ഗയ എങ്ങോട്ടാണ് നോക്കുന്നത് ?

0
99

Sabu Jose

ഗയ എങ്ങോട്ടാണ് നോക്കുന്നത് ?

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ഡിസ്‌ക്കവറി മെഷീന്‍ എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന ഗയ(Global Astrometric Interferometer for Astrophysics-GAIA) സ്‌പേസ് ക്രാഫ്റ്റ് യാത്ര തിരിച്ചത് ക്ഷീരപഥത്തിലെ 100 കോടി നക്ഷത്രങ്ങളെയും അവക്ക് ചുറ്റുമുള്ള ഗ്രഹ കുടുംബങ്ങളെയും തേടിയാണ്. അതിനര്‍ഥം ക്ഷീരപഥത്തിന്റെ ഒരു ശതമാനം ഭാഗം ഗയയുടെ നിരീക്ഷണ പരിധിയില്‍ വരുമെന്നാണ്!. എന്നാല്‍ ഗയയുടെ ദൗത്യം അവിടെ തീരുന്നില്ല. ഈ നൂറുകോടി നക്ഷത്രങ്ങളുടെയും Global Astrometric Interferometer for Astrophysics (GAIA ...അഞ്ചു ലക്ഷത്തില്‍ പരം ക്വാസാറുകളുടെയും(Quasi Stellar Radio Sources) ത്രിമാന ചിത്രങ്ങള്‍ നിര്‍മിക്കുന്ന ഗയയിലെ ഇരട്ട ദൂരദര്‍ശിനികളും അനുബന്ധ ഉപകരണങ്ങളും ചേര്‍ന്ന് നക്ഷത്രങ്ങളുടെ ജനനവും പരിണാമവും അവയുടെ താപ-രാസ ഘടനയുമെല്ലാം കൃത്യമായി അപഗ്രഥിക്കും. 2013 ഒക്ടോബറില്‍ ഫ്രഞ്ച് ഗയാനയിലെ കൗറുവിലുള്ള ഉപഗ്രഹ വിക്ഷേപണത്തറയില്‍ നിന്നും സോയൂസ് എസ്ടി-ബി റോക്കറ്റിന്റെ ചിറികിലേറി ഗയ പറക്കുമ്പോള്‍ ആ യാത്ര ചരിത്രത്തിലേക്കായിരുന്നു. 2022 വരെ പ്രവർത്തനക്ഷമമാണ്. നൂറ് കോടി പിക്‌സല്‍ റെസല്യൂഷനുള്ള ഗയയിലെ ക്യാമറ ഇന്നുവരെ ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള ഏറ്റവും വലിയ ഡിജിറ്റല്‍ ക്യാമറയായിരിക്കും. ഭൂമിയുടെയും സൂര്യന്റെയും ഗുതുത്വാകര്‍ഷണ ബലം പരസ്പരം നിര്‍വീര്യമാക്കപ്പെടുന്ന രണ്ടാമത്തെ ലെഗ്രാന്‍ഷിയന്‍ പോയിന്റിലാണ് (L2) ഗയക്കായി സ്ഥലമൊരുക്കിയിട്ടുള്ളത്. ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ അകലെയാണിത്.
ഗയ എങ്ങോട്ടാണ് നോക്കുന്നത്?

  • ക്ഷീരപഥത്തിലെ 100 കോടി നക്ഷത്രങ്ങളുടെ സ്ഥാനവും അവ തമ്മിലുള്ള അകലവും അവയുടെ വാര്‍ഷിക ചലനങ്ങളും 20 മൈക്രോ സെക്കന്റ് സൂക്ഷമതയില്‍ അളക്കുന്നു
  • പതിനായിരക്കണക്കിന് അന്യഗ്രഹങ്ങളുടെ അന്തരീക്ഷ ഘടനയും രാസ-ഭൗതിക ഗുണങ്ങളും നിരീക്ഷിക്കുന്നു.
  • ഭൂമിക്കും സൂര്യനുമിടയില്‍ സഞ്ചരിക്കുന്ന ക്ഷുദ്രഗ്രഹങ്ങളെ തിരഞ്ഞുപിടിക്കുന്നു. ഒരു ഭൂസ്ഥിര ദൂരദര്‍ശിനിക്ക് ഇത് അപ്രാപ്യമാണ്.
  • അഞ്ചുലക്ഷത്തില്‍ പരം ക്വാസാറുകളുടെ ദുരൂഹതകള്‍ അനാവരണം ചെയ്യുന്നു.
  • ഐന്‍സ്‌റ്റൈന്റെ സാമാന്യ ആപേക്ഷികത ഉപകരണങ്ങളുടെ സഹായത്തോടെ പരീക്ഷിച്ചുനോക്കുന്നു.

ദൂരദര്‍ശിനിയുടെ നിരീക്ഷണ പരിധിയിലുള്ള 100 കോടി നക്ഷത്രങ്ങളുടെ ത്രിമാന ചിത്രമാണ് ഗയ നിര്‍മിക്കുന്നത്. നക്ഷത്രങ്ങളുടെ ഉദ്ഭവ പരിണാമങ്ങളുടെ സമ്പൂര്‍ണ വിവരണം നല്‍കാന്‍ ഇതുകൊണ്ടു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ പ്രസ്തുത നക്ഷത്രങ്ങളുടെ ശോഭയും താപനിലയും ഗുരുത്വബലവും ഭൗതിക-രാസ ഘടനയുമെല്ലാം ഗയയിലേക്കുള്ള അനുബന്ധ ഉപകരണങ്ങള്‍ അളന്നെടുക്കും. ഗാലക്‌സി രൂപീകരണത്തേക്കുറിച്ചുള്ള സമഗ്ര ചിത്രമായിരിക്കും ഇതിലൂടെ ഗയ നിര്‍മിക്കുന്നത്. അതിനുപുറമെ ദൃശ്യപ്രപഞ്ചത്തിലെ ഏറ്റവും ദുരൂഹ പ്രതിഭാസങ്ങളിലൊന്നായ പ്രപഞ്ചത്തിലെ പവര്‍ഹൗസുകള്‍ എന്ന്‌വിളിക്കുന്ന ക്വാസാറുകള്‍ എന്നനക്ഷത്ര സദൃശ്യ ദ്രവ്യപിണ്ഡങ്ങളെ കുറിച്ചുള്ള പഠനത്തിന് ഗയ പ്രാധാന്യം നല്‍കുന്നുണ്ട്. വളരെ ഉയര്‍ന്ന ചുമപ്പുനീക്കം (Doppler shifting) പ്രദര്‍ശിപ്പിക്കുന്ന ക്വാസാറുളെ കുറിച്ചുള്ള പഠനത്തിലും അതിന് പുറമെ ഭൗമേതര ജീവന്റെ വേട്ടയിലും ഗയ ഒരു കൈ നോക്കും.

1.45 മീറ്റര്‍ വ്യാസമുള്ള പ്രാഥമിക ദര്‍പ്പണമുള്ള ഇരട്ട ദൂരദര്‍ശിനിയാണ് ഗയയിലുള്ളത്. ദൃശ്യപ്രകാശത്തിലാണ് (Optical wavelength)- ദൂരദര്‍ശിനി പ്രവര്‍ത്തിക്കുന്നത്. നിരീക്ഷണ പരിധിയില്‍ വരുന്ന ഖഗോള പ്രതിഭാസങ്ങളെ ശരാശരി 70 തവണ ദൂരദര്‍ശിനി നിരീക്ഷിക്കും. തുടര്‍ന്ന് അവയുടെ ദൂരവും കാന്തിക മാനവും ചുമപ്പുനീക്കവും കൃത്യമായി അളക്കും. 2030 കിലോഗ്രാമാണ് ഗയയുടെ മാസ്.

മൂന്ന് അനുബന്ധ ഉപകരണങ്ങള്‍ ഗയയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
1- നക്ഷത്രങ്ങളുടെ സ്ഥാനം കൃത്യമായി കണ്ടെത്തുന്നതിനുള്ള ഒരു ആസ്‌ട്രോമെട്രി ഉപകരണം(ASTRO)
2- നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും താപനിലയും പിണ്ഡവും അവയുടെ പ്രായവും രാസമൂലകങ്ങളുടെ വിതരണവും കണ്ടെത്തുന്നതിനുള്ള ഒരു ഫോട്ടോമെട്രിക് ഉപകരണം.
3- ഖഗോള പ്രതിഭാസങ്ങളുടെ ചുമപ്പുനീക്കം കൃത്യമായി കണക്കുകൂട്ടി അവയുടെ പിന്‍വാങ്ങല്‍ പ്രവേഗം കണ്ടുപിടിക്കുന്നതിനുള്ള ഒരു റേഡിയല്‍ വെലോസിറ്റി സ്‌പെക്‌ട്രോമീറ്റര്‍(RVS)
ദിവസവും എട്ട് മണിക്കൂര്‍വീതം സെക്കന്റില്‍ 50GB ഡാറ്റകളാണ് ഗയ ഭൂമിയിലേക്കയക്കുന്നത്. സ്‌പെയിനിലും ഓസ്‌ട്രേലിയയിലുമുള്ള ഗ്രൗണ്ട് സ്‌റ്റേഷനുകളിലാണ് ഗയയില്‍ നിന്നും ലഭിക്കുന്ന സന്ദേശങ്ങള്‍ സമാഹരിക്കുന്നതും അപഗ്രഥിക്കുന്നതും. ഗയ നോക്കുന്നത് ജീവനിലേക്കാണ്. ഭൗമേതര ജീവനിലേക്ക്.