ജോളി ജോളി എഴുതുന്നു

ഇല്ലാത്ത ഭാവിയ്ക്ക് വേണ്ടി ഞങ്ങളെന്തിന് പഠിക്കണം.?

ജീവിക്കാൻ അനുവദിക്കണം എന്ന ആവശ്യമുയർത്തി ലോകമെമ്പാടുമുള്ള കുട്ടികൾ ഇന്ന് പഠിപ്പ് മുടക്കി തെരുവിലിറങ്ങുകയാണ്..

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളുയര്‍ത്തിയാണ് ഇന്ന് സ്‌കൂള്‍ കൂട്ടികള്‍ ആഗോള തലത്തില്‍ പഠിപ്പുമുടക്കുന്നത്…

നൂറ് രാജ്യങ്ങളിലായി 15,00 ഇടങ്ങളില്‍ കുട്ടികള്‍ പഠിപ്പ് മുടക്കി തെരുവിലിറങ്ങി പ്രതിഷേധിക്കും.

Joli Joli

‘ഇല്ലാത്ത ഭാവിയ്ക്ക് വേണ്ടി ഞങ്ങളെന്തിന് പഠിക്കണം’ എന്ന മുദ്രാവാക്യമാണ് സ്‌കൂള്‍ കുട്ടികള്‍ ഉയര്‍ത്തുന്നത്.

വരും തലമുറ നേരിടാന്‍ പോകുന്ന ഭീഷണികളേക്കുറിച്ച് ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്‍മാരേയും ജനങ്ങളേയും ഓര്‍മ്മിപ്പിക്കുകയാണ് ക്യാംപെയ്‌ന്റെ ലക്ഷ്യം.

വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയര്‍പ്പിച്ച് നിരവധി സംഘടനകളും വിവിധ മേഖലകളിലെ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്…

പതിനാറ് വയസുള്ള സ്വീഡിഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഗ്രെറ്റ തുംബെര്‍ഗ് കഴിഞ്ഞ ഓഗസ്റ്റില്‍ തുടങ്ങിവെച്ച സമരമാണ് ആഗോള മുന്നേറ്റമായി മാറിയത്.

ഇല്ലാതാകുന്ന തങ്ങളുടെ ഭാവിയേക്കുറിച്ച് ഓര്‍മ്മപ്പെടുത്തി എല്ലാ വെള്ളിയാഴ്ച്ചകളിലും ഗ്രെറ്റ സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചുകൊണ്ടിരുന്നു…

ഗ്രെറ്റയെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നോമിനേറ്റ് ചെയ്തിട്ടുണ്ട്. ..

ലോകത്ത് ഏറ്റവും ഭയാനകമായ രീതിയിൽ പരിസ്ഥിതി നാശവും മലിനീകരണവും നടക്കുന്നത് ഇന്ത്യയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്..

അതിൽ തന്നെ അതീവ സംരക്ഷിത മേഖല വളരെ പെട്ടന്ന് നാശത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നത് കേരളത്തിലാണെന്നും പറയുന്നു..

സ്വഭാവിക നാശമല്ല..
മനുഷ്യ ഇടപെടലിലൂടെ നടത്തുന്ന ഭയാനകമായ നാശമാണ് കേരളത്തിൽ നടക്കുന്നത് എന്നാണ് ഗ്രീൻ ടോപ്പിന്റെ റിപ്പോർട്ടിൽ എടുത്ത് പറയുന്നത്..

മാറിമാറി വരുന്ന സർക്കാരുകൾ വികസനമെന്ന പേരിൽ കേരളത്തിന്റെ ഭൂപ്രകൃതിയെയും ജൈവ ആവാസ വ്യവസ്ഥകളെയും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്..

കാടും മലയും പുഴയും വയലും തണ്ണീർ തടങ്ങളും ഇല്ലായ്മ ചെയ്യുക എന്നതാണ് നമ്മുടെ നരമൂത്ത ഭരണാധികാരികളുടെ വികസന കാഴ്ചപ്പാട്..

വികസനത്തിലുപരി അഴിമതിയും കൊള്ളയുമാണ് നമ്മുടെ ഭരണാധികാരികൾ കേരളത്തിന്റെ ഭൂമിയിൽ നടത്തുന്നത്…

കേരളം തന്നെ ഇല്ലാതായാലും പണം സമ്പാദിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊന്നും ചിതലരിച്ച ഇവരുടെ കാഴ്ചപ്പാടിലില്ല..

ജീവിക്കാനുള്ള അവകാശത്തിന് നേരെ ഭീക്ഷണിയുയർത്തുന്ന ഇത്തരം വെട്ടിനിരത്തലുകൾ അവസാനിപ്പിച്ചേ മതിയാകൂ..

രണ്ടായിരത്തി പതിനൊന്നിലെ കണക്കനുസരിച്ച് കേരളത്തിൽ 2,13,157 ഹെക്ടര്‍ നെല്‍വയലുകള്‍ ഉണ്ടായിരുന്നു..

കഴിഞ്ഞ എട്ട് വർഷം കൊണ്ട് ഒന്നേകാൽ ലക്ഷം ഹെക്റ്റർ പാടശേഖരം നികത്തപ്പെട്ടു…

കഴിഞ്ഞ നൂറ് വർഷം കൊണ്ട് നികത്തപ്പെട്ടതിന്റെ ഇരട്ടി… !

എൺപത് ചതുരശ്ര കിലോമീറ്റെർ കണ്ടൽ കാടുകൾ നശിപ്പിക്കപ്പെട്ടു..

വ്യാപകമായ രീതിയിൽ പുഴകളും കായലുകളും കയ്യേറ്റത്തിന് വിധേയമായി..

എൺപത്തി ഏഴായിരം ഹെക്റ്റർ വനഭൂമി ഭാഗീകമായോ പൂർണമായോ ഇല്ലാതായി…

പുഴകളിലെയും ജലാശയങ്ങളിലെയും മലിനീകരണ തോത് നാന്നൂറ് മടങ്ങു് വർധിച്ചു..

ഏഴ് ജില്ലകളിലെ ജനങ്ങളുടെ കുടിവെള്ള സ്രോതസ്സായ പെരിയാർ നദി കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഇരുനൂറ്റമ്പത് മടങ്ങ് മാലിന്യം വഹിക്കുന്ന പുഴയായി മാറി..

ഭൂപരിഷ്‌കരണ നിയമത്തെയും വനം പരിസ്ഥിതി നിയമത്തെയും ഖനന നിയമത്തെയും കാറ്റില്‍പറത്തിക്കൊണ്ട് ഭൂമിയുടെ എല്ലാ രൂപങ്ങളും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ കയ്യടക്കിക്കൊണ്ടിരിക്കുകയാണ്.

വന്‍കിട റിസോര്‍ട്ട് മുതലാളിമാരും ഖനന മാഫിയകളും പ്രകൃതിയെ നശിപ്പിച്ച് സമ്പത്ത് കുന്നുകൂട്ടുമ്പോള്‍ സാധാരണ മലയാളിയുടെ ജീവിതം അത്യന്തം ദുസ്സഹമാവുകയാണ്…

ഏഴായിരത്തോളം അനധികൃത പാറമടകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്..

ഇതിൽ തന്നെ ഏറ്റവും കുറഞ്ഞ ദൂര പരിധിയിൽ ഏറ്റവും കൂടുതൽ പാറമടകൾക്ക് അനുമതി കൊടുത്തത് പിണറായി സർക്കാരാണ്…

കേരളത്തിന്റെ പരിസ്ഥിതിയെ നിര്‍ണയിക്കുന്ന കുന്നുകളും കാടും പുഴകളും വയലും ചതപ്പുകളും കായലുകളും വലിയ നാശത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്…

മലയാളിയുടെ നിലനില്‍പിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന നയങ്ങളും വികസന സമീപനങ്ങളുമാണ് നവലിബറല്‍ നയങ്ങളുടെ വക്താക്കളായ ഭരണാധികാരികള്‍ ഒന്നിനുപിറകെ ഒന്നായി അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്…

കഴിഞ്ഞ രണ്ടര വര്‍ഷക്കാലത്തിനിടയില്‍ മാത്രം നെല്‍വയല്‍ തണ്ണീര്‍തട നിയമത്തെ അപ്രസക്തമാക്കിക്കൊണ്ട് 20,000 ഹെക്ടറോളം വയലുകളാണ് ഭൂമാഫിയകള്‍ വിവിധപദ്ധതികളുടെ പേരില്‍ നികത്തിയെടുത്തത്….

കേരളമാകെ ഭൂമി എന്ന വിഭവം തന്നെയാണ് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കപ്പെടുന്നത്…

കരിങ്കല്‍ ഖനന രംഗത്ത് നിലനില്‍ക്കുന്ന എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തിക്കൊണ്ടാണ് കഴിഞ്ഞ രണ്ടര വര്‍ഷക്കാലംകൊണ്ട് 2146 പാറമടകള്‍ക്ക് പിണറായി സർക്കാർ അനുമതി നല്‍കിയത്…

കൊളോണിയല്‍ കാലഘട്ടത്തിനുസമാനമായ പരിസ്ഥിതി കൊള്ളയാണ് കേരളത്തിൽ നടക്കുന്നത്…

കാടും കുന്നുകളും പാറമടകളും തണ്ണീര്‍തടങ്ങളും വയലുകളും സംരക്ഷിക്കാനുള്ള എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തിയാണ് പ്രകൃതിക്ക് ഗുരുതരമായ ആഘാതമേല്‍പ്പിക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്…

പരിസ്ഥിതി എന്നത് പ്രകൃതിയിലേക്ക് മടങ്ങുന്ന ഗൃഹാതുരമായ കാവ്യഭാവനയോ ആധുനിക വികസനവിരുദ്ധ മനോഭാവമോ ഒന്നുമല്ല.

അത് ഒരു ജനതയുടെ അസ്ഥിത്വവും അതിനെ നിര്‍ണയിക്കുന്ന ആവാസവ്യവസ്ഥയുമാണ്.

കേരളത്തിന്റെ സവിശേഷമായ പാരിസ്ഥിതിക ഘടനയില്‍ നിന്നടര്‍ത്തിമാറ്റി മൂന്നരക്കോടിയിലേറെ വരുന്ന മലയാളിയുടെ വര്‍ത്തമാനത്തെയും ഭാവിയെയും വികസനത്തെയും കുറിച്ച് ചിന്തിക്കാനേയാകില്ല….

നിങ്ങൾ നാളെ മരിച്ചുപോകും…

ഞങ്ങൾ നാളെമുതൽ എങ്ങനെ ജീവിക്കും എന്ന വലിയ ചോദ്യം കുട്ടികൾ നമ്മോട് ചോദിക്കുന്നുണ്ട്…

Joli Joli..

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.