പാട്ടിന്റെ മഞ്ഞണിക്കൊമ്പ്‌

0
128

ഗിരീഷ് വർമ്മ ബാലുശ്ശേരി

പാട്ടിന്റെ മഞ്ഞണിക്കൊമ്പ്‌

പാട്ടെഴുത്തുകാരനും സംഗീതജ്ഞനും തമ്മിലുള്ള പൊരുത്തത്തെ പറ്റി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരാളുടെ പ്രതിഭ കൊണ്ട് രണ്ടുപേരും ശ്രദ്ധിക്കപ്പെട്ടുപോവാറുമുണ്ട് .രണ്ടുപേരും തുല്യനിലയിലുള്ള പ്രതിഭാധനർ ആണെങ്കിൽ എന്നെന്നും ഓർമ്മിക്കത്തരത്തിലുള്ള സൃഷ്ടികൾ പിറക്കുകയും ചെയ്യും. മലയാള സിനിമ അത്തരം കൂടിച്ചേരലുകൾക്കു വേദിയായിട്ടുണ്ട്. പലവട്ടം. പലരാൽ .അവരിൽ നിന്നും പിറവിയെടുക്കുന്നതൊക്കെ നിധിയായി കൈനീട്ടി വാങ്ങിയിട്ടുമുണ്ട് .
പാട്ടെഴുത്ത് -സംഗീതം പോലെ ഇഴുകിച്ചേർന്ന വേറെയും ബന്ധങ്ങൾ ഉണ്ട് . അതിലൊന്ന് സംവിധായകൻ -സംഗീതജ്ഞൻ കൂട്ടുകെട്ടാണ് . അതാവുമ്പോൾ കുറേക്കൂടെ ഭാവനാലോകം വികസിക്കുന്നതായി തോന്നും. അത്തരം ബന്ധങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന സിനിമകൾ രണ്ടു വിധത്തിൽ ശ്രദ്ധിക്കപ്പെടുന്നു. മികച്ച സിനിമയും, ഉജ്വല ഗാനങ്ങളും. അങ്ങിനെയുള്ള ഒരു കോമ്പിനേഷൻ ആണ് ഫാസിൽ – ജെറി അമൽദേവ് .

തുടക്കം തന്നെ ഒന്നിച്ച് . ഒന്നായൊഴുകിയത് കുറെ സിനിമകളിലൂടെ . പിന്നീടെന്തോ വേറിട്ടൊഴുകി . അപ്പോൾ നഷ്ടം രണ്ടുപേർക്കുമായിരുന്നു. അത്യപൂർവം ഫാസിൽ ചിത്രങ്ങളേ ജെറി സംഗീതം ഇല്ലാതെ വിജയിച്ചിട്ടുള്ളൂ .
ഫാസിലിനും ജെറി അമൽദേവിനും മികച്ചൊരു തുടക്കം സമ്മാനിച്ച ചിത്രമായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. മലയാള സിനിമ ഗതിമാറി ഒഴുകിയ വർഷം .1980 . എൺപതുകളിലെ വസന്തങ്ങളിൽ മലയാള സിനിമ പൂത്തുലഞ്ഞ വർഷം . ആ മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ സുഗന്ധം ഏറെക്കാലം മലയാള സിനിമയെ ഉന്മത്തയാക്കി . അതിളക്കിയ ഓളം സിനിമാ സങ്കൽപ്പങ്ങളെ തന്നെ മാറ്റിമറിച്ചു. നായക സങ്കൽപ്പത്തിന് മറ്റൊരു രൂപം . അതെത്ര മലയാള സിനിമാ പ്രേക്ഷകർ സ്വീകരിച്ചു എന്നത് മറ്റൊരു കാര്യം ! നായികാ ഭാവത്തിനും ഏറെ ചാരുത പകർന്ന കഥാപാത്രം. അതിലേറെ ജനം സ്വീകരിച്ചത് വില്ലനെ ആയിരുന്നു.

മലയാള സിനിമ അത്യാശ്ചര്യത്തോടെ വരവേറ്റ വില്ലൻ നടൻ – മോഹൻലാൽ . കടുത്ത ഭാവങ്ങളുള്ള വില്ലൻ കഥാപാത്രങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും നാടകീയത കലരാത്ത ,കടും ചായങ്ങൾ കലരാത്ത , ജീവിതത്തിൽ നിന്നും ഇറങ്ങി വന്ന വില്ലൻ . അതിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. പുതുമുഖ സംഗീതജ്ഞനെ മലയാളം നെഞ്ചേറ്റി ലാളിച്ചു. മിഴിയോരം നിലാവലയോ …..
മിഴിയോരം നനഞ്ഞൊഴുകും .. എന്ന ഇരട്ട ഗാനം സൃഷ്ടിച്ച അലകൾ കാലങ്ങളോളം ഇവിടെ തരംഗമായിരുന്നു… മഞ്ഞണികൊമ്പിൽ ഒരു കിങ്ങിണി കൊമ്പിൽ എന്ന ഗാനത്തോടൊപ്പം നായികയ്‌ക്കൊപ്പമായിരുന്നു ജനമനസ്സ് .മഞ്ചാടിക്കുന്നിൽ മണിമുകിലുകൾ ദൂരെ എന്ന ഗാനവും അതെ പോലെ തന്നെ നമ്മൾ പാടി നടന്നു… ബിച്ചു തിരുമല എന്ന എഴുത്തുകാരനും നല്ല മൈലേജ് കൊടുത്ത സിനിമ തന്നെയായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ..
പിന്നീട് 1981 ൽ ധന്യ എന്ന ചിത്രത്തിലൂടെ രണ്ടുപേരും വീണ്ടും ഒന്നിച്ചെങ്കിലും എന്തുകൊണ്ടോ ചിത്രം കാര്യമായി വിജയിച്ചില്ല . തിരക്കഥാ പോരായ്മ കൊണ്ടോ എന്തോ അങ്ങിനെ സംഭവിച്ചു. എന്നിട്ടും ഗാനങ്ങൾ ഹിറ്റായിരുന്നു. ധന്യേ നീയെൻ ജീവന്റെ ഇതളിൽ ….
നൂപുരമേതോ കഥ പറഞ്ഞു ….
കൊഞ്ചും ചിലങ്കേ … ഇവയൊക്കെ അവാച്യാനുഭൂതി പകർന്ന ഗാനങ്ങളായിരുന്നു. ശരിക്കും മഞ്ഞിൽ വിരിഞ്ഞ പൂക്കൾ നൽകിയ ലയം ഈ സിനിമയ്ക്ക് കിട്ടിയിരുന്നില്ല . പല കഥാ സന്ദർഭങ്ങളും , ചിലരുടെ അഭിനയ ശൈലിയും പ്രേക്ഷകർ സ്വീകരിച്ചിരുന്നില്ല എന്നത് മറ്റൊരു സത്യം…
എന്നാൽ അവർ പിന്മാറിയില്ല . 1983 ൽ മറ്റൊരു സൂപ്പർ ഹിറ്റുമായി അവരെത്തി. പ്രേക്ഷക മനസ്സിനെ പിടിച്ചുലച്ച കഥാ സന്ദർഭങ്ങളുള്ള ഒന്ന്. ഒരു കുട്ടി താരോദയത്തിന് മലയാള സിനിമ സാക്ഷിയായി . ബേബി ശാലിനി . ഒതുങ്ങിയ മട്ടിലുള്ള കഥാപാത്രങ്ങൾ . ജീവിതത്തിലെ പല സന്ദർഭങ്ങളും വില്ലത്തരം കാണിക്കുമ്പോൾ പകച്ചു പോവുന്ന ഒരു പിടി ആൾക്കാർ. കുറച്ചു കഥാപാത്രങ്ങളിലൂടെ കടന്നു പോയ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ജീവിതഗന്ധിയായ ചിത്രം…അതിലെ ഗാനങ്ങൾക്കുള്ള പ്രത്യേകത എടുത്തു പറയേണ്ടതാണ്. ആദ്യ കൂട്ടുകെട്ടുകൾ തന്നെ ഇതിലും . ബിച്ചു -ജെറി .
കണ്ണോടു കണ്ണോരം നീ കണിമലരല്ലേ …
മൗനങ്ങളെ ചാഞ്ചാടുവാൻ ….

ആളൊരുങ്ങി അരങ്ങൊരുങ്ങി … ഈ ഗാനങ്ങളോടൊപ്പം ചിരിച്ചും, കരഞ്ഞും മലയാളി പ്രേക്ഷകർ … കുഞ്ഞു മാമാട്ടിക്കുട്ടിയമ്മയ്‌ക്കൊപ്പം…
ഒരിക്കൽ കൂടി 1985 ൽ ഇവരൊന്നും കൂടി നമ്മെ തേടി വന്നു… നോക്കെത്താ ദൂരത്തു കണ്ണും നട്ട് …ഫാസിൽ സിനിമകളിൽ ഗാനങ്ങൾ കഥാസന്ദർഭത്തിനു അനുയോജ്യമായ സ്ഥലത്തെ പ്രയോഗിക്കാറുള്ളൂ.. അവിടെ ആ ഗാനം ഇല്ലെങ്കിൽ ചിലപ്പോൾ ശൂന്യത അനുഭവപ്പെട്ടേക്കാം…. ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ എന്ന ഗാനമേകിയ ഊർജം അന്നത്തെ പലരോടും ചോദിച്ചാൽ മനസ്സിലാകും. ജീവിതത്തിന് ആ പാട്ടേകിയ പ്രതീക്ഷകളുടെ ഒരു ഭാവികാലം ….

ബിച്ചുതിരുമല കൂട്ടുകെട്ടിൽ നിന്നും കൈതപ്രം ഭാവനകളിലേക്ക് . 1986 ൽ എന്നെന്നും കണ്ണേട്ടന്റെ … കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന പാട്ടെഴുത്തുകാരന്റെ പ്രവേശം കൂടിയായിരുന്നു . അദ്ദേഹത്തിന്റെ എന്നത്തേയും സൂപ്പർഹിറ്റ് പിറന്നതും ഇതിൽ തന്നെ. ദേവദുന്ദുഭീ സാന്ദ്രലയം എന്നത് ഒരപൂർവ ലയം തന്നെയായിരുന്നു. ജെറി അമൽ ദേവിന്റെ അർദ്ധക്ലാസ്സിക്കൽ വിരുത് . അതിലെ മറ്റു പാട്ടുകൾ നാടൻ ശീലുകൾ ഇഴുകിച്ചേർന്നവ ആയിരുന്നു. കൈതപ്രം അത്തരം പ്രയോഗങ്ങൾ ആണ് പിന്നീടുള്ള ഗാനങ്ങളിൽ ചേർത്തു വച്ചതും… പൂവട്ടക തട്ടി ചിന്നി …. ഒരുദാഹരണം…

എന്നാൽ പിന്നീടങ്ങോട്ട് ഫാസിൽ സിനിമകളിൽ ജെറി അമൽ ദേവ് സംഗീതം കടന്നുവന്നിട്ടില്ല . എന്നാൽ ആ കൂട്ടുകെട്ട് നിന്നതിലൂടെ നഷ്ടം സംഗീതജ്ഞന് ഒന്ന് വേറെ തന്നെയായിരുന്നു. സിനിമകളിൽ പാട്ടുകളുടെ സാന്നിധ്യം കുറഞ്ഞുവന്നതും , വരുന്നതൊക്കെ ആസ്ഥാനത്തായതും , മികവ് കുറഞ്ഞതും, എല്ലാം…… ഒരു പാട്ടുതകർച്ചയുടെ കാലം ആയിരുന്നു പിന്നീട്….എന്നിരുന്നാലും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു പാട്ടുകാലം ഞങ്ങൾക്കേകി ഈ ഫാസിൽ – ജെറി അമൽ ദേവ് കൂട്ടുകെട്ട് ….