സ്ത്രീകൾക്ക് സുരക്ഷ കൊടുക്കാൻ വയ്യെങ്കിൽ വിദേശങ്ങളിലെപ്പോലെ അവർക്ക് സ്വയ രക്ഷയ്ക്കായി തോക്ക് കൊടുക്കക

280

ഡോക്ടർ ഗംഗ .എസ്

പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ

വാളയാർ കുഞ്ഞുങ്ങൾ ഓർമ്മയിൽ ഉണ്ട്. അപ്പോഴാണ് വീണ്ടും, വളരെ പേടിയോടെ ആണ് വനിതാ ഡോക്ടർ പീഡിപ്പിയ്ക്കപ്പെട്ട ശേഷം പൈശാചികമായി കൊല്ലപ്പെട്ടു എന്നു വായിച്ചത്. അത്‌ മാത്രം അല്ല മറ്റൊരു സ്ത്രീയും പെരുമ്പാവൂരിൽ ജിഷയുടെ സമാന രീതിയിൽ പീഡന ശേഷം കൊല്ലപ്പെട്ടു. ഇതൊന്നും അല്ലാതെ നിരവധി പേരില്ലാത്ത സ്ത്രീകൾ ദിവസവും പീഡിപ്പിയ്ക്കപ്പെടുന്നുണ്ട്. എല്ലാം വാർത്ത ആവുന്നില്ല. സ്ത്രീകൾ വളരെ അരക്ഷിതമായ ഒരു കാലത്തിലാണ് ജീവിയ്ക്കുന്നത്. ഞാൻ ഉൾപ്പെടെ ഉള്ള പെണ്ണുങ്ങൾ ആശങ്കാകുലർ ആണ്. സ്ത്രീകൾ എന്ന് വച്ചാൽ യുവതികൾ എന്നർത്ഥം ഇല്ല. പീഡകർക്ക് കുട്ടിയെന്നോ, വൃദ്ധ എന്നോ, കിടപ്പ് രോഗി എന്നോ , പണ്ഡിത എന്നോ, പാമര എന്നോ, ദരിദ്ര എന്നോ, സമ്പന്ന എന്നോ, സ്വദേശി എന്നോ, വിദേശി എന്നോ , ഡോക്ടർ എന്നോ, മറ്റ് പ്രൊഫെഷണലുകൾ എന്നോ, നടി എന്നോ, ഉന്നത ഉദ്യോഗസ്ഥ എന്നോ ഒന്നും ഒരു വ്യത്യാസവും ഇല്ല. എപ്പോൾ വേണമെങ്കിലും, ആര് വേണമെങ്കിലും എന്ന് വേണമെങ്കിലും എവിടെ വച്ചും പീഡിപ്പിയ്ക്കപ്പെടാം. കൊല്ലപ്പെടാം അതും ദാരുണമായി. വേണമെങ്കിൽ പീഡന ശേഷം കൊന്നു കളയാം. കത്തിച്ചോ ചുട്ടോ എരിച്ചോ ശ്വാസം മുട്ടിച്ചോ കെട്ടിത്തൂക്കിയോ വെള്ളത്തിൽ മുക്കിയോ വിഷം കൊടുത്തോ ഇല്ലാതാക്കാം. ഇനി ജീവനോടെ ബാക്കിയാവുന്നെങ്കിൽ അവൾക്ക് ശിഷ്ട ജീവിതം വറചട്ടിയിൽ നിന്ന് എരി തീയിലേയ്ക്ക് എന്ന് അർത്ഥം. എപ്പോഴും പീഡകർ അന്യർ ആവണമെന്നില്ല. മിക്കവാറും പീഡനങ്ങളും പ്രത്യേകിച്ച് കുട്ടികളോട് ഉള്ളത് അടുത്ത ബന്ധുക്കൾ തന്നെ ആവും. വീടകങ്ങളിൽ,അടുത്ത ബന്ധുക്കളിൽ നിന്ന് ആകുമ്പോൾ സ്ത്രീയ്ക്ക് ആരോടും പരാതി പ്പെടാനില്ലാതെ, മാനസികമായി ഉമിത്തീയിൽ എരിഞ്ഞു തീരും.

Image result for hyderabad priyanka reddyവിജനതയിൽ, രാത്രിയിൽ, ടോയ്ലറ്റുകളിൽ വാഹനങ്ങളിൽ തെരുവുകളിൽ, ജോലിസ്ഥലങ്ങളിൽ, യാത്രകളിൽ, എല്ലായിടത്തും അവൾക്ക് നേരേ നീണ്ടു വരുന്നുണ്ട് ദുഷ്ട കരങ്ങൾ. അജ്ഞാത നിഴലുകൾ പിന്തുടരുന്നു എന്ന പേടിയിൽ സ്ത്രീകൾ ജീവിയ്ക്കുന്നു. നിയമങ്ങൾ അതിന്റെ വഴിയിൽ കാളവണ്ടി പോലെ ഇഴഞ്ഞു നീങ്ങും. സ്ത്രീയും പുരുഷനും തമ്മിലുള്ള നിയമ യുദ്ധത്തിൽ പുരുഷന് ജയിയ്ക്കാനുള്ള എല്ലാ പഴുതുകളും ഇട്ടിട്ടുണ്ട്. നല്ല വക്കീൽ ഉണ്ടെങ്കിൽ പുഷ്പം പോലെ ശിക്ഷയിൽ നിന്ന് വധശിക്ഷ ഉൾപ്പെടെ ഊരിപ്പോരാം. ഇവിടെ ആർഷ ഭാരത സംസ്കാരം ആണ്..എന്താണ് അത്‌ കൊണ്ടു ഉദ്ദേശിയ്ക്കുന്നത്? പീഡകർക്ക് എല്ലാ അനുകൂല കാലാവസ്ഥ യും ഉണ്ട്. അത്കൊണ്ട്, പെണ്ണുങ്ങളേ , നിങ്ങൾ ജാഗ്രത ഉള്ളവർ ആയിരിയ്ക്കുക. എപ്പോഴും. നിങ്ങളുടെ ശ്രദ്ധക്കുറവ് വലിയ ആപത്തിലേക്ക് നിങ്ങളെയോ മക്കളെ യോ തള്ളിയിടും. അമ്മമാരേ, ആൺമക്കളെ സ്ത്രീയും മനുഷ്യ ജാതിയിൽ ഉള്ളത് തന്നെ ആണ് എന്നും ,കായിക ശക്തിയും ക്രൗര്യവും കുറച്ചു കുറവ് ആണെന്നെ ഉള്ളൂ എന്നും പഠിപ്പിയ്ക്കുക. മക്കളെ തുല്യതയോടെ വളർത്തുക.പെൺകുട്ടികൾ സുരക്ഷിതർ ആണോ എന്ന് എപ്പോഴും ശ്രദ്ധിയ്ക്കുക. ഭരണകൂടമേ, നിങ്ങൾക്ക് സ്ത്രീകൾക്ക് സുരക്ഷ കൊടുക്കാൻ വയ്യെങ്കിൽ, അതിന് മതവും രാഷ്ട്രീയവും പ്രതിബന്ധം ആണെങ്കിൽ, വിദേശങ്ങളിലെപ്പോലെ അവർക്ക് സ്വയ രക്ഷയ്ക്കായി തോക്ക് കൊടുക്കക. പുതു തലമുറയിലെ പെൺകുട്ടികളെ അത്‌ ഉപയോഗിയ്ക്കാൻ പഠിപ്പിയ്ക്കുക. തനിയ്ക്ക് നേരേ വരുന്നവരെ കൊല്ലാൻ, ഉപാധികളോടെ, ഉപയോഗിയ്ക്കട്ടെ. തനിച്ചു ആവുമ്പോൾ, ചുറ്റും ആരും രക്ഷിയ്ക്കാൻ ഇല്ലാതെ വരുമ്പോൾ, മറ്റ് ഒരു പോംവഴിയും ഇല്ലാതെ വരുമ്പോൾ, ഉപയോഗിയ്ക്കട്ടെ.

അല്ലാതെ മറ്റ് ബോധവൽക്കരണം കൊണ്ടു ഒന്നും ഇത് വരെയും ആരെയും മാറ്റാൻ കഴിഞ്ഞിട്ടില്ല. ഇനി എന്നെങ്കിലും ബോധം വന്നിട്ട് മതിയോ ഇവിടെ പെണ്ണുങ്ങൾക്ക്‌ സമാധാന ജീവിതം? നിങ്ങൾ നിങ്ങളുടെ സംസ്കാരം എന്തെന്ന് പറയേണ്ട, കുട്ടികളോടും സ്ത്രീകളോടും ഉള്ള നിങ്ങളുടെ പെരുമാറ്റം കണ്ടാൽ മതി മനസ്സിൽ ആകും.–വിക്റ്റർ യുഗോ

ഇന്ത്യയിൽ ആകുമ്പോൾ, ദരിദ്രരോട് (കർഷകർ ) ദളിതരോട്, സ്ത്രീ കളോട്,കുഞ്ഞുങ്ങളോട്, വൃദ്ധരോട്, വളർത്തു മൃഗങ്ങളോട് (ആന ) എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാൽ മതി, സംസ്കാരം മനസ്സിൽ ആകാൻ. നിയമം കർശനമാക്കുക എന്ന് എപ്പോഴും കേൾക്കുന്നുണ്ട്. ആരാണോ നിയമം നടപ്പിൽ ആക്കേണ്ടത് അവർ നിർഭാഗ്യവശാൽ പുരുഷന് ഒപ്പം ആണ് പലപ്പോഴും. ഇരയ്ക്ക് ഒപ്പം നിന്ന് കൊണ്ടു വേട്ടക്കാരന്റെ കൂടെ ഓടുന്നതാണ് ഇവിടുത്തെ സംസ്കാരവും എന്നത് ഏറെ ദുഃഖത്തോടും അമർഷത്തോടും കൂടിയേ ഓർക്കാൻ ആവൂ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു, ഏകദേശം 70 കോടി സ്ത്രീകൾ ഉള്ളയിടത്തു, സ്ത്രീ സുരക്ഷ എന്നാണ് അതിന്റെ പൂർണ്ണ അർത്ഥത്തിൽ നടപ്പിൽ വരുന്നത്?