ഗിരീഷ് വർമ്മ ബാലുശ്ശേരി

അനാദി യുഗങ്ങളായ് …
തന്റെ തുടക്കകാലത്തു തന്നെ തന്നിലെ പ്രതിഭയെ അടയാളപ്പെടുത്തി തുടർന്നുപോവുന്ന ചില കലാകാരന്മാരുണ്ട്. അത് സിനിമയിൽ സംഗീതരംഗത്താണെങ്കിൽ പിന്നെന്നും ഓർമ്മിക്കും . പാട്ടലകൾ പല മാധ്യമങ്ങളിലും , ആസ്വാദകരുടെ ചുണ്ടിലും ആയി നിലനിൽക്കും . ആ സംഗീത സംവിധായകൻ എന്നെന്നും ഓർമ്മിക്കപ്പെടും . തുടക്കത്തിലേ ആ മികവ് പിന്നീട് വരുന്ന ഓരോ സൃഷ്ടിയിലും നമ്മൾ തിരഞ്ഞുകൊണ്ടേയിരിക്കും. അതിന്റെ പകിട്ട് കുറഞ്ഞാൽ മനസ്സിലാക്കും . അപ്പോൾ ആ സംഗീതജ്ഞന് ഏറെ മിനക്കെടേണ്ടി വരും തന്റെ ആദ്യകാലത്തെ നിലനിർത്താനും തുടർച്ചയിൽ അതിനേക്കാൾ മികച്ചത് കൊടുക്കണം എന്ന ചിന്തയോടെ പ്രവർത്തിക്കാനും . അത് നൈസർഗ്ഗിക വാസന ആണോ വെറും ഒരു പൊളപ്പോ എന്നൊക്കെ നിരൂപിക്കും ഏറെ പേർ … എന്നാൽ ഇതിനെല്ലാം മേലെയാണ് എന്നിലെ സംഗീതം എന്ന് തിരിച്ചറിയിപ്പിച്ച സർഗ്ഗസംഗീത സംവിധായകനാണ് ശ്രീ ദീപക് ദേവ് …
ദീപക് ദേവ് സംഗീതം വേറിട്ടൊരു ഈണമധുരം തന്നെയാണ്. 2000 നു ശേഷം പാട്ടുകൾക്ക് ക്ഷീണം സംഭവിച്ചു എന്ന് പറഞ്ഞാൽ പലരും പിണങ്ങും എന്നറിയാം . സമൃദ്ധിയുടെ ഒരു കാലം കഴിഞ്ഞു എന്നേ അതുകൊണ്ടുദ്ദേശിച്ചിട്ടുള്ളൂ . സംഗീതം എന്നും നിലനിൽക്കും. അറിയാവുന്നവർ എടുത്തുപയോഗിക്കുമ്പോൾ ഓരോ കാലത്തും അതിന് തിളക്കമേറും .. അത്രേ പറയാനുള്ളു..
ആദ്യകാല സിനിമാകാലങ്ങളിലെ ഗാനരീതിയാണോ ഇന്ന് ! അറുപത് എഴുപതുകളിലെ സംഗീതമാണോ ഇന്ന് ! തൊണ്ണൂറുകൾ, രണ്ടായിരം ഈ കാലങ്ങളിലൂടെയൊക്കെ നീങ്ങി ഗാനങ്ങൾക്ക് തേയ്മാനം സംഭവിച്ചതാണോ മികവുറ്റതായതാണോ എന്നൊക്കെ കേൾക്കുന്നവർ തീരുമാനിക്കുക . അടിസ്ഥാനം മാറുന്നില്ല . നാടൻ പാട്ടുകൾ അതും പല ദേശങ്ങൾ , പല ഭാഷകൾ … കൂടുതൽ കൂടുതൽ നമ്മൾ പഠിച്ചുകൊണ്ടിരിക്കുകയാണിത്. അതിന്റെയൊക്കെ അനുരണനങ്ങൾ പാട്ടുകളിലും കാണും….

പാശ്ചാത്യ സംഗീതത്തിന്റെ അരുണിമ കലർന്നും , ഇന്ത്യൻ സംഗീതത്തിന്റെ തെളിമ തെളിഞ്ഞും , നാടൻ പാട്ടിന്റെ ചൂട് , ചൂരും നിറഞ്ഞും ദീപക് ദേവ് സംഗീതം മലയാള സിനിമയിൽ ഇന്നും തുടരുന്നു.
2003 ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലെ ” സ്വയംവര ചന്ദ്രികേ , സ്വർണമണിമേഘമേ ” എന്ന ഗാനത്തിന്റെ പ്രത്യേകത എടുത്തു പറയാനാണ് ഇത്രയും പറഞ്ഞത്. എത്രയോ കേട്ടിരിക്കുന്നു പ്രണയ ഗാനങ്ങൾ . ഗാനാലാപനത്തിലെ ഒരു പുതുമ, ഇളം തണുപ്പരിച്ചു കയറും പോലുള്ള സംഗീതം എന്നിവയൊക്കെ പ്രകീർത്തിച്ചു പറയുമ്പോൾ അത് കൂടുതലാവുന്നില്ല . ജയചന്ദ്രൻ എന്ന ഭാവഗായകനെ തിരിച്ചു തന്ന ഗാനം . പ്രണയതലങ്ങളിൽ ദീപക് സംഗീതം ആ സുഖാനുഭൂതിയിൽ മയങ്ങി മൃദുലമായ ഈണങ്ങളോടെ , കീഴ്സ്ഥായിയിൽ ഒഴുകുന്നതറിയുന്നത് ഏറെ സുഖം. പ്രണയാനുഭൂതികൾ എഴുത്തുകാർ നിർവഹിച്ചതിനേക്കാൾ ദൃഢമായൊരു അനുഭൂതിയായി സംഗീതജ്ഞൻ കണ്ടെടുക്കുമ്പോഴാണ് അതൊരു മികച്ച സൃഷ്ടിയാവുന്നത്, പാട്ടാവുന്നത്.
മറ്റു ഉദാഹരങ്ങൾ പറയാം …
സിംഫണി എന്ന ഐ വി ശശി ചിത്രത്തിലെ ഗാനം …
ചിത്രമാണിക്കാട്ടിൽ എൻ ഇഷ്ടമലർകൂട് …
പറയാതെ അറിയാതെ നീ പോയതല്ലേ ( ഉദയനാണ് താരം )
പിച്ച വെച്ച നാൾ മുതൽക്ക് നീ ( പുതിയ മുഖം )
അനാദി യുഗങ്ങളായ് പുരാതന കാമുക ( ലാവണ്ടർ )
പുഞ്ചിരി തഞ്ചും ചുണ്ടിലൊരോമൽ ( ബൈസിക്കിൾ തീവ്സ് )
നിലാക്കുടമേ നിലാക്കുടമേ ….( ചിറകൊടിഞ്ഞ കിനാവുകൾ )
മഴപാടും കുളിരായി വന്നതാരോ ഇവളോ ( സൺഡേ ഹോളിഡേ )
ഇവയിലൊക്കെ തന്നെ ദീപക് ദേവ് നിറച്ചുവെച്ച സംഗീത മധുരം പാകം !!
വലിയൊരു പ്രത്യേകത ഇദ്ദേഹത്തെ പറ്റി പറയാനുണ്ട് . അന്യഭാഷാ ഗായകർക്ക് നൽകിയ പരിഗണന ഒന്ന് . കൂടാതെ മലയാളി ഗായകരെ ഒട്ടും മറക്കാതെയും ! ശങ്കർ മഹാദേവൻ , കാർത്തിക് തുടങ്ങിയവർക്കൊക്കെ തന്റെ കരിയറിലെ മികച്ചത് തന്നെ നൽകിയിട്ടുണ്ട് ഇദ്ദേഹം. മലയാളത്തിലെ ഒട്ടുമിക്ക ഗായകരെയും ഇദ്ദേഹം പരീക്ഷിച്ചിട്ടുണ്ട്. വെറുതെ ഒന്ന് മൂളാനായിട്ടല്ല . സോളോ ആയിട്ടും, സംഘത്തിലേക്കും, യുഗ്മ ഗാനത്തിലേക്കും എല്ലാം…
ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന ( മഞ്ജരി – ഉറുമി )
ചിരിമണി മുല്ലേ ചിത്തിര മുല്ലേ ( ജോസ്‌ന , അഫ്സൽ — ലയൺ )
സുന്ദരി ഒന്ന് പറയൂ പ്രാണസഖി ( ശ്വേതാ മോഹൻ , ഉദിത് നാരായൺ — ലയൺ )
കരളേ കരളിന്റെ കരളേ ( വിനീത് ശ്രീനിവാസൻ, റിമി ടോമി — ഉദയനാണ് താരം )
പെണ്ണെ എൻ പെണ്ണെ ( അഫ്സൽ, ശാലിനി സിങ് — ഉദയനാണ് താരം )
ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ട് വിരിഞ്ഞു ( എംജി ശ്രീകുമാർ, ചിത്ര അയ്യർ — ക്രോണിക് ബാച്ചിലർ )
പകൽപ്പൂവേ പൊഴിയാതെ ( യേശുദാസ് , രേണുക ഗിരിജൻ )
ചിരി ചിരിയോ നിൻ നൊമ്പര ചിരിയിൽ ( യേശുദാസ്, ഗംഗ )
ഒരു കോടി മംഗളം വരമരുളി ( യേശുദാസ് , രചന — രാഷ്ട്രം)
മഴപാടും കുളിരായി ( അരവിന്ദ് വേണുഗോപാൽ, അപർണ ബാലമുരളി — സൺഡേ ഹോളിഡേ )
പിച്ചവെച്ചു നാൾമുതൽ ( പുതിയ മുഖം) , പുഞ്ചിരി തഞ്ചും ചുണ്ടിലൊരോമൽ എന്നിവ ശങ്കരമഹാദേവനും , ഒരു നോക്ക് കാണുവാൻ കാത്തിരുന്നവൾ ( കാർത്തിക് ) എന്നിവ മികച്ച ഉദാഹരണങ്ങൾ . ഇതിലുമെത്രയോ പുതുമുഖങ്ങൾക്ക് ദീപക് ദേവ് അവസരങ്ങൾ കൊടുത്തിട്ടുണ്ട്. എല്ലാം എഴുതുന്നില്ല എന്ന് മാത്രം.
തുടക്കം മുതൽ തന്റേതായ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ എഴുതിയത് ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ആയതു യാദൃശ്ചികം. എങ്കിലും കരുത്തുറ്റ വരികൾ കൂട്ടായുണ്ടായത് ഇദ്ദേഹത്തിന്റെ ഒരു ഭാഗ്യം….
ഐ ലവ് യു മമ്മി ( ഭാസ്കർ ഡി റാസ്കൽ — റഫീഖ് അഹമ്മദ് )
നിലാക്കുടമേ ( ബി കെ ഹരിനാരായണൻ )
മനസ്സിലൊരായിരം കസവു നെയ്യുമീ ( ബി കെ ഹരിനാരായണൻ)
ആരാന്നെ ആരാന്നെ ഒത്തുപിടിക്കണതാരാന്നെ ( ഉറുമി – ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ) എങ്ങണ്ടിയൂരിന്റെ നാടൻ പാട്ടുകൾക്ക് സ്വതസിദ്ധമായ സംഗീതം തന്നെ നൽകി ദീപക് …
അകലെയോ അകലെയോ നീ ( ചിറ്റൂർ ഗോപി )
പാട്ടും പാടിയൊരു കൂട്ടിൻ വാതിലിൽ ( ഗിരീഷ് പുത്തഞ്ചേരി )
കൈതപ്രത്തിന്റെ ഓമൽ കണ്മണി ഇതിലെ വാ എന്ന ഉശിരൻ ഗാനത്തിന് കൊടുത്ത സംഗീതത്തിന്റെ മറുപുറം വേൽ മുരുകാ എന്ന ഇളക്കപ്പാട്ടിനും നൽകി ദീപക് ദേവ് .. നരൻ എന്ന മോഹൻലാൽ ചിത്രം ഓർക്കുന്നതും ഈ പാട്ടുകളിലൂടെയും ആണ്…
ബിഗ് ബ്രദർ , ഗാനഗന്ധർവൻ എന്നീ ചിത്രങ്ങളിലും മധുരതരമായ ഗാനങ്ങൾ കൊടുക്കാൻ ഇദ്ദേഹം ശ്രമിച്ചിട്ടുണ്ട്. സിനിമ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയതുമാവാം പാട്ടുകളും അനുഭവിച്ചത്…നല്ല വരികൾക്ക് നല്ല സംഗീതം… ആ പാട്ടുകാലം ഇനിയുമുണ്ടാവും …ആസ്വാദകരെന്നും കാത്തുകാത്തിരിക്കും…