Music
വഴി മാറി വന്നവർ, ഒരൊറ്റ പാട്ടിലൂടെ പ്രസിദ്ധി നേടിയവരുണ്ട് സിനിമാ ലോകത്ത്
ഒരൊറ്റ പാട്ടിലൂടെ പ്രസിദ്ധി നേടിയവരുണ്ട് സിനിമാ ലോകത്ത്. എഴുതിയവരിൽ പ്രസിദ്ധരും അപ്രസിദ്ധരും ഉണ്ടാവാം. അവരവർ തിളങ്ങി നിൽക്കുന്ന
134 total views

വഴി മാറി വന്നവർ
ഒരൊറ്റ പാട്ടിലൂടെ പ്രസിദ്ധി നേടിയവരുണ്ട് സിനിമാ ലോകത്ത്. എഴുതിയവരിൽ പ്രസിദ്ധരും അപ്രസിദ്ധരും ഉണ്ടാവാം. അവരവർ തിളങ്ങി നിൽക്കുന്ന മേഖലയിൽ നിന്നും പാട്ടെഴുത്തിനായി അവിചാരിതമായി വന്നു പോയവരുമുണ്ടാവാം. അവിടെ അവർ സ്ഥിരമാക്കാനുദ്ദേശവും ഉണ്ടാവില്ല. മഹാകവികൾ , നോവലിസ്റ്റുകൾ എന്നിവരും ഇത്തരത്തിൽ ചിലപ്പോഴവരിഷ്ടപ്പെടാതെ ഇവിടെ എത്തപ്പെട്ടിട്ടുണ്ടാവാം. എന്നാലും ഈ രംഗത്തും കൈത്തഴക്കമുള്ളവരെ പോലെ അവരുടെ രചനകളും പേരെടുക്കുക ഉണ്ടായി. പിന്നീട് ഇതവരുടെ മേഖല അല്ലെന്നു തിരിച്ചറിഞ്ഞ ശേഷം തിരികെ മടങ്ങിയവരും ഉണ്ട്. പിന്നീടും കാലങ്ങൾ കഴിഞ്ഞിട്ടും അവരെഴുതിയിട്ടു പോയ പാട്ടുകളുടെ ഈരടികൾ പാട്ടാസ്വാദകരെ എന്നേക്കും തടവിലിടുകയും ചെയ്തു!
തിരക്കഥയുടെ തലതൊട്ടപ്പൻ ആയ എം ടി വാസുദേവൻ നായരും ഒരു ചിത്രത്തിന് വേണ്ടി പാട്ടുകൾ എഴുതി എന്നറിയുമ്പോൾ അത്ഭുതപ്പെടുന്നവരുണ്ടാവാം… എന്നാൽ അതും സംഭവിച്ചിരുന്നു . തന്റെ തന്നെ തിരക്കഥ ആയ ” വളർത്തുമൃഗങ്ങൾ “ക്ക് വേണ്ടിയായിരുന്നു അത്. പാട്ടെഴുതാൻ ആ സമയത്ത് എന്തോ തടസ്സങ്ങൾ വന്നപ്പോൾ എം ടി തന്നെ എഴുതാൻ നോക്കുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. കവിത പോലെ വായിച്ചു പോവാവുന്ന മഞ്ഞു പോലുള്ള നോവലുകൾ എഴുതിയ അദ്ദേഹത്തിന് അതൊരു ബുദ്ധിമുട്ടായിട്ടുണ്ടാവില്ല.. സർക്കസ് കൂടാരത്തിലെ ജീവിതങ്ങളെ വെള്ളിത്തിരയിലെ അനുഭവമാക്കിയ എംടിയെന്ന നോവലിസ്റ്റിൽ നിന്നും പിറന്നു വീണ വരികളാണ്…….”ഒരു മുറികണ്ണാടി ഒന്ന് നോക്കി .. എന്നെ ഒന്ന് നോക്കി ” എന്ന മുറിസ്വപ്നങ്ങൾ ഒത്തുചേർത്തുല്ലസിക്കുന്ന ഒരു സർക്കസ്സ്കാരിയുടെ മാനസിക ഭാവങ്ങൾ എത്ര സുന്ദരമായാണ് അദ്ദേഹം എഴുതി വെച്ചത്… കർമ്മത്തിൻ പാതകൾ വീഥികൾ ദുർഗ്ഗമവിജനപഥങ്ങൾ ….എന്ന ഗാനവും അലച്ചിലും , മടുപ്പും നിറഞ്ഞ സർക്കസ്സ് ജീവിതത്തിന്റെ ഏടുകളിലൂടെ കടന്നുപോവുന്നത് …ശുഭരാത്രി നിങ്ങൾക്ക് നേരുന്നു… എന്ന ഗാനവും തഴക്കവും പഴക്കവും വന്ന ഒരു പാട്ടെഴുത്തുകാരന്റെ കൈവിരൽ സ്പർശം പോലെ..
മഹാകവി ജി ശങ്കരക്കുറുപ്പും സിനിമകൾക്ക് വേണ്ടി പാട്ടുകൾ എഴുതിയിട്ടുണ്ട്… അഭയം എന്ന ചിത്രത്തിന് വേണ്ടി “നീരദ ലതാഗൃഹം പൂകി ” എന്ന ജാനകിയുടെ ഗാനം . ശ്രാന്തമംബരം എന്ന യേശുദാസ് ഗാനവും കവിത പോലെ സുന്ദരമായിരുന്നു. എന്നാൽ പാട്ടുകളിലെ ആ ലാളിത്യം ശങ്കരക്കുറുപ്പ് പാട്ടുകൾക്കുണ്ടായിരുന്നില്ല. കവയിത്രി സുഗതകുമാരിയും ചില രചനകളൊക്കെ സിനിമയ്ക്ക് വേണ്ടി നടത്തിയിട്ടുണ്ട്. തന്റെ തന്നെ കവിതയായ പാവം മാനവഹൃദയം അഭയം എന്ന ചിത്രത്തിന് വേണ്ടി ചേർക്കുകയുണ്ടായി.. ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതത്തിൽ സുശീല പാടി നമ്മൾക്ക് കേൾക്കാനുള്ള ഭാഗ്യമുണ്ടായി…
ഓ വി ഉഷ മഴ എന്ന ചിത്രത്തിന് വേണ്ടി ഒരു ഗാനം എഴുതുകയുണ്ടായി. ആരാദ്യം പറയും … എന്ന ഗാനത്തിന് അക്കൊല്ലം സംസ്ഥാന അവാർഡും നേടുകയുണ്ടായി… മധുസൂദനൻ നായർ തന്റെ കവിതയായ ” ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ ” എന്ന ഗാനം മോഹൻ സിതാരയുടെ സംഗീതത്തിൽ ദൈവത്തിന്റെ വികൃതികൾ എന്നതിൽ പാടുകയും ഉണ്ടായി… പിന്നെയും ചില ചലച്ചിത്രങ്ങൾക്ക് വേണ്ടി പേനയുന്തിയെങ്കിലും കുലം എന്നതിലെ “ചന്ദനശിലയിൽ കാമനുഴിഞ്ഞതു ” എന്ന ഗാനം എം ജി രാധാകൃഷ്ണൻ സംഗീതത്തിൽ ഹൃദ്യമായി….
കവി സച്ചിദാനന്ദൻ പുഴങ്കരയും സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയുണ്ടായി.. പ്രണയവർണ്ണങ്ങളിലെ ഹിറ്റ് ഗാനം ആണ് ഇദ്ദേഹത്തിന്റെ പേര് എന്നേക്കും മലയാള സിനിമയിൽ സ്ഥിരപ്പെടുത്തിയത്…”വരമഞ്ഞളാടിയ രാവിന്റെ മാറിൽ ” മൂളാത്ത മലയാളികളുണ്ടോ !!! ശേഷം ഇഷ്ടത്തിലെ ” കാണുമ്പോൾ പറയാമോ കരളിലെ അനുരാഗം “എന്ന ഗാനം വിക്കിപീഡിയയിൽ ഇപ്പോഴും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സംഭാവനയായി കിടക്കുന്നു.. സച്ചിദാനന്ദൻ പുഴങ്കര എന്നുകൂടി ഞാൻ ചേർത്തിട്ടുണ്ട്…
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന കവിതയുമായി ശ്രദ്ധ നേടിയ ഇഞ്ചക്കാട് ബാലചന്ദ്രൻ ” അശ്വാരൂഢൻ” എന്ന ചലച്ചിത്രത്തിന് വേണ്ടി ഒരു ഗാനം എഴുതിയിട്ടുണ്ട്… “അഴകാലില മഞ്ഞച്ചരടിലെ പൂത്താലി ” എന്ന ഗാനം ജാസി ഗിഫ്റ്റ് സംഗീതം കൊണ്ട് ശ്രദ്ധ കൈവരിച്ചത്…
കവി പ്രഭാ വർമ്മ ഗാനരംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.. എന്നാൽ ഏറെ ഓർക്കത്തക്ക ഗാനങ്ങൾ കുറവായിരുന്നു. എന്നിരുന്നാലും നഗരവധുവിലെ ” പൂന്തേൻ നേർമൊഴി ” എന്ന അർദ്ധ ക്ലാസിക്കൽ ഗാനം എം ജയചന്ദ്രൻ സംഗീതത്തിൽ ചിത്ര അവിസ്മരണീയമാക്കിയിട്ടുണ്ട്…
സ്ഥിതി എന്ന ചിത്രത്തിന് വേണ്ടി ഉണ്ണി മേനോൻ സംഗീതം ചെയ്തു പാടിയ “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ” എന്ന ഗാനവും സ്മരണീയമാണ് . ഉണ്ണിമേനൊൻ്റെ ഒരു മധുര പ്രതികാരം! വയലാർ അവാർഡ് ജേതാവ് എഴാച്ചേരി രാമചന്ദ്രനും പാട്ടെഴുത്തിൽ പയറ്റിയിട്ടുണ്ട്.. എന്നാൽ ഒരൊറ്റ ഗാനം കൊണ്ട് മലയാളിശ്രദ്ധ പിടിച്ചു വാങ്ങിയ ” ചന്ദന മണിവാതിൽ പാതി ചാരി ” എന്ന രവീന്ദ്രൻ ഗാനം ഓർമ്മകളിലെന്നും നിറഞ്ഞു നിൽക്കുന്നത്…
തിരക്കഥയിലും, സംവിധാനത്തിലും മലയാള സിനിമയ്ക്ക് ഏറെ നേട്ടം കൈവരുത്തി തന്ന വ്യക്തിയാണ് ലോഹിതദാസ്…അദ്ദേഹവും ഇടയ്ക്കിടെ ചില പാട്ടെഴുത്തുകളൊക്കെ നടത്തിയിട്ടുണ്ട്. ഹിറ്റ് ചാർട്ടിൽ ഇടം നേടിയ പ്രണയ ഗാനം കൊലക്കുഴൽ വിളി കേട്ടോ … എന്നത് എടുത്തുപറയേണ്ടത്…. ഇത്തരത്തിൽ ഇടയ്ക്കു ഒന്ന് വന്ന് തെളിഞ്ഞു നിന്ന പലരും ഉണ്ടാവും. അവരുടെ പ്രതിഭയുടെ തെളിച്ചം കൊണ്ട് ഈ മേഖലയിലും ചിലതു ചെയ്യാനായി… നമുക്കത് മുതൽക്കൂട്ടുമായി….
135 total views, 1 views today