ന്നാ താൻ കേസ് കൊട് (2022)
*സ്പോയിലർ അലർട്ട്*
Girish Kumar N P
വ്യവസ്ഥാപിതമായ ചില വർത്തമാനകാല സാമൂഹിക രാഷ്ട്രീയ സംഭവങ്ങളേയും അഴിമതിയേയും എന്തിന് ക്രിമിനൽ നടപടിക്രമങ്ങളേയും ജുഡീഷ്യറിയെപ്പോലും ആക്ഷേപഹാസ്യരീതിയിൽ വളരെ മന്ദതാളത്തിൽ വളരെ റിയലിസ്റ്റിക് ആണെന്ന് തോന്നിപ്പിക്കുന്ന വിധം അങ്ങേയറ്റം അയഥാർത്ഥ്യമായി അവതരിപ്പിക്കുന്ന ഒരു സിനിമയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ എഴുതി പ്രോജക്റ്റ് ഡിസൈൻ ചെയ്തു സംവിധാനം ചെയ്ത “ന്നാ താൻ കേസ് കൊട്.”
സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മുൻ കള്ളൻ ചെയ്യാത്ത കുറ്റത്തിന് കുറ്റാരോപിതനാവുമ്പോൾ, തന്റെ നിരപരാധിത്വം തെളിയിക്കാൻ യഥാർത്ഥ കുറ്റക്കാരനായ ഒരു കാട്ടു കള്ളൻ മന്ത്രിക്കെതിരെ കോടതിയിൽ പരാതി നൽകി, തന്റെ ഭാഗം സ്വയം വാദിച്ച് ജയിക്കാൻ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളുടെ ആകെത്തുകയാണ് ഈ പടം. ഈ പടം കാണുന്നതിന് മുമ്പ് നിങ്ങൾ വിക്രം നായകനായി ഷങ്കർ സംവിധാനം ചെയ്ത അന്ന്യൻ കണ്ടത് ഒന്ന് സ്മരിക്കണം. കാരണം ഒരു അത്യാഹിതം സംഭവിക്കുമ്പോൾ അതിന്റെ മൂലകാരണക്കാരായവരെ കണ്ടത്തി നിയമത്തിനതീതമായി പ്രവർത്തിച്ച് അവരെ ശിക്ഷിക്കുന്നതാണ് അന്ന്യൻ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ സാമൂഹികവശം. എന്നാൽ ഇവിടെ അതേ പോലുള്ള ഒരു വിഷയത്തെ നീതിപീഠത്തിന്റെ മുമ്പിലെത്തിച്ച് ശിക്ഷ വാങ്ങി കൊടുക്കുന്ന രീതിയിലാണ് അവതരണം.
തിയ്യറ്ററിൽ പൊട്ടിച്ചിരിയുടെ ഓളങ്ങളല്ല ഈ ചിത്രം സൃഷ്ടിക്കുന്നത് പകരം ചുണ്ടിൽ ഊറി വരുന്ന ചിരികളാണ്. അതിന് തക്കതായ രീതിയിലുള്ളതാണ് ചിത്രത്തിലെ സംഭാഷണങ്ങളധികവും.ഒരുപാട് രംഗങ്ങൾ ഓർമ്മയിൽ നിൽക്കുന്നുണ്ടെങ്കിലും എന്നെ ഒരുപാട് ആകർഷിച്ച രംഗം, സ്ഥലം എം.എൽ.എ. യുടെ വീട്ടിൽ നിന്നും രാജീവൻ എന്ന കഥാപാത്രത്തെ പൊലീസ് സേനയിൽ ആയിടെ ചേർന്ന ഒരു സിവിൽ പൊലീസ് ഓഫീസർ അറസ്റ്റ് ചെയ്യുമ്പോൾ പറയുന്ന ഡയലോഗുകൾ അടങ്ങിയ രംഗമാണ്. ഒരു പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ പുലർത്തേണ്ട മിനിമം ക്രിമിനൽ നടപടി ക്രമങ്ങൾ വിദേശ സിനിമകളിൽ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇന്ത്യൻ സിനിമയിൽ എവിടെയും കണ്ടതായി ഞാൻ ഓർക്കുന്നില്ല.
അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവരും ഒന്നിനൊന്ന് മെച്ചം. മജിസ്ട്രേറ്റ് ആയി അഭിനയിച്ച പുതുമുഖ നടൻ സ്വാഭാവികാഭിനയം കൊണ്ട് ഞെട്ടിച്ചു. കാസ്റ്റിംഗിന്റെ കാര്യത്തിൽ എനിക്ക് അല്പം അഭിപ്രായ വ്യത്യാസമുള്ള കാസ്റ്റിംഗ് ഉണ്ണിമായ പ്രസാദിന്റെ കഥാപാത്രം മാത്രമാണ്.ചുരുക്കത്തിൽ ഇമേജുകളുടെ ആലഭാരങ്ങൾ കുടഞ്ഞെറിഞ്ഞ് കൊണ്ട് വളരെ തന്മയത്വത്തോടെ തന്റെ കഥാപാത്രമായി കുഞ്ചാക്കോ ബോബൻ പകർന്നാടുന്ന, ചുണ്ടിൽ ഊറുന്ന ചിരിയുടെ രുചി പകരുമ്പോഴും ഉള്ളിൽ പലപ്പോഴും പ്രതികരണ ശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പറ്റം ആളുകളായി നാം മാറിക്കൊണ്ടിരിക്കുകയാണോ എന്ന ചിന്തയുടെ അരുചിനാമ്പുകൾ മുളയ്ക്കുന്ന പടം.