗീതസംവിധായകന്റെ പതിവ് രീതികളിൽ നിന്നും വേറിട്ട ഒരു കോമ്പോസിങ് ആണ് കാവാലം വരികളോടൊപ്പം ചേരുമ്പോൾ പുലർത്തുന്നത്. ആരൂഢത്തിലെയും, ആരോരുമറിയാതെയിലെയും , ആൾക്കൂട്ടത്തിൽ തനിയെയിലെയും ഗാനങ്ങൾ അതാണ് അനുഭവപ്പെടുത്തുന്നത്..
ആരൂഢത്തിലെ കാത്തിരിപ്പൂ …ആരോരുമറിയാതെയിലെ മൂടൽമഞ്ഞിൻ മൂവന്തി…കായാമ്പൂ കോർത്തുതരും ..ആൾക്കൂട്ടത്തിൽ തനിയെയിലെ അല്ലിമലർ കണ്ണിൽ പൂങ്കിനാവും എന്നതൊക്കെ
ശ്യാം സംഗീതം സൃഷ്‌ടിച്ച മറ്റു ചില ലോകങ്ങളാണ്…
പടയോട്ടത്തിലൂടെ ഗുണസിംഗ് എത്തിയപ്പോൾ
രവീന്ദ്രൻ സംഗീതത്തിലൂടെ അഹത്തിലെ നിറങ്ങളെ ..
എന്നിവയും നമ്മൾ തൊട്ടറിഞ്ഞു….
ഗൗരവമായി പാട്ടിനെ സമീപിച്ച അപൂർവം കവികളിൽ ഒരാളാണ് ശ്രീ കാവാലം നാരായണപ്പണിക്കർ . ഒരപൂർവ്വനിധി നമ്മെ ഏൽപ്പിച്ചു കൊണ്ട് മൂന്നു വർഷം മുൻപ് അദ്ദേഹം നമ്മോടു വിടപറഞ്ഞുപോയി…