നീലനിശീഥിനിയിലെ അശോകപൂർണ്ണിമ

404

ഗിരീഷ് വർമ്മ ബാലുശ്ശേരി

 

നീലനിശീഥിനിയിലെ അശോകപൂർണ്ണിമ

1956 ൽ അവരുണരുന്നു എന്ന സിനിമയിലൂടെ വയലാർ രാമവർമ സിനിമാഗാനങ്ങളെഴുതി തുടങ്ങിയെങ്കിലും പത്തു കൊല്ലം കഴിഞ്ഞാണ് ശ്രീകുമാരൻ തമ്പി കാട്ടുമല്ലികയിലൂടെ കടന്നു വരുന്നത്. അതുവരെ ഭാസ്കരനും, വയലാറും മത്സരിച്ചെഴുതി മലയാളികളെ സുഖിപ്പിക്കുന്നുണ്ടായിരുന്നു. ഇവിടേക്കാണ്‌ വേറിട്ടൊരു ശൈലിയുമായി തമ്പിസാറിന്റെ വരവ്.. ശരിക്കും അതൊരാഘോഷം തന്നെയായിരുന്നു.

കാട്ടുമല്ലികയിലെ ഗാനങ്ങൾ കഴിഞ് പ്രിയതമയിലെ കരളിൻ വാതിലിൽ മുട്ടി വിളിക്കും കാവ്യദേവകുമാരീ എന്ന ഉജ്വല ഗാനവുമായി ഇവിടെ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തു… ശ്രീകുമാരൻ തമ്പി ഗാനങ്ങൾക്കുള്ള പ്രത്യേകത തിരിച്ചറിഞ്ഞ പാട്ട് കൂടിയാണത്. കണ്ണിൽ നാണക്കതിരുകൾ ചൂടി കടന്നിരിക്കൂ നീ… എന്ന് വിനീതനായി പറയുന്ന കാമുകന്റെ ഭാവം പുതിയൊരു ചുവടുവെപ്പായിരുന്നു. എന്നിരുന്നാലും നാണക്കതിരുകൾ ചൂടാൻ കവി പറയുന്നത് നഗ്നപാദയായ് അകത്തു വരൂ എന്ന വയലാർ വരികളോട് ചേർത്തു വയ്ക്കാൻ തോന്നുന്നു.

അകലെ നിന്നു ഞാൻ ആരാധിക്കാം അനവദ്യസൗന്ദര്യമേ എന്ന് എഴുതിയ തമ്പി സാർ ഒട്ടുമിക്ക പ്രണയഗാനങ്ങളിലും ആ ഒരാരാധന സൂക്ഷിക്കുന്നുണ്ട്. പുരുഷനോളം അല്ലെങ്കിൽ അതിനുമെത്രയോ മുകളിൽ പ്രതിഷ്ഠിക്കുന്നു സ്ത്രീ മനസ്സിനെ. ഹൃദയസരസ്സിലെ പ്രണയപുഷ്മമേ , മനോഹരി നിൻ മനോരഥത്തിൽ ,നിൻ മണിയറയിലെ ,നീലനിശീഥിനീ,എൻ മന്ദഹാസം ,മല്ലികപ്പൂവിൻ മധുരഗന്ധം,ആ നിമിഷത്തിന്റെ നിർവൃതിയിൽ , എത്ര സുന്ദരീ,സ്നേഹഗായികേ നിൻ സ്വപ്ന വേദിയിൽ ,ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു,അകലെ നിന്ന് ഞാൻ ആരാധിക്കാം… എന്നിവയിലൊക്കെ പ്രണയസമർപ്പണത്തിന്റെ ലോലസ്പർശങ്ങൾ നമുക്കനുഭവപ്പെടും… കഥാ സന്ദർഭങ്ങൾക്കനുസരിച്ചായിരിക്കും പലപ്പോഴും എഴുതുന്നതെങ്കിലും പുരുഷപ്രണയത്തിന്റെ കടന്നുകയറ്റങ്ങൾ വരികളിൽ കാണുകയില്ല എന്ന് തന്നെ പറയാം. മുൻകോപക്കാരീ ,,,എന്ന് എഴുതിയെങ്കിലും മുഖം മറയ്ക്കും നിന്റെ മനസ്സൊരു മുല്ലപൂങ്കാവ് എന്നെഴുതി സേതുബന്ധനത്തിനു വേണ്ടി… പ്രണയത്തിന്റെ ആത്മാർത്ഥത നിഴലിക്കുന്ന ഒരു മുഖം മാത്രം കണ്ണിൽ , ഒരു സ്വരം മാത്രം കാതിൽ ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ… എന്നുമെഴുതി . ചിലതിൽ നേർത്ത വിഷാദച്ഛവി കലർന്നതും കാണാം. സന്തോഷത്തിന്റെ നിമിഷങ്ങളിൽ പോലും സ്നേഹഗായികേ നിൻ സ്വപ്ന വേദിയിൽ ഗാനോത്സവമെന്നു തുടങ്ങും , ആനന്ദ ഗാനോത്സവമെന്നു തുടങ്ങും… എഴുതിയപ്പോൾ അതിൽ അടങ്ങിയ പ്രണയത്തുടിപ്പ് എം കെ അർജുനൻ മാസ്റ്ററിലൂടെ ലഹരി പിടിപ്പിക്കുന്ന വേദനയായി മാറി. പലപ്പോഴും തോന്നിയിട്ടുണ്ട് വയലാർ പ്രണയഗാനങ്ങളിൽ കാമുകീകാമുക സംഗമം ഇഴുകിച്ചേർന്നു നിൽക്കുന്ന വരികളിലൂടെ അദ്ദേഹം എഴുതിവെയ്ക്കുമ്പോൾ ശ്രീകുമാരൻ തമ്പി ഗാനങ്ങളിലെ മാംസനിബദ്ധമല്ലാത്ത പ്രണയസങ്കല്പം അതി തീവ്രതയോടെ പരിലസിക്കുകയും ചെയ്യുന്നു. മാംസതല്പങ്ങളിൽ ഫണം വിതിർത്താടും മദമായിരുന്നില്ല നിൻ പ്രണയം എന്ന വയലാർ മാസ്മരികത മറന്നിട്ടല്ല പറഞ്ഞത്… നിൻ മണിയറയിലെ നിൻ മലർശയ്യയിലെ നീല നിരാളമായ് ഞാൻ മാറിയെങ്കിൽ എന്നും നായകനിലൂടെ മനസ്സ് തുറന്നിട്ടുണ്ട് തമ്പി സാർ .. പ്രണയത്തിന്റെ ഓരോ ഘട്ടങ്ങളെയും പ്രകൃതിയിലേക്ക് ചേർത്തു വെയ്ക്കുന്നത് കാവ്യഭാവന .അവിടെ കാണുന്നതൊക്കെ അവരുടെ കൂടിച്ചേരലിന്റെ മറ്റൊരു മാതൃകയെന്നോണം , എല്ലാം പ്രണയിതാക്കൾക്കു വേണ്ടി സൃഷ്ടിക്കപ്പെട്ട പോലെ… മിക്ക പ്രണയ ഗാനങ്ങളിലും ഇത്തരം വർണ്ണനകൾ കാണാവുന്നതാണ്..
മഴമേഘ കാര്‍കൂന്തല്‍ ഇളകുന്നു പിന്നില്‍
മതിലേഖ പോല്‍ നെറ്റി തെളിയുന്നു മുന്നില്‍
തിരനോട്ടം നടത്തുന്നോരളകങ്ങള്‍ തുള്ളി
കുളിര്‍ തെന്നലതില്‍ നിന്നും രോമാഞ്ചം നുള്ളി ( പൂമിഴിയാൽ പുഷ്‌പാഭിഷേകം )

തിരുവാഭരണം ചാര്‍ത്തിവിടര്‍ന്നു
തിരുവാതിര നക്ഷത്രം

താരകരൂപിണീ നീയെന്നുമെന്നുടെ
ഭാവനാരോമാഞ്ചമായിരിക്കും..
ഏകാന്തചിന്തതന്‍‍ ചില്ലയില്‍ പൂവിടും
എഴിലംപാലപ്പൂവായിരിക്കും..

രാക്കുയിലിൻ രാജ സദസ്സിൽ രാഗ മാലികാ മാധുരി

എല്ലാം അവർക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് .സാരം ..

കുങ്കുമക്കുറിയുടെ മാഹാത്മ്യം കാണാൻ തപസ്സു ചെയ്യും നിൻ സേവകൻ എന്ന് പൊട്ടിയ്ക്കരഞ്ഞുകൊണ്ടു കുറ്റങ്ങൾ സമ്മതിക്കുന്ന നായകനെയും ,പ്രണയ നഷ്ടത്തിന്റെ കാഠിന്യത്തിൽ മനസ്വിനിക്ക് വിവാഹ മംഗളാശംസകൾ നേർന്നുകൊണ്ട് പിൻവാങ്ങുന്ന മംഗളം നേരുന്നു ഞാൻ മനസ്വിനീ എന്ന ഗാനാലാപനത്തോടെയുള്ള നായകനെയും കാണാൻ കഴിയുന്നു.
പഞ്ചേന്ദ്രിയങ്ങളുടെ പഞ്ചരം വിട്ടു പറന്നുപോയേക്കാവുന്ന പ്രാണനാഥനെ ഓർത്ത് വിലപിക്കുന്ന നായികയുടെ ദുഃഖം ആ വരികളുടെ ,സംഗീതത്തിന്റെ തീക്ഷ്ണത കൊണ്ട് ഇന്നും നമ്മളോർമ്മിക്കുന്നു, ഹൃദയം ഒരു ക്ഷേത്രം എന്ന ചലച്ചിത്രത്തിലെ മാധുരി പാടിയ ..ഗാനം.
ഇത് ഇന്ന ആൾ എഴുതിയത് എന്നുറപ്പിക്കാവുന്നതുമായ ചില പാട്ടുകളിലെ വരികളുണ്ട്.
വർണ്ണരഹിതമാം നിമിഷദലങ്ങളെ സ്വർണപതംഗങ്ങളാക്കി … .എന്നും.പിന്നീട്
നീയെന്ന സങ്കല്പം ഇല്ലായിരുന്നെങ്കിൽ നിശ്ചലശില്പമായേനെ ..
എന്നുമെഴുതാൻ തമ്പിസാറിനെ .കഴിയൂ..
ഇനിയെന്റെ രാവിലുണ്ടോ ചന്ദ്രോദയം … എന്നും
ഇനിയെന്റെ വനിയിലുണ്ടോ സ്വപ്നാങ്കുരം
എന്നൊക്കെ സങ്കല്പിച്ചെഴുതാൻ ശ്രീകുമാരൻ തമ്പി എന്ന പാട്ടെഴുത്തുകാരനെ കഴിയൂ എന്ന് നിസ്സംശയം .
പറയാം.

ഒരുവിധമെല്ലാ സംഗീതസംവിധായകരും ഇദ്ദേഹത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയതായി കാണുന്നുണ്ട്.അത്തരമൊരു ഭാഗ്യം ഈ പാട്ടെഴുത്തുകാരന് ലഭിച്ചിട്ടുണ്ട്.കെ. രാഘവൻ,ദക്ഷിണാമൂർത്തി,ദേവരാജൻ,എം എസ് ബാബുരാജ് ,എം എസ് വിശ്വനാഥൻ,എംകെ അർജുനൻ മുതൽ എ ടി ഉമ്മർ, സലിൽ ചൗധരി,ശ്യാം,കെ ജെ ജോയ്, ജോൺസൺ ,രവീന്ദ്രൻ വരെ ഉള്ളവർക്കും, ഇളയരാജ, ശങ്കർഗണേഷ് തുടങ്ങിയവർക്കും വരെ അതിനുള്ള യോഗമുണ്ടായി…
എന്നിരുന്നാലും പാട്ടെഴുത്തുകാരന്റെ മനസ്സ് തൊട്ടറിഞ്ഞുകൊണ്ടു വരികളെ സമീപിച്ചവർ ആരൊക്കെ എന്ന് നോക്കുന്നത് കൗതുകകരമായത് .

എം കെ അർജുനൻ -ശ്രീകുമാരൻ തമ്പി
എം എസ് വിശ്വനാഥൻ – ശ്രീകുമാരൻ തമ്പി കൂട്ടുകെട്ട് കഴിഞ്ഞിട്ടേ മറ്റൊന്ന് സങ്കല്പിക്കാനാവുള്ളൂ. ചിലപ്പോൾ അതുകൊണ്ടു തന്നെയാവും തന്റെ ചിത്രങ്ങൾക്കും വേണ്ടി കൂടുതലും ഇവരെ പരീക്ഷിച്ചതും..
ദേവരാജൻ,ദക്ഷിണാമൂർത്തി എന്നിവർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ മറക്കാനാവുന്നതല്ല എങ്കിലും അതവരുടെ പതിവ് ശൈലി ആയെ കാണാനാവൂ. വയലാർ ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളോളം തന്നെ ഇവരുടെ ഒന്നിക്കലിലും .. മിടുമിടുക്കിയിലെ അകലെ അകലെ നീലാകാശം എന്ന യുഗ്മഗാനത്തെ വെല്ലുന്ന മറ്റൊരു പ്രണയഗാനം കാണാൻ ബുദ്ധിമുട്ടാണ്. എം എസ് വൈഭവം തെളിഞ്ഞുവിലസിയത് … എം എസ് സംഗീതത്തിന്റെ ആ മുഴക്കം അത്ഭുതപ്പെടുത്തുന്നതാണ് .പ്രത്യേകിച്ചും ദുഃഖഗാനങ്ങളിൽ . അശരീരി പോലെ അലയടിച്ചു വരുന്ന വിഷാദവീചികൾ അനിർവചനീയം തന്നെ..
ഹൃദയവാഹിനീ ഒഴുകുന്നു നീ .. എന്നതിൽ ഒഴുകിയെവിടെയോ എത്തും നമ്മൾ,, അത്രയ്ക്കും ഭാവസാന്ദ്രമായത്. ദിവ്യ ദര്ശനത്തിലെ ഗാനങ്ങൾ, മറന്നുവോ നീ ഹൃദയേശ്വരീ ,ഈശ്വരനൊരിക്കൽ വിരുന്നിനുപോയി, തിരുവാഭരണം ചാർത്തി ,
എന്നിവയെല്ലാം …
അതേപോലെ അല്ലെങ്കിൽ അതിലും മുകളിലാണ് നമ്മുടെ സ്വന്തം എംകെ അർജുനൻ സംഗീതം. ദേവരാജൻ സംഗീതത്തിന് ശേഷം അർദ്ധ ക്‌ളാസ്സിക് സംഗീതവുമായി ദക്ഷിണാമൂർത്തി വന്നെങ്കിലും പിന്നീട് കൂടുതൽ ലളിതസംഗീതത്തിന്റെ തെളിച്ചമായി വന്നത് എം കെ അർജുനൻ മാസ്റ്ററാണ്. ശ്രീകുമാരൻ തമ്പി സാറിന്റെ വരികളുടെ ചാരുത നഷ്ടപ്പെടാതെ പാട്ടുകൾ ഒരുക്കാൻ കഴിഞ്ഞ മാസ്റ്ററുടെഎല്ലാ ഗാനങ്ങളും തന്നെ ഭംഗിയാർന്നതാണ്..

റസ്റ്റ്ഹൗസിലൂടെ പൗർണമിചന്ദ്രിക തൊട്ടുവിളിച്ചിട്ടു, പാടാത്ത വീണയും പാടും എന്നീ മെലഡികളുമായി വന്ന് മലയാള സിനിമയിൽ സ്ഥിരവാസമാക്കിയ ആളാണ്.
നിൻ മണിയറയിലെ, നീലനിശീഥിനീ, ദുഃഖമേ നിനക്ക് പുലര്കാലവന്ദനം ,കുയിലിന്റെ മണിനാദം കേട്ടു ,പാലരുവിക്കരയിൽ, മുത്തുകിലുങ്ങി,സുഖമൊരു ബിന്ദു,മല്ലികപ്പൂവിൻ മധുരഗന്ധം,ചന്ദ്രോദയം കണ്ട് ,സാന്ധ്യതാരകേ മറക്കുമോ , എന്നങ്ങിനെ എഴുതിയാൽ തീരാത്തത്രയും ഗാനങ്ങളുണ്ട് ….
ബന്ധങ്ങളിലെ ഇഴമുറിച്ചിലുകൾ , ജീവിത യാഥാർഥ്യങ്ങളുടെ പരുക്കൻ വശങ്ങൾ, മൂല്യത്തകർച്ചകൾ എല്ലാം തമ്പി സാറിന്റെ പാട്ടുകളിൽ ചോദ്യശരങ്ങളായി കേൾക്കുന്നവന്റെ നേരെ പോലും എയ്തു വിടുന്നുണ്ട്.
നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ സുഖവും ദുഖവും എന്ന്
സുഖമെവിടെ ദുഃഖമെവിടെ എന്നെഴുതി ..
കാലം മാറിവരും കാറ്റിൻ ഗതി മാറും,,,
കടൽവറ്റി കരയാവും
കര പിന്നെ കടലാവും
കഥയിതു തുടർന്ന് വരും… എന്നും ആശ്വസിപ്പിക്കുന്നുണ്ട് …
സുഖമൊരു ബിന്ദു…
ദുഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും
ബിന്ദുവിലേക്കൊരു
പെന്റുലമാടുന്നു … അതാണ് സത്യത്തിൽ ജീവിതമെന്നും അദ്ദേഹം വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ സിനിമകൾ പോലും കുടുംബബന്ധങ്ങളിലെ താളവും, താളപ്പിഴകളും ചേർത്ത് ചിത്രീകരിച്ചതാണ് .
ജീവിതം ഒരു ഗാനം.
സ്വന്തമെവിടെ ബന്ധമെവിടെ
ബന്ധുക്കൾ ശത്രുക്കൾ
അമ്പലവിളക്ക്
എന്നിവ ഉദാഹരണങ്ങളാണ്….

പാട്ടെഴുത്തിന്റെ സുവർണ്ണകാലം അസ്തമിച്ചിരിക്കുന്ന വർത്തമാനകാലത്ത് ഇതൊക്കെയേ നമുക്കോർമ്മിക്കാനുള്ളൂ… ഓമനിക്കാനുള്ളൂ …