ഒരു വട്ടം കൂടിയെൻ…

0
275
ഗിരീഷ് വർമ്മ ബാലുശ്ശേരി
ഒരു വട്ടം കൂടിയെൻ ….
എഴുതിക്കഴിഞ്ഞതിനേക്കാൾ കിടക്കുന്നു മധുരമാമോർമ്മൾ തന്നതേറെ .പാട്ടിനെക്കുറിച്ചെഴുതിയാൽ തീരില്ല. കടൽക്കരയിലെ തിരയെണ്ണൽ പോലെയെന്നോ !ഏതിനാണ് കൂടുതൽ ഭംഗി. ആ വരവ് ഗംഭീരം . കരയെ വാരിപ്പുണരാൻ വരുന്ന ആ വരവ് അസ്സൽ.. അതെ എണ്ണിയെണ്ണി കുഴങ്ങുന്നു നമ്മൾ. കടൽക്കാഴ്ചകൾ സുഖദം . അതുപോലെ പാട്ടിന്റെ തീരത്തിരുന്നാലും . ഓരോ ഈണം മൂളി ഓരോന്ന് വന്നു പോവുമ്പോഴും ഇതെത്ര നല്ലത് , ഇതാണല്ലോ ഞാൻ കാത്തിരുന്നത്, ചിലപ്പോൾ ഇതല്ലേ , ആഹാ ഇത് തന്നെ എന്ന് മറ്റൊന്നിനോട് … അങ്ങിനെ മാറി മാറി ആസ്വദിച്ച് പാട്ടിന്റെ അപാരതയിൽ കൺമിഴിച്ചങ്ങിനെ … സത്യത്തിൽ ഇതൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എഴുതിയാൽ തീരാത്തത് . ഒന്നിനൊന്നു മെച്ചം എല്ലാവരും. പഴയ കാലത്തിലെ ആ പ്രഗത്ഭമതികൾ തന്നേല്പിച്ചു പോയതൊക്കെ വീണ്ടുംവീണ്ടും ആസ്വദിച്ചു കൊണ്ട് മനസ്സ് കുളിർപ്പിക്കുക…
ഗന്ധർവ ഗായകൻ യേശുദാസിന്റെ മലയാളത്തിലേക്കുള്ള , സംഗീത ലോകത്തിലേക്കുള്ള അരങ്ങേയറ്റം ആയിരുന്നു 1962 ൽ പിറന്ന കാൽപ്പാടുകൾ എന്ന ചിത്രത്തിലെ ഗാനങ്ങൾ . ജാതിഭേദം മതദ്വേഷം എന്ന ശ്രീനാരായണശ്ലോകം ചൊല്ലിക്കൊണ്ട് … എം ബി ശ്രീനിവാസൻ എന്ന സംഗീതജ്ഞന്റെയും സിനിമാജീവിതവും അവിടെ തുടങ്ങി . എംബി ശ്രീനിവാസൻസംഗീതം ശാന്തമായൊഴുകുന്ന ഒരു പുഴ പോലെ ആയിരുന്നു. വെള്ളച്ചാട്ടങ്ങളില്ലാത്ത ശാന്തത. ആ ഒഴുക്ക് കണ്ടുകൊണ്ടിരിക്കാൻ ബഹുസുഖം .. ബഹളമയമായ വാദ്യോപകരണങ്ങളില്ല . സംഗീതോപകരണങ്ങളുടെ ആധിപത്യമില്ല . പാട്ടിനോട് ചേർന്ന് അതിന്റെ കൂടെ പിന്നാലെ സഞ്ചരിക്കുന്ന രീതി… ഇന്നത്തെ കാലത്തെ മുന്നിൽ കയറി അലറിപൊളിച്ചു പോവുന്ന വാദ്യം പോലല്ല …അത് ആദ്യസിനിമ മുതൽ അവസാന സിനിമ വരെ ഒരു വിട്ടുവീഴ്ച ഇല്ലാതെ തന്റെ രീതിയിൽ തന്നെ.. അതിനി ആര് പാട്ടെഴുതിയാലും. വയലാർ ആയാലും തരക്കേടില്ല, കാവാലം ആയാലും, ഓ എൻ വി ആയാലും. ബിച്ചു തിരുമല ആയാലും തരക്കേടില്ല ..എന്നാൽ ഏറ്റവും ചേർന്ന് പോവുന്ന കൂട്ടുകെട്ട് ഓ എൻ വി കുറുപ്പുമായിട്ടായിരുന്നു..അത് പുത്രി എന്നതിൽ തുടങ്ങി മണിവത്തൂരിലെ ശിവരാത്രികളിൽ വരെ തുടർന്നു .അതിനു മുൻപ് പി ഭാസ്കരൻ, വയലാർ രാമവർമ്മ എന്നിവരുമായി ചേർന്ന് നല്ലൊരു സ്ഥാനം ഇവിടെ കരസ്ഥമാക്കിയിരുന്നു..
വയലാറുമായി കണ്ണും കരളുമിലെ താത്തെയ്യം കാട്ടിലെ … കളിമണ്ണ് മെനഞ്ഞു മെനഞ്ഞൊരു എന്നിവയും
കന്യാകുമാരിയിലെ ചന്ദ്രപളുങ്കു മണിമാല എന്നിവയും തീർത്തു . വിദ്യാർത്ഥികളെ ഇതിലെ ഇതിലെ എന്നതിലെ ഉണർത്തുഗാനം നളന്ദാ തക്ഷശിലാ നളന്ദാ എന്ന വയലാർ ഉയിർപ്പ് എം ബി സംഗീതത്തിന്റെ വളർച്ചയിലെ നാഴികക്കല്ലുകളാണ്..
പി ഭാസ്കരന്റെ പുതിയ ആകാശം പുതിയ ഭൂമിയിലെ താമരത്തുമ്പീ വാ വാ എന്ന ഗാനവും ഓർക്കാതെ .വയ്യ.
ശ്രീകുമാരൻ തമ്പിയുടെ രചനയിൽ ഒരു ദാർശനിക ഗാനം പിറന്നിട്ടുണ്ട്.. കടൽ എന്ന ചിത്രത്തിലെ ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും എന്നത് ജാനകിയുടെ ശബ്ദത്തിൽ മനസ്സിലെന്നേ കയറിക്കൂടിയത്.. മനസ്സിടറിപ്പോവുന്ന ചില ജീവിതസാഹചര്യങ്ങളിൽ വെറുതെ മൂളിപ്പോവുന്നത് ,,ഇതിനിടയിൽ തിരുനൈനാറിന്റെ വരുമൊരുനാൾ സുഖം ഒരു നാൾ ദുഃഖം എന്ന അറിവും നമ്മെ പിന്തുടരും ..
ഓ എൻ വി കുറുപ്പുമായി പുത്രിയിൽ തുടങ്ങിയ ബന്ധം ബന്ധനത്തിലെ രാഗം ശ്രീരാഗം എന്ന ജയചന്ദ്രൻ അർദ്ധക്ലാസ്സിക്കൽ ഗാനത്തിലൂടെ മികച്ചതായി ഉൾക്കടലിലൂടെ അതി സുന്ദരമായി തീരുകയായിരുന്നു.. ഉൾക്കടൽ യുവാക്കളിൽ തീർത്തത് ഒരു കാൽപ്പനിക വസന്തമായിരുന്നു. ഇന്നും ഓർക്കുമ്പോൾ പൂവിടുന്ന വസന്തകാലം . 1980 കളിലെ കലാലയജീവിതത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ തഴുകിയുണർത്തുന്നവയാണ് ഇന്നത്തെ വാർദ്ധക്യത്തിലേക്ക് കടക്കുന്ന പലർക്കും … വേണുനാഗവള്ളി , നെടുമുടി വേണു , ജലജ, ഭരത് ഗോപി ടീമിന്റെ കിടുക്കൻ അഭിനയമുഹൂർത്തത്തിന്റെ സുവർണ്ണകാലങ്ങൾ .മലയാളസിനിമ ഉയരങ്ങളിൽ എത്തിയ കാലഘട്ടങ്ങൾ .. ഉൾക്കടലിൽ എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ പെൺകൊടി , കൃഷ്ണതുളസി കതിരുകൾ ചൂടിയ, നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ . ശരദിന്ദു മലർദീപ നാളം … എന്നിവയൊക്കെ ഒരു കാലത്തിന്റെ വിളംബര നാദം തന്നെയാണ്. അനശ്വരതയിലെ വെള്ളിനക്ഷത്രങ്ങൾ . ….പിന്നീട് മനസ്സിന്റെ തീർത്ഥയാത്രയിലെ നടന്നും നടന്നേറെ തളർന്നും എന്ന ഓ എൻ വി കവിത യുവത്വത്തിന് നൽകിയ അറിവും, പക്വതയും , അരക്ഷിതാവസ്ഥകളിൽ നിന്നൊരു പിൻവാങ്ങലും വരെ എന്ന് പറയുമ്പോൾ ഇത്തരം ഗാനങ്ങൾ മനുഷ്യാവസ്ഥകളിലെ ആഴങ്ങളിൽ വരെ വേരൂന്നിയിരിക്കുന്നു എന്ന് സാരം …1982 ൽ ചില്ല് എന്ന ചിത്രവും ഉൾക്കടൽ നൽകിയാതൊക്കെ വീണ്ടും സമ്മാനിക്കുകയായിരുന്നു. പോക്കുവെയിൽ പൊന്നുരുകി പുഴയിൽ വീണു.. ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന . ചൈത്രം ചായം ചാലിച്ചു .യുവത്വത്തിന് വീണ്ടും ആഘോഷദിനങ്ങൾ . കലാലയങ്ങളിൽ പ്രണയത്തിന്റെ നവ്യഭാവനകൾ വിടർന്നു വിലസി… ഉൾക്കടലും, ചില്ലും നൽകിയ കരുത്ത് .
യവനികയിലൂടെ മറ്റൊരു തരംഗം . ഭരതമുനിയൊരു കളം വരച്ചു… മിഴികളിൽ നിറകതിരായി ,,, ചെമ്പക പുഷ്പ സുവാസിത യാമം ..വീണ്ടും പരസ്പരം എന്ന ചിത്രത്തിലെ നിറങ്ങൾ തൻ നൃത്തം …
1983 .രചനയും സംഗീതവും ഒന്നായി ലയിച്ചത് … വെറുമൊരോർമ്മതൻ കിളുന്നു തൂവലും തഴുകി നിന്നെ കാത്തരിക്കയാണ് ഞാൻ എന്ന പൂർണതയിലെത്തുന്ന ആ പ്രണയസങ്കല്പത്തെ യാഥാർഥ്യമാക്കിയവരേറെ .നഷ്ടവസന്തത്തിൻ ഓർമ്മക്കുറിപ്പാക്കിയവർ അതിലേറെയും. ആത്മാർത്ഥ പ്രണയത്തിന്റെ കാവ്യഗീതികളാണിവയൊക്കെ …
1984 ൽ ഒരു കൊച്ചു സ്വപ്നം എന്ന ചിത്രത്തിലെ മാറിൽ ചാർത്തിയ മരതക കഞ്ചുകമഴിഞ്ഞു വീഴുന്നു എന്ന ഗാനവും, അതിലെ തന്നെ ഉദ്യാനദേവിതൻ ഉത്സവമായ്‌ മദിരോത്സവമായ് എന്നതും സിനിമയിലെ ദൃശ്യങ്ങൾ കാണാതെ കണ്ണടച്ച് കേൾക്കേണ്ട പാട്ടുകൾ ആണ്..
ശ്രീ ഓ എൻ വി കുറുപ്പുമായി അവസാന കൂട്ടുകെട്ടിലെ ഗാനങ്ങൾ പോലും അതിമധുരമായി തീർന്നു. ശ്രീമതി ഓമന ഗംഗാധരന്റെ കഥയെ ആസ്പദമാക്കിയുള്ള ചലച്ചിത്രമായിരുന്നു മണിവത്തൂരിലെ ആയിരം ശിവരാത്രികൾ . നെറ്റിയിൽ പൂവുള്ള സ്വർണ്ണചിറകുള്ള പക്ഷി… ഇത്തിരിപ്പൂവിന്റെ കൈക്കുമ്പിളിൽ വീണ മുത്തേ … എന്ന ഗാനങ്ങൾ ആ ചിത്രത്തിനൊരു മുതൽകൂട്ടായിരുന്നു ..എം ടി വാസുദേവൻ നായർ തിരക്കഥയുടെ തലതൊട്ടപ്പൻ എങ്കിലും ഒന്ന് രണ്ടു സിനിമകളിൽ അദ്ദേഹം ഗാനരചനയും നിർവഹിച്ചിട്ടുണ്ട്. അദ്ദേഹം രചന തുടരാഞ്ഞത്‌ പാട്ടെഴുത്തുകാരുടെ ഭാഗ്യം,നമ്മുടെ നിർഭാഗ്യം .. അദ്ദേഹത്തിന്റെ തന്നെ സിനിമയായ വളർത്തുമൃഗങ്ങളിലെ ഒരു മുറിക്കണ്ണാടി ഒന്ന് നോക്കി എന്ന ഗാനം പറയുന്ന സല്ലാപങ്ങൾ അനിർവചനീയമാണ് … ഒരു കാമുകിയുടെ ഭാവവിചാരങ്ങൾ പകർത്തിയത് മറ്റേതൊരു ഗാനരചയിതാവിനെയും തോൽപ്പിക്കുന്ന തരത്തിലാണ്…യൂസഫലി കേച്ചേരിയോടൊപ്പം ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ചയിൽ ഒന്നിച്ചപ്പോൾ സംഗീതത്തിന്റെ മാസ്മരികത നമ്മൾ വീണ്ടും അനുഭവിച്ചു. ജാനകിയുടെ ശബ്ദത്തിൽ വിശ്വമഹാക്ഷേത്ര സന്നിധിയിൽ , വിവാഹനാളിൽ പൂവണിപ്പന്തൽ എന്നിവ പിറന്നു..
കാവാലം നാരായണപ്പണിക്കർ കൂട്ടിൽ വേനലിലെ ഗാനങ്ങൾ. കാന്തമൃദുല സ്മേരമധുമയ … താഴികചൂടിയ രാവിൽ… എന്നിവയും . ഇളക്കങ്ങളിലെ കൊച്ചുപെണ്ണിളക്കങ്ങൾ വാക്കുകളിലെ വാചാലത ആക്കിയ ആവണിരാത്തിങ്കൾ ഉദിച്ചില്ല … തുഷാരമണികൾ … ശാരദനീലാംബര നീരദ പാളികളെ എന്നിവയൊക്കെ ഉദ്യോഗത്തോടെ അറിയാൻ കഴിഞ്ഞു…
അദ്ദേഹത്തിന്റെ അവസാന കാലത്താണ് മറ്റൊരു മാസ്റ്റർ പീസ് പിറന്നത്. സ്വാതി തിരുനാൾ എന്ന ക്‌ളാസിക്കൽ ചലച്ചിത്രം.. കീർത്തനങ്ങൾ കൊണ്ട് നിറഞ്ഞ ആ ചിത്രത്തിലെ സംഗീതവും എം ബി ശ്രീനിവാസന്റേതായിരുന്നു. സ്വാതി തിരുനാളിന്റെയും, ഇരയിമ്മൻ തമ്പിയുടെയും, ത്യാഗരാജന്റെയും കീർത്തനങ്ങൾ ചലച്ചിത്രത്തിന്റെ തിരക്കഥയും ഗാനങ്ങളുമായി ഊടും പാവുമായി ഇഴചേർന്ന് പോയിരുന്നു..പാട്ടിന്റെ ആ വസന്തകാലം പെട്ടെന്നവസാനിക്കുകയായിരുന്നു. അറുപത്തി രണ്ടാമത്തെ വയസ്സിൽ ഹൃദയസ്തംഭനം മൂലം ഈ ലോകത്തോട് വിടപറയുമ്പോൾ അദ്ദേഹത്തിന്റെ ഒരു ഗാനത്തിന്റെ വരികൾ തന്നെ പാടിപ്പോവുകയാണ്… ….. നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ …..