പാട്ടിന്റെ ചാന്ത് കുടഞ്ഞ സൂര്യൻ

0
159

ഗിരീഷ് വർമ്മ ബാലുശ്ശേരി

പാട്ടിന്റെ ചാന്ത് കുടഞ്ഞ സൂര്യൻ

കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും പിന്തുടർച്ചാവകാശികളായി വരുന്നവരൊക്കെ അതെ പാരമ്പര്യം നിലനിർത്തിക്കൊള്ളണമെന്നു നിർബന്ധമില്ല .വയലാർ രാമവർമ്മ എന്ന അനുഗ്രഹീത കലാകാരന്റെ മകൻ വയലാർ ശരത്ചന്ദ്ര വർമ്മ പക്ഷെ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെ വന്നു ചേർന്നു .അച്ഛൻ ഒഴിച്ചിട്ടു പോയ സിംഹാസനത്തിൽ കയറി ഇരിക്കാതെ തനിക്കായൊരു ഇടം അദ്ദേഹം തന്നെ ഇവിടെ ഒരുക്കിയെടുക്കുകയും ചെയ്തു. പ്രഗത്ഭനായ അച്ഛന്റെ മകൻ , മലയാള സിനിമയെ ഒരുകാലത്ത് തന്റെ വഴിയേ നടത്തിച്ച ഒരച്ഛന്റെ മകൻ …ആ പാട്ടിന്റെ വഴിയേ എത്ര പേര് നടന്നു പോയി. ഇന്നും ആ ലഹരിയിൽ തന്നെ അടിമപ്പെട്ട് തൃപ്തരാവുന്നവർ …അച്ഛനുണ്ടാക്കി വെച്ച ആ ഗാനസാമ്രാജ്യത്തിലേക്കു ആദ്യം മടിച്ചു മടിച്ചാവും ശരത്ചന്ദ്രനും കടന്നു വന്നിരിക്കുക . കാരണം വയലാർ എന്ന പേരിനെ അപകീർത്തിപ്പെടുത്തുന്ന ഒന്നും തന്നിൽ നിന്നും ഉണ്ടാവാൻ പാടില്ല. അച്ഛനോളമെത്താനായില്ലേലും പാകപ്പിഴകൾ വരുന്ന എഴുത്താവരുത് തന്റേത് എന്നൊക്കെ ഓർത്തുകാണും.

കാലത്തിനനുസരിച്ചു എഴുത്തുകൾക്കും വ്യത്യാസം വന്നിട്ടുണ്ട്. ഏതു മേഖലയിലായാലും . വയലാർ രാമവർമ്മയുടെ എഴുത്തുമായി സാമ്യം ചെയ്യുമ്പോൾ മൃദുലമായ ഒരു സമീപനമാണ് ഇദ്ദേഹത്തിന്റേത് .ഉദാഹരണത്തിന് മിഴി രണ്ടിലും എന്ന ചിത്രത്തിലെ ‘എന്തിനായ് നിൻ ഇടം കണ്ണിൻ തടം തുടിച്ചു ‘ എന്ന ഗാനത്തിലെ വരികളുടെ ലയനം തന്നെ ശ്രദ്ധിക്കുക. വയലാർ ആയിരുന്നെങ്കിൽ തീവ്രമായ മാനസിക വിമ്മിഷ്ടങ്ങൾ വരികളിൽ വന്നേനെ എന്ന് തോന്നും..അതദ്ദേഹത്തിന്റെ രീതിയാണ്. അശ്വമേധത്തിലെ ‘ഏഴു സുന്ദര രാത്രികൾ ……. വികാരതരളിത ഗാത്രികൾ ‘ എന്നെഴുതും വയലാർ . ആരിന്നു നിൻ സ്വപ്നങ്ങളിൽ തേൻതുള്ളി തൂവി എന്ന് സന്ദേഹിക്കുകയാണ് ശരത്ചന്ദ്ര വർമ്മ. ഇടം കണ്ണിൻ തടം തുടിച്ചതും,വലം കൈയ്യാൽ മുഖം മറച്ചതും എല്ലാം അതി സുന്ദരമായ കാമുകി ഭാവങ്ങൾ തന്നെയാണ്.വളരെ വ്യത്യസ്തമായ ഒരു രചനാ ശൈലിയാണ് ഈ രംഗത്തിനു വേണ്ടി എഴുതി ഒരുക്കിയത്.

കത്തിജ്വലിച്ചു നിൽക്കുമ്പോൾ അസ്തമിച്ചു പോയ ഒരു താരം തന്നെയായിരുന്നു വയലാർ രാമവർമ്മ. അന്നത്തെ കാലത്ത് നല്ല പാട്ടെഴുത്തുകാരും, അതിനൊത്തുയർന്ന സംഗീത സംവിധായകരും ഉണ്ടായിരുന്നു. പാട്ടിന്റെ ഭാവങ്ങൾ കണ്ടറിഞ്ഞു സംഗീതം നൽകിയിരുന്നവർ .ഓരോ കാലത്തിലും ഓരോരോ കൂട്ടുകെട്ടുകൾ ഉണ്ടാവാറുണ്ട്. വയലാർ – ദേവരാജൻ കൂട്ടുകെട്ടു തീർത്ത ഗാനങ്ങളെ കുറിച്ച് പറഞ്ഞാൽ തീരില്ല. ദേവരാജനുമായി ശരത്ചന്ദ്രവർമ്മക്കും ഗാനങ്ങൾ ഒരുക്കുവാൻ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയാണ്. അതും കടന്നുവരവിൽ തന്നെ. തന്റെ ആദ്യ ചിത്രമായ എന്റെ പൊന്നുതമ്പുരാനിലെ ഗാനങ്ങൾ ഒരുക്കിയത് ദേവരാജനാണ്. അതിലെ ‘മാഘമാസം മല്ലികപ്പൂ പൂക്കും കാലം’ നല്ലൊരു മെലഡി ആണ്. പക്ഷെ പിന്നീട് പത്തു വർഷങ്ങൾ കഴിയേണ്ടി വന്നു ഓർമ്മയിൽ സൂക്ഷിക്കാൻ കുറച്ചു ഗാനങ്ങളുമായി ഇദ്ദേഹത്തിന് കടന്നു വരാൻ ..മിഴി രണ്ടിലും എന്നതിലെ എല്ലാ ഗാനങ്ങളും ഹിറ്റാക്കി കൊണ്ടുള്ള വരവ്. രവീന്ദ്രന്റെ സംഗീതത്തിൽ തൊട്ടതൊക്കെ ഹിറ്റായിട്ടേ ഉള്ളൂ . ‘വർമഴവില്ലേ’ എന്ന ഗാനം ചിത്രയുടെ മികച്ച ഗാനങ്ങളിൽ ഒന്നാണ്. അതിലെ തന്നെ ആലിലത്താലിയുമായ് വരുമീ തിങ്കളെ എന്നതും മികച്ചൊരു രചനയാണ്‌.

പിന്നീടങ്ങോട്ട് കുറെയേറെ സിനിമകളിൽ മികച്ച സംഗീത സംവിധായകരോടൊത്ത് ഗാനങ്ങൾ പിറക്കുകയുണ്ടായി . ശരത്ചന്ദ്രവർമ്മ – അലക്സ് പോൾ കൂട്ടുകെട്ട് കുറെയേറെ ചിത്രങ്ങൾക്ക് ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്.അച്ഛനുറങ്ങാത്ത വീട്ടിലെ ‘ഒഴുകുകയായ് പുഴ പോലെ ‘ എന്ന ഗാനം ശാന്തമായൊഴുകുന്ന ഒരു പുഴയെ കാണും പോലെ .പിന്നീട് ക്ലാസ്മേറ്റ്സ് എന്നതിലും പ്രേക്ഷകർ ഏറ്റു പാടിയ ‘എന്റെ ഖൽബിലെ വെണ്ണിലാവ് നീ നല്ല പാട്ടുകാരാ എന്ന സൂപ്പർ ഹിറ്റ് ഗാനവും പിറന്നു. കാത്തിരുന്ന പെണ്ണല്ലേ , കാറ്റാടി തണലും … ഇവയൊക്കെ ഒരു കാലഘട്ടത്തിന്റെ ഗാനങ്ങളാണ്.പോത്തൻവാവയിലെ ‘വാവേ മകനെ ‘ബാബാ കല്ല്യാണിയിലെ ജി വേണുഗോപാലിന് ഒരു തിരിച്ചുവരവ് നൽകിയ ‘കൈ നിറയെ വെണ്ണ തരാം ‘ മായാവിയിലെ ‘മുറ്റത്തെ മുല്ലേ ചൊല്ല് ‘ഹലോയിലെ ‘ചെല്ലത്താമരേ ‘ചോക്ക്ലേറ്റിലെ ‘താമരയും സൂര്യനും”ഇഷ്ടമല്ലേ ഇഷ്ടമല്ലേ “എന്നിവയൊക്കെ എഴുത്തുകാരനും ബ്രേക്ക് നൽകിയ സമയങ്ങൾ ആണ്.വിദ്യാസാഗറിന്റെ ഈണത്തിൽ കേരളം ആ കാലത്തു മൂളിയ ഒരു താരാട്ടു ഗാനം ഉണ്ട് . ചാന്തുപൊട്ടിലെ ആഴക്കടലിന്റെ അങ്ങേക്കരയിലായ് …” ഓമനക്കടപ്പുറത്തിന്നോമനെ …എന്നിവയൊക്കെ ഉണ്ടെങ്കിലും അതീവ സുന്ദരമായ ചില സങ്കല്പങ്ങൾ കളിയാടിയ ഒരു ഗാനമുണ്ട് . ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന ഭാവനയിൽ തുടങ്ങിയത്. ഒരു പ്രത്യേക സുഖം പകർന്നു തന്ന വരികളും ഈണവും ആയിരുന്നു .

പിന്നീട് നീലത്താമരയിലും ഇതേ ജനുസിലുള്ള ഒരു ഗാനം വന്നുചേർന്നു. ‘അനുരാഗവിലോചനനായി അതിലേറെ മോഹിതനായി ‘ എന്ന ഭാവനാസുരഭിലഗാനം .ഇളയരാജ എന്ന സംഗീതജ്ഞനോടൊത്ത് പ്രവർത്തിക്കാൻ കഴിഞ്ഞതും ഭാഗ്യം . വിനോദയാത്ര, ഭാഗ്യദേവത, കഥ തുടരുന്നു എന്ന സത്യൻ അന്തിക്കാട് ചിത്രങ്ങളായിരുന്നു അവ. മികച്ച സംഗീത സംവിധായകരുടെ കുറവ് മലയാള സിനിമ നേരിട്ടിരുന്ന കാലഘട്ടത്തിലായിപ്പോയി ഇദ്ദേഹത്തിന്റെ വരവും , നിൽപ്പും. എന്നിട്ടും തന്റേതായ ഒരു കാലഘട്ടം മലയാളസിനിമയിൽ ഉണ്ടാക്കിയെടുക്കാൻ ഒരുപിടി ഗാനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. നോട്ടുബുക്കിലെ ഹൃദയവും ഹൃദയവും ..പളുങ്കിലേ മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ….കളഭത്തിലെ നീയിന്നെന്റെ സ്വന്തമല്ലേ ….കറുത്ത പക്ഷികളിലെ മഴയിൽ രാത്രി മഴയിൽ ….കൽക്കട്ട ന്യൂസിലെ എങ്ങു നിന്നോ വന്ന പഞ്ചവർണ്ണ കിളി …വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ പതിനേഴിൻ്റെ പൂങ്കരളേ ..വെറുതെ ഒരു ഭാര്യയിലെ ഓങ്കാരം ശംഖിൽ ചേരുമ്പോൾ ….അയാളും ഞാനും തമ്മിലെ അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുവോ …എന്നിവയൊക്കെ തന്റേതായ മുദ്ര പതിപ്പിച്ച മികച്ച ഗാനങ്ങളാണ് എന്ന് നിസ്സംശയം പറയാം…ഇന്നത്തെ സിനിമക്ക് പാട്ടാവശ്യമില്ല. ഗാനങ്ങളെ കയ്യൊഴിഞ്ഞ ഇക്കാലത്ത് താൽക്കാലികമായെങ്കിലും അരങ്ങൊഴിയുകയേ നിവൃത്തിയുള്ളൂ. പാട്ടിനെ മികവിന്റെ കാര്യത്തിൽ ആത്മാർത്ഥതയോടെ സമീപിക്കുന്ന വയലാർ രാമവർമ്മയുടെ സീമന്തപുത്രന് അങ്ങിനെയേ ചെയ്യാൻ ആവുള്ളൂ