ദൈവങ്ങൾ ഒളിവിൽ പോയ കൊറോണക്കാലത്ത് നമുക്ക് വെറും പച്ച മനുഷ്യരായി ഐക്യപ്പെടാം

77
Girish Kumar
ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്നായിരുന്നു വാശി.ഇപ്പോൾ പുരുഷനും അങ്ങോട്ടു പോകാനാവുന്നില്ല.പള്ളി വിട്ടുകൊടുക്കില്ലെന്ന് യാക്കോബായക്കാർക്ക് വാശി.യാക്കോബായക്കാരന്റെ ശവമടക്കില്ലെന്ന് ഓർത്തഡോക്സുകാരന്റെ വാശി. ഇപ്പോൾ ആർക്കും പള്ളി തുറന്നു പ്രാർത്ഥിക്കാൻ പോലുമാകുന്നില്ല; മരണപ്പെട്ടവർക്ക് അന്ത്യചുംബനം നൽകാനാവുന്നില്ല.ഇന്ത്യാക്കാരനാണെന്ന സർട്ടിഫിക്കറ്റ് ആർ.എസ്.എസ് കാര്യാലയം നൽകുമെന്നായിരുന്നു വാശി. പൗരത്വം തെളിയിക്കാൻ കലാപം നടന്ന നാട്ടിൽ ഇന്നിപ്പോൾ പൗരത്വം തെളിയിക്കേണ്ട, പകരം കൊറോണ ഇല്ലെന്ന് തെളിയിച്ചാൽ മതി എന്നായി. ബ്രാഹ്മണനും ദളിതനുമല്ല പരസ്പരം തൊട്ടുകൂടായ്മ, ഹിന്ദുവിന് മുസ്ലീമിനെയല്ല വിദ്വേഷം, സഭകൾ തമ്മിലല്ല ശത്രുത. ഇന്ന് നമുക്ക് തൊട്ടുകൂടായ്മയും വിദ്വേഷവും ശത്രുതയും കോവിഡ് 19 വൈറസിനോടു മാത്രമാണ്. ഭയം,വിദ്വേഷം,ഭീഷണി അതൊക്കെ പ്രയോഗിച്ചവർ ഇന്ന് നിശബ്ദരാണ്.
ഭയമാണ് എന്തിന്റെയും അടിസ്ഥാനം. മരണത്തെ, രോഗത്തെ,ജീവിത ദുരിതങ്ങളെ, തിരിച്ചടികളെ, ആക്രമണങ്ങളെ ഒക്കെ ഭയക്കുമ്പോഴാണ് മനുഷ്യ മനസ്സ് ദുർബ്ബലമാകുന്നതും അതിൽ നിന്ന് കരകയറ്റുന്ന അമാനുഷിക ശക്തികളിൽ അഭയം തേടുന്നതും. അത് യഥാർത്ഥത്തിൽ നഷ്ടപ്പെട്ട ആത്മവിശ്വാസവും ധൈര്യവും തിരികെ കിട്ടാനായി നമ്മുടെ മനസ്സു നടത്തുന്ന പ്രതിപ്രവർത്തനമാണ്. മറ്റൊരു ശക്തിയുടെ സഹായമായി മനുഷ്യന് തോന്നുമെങ്കിലും അത് ആത്യന്തികമായി നമ്മുടെ മനസ്സു നൽകുന്ന ആത്മവിശ്വാസം തന്നെയാണ്.
ഇന്ന് വേഗം പടരാവുന്ന രോഗം മഹാമാരിയായി മാറുമോ എന്ന ഭയം മനസ്സിനെ കീഴ്പ്പെടുത്തിയപ്പോൾ മറ്റു ഭയങ്ങളെ അകറ്റുന്ന അഭയസ്ഥാനമായി മാറുന്ന ആരാധനാലയങ്ങളിൽ പോകാൻ പോലും മനുഷ്യർ പേടിക്കുന്നു. എല്ലാവരും അതിജീവിക്കാൻ ഒന്നിച്ചു നിൽക്കുന്ന സമയത്ത് പറയാൻ പാടുണ്ടോ എന്നറിയില്ല. എങ്കിലും വലിയൊരു പേടി സൃഷ്ടിച്ച ജാഗ്രതാബോധം നമ്മളിൽ നിന്നും മറ്റു പല പേടികളെയും വിദ്വേഷത്തെയും താൽക്കാലികമായി അകറ്റുകയാണ്. “ദൈവങ്ങൾ ഒളിവിൽ പോയ കൊറോണക്കാലത്ത് “നമുക്ക് വെറും പച്ച മനുഷ്യരായി ഐക്യപ്പെടാം.