ശുദ്ധസംഗീതമൊഴിഞ്ഞുപോയിരുന്ന സിനിമാ നഭസ്സിൽ ഉദിച്ചു വന്ന പുതുതാരമായിരുന്നു ശ്രീ എം ജയചന്ദ്രൻ

0
476

ഗിരീഷ് വർമ്മ ബാലുശ്ശേരി

പാട്ടിൽ ഈ പാട്ടിൽ…

ശുദ്ധസംഗീതമൊഴിഞ്ഞുപോയിരുന്ന സിനിമാ നഭസ്സിൽ ഉദിച്ചു വന്ന പുതുതാരമായിരുന്നു ശ്രീ എം ജയചന്ദ്രൻ.സംഗീത കുലപതികളെല്ലാം ഏകദേശം മൺമറഞ്ഞുപോയ കാലഘട്ടം. പുതുയുഗത്തിലെ വരണ്ട മണ്ണിലേക്ക് എന്നിട്ടും പുതുമഴയായി രവീന്ദ്രൻ – ജോൺസൻ സംഗീതം വന്നു ചേർന്നു . ഏറെ കാലം അതാസ്വദിക്കാൻ യോഗമില്ലാതെ നമ്മൾ. 2005 ലും 2011 ലുമായി ഉദിച്ചുയർന്ന ആ നക്ഷത്രങ്ങൾ പൊടുന്നനവെ അസ്തമിക്കുകയും ചെയ്തു. ആ പ്രതിഭകൾക്കൊപ്പം ഒരു മത്സരാർത്ഥി ആവാതെ കുറച്ചു കാലം ജയചന്ദ്രൻ സംഗീതം നമ്മെ തൊട്ടു തലോടി നിന്നിരുന്നു. മലയാള സിനിമാ സംഗീതം അനുഭവിച്ച വല്ലാത്തൊരു ശൂന്യതയിലേക്കായിരുന്നു ജയചന്ദ്രൻ സംഗീതം പടർന്നു കയറിയത്. ശരിക്കും പറഞ്ഞാൽ മറ്റൊരു എതിരാളി ഇല്ലാത്ത ഒരിടത്തേക്ക് . പ്രഗത്ഭമതികളായ എഴുത്തുകാരും കുറവ്. മലയാള സിനിമാ സംഗീതം വല്ലപ്പോഴും ഇറങ്ങുന്ന ജയചന്ദ്രൻ സംഗീതത്തിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചു . മലയാളിയുടെ മനസ്സറിഞ്ഞു കൊണ്ട് വേണ്ടത് കൊടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അർദ്ധ ക്ലാസിക്കൽ , ലളിതസംഗീതം തുടങ്ങിയവയിലൊക്കെ അസാധാരണമായ മിടുക്ക് സൃഷ്ടിച്ചെടുക്കാനും കഴിഞ്ഞു എന്നത് കാലം സാക്ഷ്യം.

1995 ൽ ചന്ത എന്ന തട്ടുപൊളിപ്പൻ സിനിമയിലൂടെ അരങ്ങേറ്റം . ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിലൂടെ . എന്നാൽ പിന്നീട് 2001 ൽ ഇറങ്ങിയ നഗരവധു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടാൻ കഴിഞ്ഞു എന്നത് മറ്റൊരു സത്യം. പ്രഭാവർമ്മയുടെ “പൂന്തേൻ നേർമൊഴി ” എന്ന അർദ്ധ ക്ലാസിക്കൽ ഗാനം ജയചന്ദ്രന് മലയാള സിനിമയിൽ ഒരു കസേര വലിച്ചിട്ടിരിക്കാനുള്ള അവസരം കൈവരുത്തി കൊടുത്തു .അതിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, വയലാർ ശരത്ചന്ദ്ര വർമ്മ എന്നിവരിലൂടെ മലയാള ഗാനശാഖ രണ്ടാമതും പൂവിടാൻ തുടങ്ങിയിരുന്നു. ഗിരീഷ് പുത്തഞ്ചേരി – ജയചന്ദ്രൻ കൂട്ടുകെട്ട് കുറെയേറെ നല്ല ഗാനങ്ങൾ പിറവിയെടുക്കാൻ കാരണമായി.
ഗൗരീ ശങ്കരത്തിലെ “ഉറങ്ങാതെ രാവുറങ്ങീല” എന്ന അതീവ സുന്ദരഗാനം വീണ്ടും വരികൾ ശ്രദ്ധിച്ചു കേൾക്കേണ്ട ആവശ്യകത നമ്മെ മനസ്സിലാക്കി തന്നത്. യുവമിഥുനങ്ങളുടെ ആദ്യരാത്രിയുടെ നിർവൃതിയടയാളങ്ങൾ എത്രയേറെ ഭംഗിയായി എഴുതി വെച്ചു ഗിരീഷ് ! ജയചന്ദ്രൻ ചിട്ടപ്പെടുത്തിയതോ ! അതിന്റെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ടും … അതിലെ തന്നെ ” കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ ” എന്നതും ഹൃദ്യം . അച്ഛന്റെ ഓർമ്മകളിലേക്ക് , ആ സ്നേഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ബാലേട്ടനിലെ ” ഇന്നലെ എന്റെ നെഞ്ചിലെ ” എന്ന ഗാനം ഗിരീഷ് പുത്തഞ്ചേരിയുടെ എഴുത്തിലെ സുവർണ്ണ ഘട്ടമാണ് .

നമ്മൾ തമ്മിലെ “ജൂണിലെ നിലാമഴയിൽ ” എന്ന പ്രണയഗാനത്തിന്റെ വരികളും സംഗീതവും കൊതിപ്പിക്കുന്നത്. നമുക്ക് ഒന്നും നഷ്ടപ്പെട്ടുപോയിട്ടില്ല എന്നോര്പ്പിക്കുന്നത് . ചില നേരങ്ങളിൽ ചിലതെങ്കിലും നമുക്കായ് കാലം ഒരുക്കിത്തരുന്നു. നഷ്ടപ്പെട്ടുപോയ പ്രതാപകാലത്തിന്റെ ഓർമ്മകളിലേക്ക് മറ്റൊരു നനവായ് ഗിരീഷ്- ജയചന്ദ്രൻ കൂട്ടുകെട്ട് … മാമ്പഴക്കാലത്തിലെ സുജാതയുടെ “കണ്ടു കണ്ടു കൊതി കൊണ്ട് വന്ന കുയിലേ ” എന്നത് ഓർമ്മകളെ തഴുകി ഉണർത്തിയ നൊസ്റ്റാൾജിക് ഗാനം. സുജാതയ്ക്കും ഒരു ബ്രേക്ക് നൽകിയ ഗാനം. ജയചന്ദ്രന്റെ കഴിവ് പൂർണമായും നിഴലിച്ചു കണ്ടത് ഗിരീഷ് പുത്തഞ്ചേരി വരികളിലും , റഫീഖ് അഹമ്മദിന്റെ വരികളിലും ആണെന്ന് പറയുന്നതിൽ മടിക്കേണ്ട കാര്യമില്ല. ഒരു ഗിരീഷ് -ജയൻ തരംഗം തന്നെ ഉണ്ടായി.
കഥാവശേഷനിലെ ” കണ്ണുനട്ട് കാത്തിരുന്നിട്ടും ”
അകലെയിലെ അകലെ .. അകലെ .. ആരോ പാടി ..മധുചന്ദ്ര ലേഖയിലെ മല്ലികപ്പൂ…കുസുമവദനമോഹസുന്ദരാ ..ചക്കരമുത്തിലെ മറന്നുവോ പൂമകളെ …കരിനീലക്കണ്ണിലെന്തെടീ …കഥപറയുമ്പോഴിലെ മാമ്പുള്ളിക്കാവിൽ ..മാടമ്പിയിലെ അമ്മമഴക്കാറിനു കൺ നിറഞ്ഞു…എന്റെ ശാരികേ …
ബനാറസിലെ മധുരം ഗായതി മീരാ …ഇവർ വിവാഹിതരായാലിലെ എനിക്ക് പാടാനുണ്ടോരു പാട്ട് ..
എന്നതൊക്കെ ഇവരുടെ കൂട്ടുകെട്ടിലെ ഉജ്വല ഗാനങ്ങളാണ്…
കാലം ആ എഴുത്തുകാരനെ വർത്തമാനകാലത്തു നിന്നും കൂട്ടിക്കൊണ്ടുപോയപ്പോൾ എഴുത്തിന്റെ ഒരു നല്ല കാലം അവിടെ തീരുകയായിരുന്നു.

ആദ്യ കാലത്തെ ജയചന്ദ്രൻ ഗാനങ്ങൾ കുറെയേറെ പിറന്നത് ശ്രീ രമേശൻ നായരുടെ വരികളിലൂടെ ആയിരുന്നു.
വാൽക്കണ്ണാടിയിലെ മണിക്കുയിലെ ..പുണ്യത്തിലെ കുങ്കുമരാഗപരാഗമണിഞ്ഞൊരു ..വെള്ളിനക്ഷത്രത്തിലെ ചന്ദനമുകിലേ ..എന്നതൊക്കെ കവി രമേശൻ നായർക്കും സിനിമാ ചരിത്രത്തിൽ എന്നെന്നും തിളക്കത്തോടെ നിലനിൽക്കാനുള്ള അവസരവുമായി…കൈതപ്രത്തിന്റെ കവിത തുളുമ്പുന്ന വരികൾക്ക് ഈണമിടാനും ജയചന്ദ്രന് കഴിഞ്ഞു.
പെരുമഴക്കാലത്തിലെ കല്ലായിക്കടവത്തെ എന്ന പഴയ പാട്ടുകാലത്തെ ഓർമ്മിപ്പിച്ച ഗാനത്തിന്റെ വരികളിലൂടെ … അതിലെ തന്നെ മെഹറുബാ എന്നതും അന്ന് ഹിറ്റായിരുന്നു. രാക്കിളിതൻ വഴി മറയും എന്ന ഗാനം റഫീഖ് അഹമ്മദിന്റെ എഴുത്തിൽ എം ജയചന്ദ്രൻ തന്നെ ഈണമിട്ട പാടുകയും ചെയ്തു.
ബഹളസംഗീതത്തിന്റെ ഇന്നത്തെ കൂട്ടായ്മകളിലൊന്നും ശുദ്ധ സംഗീതത്തിന്റെ വക്താവായ ജയചന്ദ്രന്റെ പേര് വായിച്ചെടുക്കാൻ കഴിയില്ല എന്നത് ഏറെ ആശ്വാസകരം . കൂവിയാർക്കുന്നതിലും, പശ്ചാത്തല സംഗീത പെരുക്കങ്ങൾ തീർക്കുന്നവർക്കിടയിലും വിമ്മിഷ്ടപ്പെടുന്ന സംഗീതാസ്വാദകർക്ക് ജയചന്ദ്രൻ സംഗീതം ഒരത്താണി തന്നെയാണ്. ഉറപ്പായും. മലയാള സംഗീത സാമ്രാജ്യത്തിൽ ഒരൊറ്റപ്പെട്ട വ്യക്തിത്വം, ശരിക്കും പറഞ്ഞാൽ ഒറ്റയാൻ തന്നെ.. ഇന്ന് തീരെ എതിരാളികൾ ഇല്ല .. വല്ലപ്പോഴും ഇറങ്ങുന്ന ജയചന്ദ്രൻ സംഗീതം മാത്രം മലയാളസിനിമയ്ക്ക് …
നോട്ടം എന്ന സിനിമ നൽകിയ നല്ലൊരു സംഗീതാനുഭവമുണ്ട്. പൊൻകുന്നം ദാമോദരന്റെ ഒരു പഴയകാല ഗാനം ഈ സിനിമയിൽ ഒരു പ്രണയഗാനമാക്കിയ വിരുത് പ്രശംസനീയം തന്നെ. പച്ചപ്പനംതത്തേ … എന്ന ഗാനം അവിസ്മരണീയമായൊരു അനുഭവം ആയിരുന്നു. അതിലെ കൈതപ്രം എഴുതിയ മയങ്ങിപ്പോയി… എന്ന ഗാനം ചിത്രയ്ക്ക് ദേശീയ അവാർഡ് നേടിക്കൊടുത്തത്.
നിവേദ്യത്തിലെ കൊലക്കുഴൽ വിളി കേട്ടോ എന്നതും കൈതപ്രം – ജയചന്ദ്രൻ കൂട്ടുകെട്ടിലെ സുവർണാധ്യായം ,,,ജയചന്ദ്രൻ എന്ന സംഗീതജ്ഞൻ ചെയ്ത മറ്റൊരു കാര്യം എടുത്തുപറയേണ്ടത്. അന്യഭാഷാഗായകർ ഇവിടെ സ്ഥിരപ്രതിഷ്ഠ ആവുന്നത് കാലങ്ങൾക്കു മുൻപേ തുടങ്ങിയത്. എങ്കിലും ശ്രേയാ ഘോഷാൽ എന്ന ഹിന്ദി ഗായികയുടെ പ്രവേശം മറ്റൊരു അനുഭവമായിരുന്നു. ഭാവസാന്ദ്രമായി വരികളെ , സംഗീതത്തെ സമീപിക്കുന്ന അനുഗ്രഹീത ഗായിക ..
രതിനിർവേദം എന്ന പുതുപതിപ്പിലേക്ക് കണ്ണോളം ചിങ്കാരം…എന്ന ഗാനം പാടി പ്രവേശം ..പ്രണയത്തിലെ പാട്ടിൽ ഈ പാട്ടിൽ …
കളിമണ്ണിലെ ശലഭമായ് …എന്ന് നിന്റെ മൊയ്തീനിലെ കാത്തിരുന്നു കാത്തിരുന്നു..കണ്ണോടു ചൊല്ലുണ് ..മുന്തിരിവള്ളികൾ തളിർക്കുമ്പോഴിലെ അത്തിമരക്കൊമ്പിൽ…ആമിയിലെ നീർമാതളപ്പൂവിനുള്ളിൽ …പ്രണയമയീ രാധാ….ഒടിയനിലെ കൊണ്ടൊരാം …മാനം തുടിക്കിണ് …മാമാങ്കത്തിലെ മൂക്കുത്തി മൂക്കുത്തി കണ്ടില്ല..
എന്നതൊക്കെ അവാച്യമായൊരു ഭാവചാരുതയോട് ആലപിച്ചത്.
ഇനിയും കടന്നുവരാവുന്ന മറ്റൊരു ജയചന്ദ്രൻ മാജിക്കിനായി കാത്തിരിക്കുകയാണ് മലയാളസിനിമ. മലയാള സംഗീതം ഇന്നേറെ കടപ്പെട്ടിരിക്കുന്നത് ഈ സംഗീതജ്ഞനോടാണ് . ഊർദ്ധശ്വാസംവലിക്കുകയായിരുന്നതിനെ ശ്വാസം കൊടുത്ത് നിലനിർത്തിയിരിക്കുന്നതിന് .ഇന്നും ഏങ്ങി വലിഞ്ഞു പോകുന്നതിനെ ഇടയ്ക്കിടെ പിടിച്ചു നടത്തുന്നതിന്…