Aashish Nair
ഹോളിവുഡിലെ ഏറ്റവും മികച്ച ഇൻവെസ്റ്റിഗേഷൻ സിനിമകളിൽ ഒന്നാണ് Knives Out. അതിന്റെ രണ്ടാം ഭാഗം ഇന്നല്ലെങ്കിൽ നാളെ ഉണ്ടാകുമെന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമായിരുന്നു. ഡിറ്റക്റ്റീവ് ബ്ലാങ്ക് ആയി ഡാനിയേൽ ക്രൈഗിന്റെ പെർഫോമൻസ്, റൈൻ ജോൺസന്റെ മേക്കിങ്, എഡ്വേഡ് നോർട്ടൻ, ബാറ്റിസ്റ്റ എന്നിവരുടെ വരവ്, എല്ലാം കൊണ്ടും രണ്ടാം ഭാഗമായ Glass Onion 2022ലെ ഏറ്റവും ഹൈപ്പ് ഉള്ള സിനിമകളിൽ ഒന്നായി മാറി.
മൈൽസ് ബ്രോൺ എന്ന ധനികൻ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ തന്റെ പ്രൈവറ്റ് ബീച്ച് ബംഗ്ളാവിലേക്ക് ഒരു വീക്കെൻഡ് ആഘോഷിക്കാൻ ക്ഷണിക്കുന്നു. പക്ഷെ ക്ഷണിക്കപ്പെടാത്ത ഒരു അഥിതിയും ആ ദ്വീപിലേക്ക് വരുന്നു, നമ്മുടെ ഡിക്ടറ്റീവ് ബ്ലാങ്ക്. തുടർന്ന് നടക്കുന്ന ഒരു കൊലപാതകവും അതിന്റെ അന്വേഷണവും ആണ് കഥ.
മേക്കിങ് കൊണ്ട് ആദ്യ ഭാഗത്തിന്റെ പേര് ഒരു രീതിയിലും നശിപ്പിക്കാത്ത സിനിമ തന്നെയാണ് ഇത്. കഥാപാത്രങ്ങളും അവരെ അവതരിപ്പിച്ചവരും ഒന്നിനൊന്നു മികച്ചത് തന്നെ. എന്നാൽ ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന, വളരെ ബാലൻസ്ഡ് ആയ, കഥാപാത്രങ്ങളുടെ ഒരുതരം caricaturish അവതരണം ഇവിടെ ഇത്തിരി ഓവർ ആയോ എന്നൊരു സംശയം.
പ്രധാനമായും സിനിമ താഴേക്ക് പോയത് രണ്ടാം പകുതിയിലാണ്. ഏറ്റവും വലിയ ട്വിസ്റ്റ് ഒരു റെവലേഷൻ പോലെ കാണിക്കാതെ ഒരു നീണ്ട ഫ്ലാഷ്ബാക്ക് പോലെ കാണിച്ചപ്പോഴേ പ്രേക്ഷകന്റെ ജിജ്ഞാസ പകുതിയും നഷ്ടപ്പെട്ടു. എന്നിരുന്നാലും കൊലയാളി ആരാണെന്നും, മോട്ടീവ് എന്താണെന്നും ഒക്കെ അറിയുന്നത് നല്ലത് തന്നെയായിരുന്നു.
എന്നാൽ അത് കഴിഞ്ഞു ഒരു “സർക്കസ്” ഉണ്ട് അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. എല്ലാത്തിനും പുറമെ കുറച്ചധികം “കത്തി” രംഗങ്ങളും ഉണ്ട്.മൊത്തത്തിൽ പറഞ്ഞാൽ ആദ്യ സിനിമയുടെ അത്രയുമില്ലെങ്കിലും പേര് കളഞ്ഞില്ല. ഒരു തവണ തീർച്ചയായും കണ്ടുനോക്കാം.