ക്വാറികൾ നിലച്ചാൽ വികസനം നിലച്ചു എന്ന് പറയുന്നവരെ നിലയ്ക്കു നിർത്തണം

0
472

ഗിരീഷ് വർമ്മ ബാലുശ്ശേരി എഴുതുന്നു 

സർക്കാർ ശ്രദ്ധയിലേക്കൊരു കുറിപ്പ് …..

അതിഭീകരമായ മഴക്കാലങ്ങളാണ് കേരളത്തിലൂടെയിപ്പോൾ കടന്നുപോവുന്നത് .കഴിഞ്ഞ വർഷത്തെ അതിവർഷവും ,പ്രളയവും തീർത്ത മുറിവുകൾ ഉണങ്ങും മുൻപ് അടുത്ത സീസൺ എത്തി .

ഗിരീഷ് വർമ്മ ബാലുശ്ശേരി

പ്രളയത്തേക്കാളേറെ മലയിടിച്ചിലും,ഉരുൾപൊട്ടലും അടക്കം പ്രകൃതിദുരന്തങ്ങൾ കാരണം അനേകം ജീവനുകൾ നഷ്ടമാവുകയും ,വീടുകൾ,സ്ഥലങ്ങൾ എന്നിവ തൂത്തെറിയപ്പെടുകയും ഉണ്ടായി .മഴയൊന്നൊതുങ്ങിയെങ്കിലും പലയിടത്തും പ്രളയമൊടുങ്ങിയിട്ടില്ല .ക്യാംപുകൾ പിരിച്ചുവിടപ്പെട്ട് ജനങ്ങൾക്ക് വീടുകളിലേക്ക് മടങ്ങിപ്പോവാൻ പറ്റിയിട്ടില്ല.

ദുരിതങ്ങൾക്ക് സമാധാനമായി സഹായങ്ങൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും തീരുന്ന പ്രശ്നങ്ങളല്ല അവരെ കാത്തിരിക്കുന്നത് . സ്ഥിരമായിരുന്ന ഒരു വാസസ്ഥലം എന്നേക്കുമായാണ് അവർക്കു നഷ്ടപ്പെട്ടിരിക്കുന്നത് .മണ്ണിടിഞ്ഞോ ,ഉരുൾപൊട്ടിയൊ വീടും സ്ഥലങ്ങളും നഷ്ടപ്പെട്ടിടത്ത് ഇനിയൊരു പുനർനിർമ്മാണം അനുവദിക്കില്ല എന്ന സർക്കാർ തീരുമാനം വന്നിരിക്കയാണ്. ഒരു തരത്തിൽ നോക്കുമ്പോൾ നല്ല തീരുമാനം. പക്ഷെ അവർക്കൊക്കെ മറ്റൊരു വാസസ്ഥലം ഉണ്ടാക്കിക്കൊടുക്കേണ്ട പൂർണ്ണ ഉത്തരവാദിത്വം നിലവിലുള്ള സർക്കാരിൽ വന്നുചേർന്നിരിക്കയാണ്….വൈകിയെത്തിയ ഈ വെളിപാട് നേരത്തെ വന്നുപെടേണ്ടതായിരുന്നു.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രശ്നങ്ങളെ ഉൾപ്പെടുത്തി ഉണ്ടാക്കിയ ഗാഡ്ഗിൽ റിപ്പോർട്ട് നിഷ്ക്കരുണം തള്ളിക്കളഞ്ഞ രാഷ്ട്രീയപാർട്ടികളും സർക്കാരുകളും മാത്രമാണ് ഇന്നീ പ്രശ്നങ്ങളുടെ കാരണക്കാർ . പരിസ്ഥിതി ദുർബലപ്രദേശങ്ങളെ ചൂണ്ടിക്കാട്ടി അവിടങ്ങളിൽ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങളെയും , മണ്ണ് ,ചെങ്കല്ല്,കരിങ്കല്ല് ക്വാറികളുടെ പ്രവർത്തനങ്ങളെയും കുറിച്ച് മുന്നറിയിപ്പ് തന്നപ്പോൾ അവജ്ഞയോടെ തള്ളിക്കളഞ്ഞു കേരളം .

Image result for ക്വാറിനാലഞ്ചു കൊല്ലങ്ങൾക്കപ്പുറം കേരളം അനുഭവിക്കേണ്ടിയിരിക്കുന്ന ദുരന്തങ്ങളെ നിരത്തിപ്പറഞ്ഞുള്ള ആ സത്യപ്രവചനത്തെ കാറ്റിൽ പറത്തി സകലതും നിർബാധം തുടർന്നതിന്റെ പരിണതി ആണിപ്പോൾ അനുഭവിക്കുന്നത്. ക്വാറികൾക്ക് കേരളം സർക്കാർ താൽക്കാലിക നിരോധനം ഈ ഘട്ടത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.സ്വാഗതാർഹം .എന്നാൽ മഴയൊന്നടങ്ങുമ്പോൾ വീണ്ടും എല്ലാം സജീവമാകും . ഈ നിരോധനം ഒരവസാന ആണിയടി ആയെങ്കിൽ എന്നാശിച്ചു പോവുകയാണ്.

ക്വാറികൾ നിലച്ചാൽ വികസനം നിലച്ചു എന്ന് കാറിക്കൊണ്ട് വരുന്ന പുരോഗമനവാദികളെ ആദ്യം നിലക്ക് നിർത്തണം .ക്വാറികൾ പൂർണമായും നിരോധിക്കുക ആദ്യം. അത് കേരളത്തിന്റെ വികസനത്തിന്റെ മറ്റൊരു മാറ്റത്തിന്റെ ശംഖോലി ആയിരിക്കും. നിർമ്മാണപ്രവർത്തനങ്ങൾക്കു മറ്റു ഉപായങ്ങൾ തേടട്ടെ.കണ്ടത്തെണം. കണ്ടെത്തിയില്ലെങ്കിൽ ഇനി കേരളം വരും കൊല്ലത്തിലേക്കു കാത്തിരിക്കേണ്ടത് ഇതിലും വലിയ ദുരന്തങ്ങളായിരിക്കും.

പരിസ്ഥിതി പ്രശ്നങ്ങളെമുൻനിർത്തി പുതിയൊരു പരിസ്ഥിതി നിയമം വരട്ടെ . കേരളത്തിലെ എല്ലാ മലകളെയും,കുന്നുകളെയും, പുഴകളെയും കുറിച്ചൊരു സമഗ്ര പഠനം വരട്ടെ. ഉടനെ തന്നെ. മണ്ണിന്റെ ഉറപ്പ് ,അവിടങ്ങളിലെ മനുഷ്യവാസത്തിന്റെ ,മറ്റു നിർമ്മാണപ്രവർത്തനങ്ങളുടെ തുടർച്ച സാധ്യമാവൽ ,ഇതൊക്കെ വിദഗ്ദമായി പഠിച്ചു റിപ്പോർട്ട് തരാൻ കഴിയുന്ന അനവധിപ്രഗത്ഭരുടെ നാടാണ് നമ്മുടേത്.യുദ്ധകാലാടിസ്ഥാനത്തിൽ നടത്തി എത്രയും പെട്ടെന്ന് റിപ്പോർട്ട് വരണം.

മഴക്കാലങ്ങളിൽ സ്കൂളുകൾ മാത്രം ക്യാംപുകൾ ആക്കുന്ന സമ്പ്രദായം ഒഴിവാക്കണം.ജില്ലകളിൽ രണ്ടുമൂന്നിടത്തായി രണ്ടു മൂന്നുനിലകളുള്ള വലിയ ഹാളുകൾ പണിയട്ടെ.മഴക്കാലങ്ങളിൽ ഒഴിച്ച് അത് വാടകയ്ക്ക് കൊടുക്കാവുന്നതാണ്.മണ്ണിടിച്ചിലും,ഉരുൾപൊട്ടലും ഉണ്ടായേക്കാവുന്ന ഇടങ്ങളിൽ നിന്നും ആൾക്കാരെ ഇവിടേയ്ക്ക് മാറ്റി താമസിക്കാവുന്നതാണ് .ഇപ്പോൾ ക്യാംപുകളിൽ ഭക്ഷണസാമഗ്രികൾ ആവശ്യത്തിന് ലഭിക്കുന്നുണ്ടെങ്കിലും മലമൂത്രവിസർജനം പ്രശ്നമാണ് എന്ന് അറിഞ്ഞിട്ടുണ്ട്. പണിയുന്ന ഹാളുകളോട് ചേർന്ന് ഇത്തരം സൗകര്യങ്ങൾ ഉണ്ടാവുമല്ലോ. ഇതിനിടയിലും അത്തരം ദുർബല ഇടങ്ങളിൽ നിന്നും ആൾക്കാരെ മറ്റിടങ്ങളിലേക്ക് സ്ഥലവും സൗകര്യങ്ങളും കൊടുത്ത് എന്നേക്കുമായി മാറ്റി താമസിക്കേണ്ട വലിയൊരു ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കണം.. വളരെയേറെ മരണസംഖ്യ കുറക്കാൻ ഇതുപകരിക്കും.

ദുർബലപ്രദേശങ്ങൾ ഏതൊക്കെയെന്നാദ്യം കണ്ടെത്തട്ടെ. കാലങ്ങളായി താമസിക്കുന്ന ഇടവും പ്രദേശവും വിട്ടുപോവാൻ മടിയുണ്ടാകും എല്ലാർക്കും. പക്ഷെ ജീവന് സുരക്ഷ ഏർപ്പെടുത്തുന്ന ഒരു സർക്കാർ ഉണ്ടെന്നു തോന്നിയാൽ , അവർ കർമ്മനിരതരായാൽ അവരെയും സമാധാനത്തോട് കൂടി ജീവിക്കാൻ ഉതകുന്ന നിലയ്ക്ക് എത്തിക്കാനാവും. പ്രകൃതിയോട് ഇടപെടുന്നതിന് ഇനിയും മനുഷ്യൻ പഠിക്കേണ്ടിയിരിക്കുന്നു.ഇല്ലെങ്കിൽ പ്രകൃതി തന്നെ പഠിപ്പിക്കും… പിന്നെയും പഠിക്കാൻ .തയ്യാറല്ലെങ്കിൽ ..!