Music
വരമഞ്ഞളാടിയ ശ്രുതികൾ
വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞ ഗാനങ്ങൾ രചനയിലും സംഗീതത്തിലും മികവ് പുലർത്തിയവ ഏറെയുണ്ട് മലയാള സിനിമയിൽ. അതി വൈകാരികത കലർത്തിയും ചിലത് ..വിരഹം, തനിച്ചാവൽ തുടങ്ങിയവ ചിത്രീകരിക്കുന്ന
256 total views

വരമഞ്ഞളാടിയ ശ്രുതികൾ
വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞ ഗാനങ്ങൾ രചനയിലും സംഗീതത്തിലും മികവ് പുലർത്തിയവ ഏറെയുണ്ട് മലയാള സിനിമയിൽ. അതി വൈകാരികത കലർത്തിയും ചിലത് ..വിരഹം, തനിച്ചാവൽ തുടങ്ങിയവ ചിത്രീകരിക്കുന്ന സീനുകളിൽ കടന്നുവരുന്ന ഗാനങ്ങളുടെ വൈകാരിക സ്ഫോടനങ്ങൾ പാട്ടു ചിന്തകരെ , ഇഷ്ടക്കാരെ അതിലേക്ക് വലിച്ചിടും . പൂർണത നേടാത്ത വരികളും ചിലപ്പോൾ സംഗീതത്തിന്റെ മേന്മയിൽ ലഹരി പതയ്ക്കും മനസ്സിൽ… സംഗീതത്തിന്റെ ആ കടലലകൾ മനസ്സിലുയർന്നു താണ് അസ്വസ്ഥമാക്കും..
ദക്ഷിണാമൂർത്തിയേക്കാളും വൈകാരിക നിമിഷങ്ങൾ സംഗീതസാന്ദ്രമാക്കാൻ കൂടുതൽ വൈദഗ്ദ്യം ബാബുരാജിനായിരുന്നു എന്നു തോന്നും ചിലപ്പോൾ … പി ഭാസ്കരൻ – ബാബുരാജ് ലയനം ” വിജനതീരമേ എവിടെ ” എന്ന ഗാനത്തിൽ അനുഭവപ്പെടും… വിരഹത്തിന്റെ അഴിഞ്ഞുലഞ്ഞ മാനസികാവസ്ഥ… ഇനിയുമെത്ര പറയാൻ കിടക്കുന്നു. എഴുതിയാൽ തീരില്ല ..
പാട്ടെഴുത്തിലും, സംഗീതത്തിലും പ്രതിഭകൾ മലയാളത്തിൽ ആദ്യം മുതൽക്കേ ഉണ്ടായിരുന്നു. മറ്റു ദക്ഷിണേന്ത്യൻ ഗായകർ മലയാള സിനിമയെ കീഴടക്കി എന്നത് സത്യമെങ്കിലും എഴുത്തിനും സംഗീതത്തിനും മലയാളത്തിന്റേതായ ഒരു ആധിപത്യം എന്നുമുണ്ടായിരുന്നു. എന്നിരുന്നാലും തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ഹിന്ദിയിൽ നിന്നും ഉജ്വല സംഗീത സംവിധായകർ ഇവിടെ തങ്ങളുടെ ലോകം സൃഷ്ടിച്ചിട്ടുണ്ട്. നമ്മൾ മതിമറന്നിട്ടുണ്ട്… എം എസ് വിശ്വനാഥൻ , ഇളയരാജ , ബോംബെ രവി. നൗഷാദ് , സലിൽ ചൗധരി തുടങ്ങിയവരൊക്കെ തീർത്തുവെച്ചിട്ടു പോയ അക്ഷയ ഖനികൾ !!!!
ഇവരിൽ നിന്നൊക്കെ തീർത്തും വ്യത്യസ്തനായിരുന്നു 1996 ൽ മലയാളത്തിൽ ഈണമിട്ടു വന്ന ശ്രീ വിദ്യാസാഗർ ..തീവ്ര വൈകാരിക സന്ദർഭങ്ങളെ പാട്ടിലേക്കാവാഹിക്കാൻ അസാമാന്യകഴിവ് പ്രകടിപ്പിച്ചവൻ . മലയാളം അതിനും സാക്ഷിയായി. വിദ്യാസാഗർ മാഹാത്മ്യം തമിഴിൽ കണ്ടമ്പരന്നവർ നമ്മൾ. പ്രണയസാഫല്യത്തിന്റെ നിമിഷങ്ങളിലെ വൈകാരിക മുറുക്കം അനുഭവിപ്പിച്ച ഒരു ഗാനം ഉണ്ട്. എസ് പി ബാലസുബ്രഹ്മണ്യവും ജാനകിയും ചേർന്നാലപിച്ച എന്നേക്കും സുന്ദര ഗാനം. ” മലരേ …മൗനമാ ” ….ഒരു സമർപ്പണത്തിന്റെ സ്നിഗ്ദ്ധത വഴിഞ്ഞൊഴുകുന്ന സംഗീതം…ഓരോ വരിയിലും വന്നു നിറയുന്ന രാഗസമ്പൂർണതയുടെ മഹാത്ഭുതം ! വർണ്ണിക്കാൻ വാക്കുകളില്ലാത്ത , മനസ്സുറഞ്ഞു പോയ വിദ്യാവൈഭവം !അത്തരമൊരു സംഗീതമായാജാലക്കാരൻ ആണ് 1996 ൽ മലയാള ഗാനങ്ങൾക്ക് ഈണമിടാൻ എത്തപ്പെട്ടത്.മലരേ മൗനമാ ഗാനത്തിന്റെ ഉയരങ്ങളിലേക്ക് മലയാള ഗാനങ്ങൾ എത്തപ്പെട്ടില്ലെങ്കിലും വിദ്യാസാഗർ സംഗീതം ഇവിടെയും സമാന പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. വിരഹത്തിന്റെ തീവ്രത മനുഷ്യ മനസ്സിനെ അസ്വസ്ഥപ്പെത്തുന്ന നിമിഷങ്ങളിൽ ഭ്രാന്താവസ്ഥയിൽ എത്തപ്പെടുന്നതും നമ്മൾ കണ്ടു , കേട്ടു …ദേവദൂതൻ എന്ന ചിത്രത്തിലെ കൈതപ്രത്തിന്റെ ലളിതമായ വരികൾക്ക് വിദ്യാസാഗർ നൽകിയ പൂർണത …. ” എൻ ജീവനേ … എങ്ങാണു നീ … ഇനിയെന്ന് കാണും വീണ്ടും ” എന്ന സാമാന്യ വരികൾ പോലും സംഗീതം കൊണ്ട് അത്യുന്നതി പൂകാൻ കഴിയും എന്ന് നമ്മൾ അറിഞ്ഞു. ശരിക്കും അതി വൈകാരികതയുടെ തീക്ഷ്ണ മുഹൂർത്തങ്ങളായിരുന്നു അതിലെ സംഗീതധാര … പിന്നീടോ അതിനു മുൻപോ ആ തീവ്രത അത്രയേറെ അനുഭവപ്പെട്ടിട്ടില്ല… എങ്കിലും…
സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ് … ( കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് )കാത്തിരിപ്പൂ കണ്മണീ … യാത്രയായ് സൂര്യാങ്കുരം … ( നിറം )സൂര്യനായ് തഴുകിയുറക്കുമെന്നെച്ഛനെയാണെനിക്കിഷ്ടം ( സത്യം ശിവം സുന്ദരം )പുന്നെല്ലിൻ കതിരോലതുമ്പത്ത് ( മെയ്ഡ് ഇൻ യൂ എസ് എ ) എന്നിവയിലൊക്കെ അത്ര ആഴത്തിലല്ലെങ്കിലും അത് മിന്നിമറഞ്ഞിട്ടുണ്ട്..
പ്രണയത്തിലെ മുറുക്കം അനുഭവിക്കുന്ന ഗാനങ്ങളും സുലഭം …
പിന്നെയും പിന്നെയും ആരോ കിനാവിന്റെ ( കൃഷ്ണഗുഡിയിൽ..) എങ്ങുനിന്നെങ്ങുമിന്നീ സുഗന്ധം ( ഇലവങ്കോട് ദേശം ) ഒരു രാത്രി കൂടി വിടവാങ്ങവേ ( സമ്മർ ഇൻ ബത്ലഹേം ) എത്രയോ ജന്മമായ് ..
ആരോ വിരൽ മീട്ടി ( പ്രണയവർണ്ണങ്ങൾ ) വരമഞ്ഞളാടിയ രാവിന്റെ മാറിൽ
മിഴിയറിയാതെ വന്നു ഞാൻ ( നിറം ) കരളേ നിൻ കൈ പിടിച്ചാൽ ( ദേവദൂതൻ ) വർത്തിങ്കൽ തെല്ലല്ലേ ( ഡ്രീംസ് ) ദ്വാദശിയിൽ മണിദീപിക ( മധുരനൊമ്പരക്കാറ്റ് ) മറന്നിട്ടുമെന്തിനോ മനസ്സിൽ ( രണ്ടാം ഭാവം) ചന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത് ( ചാന്തുപൊട്ട് )
ആരാരും കാണാതെ ( ചന്ദ്രോത്സവം)
അനുരാഗവിലോചനനായി ( നീലത്താമര ) മലർവാക കൊമ്പത്ത് ( എന്നും എപ്പോഴും )
ഈ ഗാനങ്ങളൊക്കെ നിരത്തിഎഴുതിയത് അതിൽ വന്നു പോവുന്ന ഭാവങ്ങൾ ഒന്നോർത്തു പോവാൻ വേണ്ടി കൂടിയാണ്.
ഗിരീഷ് പുത്തഞ്ചേരി രചനകൾ കൂടുതൽ മിഴിവേകിയ കാലങ്ങളായിരുന്നു അവ. ഗിരീഷിനെ വിദ്യാസാഗറിൽ കൂടിയും നമ്മളോർക്കും . വരികളും സംഗീതവും അത്രയേറെ പൊരുത്തം… പുത്തഞ്ചേരിയുടെ മനസ്സറിഞ്ഞു കൊണ്ട് സംഗീതം ചെയ്തതാണെന്ന് തോന്നും…
196ൽ അഴകിയ രാവണൻ എന്ന ചിത്രത്തിന് വേണ്ടി സംഗീതം ചെയ്യാനായി നിയോഗിക്കപ്പെട്ടു വന്ന ആ ആന്ധ്രപ്രദേശുകാരൻ പിന്നീട് ഓരോ ഇടവേളകളിലും ഇവിടം സംഗീതസാന്ദ്രമാക്കുകയായിരുന്നു. ഇന്ദ്രപ്രസ്ഥത്തിലെ ഗാനങ്ങളിലൂടെ തുടർന്ന് വെള്ളിലാ ചന്ദനക്കിണ്ണം കണ്ട് മഞ്ഞുമാസ പക്ഷിയുമായി കൂട്ടുചേർന്ന് കണ്ണാടി കൂടും കൂട്ടി ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ കാണാൻ ഞങ്ങളെ പ്രേരിപ്പിച്ചു.കൂടുതൽ ഗാനങ്ങളിലൂടെ ഒന്നും കടന്നു പോവുന്നില്ല. മികച്ചതിനിയും കിടക്കുന്നു. എപ്പോഴുമെപ്പോഴും കേൾക്കാൻ തോന്നുന്നത്..
257 total views, 1 views today