ഏന്നാലും ഏവരെയും ഞെട്ടിച്ചത് ഇന്ദ്രൻസ് ആണ്
ഒരു സിനിമ കണ്ട് തുടങ്ങുമ്പോൾ ആദ്യം തന്നെ അതിന്റെ ദൈർഘ്യം നോക്കാറുണ്ട്. മാലിക്കിന്റെ ദൈർഘ്യം 2മണിക്ക് 41 മിനിറ്റ് എന്ന് കണ്ടപ്പോൾ ചെറിയൊരു ആശങ്കയുണ്ടായിരുന്നു
94 total views

Girish Kumar N P
മാലിക് (2021)
മലയാളം
ആമസോൺ പ്രൈം
മാലിക് ഒരു മഹേഷ് മാജിക്.
സ്പോയിലർ ഇല്ല.
ഒരു സിനിമ കണ്ട് തുടങ്ങുമ്പോൾ ആദ്യം തന്നെ അതിന്റെ ദൈർഘ്യം നോക്കാറുണ്ട്. മാലിക്കിന്റെ ദൈർഘ്യം 2മണിക്ക് 41 മിനിറ്റ് എന്ന് കണ്ടപ്പോൾ ചെറിയൊരു ആശങ്കയുണ്ടായിരുന്നു. കാരണം എഡിറ്റർ കൂടിയായ സംവിധായകന്റെ സിനിമയ്ക്ക് ഇത്ര ദൈർഘ്യമോ?പക്ഷേ 2 മണിക്കൂർ 41 മിനിറ്റും ഒരേ പോലെ എൻഗേജ് ചെയ്യിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് മാലിക് എന്ന സിനിമയുടെ ആദ്യ വിജയം. അതിന് തക്കവണ്ണമുള്ള മികച്ച തിരക്കഥയായിരുന്നു. അത് അവതരിപ്പിച്ച നോൺ ലീനിയർ ശൈലിയും വളരെ മനോഹരമായി ചെയ്തിട്ടുണ്ട്.
കഥാപാത്രങ്ങൾക്ക് ആഴം കുറവാണെന്ന് മാത്രം. അലീക്ക എങ്ങനെ ഒരു ജനതയുടെ വിശ്വാസം പിടിച്ച് പറ്റുന്നു അല്ലെങ്കിൽ അവരുടെ അനിഷേധ്യ നേതാവാകുന്നു എന്നെല്ലാം എവിടെയും വിശ്വസനീയമായ രീതിയിൽ പറയുന്നില്ല/അവതരിപ്പിക്കുന്നില്ല. കമലഹാസന്റെ നായകൻ കണ്ടവർക്ക് ഈ ഒരു കുറവ് ശരിക്കും അനുഭവപ്പെടും.ഇത്തരം ഗാംങ്ങ്സ്റ്റർ സിനിമകളിൽ ഒഴിച്ചു കൂടാനാകാത്ത പ്രണയം, ചതി, വിശ്വാസ വഞ്ചന, ഒറ്റിക്കൊടുക്കൽ, ഉറ്റവരുടെ വേർപാട് തുടങ്ങിയ എല്ലാ ക്ലീഷേകളും ഇതിലുമുണ്ട്. എന്നിരുന്നാലും അതിനെയെല്ലാം ആർട്ടിസ്റ്റുകളുടെ പ്രകടനം കൊണ്ടും ആവിഷ്ക്കാരം കൊണ്ടും മറി കടക്കുന്നുണ്ട്.
സ്റ്റേറ്റിന്റെ തീരുമാനങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥരാണ് ഉദ്യോഗസ്ഥരും പൊലീസും. പക്ഷേ തീരുമാനങ്ങൾ പാളിപ്പോവുമ്പോൾ അതിന്റെ കുറ്റം മുഴുവൻ ഈ പറഞ്ഞ രണ്ട് വർഗ്ഗത്തിന്റെയും ചുമലിലാവുകയും ചെയ്യും.
ജാതി, മതം, സമുദായം, വിശ്വാസം, പ്രാദേശികവാദം, ഇരവാദം, വിധേയത്വം, അന്ധത തുടങ്ങിയവയെയെല്ലാം അധികാരവും രാഷ്ട്രീയവും എന്നും എക്കാലവും സമർഥമായി അതിന്റെ നിലനിൽപ്പിന് ഉപയോഗിച്ചിട്ടുണ്ട്. എന്തിന്റെ പേരിലായാലും വിലപേശാൻ തക്കവണ്ണം സംഘടിതമായ ഒരു വോട്ട് ബാങ്ക് എന്നും രാഷ്ട്രീയ പാർട്ടികളുടെ കണ്ണിലെ കരടാണ്. ഇതൊക്കെ തമ്മിലുള്ള കൂടുതലും വ്യക്തിപരം എന്ന് പറയാവുന്ന സംഘർഷമാണ് ഈ ചിത്രം.
ഈ സിനിമയെ ലോക ക്ലാസിക്കുകളായി വാഴ്ത്തുന്ന ഗോഡ്ഫാദർ, നായകൻ എന്നിവയുമായും ഹിന്ദി, മലയാളം, തമിഴ് ഈ ഭാഷകളിൽ മുൻകാലങ്ങളിൽ ഇറങ്ങിയ കൾട്ട് സിനിമകളായ ഗാങ്ങ്സ് ഓഫ് വസേപ്പൂർ, കമ്മട്ടിപ്പാടം, വടചെന്നെ എന്നിവയുമായും താരതമ്യം ചെയ്യുന്നവരോട് നല്ല നമസ്കാരം. ആ ലെവലിലൊന്നും ഈ പടം ഇല്ല.ശാരീരികമായി അല്ല മാനസികമായി കരുത്തനാണ് ഇതിലെ നായകൻ. സത്യത്തിൽ ഫഹദിന്റെ പ്രകടനത്തിൽ മാനസികമായ ഈ കരുത്തിന് പകരം തന്റെ സ്ഥിരം ഭാവമായ സൈക്കോയുടെ ഛായയാണ് കൂടുതൽ കാണാൻ കഴിയുന്നത്. നിമിഷ സജയൻ രണ്ട് കാലഘട്ടത്തിലും മികച്ച പ്രകടനമായിരുന്നു.
വാർദ്ധക്യ കാലഘട്ടത്തിലെ ശരീരഭാഷയും ഭാവവും ഡയലോഗ് ഡെലിവറിയും എല്ലാം നല്ലരീതിയിൽ ചെയ്തിട്ടുണ്ട്. സത്യം പറഞ്ഞാൽ ഫഹദിനേക്കാൾ ഒരുപടി മുന്നിലാണ് നിമിഷയുടെ പ്രകടനം. വയസ്സായ വേഷത്തിൽ വന്ന ഫഹദിന്റെ രൂപവും അത്ര നിലവാരം പോര. ഫഹദിന്റെ മേയ്ക്കപ്പ് ഒക്കെ സ്ക്കൂൾ ഫാൻസിഡ്രസ്സ് നിലവാരത്തിലാണ്. എന്നാൽ വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, ജോജു എന്നിവരെല്ലാം പ്രകടനം കൊണ്ടും രൂപം കൊണ്ട് മികച്ചതായിരുന്നു. അഭിനയിച്ച എല്ലാവരും നന്നായി ചെയ്തിട്ടുണ്ട് ഏന്നാലും എന്നെ ഞെട്ടിച്ചത് ഇന്ദ്രൻസ് ആണ്. ഡിപ്പാർട്ട്മെന്റിനോടും സ്റ്റേറ്റിനോടുമുള്ള അയാളുടെ വിധേയത്വം എല്ലാ നോട്ടത്തിലും ഭാവത്തിലും ശരീരഭിഷയിലും എല്ലാമുണ്ട്. അസാധ്യ പ്രകടനം. അനുഭവങ്ങളുടെ മൂശയിൽ ഊതിക്കാച്ചിയ നടനാണ് ഇന്ദ്രൻസ്.
പ്രാദേശിക ഭാഷാ പ്രയോഗത്തിൽ നമ്മൾ തമിഴ് സിനിമകളെ കണ്ട് പഠിക്കണം. അവിടുത്തെ ആർട്ടിസ്റ്റുകൾ എല്ലാ സീനിലും ഒരേ വാമൊഴി വഴക്കത്തോടെ ഡയലോഗ് പറയും. നമ്മുടെ സിനിമയിൽ ഈ വാമൊഴി വഴക്കം വന്നും പോയുമിരിക്കും. ഇനി തിരക്കഥ എഴുതുന്നവർ ശ്രദ്ധിക്കാത്തത് കൊണ്ടാണോ എന്നറിയില്ല. മാലിക്കിലും ഫഹദടക്കം എല്ലാവരുടെ ഡയലോഗിലും അത് കാണാം. അതിന് അപവാദമായി മലയാളത്തിലുള്ളത് അമരം എന്ന സിനിമ മാത്രമാണെന്ന് തോന്നുന്നു.ഇത്തരം ചെറിയ കുറവുകളൊന്നും ഈ സിനിമയുടെ ആസ്വാദനത്തെ വലിയ രീതിയിൽ ബാധിക്കുന്നില്ല എന്നാണ് സത്യം.
വരും ദിവസങ്ങളിൽ ഈ ചിത്രത്തിന്റെ പൊളിറ്റിക്കൽ കറക്ടനസ്സിനെക്കുറിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടാകും എന്നാണ് തോന്നുന്നത്. ഫിക്ഷനാണെങ്കിലും ഇത് എത് സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് ഒരുവിധം എല്ലാവർക്കും അറിയാം. അതിനാൽ തന്നെ ഒളിച്ചു കടത്തലിന്റെയും ഒളിച്ചു വയ്ക്കലിന്റെയും രാഷ്ട്രീയം ചർച്ച ചെയ്യപ്പെടാതിരിക്കില്ല.നേരിന്റെ രാഷ്ട്രീയം നേരായി പറയുന്ന ചലച്ചിത്രകാരന്മാരും സിനിമകളും നമുക്കില്ലാതായിട്ട് എത്രയോ കാലങ്ങളായി. സമീപഭാവിയിലൊന്നും അതിനുള്ള വദൂരസാദ്ധ്യതയുണ്ടെന്നും തോന്നുന്നില്ല.
95 total views, 1 views today
