മലയാളത്തിന്റെ മഞ്ജരി
Girish Varma
ശാസ്ത്രീയമായി അഭ്യസിക്കാത്തവർ പോലും സിനിമയിൽ പാട്ടു മേഖലയിൽ ഉയരങ്ങളിൽ എത്തിയിട്ടുണ്ട്. പ്രസിദ്ധ ഗായകരായി അവർ മാറുകയും ചെയ്തു . ജന്മനാ കിട്ടിയ കഴിവുകൾ തേച്ചുമിനുക്കപ്പെട്ടത് സിനിമയിൽ നിന്ന് തന്നെ . മറ്റേതൊരു ക്ലാസ്സിക്കൽ ഗായകരേക്കാളും മികച്ച രീതിയിൽ പാടാൻ തങ്ങൾക്ക് കഴിയും എന്നവർ തെളിയിക്കുകയും ചെയ്തു . അടിസ്ഥാനം മാത്രമല്ല കാര്യം പരിശീലനം കൂടി വേണം എന്നതല്ലേ ഇത് തെളിയിക്കുന്നത്. ഇതൊക്കെ ഉണ്ടായിട്ടും കൂടുതൽ ശ്രദ്ധിക്കപ്പെടാതെ പോയ ഗായകർ ഏറെ ഉണ്ട് നമുക്ക്. ഒറ്റ ഗാനത്തിലൂടെ എന്നെന്നും ഓർമ്മിക്കുന്നവർ . ചിലർക്ക് കുറച്ചേറെ അവസരങ്ങൾ കിട്ടിയിട്ടുണ്ടാവും. എന്നാൽ മികച്ചതെന്ന് അവർക്ക് പോലും അവകാശപ്പെടാൻ ആവാത്തതാവും ..എന്നിരുന്നാലും ചിലരെ ഒന്നോർത്തുനോക്കാം.
“മേടമാസക്കുളിരിലാരെ നീ “എന്ന അഷ്ടമുടിക്കായലിലെ ഹിറ്റ് ഗാനം പാടിക്കൊണ്ട് വന്ന ഷെറിൻ പീറ്റേഴ്‌സ് എന്ന ഗായികയ്ക്ക് പിന്നീടിന്നു വരെ ഓർക്കത്തക്ക മറ്റൊരു പാട്ട് ലഭിച്ചിട്ടില്ല. പിന്നീട് കുറച്ചേറെ ചിത്രങ്ങളിൽ കോറസ് പോലെ ഒക്കെ പാടിയെങ്കിലും ആദ്യഗാനത്തിന്റെ ആ സ്വരമാധുരി കൈവരുത്താൻ മറ്റൊരു പാട്ട് .കൈവന്നതായി അറിവില്ല…
1982 ൽ നല്ലൊരു യുഗ്മഗാനവുമായി വന്ന ഗായകനാണ് സതീഷ്ബാബു. ” മെല്ലെ നീ മെല്ലെ വരൂ” എന്ന ഗാനം എസ് ജാനകിക്കൊപ്പം അതിമനോഹരമായി ആലപിച്ച സതീഷ്ബാബു. ധീരയിലെ ആ ഗാനത്തിന് ശേഷം യുവജനോത്സവത്തിൽ ജാനകിക്കൊപ്പം തന്നെ ” ആ മുഖം കണ്ട നാൾ ” എന്നതും ആലപിക്കാൻ കഴിഞ്ഞിരുന്നു,. വല്ലാതെ മനസ്സിനെ സ്പർശിക്കുന്ന ഒരു ശബ്ദത്തിന്റെ ഉടമ ആണിദ്ദേഹം. അതിനു മറ്റൊരു ഉദാഹരണം കൂടി ഉണ്ട്.. പട്ടണപ്രവേശത്തിലെ ” ശിശിരമേ നീ ഇതിലെ വാ ” എന്ന ഗാനം ശ്രദ്ധിച്ചു കേൾക്കുക. കൂടുതൽ ഗാനങ്ങൾ ഇദ്ദേഹത്തിൽ നിന്നും നമുക്ക് കേൾക്കാൻ കഴിയാത്തതിൽ ദുഃഖം തോന്നും…
1999 ൽ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ ” പൊന്നിൻ വളകിലുക്കി ” എന്ന ഗാനവുമായി കടന്നു വന്ന സന്തോഷ് കേശവ് തീർച്ചയായും ഇവിടെ നിലയുറപ്പിക്കും എന്ന് കരുതിയിരുന്നു. ഔസേപ്പച്ചന്റെ കണ്ടെത്തൽ അതിഗംഭീരം . വേറിട്ടൊരു ശബ്ദം വന്നല്ലോ എന്ന് കരുതി. എന്നാൽ പിന്നീട് ചില ചിത്രങ്ങളിൽ പാടിയെങ്കിലും ശ്രദ്ധ നേടിയവ ഇല്ല തന്നെ. ഡാർലിംഗ് ഡാർലിംഗിലെ ” പ്രണയസൗഗന്ധികങ്ങൾ ഇതൾ വിടർന്ന കാലം” മാത്രം ലിസ്റ്റിൽ ഉൾപ്പെടുത്താം…
ഇനിയുമുണ്ടേറെ .. സകലകഴിവോടെയും പാടാൻ വന്നിട്ടും ഇന്നത്തെ കാലത്തിന് പൂർണമായും ഉൾക്കൊള്ളാൻ ആവാതെ പോയ ഒരു ഗായികയെ കുറിച്ച് പറയാൻ വന്നതാണ്. തുടക്കം മറ്റു ചില മുഖങ്ങളിലൂടെ കടന്നു പോയി എന്ന് മാത്രം.സത്യൻ അന്തിക്കാട് പരിചയപ്പെടുത്തിയ ഗായികയാണ് മഞ്ജരി .ഉറച്ച പാട്ടറിവുമായി നമ്മളിലെ രസങ്ങളിലേക്കു ചേക്കേറാൻ വന്നവൾ . ആദ്യ വരവും സുന്ദരം തന്നെ. ശ്വാസത്തിൻ താളം തെന്നലറിയുമോ എന്ന ഗാനം യേശുദാസുമൊത്ത് .. അതിലെ തന്നെ ” താമരക്കുരുവിക്ക് തട്ടമിട് ”
എന്നതും.. തുടക്കം ഗംഭീരം . ഇളയരാജയല്ലേ സംഗീതം. രാജ ഈ സംഗീത മഹത്വം തിരിച്ചറിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ് പിന്നീട് മലയാളത്തിൽ സംഗീതം ചെയ്യാൻ വരുമ്പോൾ മഞ്ജരിക്ക് ഒരു പാട്ട് ഉണ്ടാവും..
തുടക്കം തന്നെ അവാർഡും കരസ്ഥമാക്കി മഞ്ജരി .മകൾക്ക് എന്ന അത്യുജ്വല സിനിമയിലെ ” മുകിലിൻ മകളേ ” എന്ന അമ്മ നൊമ്പരം അത്രമേൽ തീവ്രമാക്കി ഈ ഗായിക . കൈതപ്രം എഴുതിയ വരികൾക്ക് രമേശ് നാരായണന്റെ സംഗീതം…സംസ്ഥാന അവാർഡ് നേടീ ഈ ഗാനം.
ഇളയരാജയുടെ സംഗീത സാമ്രാജ്യത്തിലൂടെ കടന്നുപോവാൻ കഴിഞ്ഞത് മഞ്ജരി ഭാഗ്യം.
ഒരു ചിരി കണ്ടാൽ കണികണ്ടാൽ (പൊന്മുടിപ്പുഴയോരത്ത് )
ആറ്റിൻകരയോരത്ത് ( രസതന്ത്രം )
പൊന്നാവണി പാടം തേടി ( രസതന്ത്രം)
കയ്യെത്താ കൊമ്പത്ത് കണ്ണെത്തണം ( വിനോദയാത്ര)
ഇത്രയെങ്കിലും ഇളയരാജയിൽ നിന്നും കിട്ടി. മഞ്ജരിയുടെ സിനിമാ ഗാനങ്ങളിൽ ഇവയൊക്കെ തന്നെയാണ് മികച്ചതും…
സിനിമാഗാനങ്ങളെക്കാളും മഞ്ജരി അറിയപ്പെടുന്നത് ഒരു ഗസൽ ഗായിക എന്ന നിലയിലാണ്. മലയാളം , തമിഴ്, തെലുഗ് ഭാഷകളിൽ പാടിയെങ്കിലും തന്റെ ഗസൽ വൈദഗ്ദ്യം തെളിയിക്കുന്ന പാട്ടുകൾ അങ്ങിനെ കിട്ടിയിട്ടില്ല… മുകിലിൻ മകളെ എന്നതിലെ സ്പർശം മറക്കുന്നില്ല..
ഗസൽ ഗായിക എന്ന നിലയിൽ ഇന്ത്യയൊട്ടാകെ വേദികൾ കീഴടക്കിയിട്ടുണ്ട് മഞ്ജരി . അന്താരാഷ്ട്ര തലങ്ങളിൽ പോലും അറിയപ്പെടുന്നു.. അത് ഒരു ഇന്റർനാഷണൽ അവാർഡ് നേടുന്നതിൽ വരെ എത്തി. സാഹിർ ആൻഡ് അദീബ് അവാർഡ് കരസ്ഥമാക്കാൻ കഴിഞ്ഞതിൽ ഉറുദു സാഹിത്യത്തിലും ഗസലിലും ഇവർ നേടിയ പ്രാവീണ്യം തന്നെ..
മലയാളത്തിൽ ഇരുന്നൂറിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട് മഞ്ജരി.
പിണക്കമാണോ എന്നോടിണക്കമാണോ ( അനന്തഭദ്രം )
ഏഴാം ബഹറിന്റെ വാതിൽ തുറന്നോളെ ( ദൈവനാമത്തിൽ )
പാഹിപരം പൊരുളേ ( വടക്കുന്നാഥൻ )
എന്തേ കണ്ണന് കറുപ്പ് നിറം ( ഫോട്ടോഗ്രാഫർ )
മഴയിൽ രാത്രി മഴയിൽ ( കറുത്ത പക്ഷികൾ )
നിലാവിനെ തൂവൽ തൊടുന്ന പോലെ ( മൂന്നാമതൊരാൾ )
ഇനിയും മൗനമോ ( നോട്ടുബുക്ക് )
നേരാണേ എല്ലാം നേരാണേ ( പോത്തൻ വാവ )
കൈ നിറയെ വെണ്ണ തരാം ( ബാബ കല്യാണി )
മുറ്റത്തെ മുല്ലേ ചൊല്ല് ( മായാവി )
ഉറങ്ങാൻ അങ്ങെനിക്കരുകിൽ വേണം( നോവൽ)
ഒന്നിനുമല്ലാതെ ( നോവൽ)
തേനുണ്ടോ പൂവേ ( യക്ഷിയും ഞാനും )
ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന ( ഉറുമി )
എന്തിനെന്നറിയില്ല ( മൈ ബോസ് )
തുടങ്ങിയ ഗാനങ്ങൾ പാട്ടസ്വാദകർക്ക് മറക്കാനാവില്ല. ദീപക് ദേവ് , എം ജയചന്ദ്രൻ , അലക്സ് പോൾ , ഉമ്പായി, ,മെജോ ജോസഫ് ,മോഹൻ സിതാര , ജോൺസൻ , രവീന്ദ്രൻ, എം ജി രാധാകൃഷ്ണൻ , കൈതപ്രം വിശ്വനാഥ് എന്നിവരൊക്കെ ഈണമധുരങ്ങൾ നല്കിയിട്ടുണ്ട് മഞ്ജരിക്ക് .
മലയാളത്തിൽ രണ്ടു സ്റ്റേറ്റ് അവാർഡുകൾ നേടിയ അനുഗ്രഹീത ഗായിക ഇനിയും ഇവിടെ വേണം.. ഒട്ടേറെ പാട്ടുകൾ ഇനിയും കേൾക്കാനുണ്ട് . ഇന്ന് റിയാലിറ്റി ഷോകളുടെ ജഡ്ജസ് ആയി തിളങ്ങുന്നു മഞ്ജരി… പക്ഷെ മലയാളി പാട്ടാസ്വാദകർക്ക് അത് പോരാ.. അവർ ഇനിയും പാടണം … അടുത്തിറങ്ങിയ ആയിഷ എന്ന ചിത്രത്തിലെ ഹരിനാരായണന്റെ വരികൾ ആലപിച്ചുകൊണ്ട് താനിവിടെ ഉണ്ട് എന്നറിയിക്കുന്നു മഞ്ജരി….