ബിരൺ റോയ്
“ആടിന്റെ പാല് കറന്നെടുത്ത് അപ്പോൾ തന്നെ ആ ചൂടോടെ അങ്ങ് കുടിക്കണം, ആരോഗ്യത്തിന് ബെസ്റ്റാ.” ഇങ്ങനെ ആരേലും ഉപദേശിച്ചാൽ അവരെ കണ്ടം വഴി ഓടിച്ചോണം. കാരണം കറന്നെടുക്കുന്ന പാൽ, അത് പശുവിന്റെയാണെങ്കിലും ആടിന്റെയാണെങ്കിലും, ആ പാൽ അനേകായിരം അണുക്കളുടെ വിഹാരകേന്ദ്രമാണ്. തിളപ്പിക്കുമ്പോഴാണ് പാലിലുള്ള ബാക്റ്ററിയ വൈറസ് മുതലായ അണുക്കൾ നശിക്കുന്നത്.
പോസ്റ്റിനാധാരം – കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒപിയിൽ കുറേ ആളുകൾ വരുന്നു. ആടിന്റെ പാൽ തിളപ്പിക്കാതെ പച്ചക്ക് കുടിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ ആട് പടമായി. മരണകാരണം പേ. പോരെ പുകില്. മുമ്പും ഇത് പോലെ വന്നിട്ടുണ്ട്. കറന്നെടുത്ത പശുവിന്റെ പാൽ തിളപ്പിക്കാതെ ഫ്രീസറിൽ വെച്ച് ഐസ് ആക്കി, ഷേക്ക് അടിച്ചു കുടിച്ചു. പശു പടമായി. കാരണം പേ.
പ്രീയപ്പെട്ടവരെ,
ബേക്കറികളിലും, കൂൾബാറുകളിലും ഷേക്ക് അടിക്കുന്ന പച്ച പാൽ, പാസ്റ്റ്യുറൈസ് ചെയ്ത് പായ്ക്ക് ചെയ്ത് വരുന്ന പാലാണ്, അല്ലാതെ കറന്നെടുത്ത് അപ്പോൾ തന്നെ പാക്കറ്റിൽ ആക്കി വിടുന്നതല്ല. അത് കണ്ടിട്ട് വീട്ടിലെ പശുവിന്റെ പാലെടുത്ത് അതേപടി ഫ്രീസറിൽ കയറ്റി തണുപ്പിച്ച് ഷേക്ക് അടിച്ചാൽ നിങ്ങൾ വലിയ രോഗിയാവും.
വെഗ്ഗികൾ സമ്മതിച്ചാലും ഇല്ലെങ്കിലും, പാൽ എന്ന് പറയുന്നത് ഒരു അനിമൽ ഫുഡ് പ്രോഡക്റ്റാണ്. പശു / ആട് അവരുടെ സ്തനങ്ങളിലൂടെ, അവരുടെ കുട്ടിക്ക് വേണ്ടി ചുരത്തുന്ന പാൽ ചൂണ്ടിഎടുത്താണ് നമ്മൾ ഉപയോഗിക്കുന്നത്. കറന്നെടുക്കുന്ന പാലിൽ കാംപൈലോബാക്ടർ, ക്രിപിറ്റോസ്പൊറീഡിയം, ഇ-കോളി, ലിസ്റ്റീരിയ, ബ്രൂസെല്ല, സാൽമൊണല്ല മുതലായ അനേകം ബാക്റ്ററിയ-ഫംഗ-വൈറസാധികൾ ഒളിഞ്ഞിരിപ്പുണ്ട്. ചെറിയ ലൂസ്മോഷൻ മുതൽ കിഡ്ണി വരെ അടിച്ചു കളയാവുന്ന രീതിയിൽ പണി തരാൻ തക്ക വേന്ദ്രൻമാർ തിളപ്പിക്കാത്ത പാലിലുണ്ട്.എങ്ങനാണ് യെവന്മാർ പാലിൽ കയറി കൂടുന്നതെന്ന് നോക്കാ…
1. ചാണകം /ആട്ടിൻകാട്ടം – രോഗാണുക്കളുടെ വിഹാരകേന്ദ്രമാണ് ഏതൊരു ജീവിയുടെയും അപ്പി. അപ്പിയിടുന്നിടത്ത് കിടന്നുറങ്ങുന്ന ആടിന്റെയും പശുവിന്റെയും പാലിലേക്ക് രോഗാണുകൾക്ക് വലിയ ദൂരം ഇല്ല.
2. പാൽ തരുന്ന മൃഗത്തിന്റെ തൊലിയിൽ അനേകായിരം അണുക്കളുണ്ട്. അവക്കും പാലിലേക്ക് വലിയ ദൂരം ഇല്ല.
3. തൊഴുത്തിൽ നിന്നും, അത് പോലെ പാല് കറക്കാനും, ശേഖരിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ നിന്നും.
4. മാസ്സ്റ്റൈറ്റീസ് – അകിട് വീക്കം എന്നൊക്കെ പറയും
5. പാല് ചുരത്തുന്ന ഗോ /ഗോട്ട് മാതാക്കൾക്കും അസുഖങ്ങൾ വരാം. ക്ഷയം പോലുള്ള അസുഖങ്ങൾ ആണെങ്കിൽ സാലാ ഡേയ്ഞ്ചറസൂ.
6. പാലിൽ വീഴുന്ന ഈച്ച-പ്രാണിയാദികൾ.
7. കറവക്കാര/കാരിയുടെ ശുചിത്വം. അതില്ലെങ്കിൽ ക്രോസ്സ് കണ്ടാമിനേഷൻ ഉണ്ടാവാം.
മേൽ പറഞ്ഞ പ്രസ്‌തുത കാരണങ്ങൾ കൊണ്ട് അണുക്കളുടെ വിഹാരകേന്ദ്രമായ പാൽ കുടിക്കാൻ പാകത്തിലാക്കുന്ന പ്രക്രിയയാണ് പാസ്റ്റുറൈസേഷൻ., മിനിമം തിളപ്പിച്ച് ആറുകയെങ്കിലും വേണം.
വീട്ടിൽ പശു /ആട് ഉണ്ടെങ്കിൽ അവരുടെ പാല് തന്നെ നിങ്ങൾ ഉപയോഗിച്ചു കൊള്ളൂ, പക്ഷേ തിളപ്പിച്ച ശേഷം മാത്രം.