മാനത്തിൻ മുറ്റത്തെ കാർത്തികവിളക്കുകൾ

249

ഗിരീഷ് വർമ്മ ബാലുശ്ശേരി

മാനത്തിൻ മുറ്റത്തെ കാർത്തികവിളക്കുകൾ

1 .ഇരു കണ്ണീര്‍ത്തുള്ളികള്‍ ഒരു സുന്ദരിയുടെകരിമിഴികളില്‍ വച്ചു കണ്ടു മുട്ടി
കണ്ടു മുട്ടീയവര്‍ കണ്ടു മുട്ടി – പിന്നെ
കണ്ടു വന്ന സ്വപ്നത്തിന്‍ കഥ ചൊല്ലി ( ചിത്രം . ഇരുട്ടിന്റെ ആത്മാവ് )

2 .ആരാധികയുടെ പൂജാകുസുമം
ദൂരെയെറിഞ്ഞൂ ദേവന്‍
പാപിയെ വെളിയില്‍ തള്ളി അമ്പല
ഗോപുരവാതിലടച്ചല്ലോ
( ചിത്രം . മനസ്വിനി )

പി ഭാസ്കരൻ എന്ന ഗാനരചയിതാവിന്റെ രണ്ടു പാട്ടുകളാണ് ഇവ. വളരെ പണ്ടേ പി ഭാസ്കരനിലെ കവിയെ കണ്ടെത്തിയ ഗാനങ്ങൾ. ഇദ്ദേഹത്തിന്റെ വലിയൊരു പ്രത്യേകതയാണിത് . എന്തെന്നാൽ ഒരു ഗംഭീര തുടക്കം തന്ന് പാട്ടിലേക്ക് ശ്രോതാക്കളെ പിടിച്ചടുപ്പിക്കുന്ന വിരുത്. പക്ഷെ തുടക്കത്തിലേ , പല്ലവിയിലെ ആ സുഖം പക്ഷെ തുടർന്നും പൂർണമായും നിലനിർത്തുന്നില്ല എന്നത് ഖേദകരം തന്നെയാണ്. അത്യപൂർവ സംഗീത ലഹരിയിൽ നമ്മൾ മയങ്ങിപ്പോവുകയും ചെയ്യും. ആദ്യത്തെ വരികളിൽ നിന്നും പിറവിയെടുത്ത അനുപല്ലവിയും, ചരണവും പല്ലവീപൂർത്തീകരണം തന്നെയെങ്കിലും…. പക്ഷെ ഇത്തരം ഗാനങ്ങളിൽ മറ്റാർക്കും കിട്ടാത്ത വരികളുടെ മുറുക്കം,ശ്രോതാക്കളെ മനസ്സിനെ വരിഞ്ഞുകെട്ടുന്ന അനുഭവമുണ്ടാക്കൽ ,ഇവയൊക്കെ കൊണ്ട് തന്നെ ഒരിക്കൽ കേട്ടാൽ വീണ്ടും കേൾക്കാനും അതിൽ തന്നെ ലയിച്ചിരിക്കാനും തോന്നിപ്പിക്കുന്നത് .വിണ്ണും ,തിങ്കളും, വെണ്ണിലാവും, താരകങ്ങളും മനുഷ്യമനസ്സിന്റെ മേച്ചിൻപുറങ്ങളാക്കുന്നു കവി.

സ്വർണ്ണമുകിലെ സ്വർണ്ണമുകിലെ സ്വപ്നം കാണാറുണ്ടോ നീയും സ്വപ്നം കാണാറുണ്ടോ ..കണ്ണുനീർക്കുടം തലയിലേന്തി നീ നടക്കുമ്പോൾ നിനക്ക് സ്വപ്നം കാണാൻ പറ്റുന്നുണ്ടോ എന്ന് കവി ചോദിക്കുന്നു.
താരമേ താരമേ നിന്നുടെ നാട്ടിലും തങ്കക്കിനാവുകളുണ്ടോ എന്നും കാമിനിമാരെ കൊണ്ട് ചോദിപ്പിക്കുന്നു .കന്നിരാവിൻ കളഭക്കിണ്ണം പൊന്നാനിപുഴയിൽ വീണപ്പോൾ എന്ന കാവ്യഭാവന എത്രമാത്രം സുന്ദരമാണ്.
ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന ഹേമന്തരാവിലെ ആ വെണ്ണിലാവിനോട് എന്തിനിങ്ങനെ കണ്ണീരിൽ മുങ്ങിയ പട്ടുതൂവാലയുമായി ശ്രീകോവിൽ ചുറ്റുന്നു എന്ന് ചോദിക്കുന്നിടത്തെല്ലാം ഉത്തരങ്ങൾ കിട്ടാത്ത ചോദ്യങ്ങൾ അവശേഷിക്കുകയാണ്. എന്നാലും മനുഷ്യമനസ്സിന്റെ തീരാവ്യഥയുടെ , അടങ്ങാത്ത മോഹങ്ങളുടെ തിരയിളക്കങ്ങളാണിവ .പിന്നെയോ .. വെണ്ണിലാവിനെന്തെറിയാം വെറുതെ വെറുതെ ചിരിക്കാൻ ,, മനുഷ്യന്റെ മനസ്സിന്റെ മോഹഭംഗങ്ങൾ ആരറിയാൻ എന്നും വ്യാകുലപ്പെടുന്നുണ്ട് .
പാർവണേന്ദുവിന്റെ ദേഹമടക്കി പാതിരാവിന്റെ കല്ലറയിൽ … മണ്ണിലെ മനുഷ്യബന്ധങ്ങളിലെ വേർപാടുകളിലേക്കു ചേർത്തു വെയ്ക്കുന്നുമുണ്ട് പ്രകൃതിയെയും, സർവ്വചരാചരങ്ങളെയും…കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ കനകാംബരങ്ങൾ വാടി എന്നതിലൂടെ കറുത്ത ജീവിതരാത്രിയെയും ഓർമ്മിപ്പിക്കുന്നു.

മുകിലേ വിണ്ണിലായാലും കണ്ണീരു തൂവുകയോ … ഉയരങ്ങളിലും സുഖദുഃഖങ്ങളുണ്ട്എന്നോർമ്മിപ്പിക്കുകയും ചെയ്യുന്നു..മധുവിധു രാത്രിയിൽ ഒരു പെണ്ണിന്റെ മനസ്സിന്റെ അസ്വസ്ഥതകൾ , ദാഹങ്ങൾ എല്ലാം മാനത്തെ അമ്പിളിയുടെ സഞ്ചാരത്തെ തൊട്ടു പറയുമ്പോൾ എന്നെത്തേക്കും ഉള്ള ഒരു പ്രണയ ഗാനവും പിറന്നു. താനേ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിലുരുണ്ടും മയക്കം വരാതെ മാനത്തു കിടക്കുന്നു മധുമാസസുന്ദര ചന്ദ്രലേഖ..
ഉദാഹരണങ്ങൾ അനവധിയാണ്.

ആദ്യകിരണങ്ങളിലെ പതിവായി പൗർണമി തോറും …കളിത്തോഴനിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസചന്ദ്രിക വന്നു…നഗരമേ നന്ദിയിലെ മഞ്ഞണിപ്പൂനിലാവ് ..മനസ്വിനിയിലെ പാതിരാവായില്ല പൗര്ണമികന്യയ്ക്ക് പതിനേഴോ പതിനെട്ടോ പ്രായം …കള്ളിച്ചെല്ലമ്മയിലെ മാനത്തെ കായലിൽ മണൽപ്പുറത്തിന്നൊരു ..വിത്തുകളിലെ ഗോപുരമുകളിൽ വാസന്തചന്ദ്രൻ …തച്ചോളി മരുമകൻ ചന്തുവിലെ വൃശ്ചികപൂനിലാവെ…എന്നിവയൊക്കെ കുറച്ചുദാഹരണങ്ങൾ മാത്രം. സൗരയൂഥപഥങ്ങളൊക്കെ കവിയുടെ മനസ്സിന്റെ വിളയാട്ടുകേന്ദ്രങ്ങളാണ്. കാല്പനികമായ സങ്കൽപ്പങ്ങളിൽ അഭിരമിക്കുന്ന ആ മനസ്സ് , വ്യഥകളോടും, അസ്വസ്ഥതകളോടും, ആഗ്രഹങ്ങളോടും, ഉല്ലാസങ്ങളോടും വരെ സല്ലപിക്കുന്ന ഒരു കുളിർന്ന കവിമനസ്സ് .ശാസ്ത്രസത്യങ്ങളെ കവിതകളിലും, ഗാനങ്ങളിലും ഇഴചേർക്കുന്ന വയലാർ രാമവർമ്മ എന്ന ഗാന ഗന്ധർവനുമായി ഒന്ന് സാമ്യം ചെയ്തുനോക്കുകയാണ്.
ചലനം ചലനം ചലനം .. മാനവജീവിത പരിണാമത്തിൻ മയൂരസന്ദേശം എന്ന് വയലാർ അഭിമാനത്തോടെ എഴുതുമ്പോൾ .. ഊഴിയും സൂര്യനും വാർമുകിലും അതിലുയർന്നു നീന്തും ഹംസങ്ങൾ .. ആയിരമായിരം താരഗണങ്ങൾ അലകളിലുലയും വെൺനുരകൾ എന്ന് പി ഭാസ്കരൻ എഴുതുന്നു.
മാനസികമായുള്ള ഉയർച്ച തന്നെ രണ്ടുപേരും അർത്ഥമാക്കുന്നത് .

മുത്തോലക്കുടചൂടി ,മൂവന്തിപുഴ നീന്തി മൺവിളക്കുമേന്തി വരും വെണ്ണിലാവേ എന്ന വയലാർ സങ്കല്പം മറക്കാനാവാത്തത് . കളഭത്തിൽ മുങ്ങിവരും വൈശാഖ രജനിയിൽ കളിത്തോഴിയെ കാണാൻ വരുന്ന കാമുകനെ വർണ്ണിച്ചതും പി ഭാസ്കരൻ … അങ്ങിനെ ഇത്തരം ഗാനസന്ദർഭങ്ങൾ നിറയെ സിനിമകളിലേക്ക് പകർന്നു വെച്ചു പോയ ഒരതുല്യകാലാകാരനാണ് ശ്രീപി ഭാസ്കരൻ.

എഴുത്തും സംഗീതവും ചേർന്നുള്ള ആ കൂട്ടുകെട്ടിനെ പറ്റി പറയുമ്പോൾ ചിലരെ എടുത്തു പറയേണ്ടതായുണ്ട് . ഒരിക്കലും ഒരു കാലത്തും ഒരു പ്രത്യേക സംഗീത സംവിധായകനുമായുള്ള ഗാനങ്ങൾ പി ഭാസ്കരന്റെ പാട്ടു ചരിത്രത്തിലില്ല .ഓരോ കാലത്തും ഓരോരുത്തർ അത് സുന്ദരമായി നിർവഹിച്ചിരിക്കുന്നു. ആദ്യകാലത്ത് കെ രാഘവൻ കൂട്ടുകെട്ടിലൂടെ മലയാളത്തിൽ തരംഗം സൃഷ്‌ടിച്ച നീലക്കുയിലിലെ ഗാനങ്ങൾ ..പിന്നീട് ആ കൂട്ടുകെട്ട് ഉണ്ണിയാർച്ചയിലും, അമ്മയെകാണാനിലും ,ആദ്യകിരണങ്ങളിലും ,നഗരമേ നന്ദിയിലും ,കള്ളിച്ചെല്ലമ്മയിലും,ഉമ്മാച്ചുവിലും,കണ്ണപ്പനുണ്ണിയിലും, പൊന്നും പൂവിലും, സുറുമയിട്ട കണ്ണുകളിലും, ശ്രീകൃഷ്ണപ്പരുന്തിലും വരെ ആദ്യാവസാനം മികച്ച കൂട്ടുകെട്ടാണെങ്കിലും 1954 മുതൽ എൺപതുകൾ വരെയുള്ള കാലമെന്നും ഓർക്കണം.
എം എസ് ബാബുരാജുമായി ഉമ്മയിൽ തുടങ്ങിയത് ലൈലാമജ്‌നു,തച്ചോളി ഒതേനൻ,കുട്ടിക്കുപ്പായം,ഭാർഗവീനിലയം,തറവാട്ടമ്മ,അന്വേഷിച്ചു കണ്ടെത്തിയില്ല,ഇരുട്ടിന്റെ ആത്മാവ് ,പരീക്ഷ ,ലക്ഷപ്രഭു,മനസ്വിനി,എന്നിങ്ങനെ ഇടവേളകളോടെ മധുരതരമായ ഗാനങ്ങൾ തന്നു പോയി..പുകഴേന്തി എന്ന സംഗീതജ്ഞന്റെ കഴിവ് പ്രകടിപ്പിക്കപ്പെട്ട മലയാളത്തിൽ പി ഭാസ്കരന്റെ ഗാനങ്ങളാണ് ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്…ഭാഗ്യമുദ്രയിലെ മധുരപ്രതീക്ഷതൻ പൂങ്കാവനത്തിലൊരു ..മൂന്നുപൂക്കളിലെ വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ..സ്നേഹദീപമേ മിഴിതുറക്കു എന്നതിലെ ലോകം മുഴുവൻ സുഖം പകരാനായ് ..എന്നീ ഗാനങ്ങൾ മാത്രം മതി ആ അനശ്വരസംഗീതജ്ഞനെ എന്നെന്നും ഓർമ്മിക്കാൻ..പി ഭാസ്കരൻ -എ ടി ഉമ്മർ കൂട്ടിൽ നിന്നും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെ മധുരഗാനങ്ങൾ പിറന്നു..ആൽമരത്തിലെ പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ…ആഭിജാത്യത്തിലെ മഴമുകിലൊളിവർണ്ണൻ,വൃശ്ചികരാത്രിതൻ, രാസലീലയ്ക്കു വൈകിയതെന്തു നീ..തീർത്ഥയാത്രയിലെ ചന്ദ്രകലാധരന്‌ ..തെക്കൻകാറ്റിലെ പ്രിയമുള്ളവളെ …

ബ്രഹ്മാനന്ദന് പ്രിയമുള്ളവളെ…എന്നതും, മാനത്തെ കായലിൽ മണൽപ്പുറത്തിന്നൊരു എന്ന ഗാനവും പി ഭാസ്കരൻ സംഭാവനയാണ്..കാലങ്ങൾ മാറുമ്പോൾ സിനിമയിലായാലും അഭിരുചികൾ മാറും.. അക്കാലത്തും പുതിയ സംഗീത സംവിധായകരടോത്ത് വിലസിയ ഗാനരചയിതാവാണ്‌ പി ഭാസ്കരൻ.
ജോൺസൺ സംഗീതത്തിന്റെ ഭാഗ്യമുദ്രയാണ് ഇത് ഞങ്ങളുടെ കഥയിലെ സ്വർണ്ണമുകിലെ സ്വപ്നം കാണാറുണ്ടോ എന്ന ഗാനം.

നസീമയിലെ എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ ..എന്നതൊക്കെ ഉദാഹരണങ്ങൾ..രവീന്ദ്രൻ സംഗീതത്തിന്റെ കുതിപ്പിന്റെ തുടക്കത്തിൽ ഒരു പുലർകാല സുന്ദര സ്വപ്നവുമായി വന്നതും,തുടർന്ന് വെങ്കലത്തിലെ ഗാനങ്ങളുമായി തുടർന്നതും ഗാനചരിത്രത്തിലെ സുവർണ്ണധ്യായങ്ങൾ …പി ഭാസ്കരൻ ഗാനങ്ങളിലെ ഏറ്റവും മികച്ചതെന്നു പറയാവുന്ന ഗാനങ്ങളിൽ ഒന്നായ അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം എന്ന ഒരൊറ്റ ഗാനത്തിന്റെ സ്രഷ്ടാവായ കെ വി ജോബ് എന്ന വ്യക്തിയെ പറയാതെ ഇതവസാനിപ്പിക്കാനാവില്ല…

ഗാനങ്ങളങ്ങിനെ കിടക്കുകയാണ്. അതിൽ നിന്നും ഒരു കൈക്കുടന്ന നിറയെ മാത്രം കോരിയെടുത്ത അപൂർവ ഗാനങ്ങളെ മാത്രമേ സ്പർശിച്ചു പോയിട്ടുള്ളൂ…അപാര സുന്ദര നീലാകാശം പോലെ അതങ്ങിനെ കിടക്കുകയാണ്..നമ്മെ മോഹിപ്പിച്ചുകൊണ്ട് …