ഇന്ദുകമലം ചൂടിയ രാഗതരംഗം

0
333

ഗിരീഷ് വർമ്മ ബാലുശ്ശേരി

ഇന്ദുകമലം ചൂടിയ രാഗതരംഗം

ഏതു പ്രവർത്തിമണ്ഡലത്തിലായാലും അവഗണയേറ്റു തുടരേണ്ടി വരിക എന്ന് വെച്ചാൽ അതിദയനീയം തന്നെയാണ്. തുടർച്ച തന്നെ അവതാളത്തിലാവുകയും ചെയ്‌താലൊ ? ആരെ പ്രീതിപ്പെടുത്തിയാവും തുടരാൻ സാധിക്കുക ! കൈയും കാലും പിടിച്ച് അവസരങ്ങൾ മുതലാക്കി തന്റെയിടം സൃഷ്ടിക്കുന്നവർ ഏറെ . പക്ഷെ ഇതിനിടയിൽ തനിക്കായുള്ള അവസരങ്ങൾ താനേ വരും എന്ന് ഉറപ്പിച്ച് കാലം കഴിക്കുന്നവർ. കാലങ്ങൾ നീങ്ങിയകലുമ്പോൾ ദൂരേക്ക് മാറ്റപ്പെട്ടതറിയുമ്പോൾ,സർവ്വവും നഷ്ടപെട്ട അവസ്ഥയിൽ എത്തി എന്നറിയുമ്പോൾ ..!

കലാരംഗത്തും ഇത്തരം പ്രവണതകൾ കൊടികുത്തി വാഴുന്നുണ്ട്. കയറിവരുന്നവനെ ചവിട്ടിത്താഴ്ത്തി തന്റെ നില ഉറപ്പിക്കുന്നവരും , പുതിയവരെ അവഗണിച്ചും , കയറിപ്പോവുന്നവർ … പക്ഷെ അപ്പോഴും ഭാഗ്യം ചിലരെ തുണക്കും. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തവർ ഉയർന്ന നിലയിലെത്തും. തന്റെ കഴിവിൽ പുരസ്‌കാരങ്ങൾ നേടിക്കൂട്ടും. ..സിനിമയിൽ തുടർന്ന് വരുന്ന അവസ്ഥയാണിത് . തിരസ്കാരങ്ങളേറ്റുവാങ്ങി ചേരികളിൽ അടിഞ്ഞുപോയവർ , .പിന്തള്ളപ്പെട്ട് പിന്തള്ളപ്പെട്ട് ഒടുവിലെ നിരയിലെവിടെയോ അജ്ഞാതരായി ജീവിതമൊടുങ്ങിപ്പോയവർ . ഇത്തരക്കാരിൽ തന്നെ കഴിവിന്റെ അപാരത മനസ്സിലൊതുങ്ങി നിർവീര്യമായിപ്പോയതുമുണ്ട്.ചിലയിടങ്ങളിൽ മിന്നലാട്ടം പോലെ ചിലത് . പലപ്പോഴും അതേറ്റുവാങ്ങിയവർ കാലങ്ങളോളം മനസ്സിൽ കൊണ്ടുനടക്കാനുള്ളവ ആണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു..

സിനിമാലോകത്തെ പാട്ടുകൂട്ടത്തിൽ ബ്രഹ്മാനന്ദന്റെ പേര് ഇത്തരത്തിൽ ചേർത്തുവെയ്ക്കാവുന്നതാണ്..168 ഗാനങ്ങളോളം മാത്രം പാടി അവസാനിപ്പിച്ച ഭാവഗായകനെ ഓർത്തുപോവുകയാണ്. അവയിൽ തന്നെ പത്തിൽ താഴെ പാട്ടുകളെ സംഗീതത്തിൽ നല്ല നിലവാരം പുലർത്തുന്നവ ഉള്ളൂ.. ഒട്ടുമിക്ക സംഗീതസംവിധായകരും ഇദ്ദേഹത്തിന് അവസരം കൊടുത്തിട്ടുണ്ട് .എന്നാൽ അവയിൽ തന്നെ മികച്ച ഗാനങ്ങൾ നൽകിയിട്ടില്ല എന്നും കാണാം. കാരണങ്ങൾ പലതുമുണ്ടാവാം. യേശുദാസ്, ജയചന്ദ്രൻ തുടങ്ങിയവരെ മാത്രം പരീക്ഷിക്കുന്നവർ തന്നെയാണ് മിക്കവരും . ഓരോരോ താല്പര്യങ്ങൾക്കനുസരിച്ചാണല്ലോ ..എന്നാലും അതിനിടയിലും ചില അപൂർവഭാഗ്യങ്ങൾ ശ്രീ ബ്രഹ്മാനന്ദന് ലഭിക്കുക ഉണ്ടായിട്ടുണ്ട്. എന്നും മലയാളികൾ ഓർമ്മിക്കുന്ന ഒരുപിടി പാട്ടുകൾ. ,,1969 ൽ കള്ളിച്ചെല്ലമ്മയിലെ മാനത്തെക്കായലിൻ മണൽപ്പുറത്തിന്നലെ … എന്ന ഗാനവുമായി നല്ലൊരു തുടക്കം തന്നെയായിരുന്നു. ,,

പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിൽ മലയാള ഗാന രംഗത്ത് ആത്മാർത്ഥമായി പ്രവർത്തിച്ചവരിൽ പ്രമുഖനാണ് ശ്രീ കെ രാഘവൻ എന്ന സംഗീതസംവിധായകൻ . അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പുകളിലൂടെ എത്രയെത്ര ഗായകർ ! അവയിൽ പ്രമുഖനായിരുന്നു ബ്രഹ്മാനന്ദൻ . കള്ളിച്ചെല്ലമ്മയിലൂടെ സൂപ്പർ ഹിറ്റ് ഗാനം സമ്മാനിച്ചിട്ടും പിന്നീടും വലിയ അവസരങ്ങളൊന്നും കൈവന്നിരുന്നില്ല . വീണ്ടും നീലനിശീഥിനീ … നിൻ മണിമേടയിൽ എന്ന ഗാനം നൽകി എം കെ അർജുനൻ മാസ്റ്ററെത്തി ..
ഏ ടി ഉമ്മറിന്റെ സംഭാവനയായി പ്രിയമുള്ളവളെ നിനക്കുവേണ്ടി …
വി ദക്ഷിണാമൂർത്തിസ്വാമിയുടെ വകയായി താരകരൂപിണീ നീയെന്നുമെന്നുടെ …ഇത്രയൊക്കെയെ ഏറ്റവും മികച്ചതായി ബ്രഹ്മാനന്ദന് ലഭിച്ചിട്ടുള്ളൂ എന്നത് ദുഖകരം തന്നെയാണ്,നിർഭാഗ്യകരവും .
ദേവഗായകനെ ദൈവം ചതിച്ചു…
ചന്ദ്രികാചർച്ചിതമാം …
മാരിവിൽ ഗോപുരവാതിൽ ..
താമരപ്പൂ നാണിച്ചു ..
മന്മഥമന്ദിരത്തിൻ ….
ശ്രീമഹാദേവൻ തന്റെ…
കനകം മൂലം ദുഃഖം…
ചിരിക്കുമ്പോൾ നീയൊരു …
കണ്ണീരാറ്റിലെ തോണി…
രാഗതരംഗം …
പുഷ്പമംഗല്യ രാത്രിയിൽ …
ക്ഷേത്രമേതെന്നറിയാത്ത …
ഇന്ദുകമലം ചൂടി…

കഴിഞ്ഞു.. നല്ല ഗാനങ്ങളുടെ പട്ടിക അവിടെ അവസാനിക്കുകയാണ്, പിന്നെയും കുറെ എണ്ണം കൂടെ ഉണ്ടെങ്കിലും സംഘഗാനങ്ങളിലും മറ്റുമൊതുങ്ങി പോവുന്നു ഈ ഭാവഗായകൻ . പിന്നെ കുറെ തട്ടുപൊളിപ്പൻ ചിത്രങ്ങളിലെ ഗാനങ്ങളും..
ഒരു തരത്തിൽ ബ്രഹ്മാനന്ദൻ ഭാഗ്യവാൻ തന്നെയാണ്. ഇന്നത്തെകാലം പോലെ അല്ലല്ലോ അന്നൊന്നും. കഴിവുകൊണ്ടും,പിടിപാടുകൊണ്ടും മാത്രമേ അവസരങ്ങൾ ലഭിക്കുകയുള്ളൂ. ഇന്നത്തെ പോലെ റിയാലിറ്റി ഷോകളും മറ്റും ഇല്ലാതിരുന്ന ഒരു കാലത്ത് .. അതൊക്കെ വെച്ച് വിരലിലെണ്ണാവുന്ന ഗാനങ്ങളെ ഞങ്ങൾക്ക് സമ്മാനിച്ചിട്ടുള്ളൂ എങ്കിലും അത് മതി.. അത് രത്നങ്ങളാണ്.. ഞങ്ങൾക്ക് അമൂല്യമായത്.. എന്നെന്നും അത് ഞങ്ങൾ കാത്തുവെക്കും…ഈ തലമുറയ്ക്കും. അടുത്ത തലമുറയ്ക്കും വരെ എങ്കിലും ആസ്വദിക്കാൻ… .