ഗായത്രി വർമ്മ; കസവ് ഞൊറിയുന്ന സംഗീതം

48

ഗിരീഷ് വർമ്മ ബാലുശ്ശേരി

 

കസവ് ഞൊറിയുന്ന സംഗീതം

കലാകാരന്മാർക്ക് കഴിവാണ് പ്രധാനം. അത് പ്രകടിക്കപ്പെടേണ്ട മേഖലകൾ പലപ്പോഴും തുറന്നു കിട്ടാതെ മുരടിച്ചു പോയവരെത്ര ! പ്രോത്സാഹനം കിട്ടാതെ അടങ്ങിപ്പോയവരെത്ര ! എണ്ണിയാലൊടുങ്ങാത്ത Image may contain: 1 person, on stage, playing a musical instrument and nightഎഴുത്തുകൾ , ഗീതങ്ങൾ ഇവിടെ മനസ്സുകളിൽ തന്നെ ഉദയം ചെയ്തസ്തമിച്ചു ! ഇതൊക്കെ മനുഷ്യജന്മത്തിന്റെ ഓരോരോ പ്രത്യേകതകൾ . ഇന്നത്തെ കാലത്ത് സ്വയം പ്രകാശനത്തിന് ഏറെ വഴികൾ തുറന്നു വന്നിട്ടുണ്ടെങ്കിലും അംഗീകാരങ്ങൾ അവിടെയും കിട്ടാതെ നിശ്ശബ്ദരായിപ്പോവുന്നവരും കുറവല്ല! കഴിവിനോടൊപ്പം ഭാഗ്യവും കൂടെ വേണം. അതേറെ കിട്ടിയവർ ഉയരങ്ങളിൽ എത്തും. കഴിവേറെ ഉള്ളവരിൽ എത്രയോ പേർ മറ്റു ഇടപെടലുകളിൽ ഒതുങ്ങിപ്പോയിരിക്കുന്നു. സാഹിത്യലോകത്തേക്കാളും സിനിമാലോകത്ത് പ്രശ്നങ്ങൾ അനവധി. കഴിവ് തന്നെ പ്രാധാന്യമെങ്കിലും , ഭാഗ്യം, അനാവശ്യ ഇടപെടലുകൾ , സ്വജനപക്ഷപാതം , താഴ്ത്തിക്കെട്ടൽ എല്ലാം അനസ്യൂതം നടക്കുന്ന കലാക്ഷേത്രം തന്നെ !!

ഗായികയും ബന്ധു കൂടിയായ ഗായത്രി വർമ്മയെ നിങ്ങൾക്ക് പരിചയപ്പെടുത്തട്ടെ … പാട്ടിലൂടെ അറിയുന്നവർ ഏറെ ഉണ്ടാവും. സിനിമയിൽ തന്നെ നല്ലൊരു തുടക്കം കിട്ടിയ ഗായിക . അതും തമിഴിൽ . അതിലേറെ ആഹ്ളാദിക്കാനും , അഭിമാനിക്കാനും ഉള്ളത് ശരത് സംഗീതത്തിലൂടെ ഉള്ള ഒരു കടന്നുവരവും… ശരത് എന്ന സംഗീതജ്‌ഞന്റെ ഈണങ്ങൾ കേട്ട് പഠിച്ചു മൂളാൻ കിട്ടുന്നത് തന്നെ ഒരു ഭാഗ്യം. ജൂൺ ആർ എന്ന തമിഴ് ചിത്രത്തിൽ അനാഥയായ ഒരു പെൺകുട്ടിയുടെ കുട്ടിക്കാലത്തെ ജീവിതത്തിലൂടെ പോവുന്ന ഒരു പാട്ടു സീൻ .. ” അൻപേ അൻപേ …” എന്ന ഗാനം . ആ ഒരൊറ്റ പാട്ടിൽ നിന്ന് തന്നെ ഗായത്രിയുടെ ആലാപന ശൈലി നമുക്ക് മനസ്സിലാവും. ഹൃദ്യമായ ഒരു ശബ്ദത്തിന്റെ ഉടമ . ഉച്ചസ്ഥായിയിൽ ശബ്ദത്തിന്റെ നാദമധുരിമ കേട്ടറിയേണ്ടത് ! അൻപേ .. എന്ന ഗാനം നൽകിയ ഉണർവിൽ തന്നെ 2006 ലും മലയാളത്തിൽ അരങ്ങേറ്റം നടക്കുകയുണ്ടായി. ആടുതോമ എന്ന സിനിമയിലെ ഒരു ഗാനം. സിനിമയും ഗാനവും അത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നത് നിർഭാഗ്യം. എന്നാൽ അടുത്ത വർഷം തന്നെ വയലാർ ശരത്ചന്ദ്ര വർമ്മയുടെ രചനയിൽ ബേണി ഇഗ്‌നേഷ്യസ് സംഗീതം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കനിലെ ” കന്നിപ്പെണ്ണേ എൻ മുന്നിൽ സ്നേഹപ്പാടം നീയല്ലേ ” എന്ന യുഗ്മ ഗാനം എം ജി ശ്രീകുമാറോടൊത്താലപിക്കാൻ കഴിഞ്ഞു.

2008 ൽ വീണ്ടും ” ശലഭം ” എന്ന ചിത്രത്തിൽ . കൈതപ്രത്തിന്റെ മേൽനോട്ടത്തിൽ സംഗീതം നിർവഹിക്കപ്പെട്ട ഗാനം എന്നത് വീണ്ടും ഗായത്രിക്കു കിട്ടിയ സൗഭാഗ്യം. രചനയും കൈതപ്രം തന്നെ. ” ലേഖേ , ചന്ദ്രലേഖേ ….” എന്ന ഗാനം. കൈതപ്രത്തിന്റെ പുത്രൻ ദീപാങ്കുരനോടൊപ്പം ആലാപനം. ചിത്രം പരാജയമായിരുന്നത് കൊണ്ടുമാവാം ഏറെ ശ്രദ്ധിക്കപ്പെടാതെ പോയി ആ ഗാനവും. ആലാപനത്തിന്റെ മികവ് ഈ രണ്ടു യുഗ്മഗാനത്തിലും മനസ്സിലാക്കാം. വീണ്ടും പരാജയപ്പെട്ട ഒരു ചിത്രത്തിലെ ഗാനം. കൈതപ്രം വിശ്വനാഥിന്റെ അർദ്ധക്ലാസ്സിക്കൽ മൂഡിൽ ചെയ്ത നല്ലൊരു ഗാനം ആയിരുന്നു അത്.. കാവ്യം എന്ന ചിത്രത്തിൽ കൈതപ്രം രചിച്ചത് . ” കുഞ്ഞുണ്ണിക്കവിളിൽ നറുവെണ്ണ ” എന്ന സുന്ദര ഗാനം. സോളോ പാടുമ്പോൾ ഗായത്രി എന്ന ഗായികയിൽ ഇരുത്തം വന്ന ഒരു പാട്ടുകാരിയെ അനുഭവപ്പെടും…പിന്നീട് കാലങ്ങൾക്കു ശേഷം ഉദാഹരണം സുജാതയിലെ ഗാനം.

ഗായത്രിയുടെ കരിയറിലെ അവളിലെ ഗായികയെ അടയാളപ്പെടുത്തുന്ന ഗാനം. ” കസവ്‌ ഞൊറിയുമൊരു പുലരി ”  ഡി സന്തോഷ് എന്ന ഗാനരചയിതാവിന്റെ എഴുത്തിന് ഇന്നത്തെ സംഗീതജ്ഞൻ ശ്രീ ഗോപി സുന്ദർ ഈണം പകർന്നത്. എഴുതി തെളിഞ്ഞ ഒരു കവിയുടെ ഗാന രചന പോലെ സുന്ദരമായ വരികൾ .ഗായത്രി വർമ്മ ഇടപ്പള്ളി കോശ്ശേരി മഠം കുടുംബാംഗമാണ് . ‘അമ്മ ഉഷാവർമ്മ , അച്ഛൻ നന്ദകുമാർ വർമ്മ തൃപ്പൂണിത്തുറ രാജകുടുംബാംഗം . എൻ്റെ ഭാര്യാ ഭവനം കൂടിയാണ് കോശ്ശേരി മഠം .
ആദ്യകാലത്ത് കൈരളി ടീവിയിലെ റിയാലിറ്റി ഷോയുടെ പകിട്ടൊന്നുമില്ലാത്ത കാലത്ത് , ഗന്ധർവ സംഗീതം എന്ന സംഗീത പരിപാടിയിൽ മത്സരാർത്ഥി ആയിരുന്നു ഗായത്രി. അന്ന് സെമി ഫൈനൽ വരെ എത്തിയിരുന്നു .. പാട്ടിന്റെ ലോകത്തേക്ക് കടന്നുവരാൻ വൈവിധ്യമാർന്ന ഗാനങ്ങൾ പാടിയത് ഒരു പരിശീലനം കൂടിയായി മാറി . ശേഷം സംഗീതജ്ഞൻ ശരത്തുമായുള്ള ഒരു സ്റ്റേജ് ഷോയിലെ പെർഫോമെൻസിൽ ജൂൺ ആർ ഗാനം കൈവന്നു ചേർന്നു .

അവസരങ്ങൾ വന്നു ചേരട്ടെ , സിനിമകളിലെ മൽസരയോട്ടത്തിൽ പങ്കുചേരാതെ മാറി നിൽക്കുകയാണ് ഗായിക . സംഗീതത്തെ കൈവിടാനാവില്ലല്ലോ ! ജന്മസിദ്ധിയാണ് , ചിലർക്ക് കിട്ടുന്ന വരദാനമാണ് .ഓ എൻ വി യുടെ രചനയിൽ ഷഹബാസ് അമൻ സംഗീതം നിർവ്വഹസിച്ച ആൽബം “സഹയാത്രിക” യിൽ വേണുഗോപാലുമൊത്ത് രണ്ട് ഗാനം ആലപിക്കുകയുണ്ടായി . വിവാഹിതയായി .ശ്യാം ആര്യൻ ഭർത്താവ് .രണ്ടു കുട്ടികൾ .കോവിഡ് കാലത്തിൻ്റെ വിരസതയിലും തിരക്കിലാണ് ഗായത്രി . കുട്ടികളുടെ പഠനം ,സംഗീത പരിശീലനം …

Tum bin mori എന്ന് തുടങ്ങുന്ന ഗസൽ പുറത്തിറങ്ങിയിട്ടുണ്ട് .. ശബ്ദവിന്യാസത്തിൻ്റെ കുളിരലകൾ തീർക്കുന്നു ഗായത്രിയുടെ സംഗീതസപര്യ ..ഇനിയും സിനിമകളിൽ പാടി നിറയണം .ഗാനരചയിതാക്കളും , സംഗീതജ്ഞരും ശ്രദ്ധിക്കുക . മലയാള സിനിമയ്ക്ക് ആവശ്യമുണ്ട് ഗായത്രീ മന്ത്രങ്ങൾ …..