അകാലത്തിൽ പൊലിഞ്ഞ അനശ്വരനടൻ, ഇന്ന് ജയന്റെ ചരമദിനം

0
368

ഗിരീഷ് വർമ്മ ബാലുശ്ശേരി

1972 ൽ പോസ്റ്റുമാനെ കാണാനില്ല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും ഉപനായകനും വില്ലനും എല്ലാമായി അഭിനയം തുടർന്നെങ്കിലും എൺപതുകളോടെ ആണ് ജയൻ എന്ന നടൻ മലയാളികളുടെ മനസ്സിലെ താരം ആയത് . ശരപഞ്ചരത്തിലെ വില്ലൻ കഥാപാത്രം ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. പിന്നീട് ഇരുമ്പഴികൾ തുടങ്ങി അങ്ങാടിയിലൂടെ വിശ്രമമില്ലാത്ത സിനിമായാത്ര ആയിരുന്നു.
ശശികുമാറും, ബേബിയും , ജോഷിയും, ഐ വി ശശിയുമൊക്കെ ജയന്റെ രൂപത്തിന് ചേർന്ന ചിത്രങ്ങളെടുക്കാൻ മത്സരമായിരുന്നു.ശരീരത്തെ കഴിയുന്നത്ര ചൂഷണം ചെയ്യപ്പെട്ട നടൻ ആണ് ജയൻ. നടികളുടെ മാദകത്വം ഒരുളുപ്പുമില്ലാതെ സിനിമയിലെ കച്ചവടച്ചരക്കാക്കുമ്പോൾ നടന്മാരുടെ സൗന്ദര്യം പ്രേം നസീറിൽ നിലനിർത്തി മലയാളസിനിമ. പുരുഷസൗന്ദര്യത്തിന്റെ മൃദുലമായ സമീപനങ്ങളായിരുന്നു അദ്ദേഹത്തോടെങ്കിൽ ജയനിലെത്തുമ്പോൾ അത് ശരീരപ്രദര്ശനവും കൂടി ആയി മാറി.

അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ അത്യപൂർവ്വമായേ ജയൻ എന്ന അഭിനേതാവിനെ തേടി വന്നുള്ളൂ… വിരലിലെണ്ണാവുന്നത് . എങ്കിലും കിട്ടിയ റോളുകൾ ഏതെന്നു നോക്കാതെ ആത്മാർത്ഥതയോടെ അഭിനയിക്കുക എന്നതായിരുന്നു ജയന്റെ സമീപനം. ആ ആത്മാർത്ഥതയ്ക്കു ഒടുവിൽ സ്വജീവിതം ബലിയർപ്പിക്കേണ്ടിയും വന്നു. ഡ്യൂപ്പുകൾ ഇല്ലാതെ സ്റ്റണ്ട് സീനുകൾ അഭിനയിക്കുക എന്ന നയമായിരുന്നു ഇദ്ദേഹത്തിന്.അങ്ങാടിയിലെ തൊഴിലാളി നേതാവിന്റെ കരുത്തും, വാക്ചാതുര്യവും പ്രേക്ഷകരെ മൊത്തത്തിൽ ആകര്ഷിക്കുകയുണ്ടായി. കൂടുതലും സാധാരണ പ്രേക്ഷകരെ… മനസ്സിൽ അടക്കി വെച്ച വികാരങ്ങൾ , പറയാൻ ഉദ്ദേശിച്ച വാചകങ്ങൾ, ചെയ്യണം എന്നാഗ്രഹിച്ച കാര്യങ്ങൾ ഒരു സൂപ്പർമാനെ പോലെ ചെയ്തു തീർക്കുന്ന ജയൻ കഥാപാത്രങ്ങൾ സാധാരണ പ്രേക്ഷകർക്ക് അവതാരകഥാപാത്രങ്ങൾ ആയിരുന്നു. പ്രേക്ഷകതാല്പര്യം മനസ്സിലാക്കിയ സിനിമാനിർമ്മാതാക്കളും സംവിധായകരും അതുകൊണ്ടും കൂടിയാണ് അത്തരം സിനിമകളും കഥാപാത്രങ്ങളും സൃഷ്ടിയ്ക്കപ്പെട്ടതും … പെട്ടെന്ന് തന്നെ ജയൻ എന്ന താരം അസ്തമിക്കുകയും ചെയ്തു.

മദ്രാസിലെ ഷോലവാരത്ത് ഹെലികോപ്ടറിൽ പിടിച്ചു തൂങ്ങിയുള്ള കോളിളക്കം എന്ന സിനിമയ്ക്ക് വേണ്ടിയുള്ള ചിത്രീകരണത്തിൽ നിയന്ത്രണം വിട്ട ഹെലികോപ്റ്റർ തകർന്ന് സ്ഫോടനത്തിൽ ആ ജീവിതം എരിഞ്ഞടങ്ങി. ഒൻപതു വർഷം കൊണ്ട് നൂറ്റിഅൻപതോളം ചിത്രങ്ങൾ എന്നത് നിസ്സാര കാര്യമല്ല. ഒരേ തരത്തിലുള്ള നിരവധി ചിത്രങ്ങൾ ഇറങ്ങിയിട്ടും മടുപ്പില്ലാതെ ജനങ്ങൾ കണ്ട് സൂപ്പർഹിറ്റാക്കിയ ചരിത്രം ഈ ഒരൊറ്റ നടന് അവകാശപ്പെട്ടതാണ്. ഇന്ന് അനശ്വര നടൻ ജയന്റെ ചരമദിനം കൂടിയാണ്, പ്രണാമങ്ങൾ അർപ്പിച്ചു കൊള്ളുന്നു ആ അനശ്വരതയ്ക്ക്.