അജീഷ് ദാസൻ; വർണ്ണാഭമായ ഒരു പാട്ടുകാലത്തിലേക്ക് നമ്മെ കൈപിടിച്ച് നടത്തുന്ന കവിത്വം

182

ഗിരീഷ് വർമ്മ ബാലുശ്ശേരി

ഇനിയൊരു കാലത്തേക്ക് ….

വർണ്ണാഭമായ ഒരു പാട്ടുകാലം നമുക്കുണ്ടായിരുന്നു. അങ്ങിനെ എഴുതുമ്പോൾ തന്നെ നെറ്റിചുളിക്കുന്നവരും, ചോദ്യം ചെയ്യുന്നവരും ഉണ്ടാവാം . ഉണ്ടാവണം. ഇപ്പോഴില്ലേ എന്ന് അസ്വസ്ഥതയോടെ ചിലർ ..

എഴുത്തിനു ശേഷം ഈണം ചേർക്കുന്ന കാലത്തിൽ നിന്നും മാറി തെയ്യാറാക്കിയ ഈണത്തിലേക്കു വരികളെ ചിലപ്പോൾ വികൃതമായി ചേർത്തു വെക്കേണ്ടി വരുന്ന എഴുത്തുകാരുടെ ധർമ്മസങ്കടങ്ങൾ ഉണ്ടിന്ന് .മുറിഞ്ഞു പോകുന്ന വാക്കുകൾ , അർത്ഥമില്ലായ്മയിൽ കുടുങ്ങി അപശബ്ദമായി പരിണമിച്ചതും നമ്മൾ കേട്ടറിഞ്ഞു . എന്നാലും അതിലും ആശയുടെ കിരണങ്ങൾ ഉണ്ടായിരുന്നു എന്നതും സത്യം. എഴുത്തും സംഗീതവും ഇഴുകിച്ചേർന്ന പഴയ കാല കെട്ടുറപ്പ് .. അവിടെ നിന്നും മടങ്ങുമ്പോൾ ഇന്നത്തെ കാലത്തെ ഗാന സ്രഷ്ടാക്കളെ ഒന്നോർത്തെടുക്കുന്നു…

സിനിമയ്ക്ക് മുൻപേ പാട്ട് ഹിറ്റാവുന്നത് ഇപ്പോൾ പുതിയ സംഭവമല്ല. “ഞാനും ഞാനുമെന്റാളും ആ നാൽപ്പതു പേരും പൂമരം കൊണ്ടേ ഒരു കപ്പലുണ്ടാക്കി ” എന്ന വ്യത്യസ്തതയാർന്നൊരു ഗാനം അനുഭൂതിയലകൾ സൃഷ്ടിച്ചിരുന്നു ഇവിടെ. പൂമരം എന്ന ചലച്ചിത്രം മലയാള സിനിമയിൽ ഇതുവരെ ഇറങ്ങിയവയിൽ നിന്നും അതിന്റെ പ്രമേയം കൊണ്ട് വ്യത്യസ്തമായിരുന്നു. മഹാത്മാഗാന്ധി യുവജനോത്സവത്തിന്റെ ലൈവ് ആയിരുന്നോ അത് എന്ന് നമുക്ക് തോന്നും . ഒട്ടും അസ്വാഭാവികത തോന്നിക്കാത്ത തരത്തിൽ അത് ചിത്രീകരിക്കാൻ കഴിഞ്ഞതിൽ അണിയറപ്രവർത്തകർക്ക് അഭിമാനിക്കാം. സംഗീത സാന്ദ്രമായ ഒരു അനുഭവം കൂടിയായിരുന്നു അത്. പുതുമുഖങ്ങളുടെ ഒരു മേളനം . അഭിനേതാക്കളായാലും, സംവിധായകനായാലും എല്ലാം.. പാട്ടെഴുത്തിലും ഒരു പുതുമുഖം അതിൽ തെളിഞ്ഞു വിലസിയത് നമ്മൾ അനുഭവിച്ചറിഞ്ഞു. കവിയും എന്റെ സുഹൃത്തുമായ ശ്രീ അജീഷ് ദാസൻ എന്ന പുതുമുഖപ്രതിഭ . കവിതയിൽ തന്റെ കഴിവ് തെളിയിച്ച യുവകവി. എന്നാൽ മുകളിൽ പറഞ്ഞ ഗാനം പക്ഷെ അദ്ദേഹത്തിന്റെ സൃഷ്ടി ആയിരുന്നില്ല. ആ പാട്ടിന്റെ ആദ്യ ലഹരി ഒതുങ്ങിയപ്പോൾ തെളിഞ്ഞു വന്നത് അജീഷ് എന്ന പ്രതിഭയുടെ മുഖമായിരുന്നു. മൂന്നു ഗാനങ്ങൾ അതിൽ അജീഷ് ചെയ്തിട്ടുണ്ട്.

രണ്ടു ദിവസമായി ഞാൻ അജീഷിന്റെ പൂമരം ഗാനങ്ങൾ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്നത് .സരളമായ വരികളുടെ അസാധാരണമായ ഒതുക്കം എന്നെ അത്ഭുതപ്പെടുത്തി. ഫൈസൽ റാസി സംഗീതം ചെയ്ത ” നേരമായ് നിലാവിലീ ജാലകം തുറന്നീടാം …” എന്ന ഗാനം പകർന്നു തന്നതെന്തൊക്കെ എന്ന് ഞാൻ എന്നോട് ചോദിച്ചു…ഒരു കണ്ണീർത്തുള്ളി തുളുമ്പി, ഒന്ന് വിതുമ്പി ഞാൻ … എന്തിനോ… അത്രയ്ക്കൊരു ഫീൽ തന്നു ആ ഗാനം .പതുങ്ങി വന്ന സംഗീതത്തിന്റെ കുഞ്ഞു വിരലുകൾ നനുനനുത്ത നോവറിവുകൾ നൽകി കൺപോളകളെ നനച്ചു കളഞ്ഞു. സുഖകരമായ സംഗീതത്തിന്റെ അകമ്പടിയും അജീഷ് കവിതയും ചേർന്നപ്പോൾ മറ്റൊരു ലോകം തന്നെ സൃഷ്ടിക്കപ്പെടുകയായിരുന്നു. ഉത്സവാന്തരീക്ഷം നിലനിൽക്കുന്ന സിനിമാ തന്തു ആണെങ്കിലും പാട്ടുകൾ നേർത്ത വിഷാദം ഉള്ളിലടക്കിയ തംബുരു നാദങ്ങളായിരുന്നു .

അതിങ്ങനെ ചിത്രത്തിന്റെ ഓരോ ഇടവേളകളിലും പടർന്നു കയറിയ നാദവിസ്മയം തന്നെയായിരുന്നു. വൈകാരികത മുറ്റി നിൽക്കുന്ന , ഗൃഹാതുരത്വം നിറഞ്ഞു കവിയുന്ന ഒരു ഗാനം കൂടി ഉണ്ട്. മഹാരാജാസ് കോളജിൽ പഠിച്ചവർക്കും , കലാലയ ജീവിതം ആഘോഷിച്ചവർക്കും വേദനയുടെ നെയ്യുറുമ്പുകൾ കടിക്കുന്ന അനുഭവമായിരിക്കും… ലീല ഗിരീഷ് കുട്ടൻ എന്ന അനുഗ്രഹീത സംഗീതകാലാകാരൻ ഈണമിട്ട “: ഇനിയൊരുകാലത്തേയ്ക്കൊരു പൂ വിടർത്തുവാൻ ഇവിടെ ഞാനീമരം നട്ടു ” എന്ന ഗാനമേൽപ്പിച്ച സുഖവേദനയുടെ ആലസ്യത്തിൽ നിന്നും മുക്തനായിട്ടില്ല ഞാൻ ഇതുവരെ… അതിലെ ” വിരഹജനാലകൾ, വിജനവരാന്തകൾ ” എന്ന പ്രയോഗത്തിലെ വൈകാരികതയും എടുത്തു പറയേണ്ടത്…പൂ വിടർത്തുവാൻ മരവും,തീ പടർത്തുവാൻ മിഴികളും നട്ടു പോവുന്നവന്റെ അടർന്നു പോരുവാനാവാതെ വേരുറച്ചു പോവുന്നവന്റെ വിരഹജ്വാലകൾ …. മഴയോർമ്മ ചൂടി നിൽക്കുന്ന ഇലകളെ പോലെ കലാലയഓർമ്മകൾ … സൗഹൃദവും, പ്രണയവും, മഴയുടെ മൗനമായും, ശിശിരത്തിന്നിലകളായും അടർന്നു പോയ മണ്ണിൽ നിന്നും തിരിച്ചുവരവില്ലാത്ത ഒരു വിടവാങ്ങൽ… കവിയുടെ വിങ്ങുന്ന മനസ്സിനെ ദർശിച്ചു ഈ പാട്ടിൽ…

മറ്റൊരു ഗാനവുമുണ്ടതിൽ . അതിസുന്ദരമായ ഒരു രേഖാചിത്രം പോലെ തനിമയാർന്നത് .. കടവത്ത് ഉപേക്ഷിക്കപ്പെട്ടതായ ഒരു തോണി . തുഴക്കാരനില്ലാതെ , പുഴയുടെ പാട്ടറിയാതെ , നാവായ പങ്കായമുണരാതെ മണലിലമർന്ന തോണി…പുഴയിലൊഴുകിയ ഒരു കാലമോർത്ത് തളരുന്ന ഒരു തോണിജീവിതം അഥവാ മനുഷ്യജീവിതം… “കടവത്തൊരു തോണിയിരിപ്പൂ പാട്ടില്ലാതെ , പുഴയില്ലാതെ ” എന്ന കവിത നിറഞ്ഞു തുളുമ്പിയ ഗാനം…

പൂമരത്തിലെ ഗാനങ്ങൾ നൽകിയ ആത്മവിശ്വാസം കവിയ്ക്ക് തുടർ ചിത്രങ്ങളിലും ഗുണം ചെയ്യുക ഉണ്ടായി .. ആറോളം ചിത്രങ്ങൾക്ക് പാട്ടുകൾ എഴുതിയ അജീഷിന്റെ കഴിവ് തെളിയിക്കപ്പെട്ടത് മൂന്നു ചിത്രങ്ങളിലാണ്. പൂമരം, ജോസഫ് , തൊട്ടപ്പൻ. കവിതകളിൽ നിന്നും ആർജിച്ചെടുത്ത കരുത്തും, പദസമ്പത്തും വിതറിയിട്ടിരിക്കയാണ് ആദ്യചിത്രമായ പൂമരത്തിൽ .. തുടർ ചിത്രങ്ങളായ ഒരു ബോംബുകഥയും, ഒരൊന്നൊന്നര പ്രണയ കഥയും കാര്യമായ ചലനങ്ങൾ കൊണ്ടുവന്നില്ലെങ്കിലും ബോംബുകഥയ്ക്ക് വേണ്ടി ചെയ്ത പോലെ ഉള്ള ഗാനങ്ങളിൽ കൂടുതൽ മുഴുകി പോകരുത് എന്നൊരപേക്ഷയുണ്ട് ….

ജോസഫിലെ പ്രധാന ഗാനം അജീഷിന്റേതാണ് . മലയാളികൾ ആഘോഷിച്ച ഗാനം . ” പൂമുത്തോളെ ” എന്ന് ഒരൊറ്റ വാക്ക് മാത്രം പറഞ്ഞാൽ ആ പാട്ടിലെത്തപ്പെടുന്ന പ്രയോഗങ്ങൾ നിറഞ്ഞ ഒരു ഗാനം. ഒരച്ഛന്റെ മകളോടുള്ള മാനസികാടുപ്പത്തിന്റെ തീക്ഷ്ണത പൂമുത്തോൾ എന്ന സ്നേഹത്തിൽ നിന്നും വാറ്റിയെടുത്ത പദപ്രയോഗത്തിൽ തുടങ്ങി ഒരു മഴവില്ലു പോലെ ഉദിച്ചുയരുകയായിരുന്നു.. ജന്മം മുഴുവൻ അവൾക്കു വേണ്ടി, ഏതു ഇടറിച്ചയിലും കൈത്താങ്ങായി, അവൾക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹമായി സ്വയം സമർപ്പിക്കുന്ന ഒരച്ഛൻ മനം … രഞ്ജിൻ രാജ് എന്ന പുതുമുഖ സംഗീത സംവിധായകന്റെ നല്ല തുടക്കവുമായിരുന്നു . അവാർഡുകൾ വാരിക്കൂട്ടിയ ഗാനം. സിനിമയിൽ നിരഞ്ജ് സുരേഷ് ഭംഗിയായ പാടിയെങ്കിലും ഇതേ ഗാനം തന്നെ പാടിയ വിജയ് യേശുദാസിനാണ് അവാർഡുകൾ എല്ലാം കിട്ടിയതും എന്നത് ഖേദകരം തന്നെ…

തൊട്ടപ്പനിലെ സിതാരയുടെ ശബ്ദത്തിൽ ലീല ഗിരീഷ് കുട്ടൻ സംഗീതം ചെയ്ത ” കായലേ…. കായലേ … നീ തനിച്ചല്ലേ” എന്ന ഗാനവും അജീഷ് ദാസന്റെ കയ്യൊപ്പു കലർന്ന കവിത തന്നെ… വീർപ്പുമുട്ടിക്കുന്ന ഒരു ജീവിത സന്ദർഭത്തിന്റെ ഗാന ചിത്രീകരണം ..പ്രകൃതിയിലേക്ക് കലർന്ന് ചേരുന്ന ദുഖത്തിന്റെ നിഴൽപ്പാടുകൾ . ചോദിക്കുകയാണ് … നീയുമെന്നെ പോലെ തനിച്ചല്ലേ … എന്ന്. കടലോളമുണ്ട് സങ്കടങ്ങൾ നെഞ്ചിൽ …. അത് നീയറിയുന്നില്ലേ എന്ന് കായലിനോടും, കാറ്റിന്നലകളോടും … ചങ്കിലുറഞ്ഞു കൂടുന്ന വിഷാദത്തിന്റെ ചുഴികളും തീർക്കുന്ന തീരാ വേദനകൾ ….

അജീഷ് എന്ന പാട്ടെഴുത്തുകാരന്റെ യാത്ര തുടങ്ങിയിട്ടേ ഉള്ളൂ… ഇനിയുമെത്ര ചിത്രങ്ങൾ കാത്തിരിക്കുന്നു. എത്രയെത്ര പാട്ടുകൾ പിറക്കാനിരിക്കുന്നു…. കാത്തിരിക്കുന്നു ഞങ്ങളും പ്രിയ എഴുത്തുകാരാ …. എല്ലാ ഭാവുകങ്ങളും നേരുന്നു ….