നൂറ് കൊല്ലം കഴിഞ്ഞ് ഈ വാർത്ത വായിക്കുന്ന അന്നത്തെ ഒരു വ്യക്തി മനസ്സിൽ പറയും, ഇത്രമാത്രം മണ്ടന്മാർ ജീവിച്ചിരുന്ന ഒരു നാടായിരുന്നോ കേരളം

82
Sabarimala Vazhipadu Rates, Pooja Pampa Vazhipadukal Online

ദൈവം ഓൺലൈനിൽ

ടി.കെ.രവിന്ദ്രനാഥ്

താഴെ കൊടുത്തിരിക്കുന്ന പത്ര കട്ടിംഗ് നോക്കൂ. ഒരു നൂറ് കൊല്ലം കഴിഞ്ഞ് ഈ വാർത്ത വായിക്കുന്ന അന്നത്തെ ഒരു വ്യക്തി മനസ്സിൽ പറയും, ഇത്രമാത്രം മണ്ടന്മാർ ജീവിച്ചിരുന്ന ഒരു നാടായിരുന്നോ കേരളം എന്ന്. ഒരു കെട്ടിടം, അതിനുള്ളിൽ ഒരു പ്രതിമ, ആ പ്രതിമയുടെ തലയിലൂടെ നെയ്യ് ഒഴിക്കുന്ന ആൾ, എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ആ പ്രതിമയുടെ മുകളിലേയ്ക്ക് പുഷ്പങ്ങളും മറ്റും വാരിയെറിയുന്ന പ്രാകൃതവേഷം ധരിച്ച ഒരാൾ. അവിടെ തടിച്ചുകൂടുന്ന ആയിരക്കണക്കിനാളുകൾ ! ഒരു ഭ്രാന്ത് പോലെയുള്ള പ്രവർത്തനങ്ങൾ.

തീർച്ചയായും അന്നത്തെ ജനത വിഡ്ഡികളായിരുന്നു. എന്ന നിഗമനത്തിൽ അയാൾ എത്തിച്ചേരും. പക്ഷെ അങ്ങനെ ആയിക്കൊള്ളണമെന്നുമില്ല. ഇതിലും കൂടുതൽ മണ്ടത്തരം വർദ്ധിച്ചു എന്നും വരാം. നോക്കൂ, 2000 വർഷങ്ങൾക്ക് മുമ്പും ഇന്ത്യയിൽ ഈശ്വരവിശ്വാസികളും അതിനെ എതിർത്ത യുക്തിവാദികളുണ്ടായിരുന്നു.ബുദ്ധനും, വർദ്ധമാന മഹാവീരനും, ചർവ്വാകനും നിരീശ്വരവാദികളായിരുന്നു.അവരുടെ തലമുറയ്ക്ക് വലിയ വളർച്ചയൊന്നും ഇന്ത്യയിൽ ഇന്നും ഉണ്ടായിട്ടില്ല. ശാസ്ത്രവും സാങ്കേതിക വിദ്യയും വളർന്നിട്ടും, ആ അറിവുകൾ ദൈവനിഷേധാത്മകമായിട്ടും ശാസ്ത്രബോധം സമൂഹത്തിൽ വികസിച്ചിട്ടില്ല. മറിച്ച്, ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്ധവിശ്വാസവും ദൈവ വിശ്വാസവും വളർത്താനാണ് ശ്രമിക്കുന്നത്. അതിൻ്റെ ഒരുദാഹരണമാണ് കമ്പ്യൂട്ടർ ജ്യോത്സ്യം. മറ്റൊരുദാഹരണമാണ് നമ്മൾ താഴെയുള്ള വാർത്തയിൽ കണ്ടത്. ഓൺലൈൻ വഴിപാട് ബുക്കിംഗ്. വെബ് സൈറ്റ് ഓപ്പൺ ചെയ്യുക, ഇഷ്ടമുള്ള വഴിപാട് ബുക്ക് ചെയ്യുക. അനുഗ്രഹം വെബ്സൈറ്റ് വഴി കമ്പ്യൂട്ടറിൽ കൂടിയോ മൊബൈലിൽ കൂടിയോ കിട്ടിയേയ്ക്കാം.

ക്ഷേത്രത്തിൽ പോയി ഭണ്ഡാരത്തിൽ കാണിക്കയിടേണ്ട. അതിനും വെബ്സൈറ്റിൽ ഓപ്ഷനുണ്ട്. കമ്പ്യുട്ടർ സ്ക്രീനിൽ ഭഗവാൻ്റെ പടമുണ്ട്. അത് നോക്കി തൊഴുത് പ്രാർത്ഥിച്ചാൽ അനുഗ്രഹം റെഡി. നിയന്ത്രണങ്ങൾ നീക്കിയാലും ഈ രീതി തുടർന്നാൽ മതി എന്നാണ് ഭക്ത സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളത്. നിങ്ങൾ സമൂഹത്തോട് ചെയ്യുന്ന ഏറ്റവും നല്ല നന്മയായിരിക്കുമത്.

അമ്പലത്തിൽ തന്നെ പോയി പ്രാർത്ഥിക്കണമെന്നില്ല ഇങ്ങനെ ചെയ്താലും മതി എന്നല്ലേ ഈ വെബ്സൈറ്റ്
പ്രാർത്ഥന നൽകുന്ന സന്ദേശം. പ്രാർത്ഥിച്ചതുകൊണ്ടോ, വഴിപാട് ചെയ്തതുകൊണ്ടൊ, തലകുത്തിമറിഞ്ഞതുകൊണ്ടൊ, മന്ത്രം ചൊല്ലി വായിലെ വെള്ളം വറ്റിച്ചതുകൊണ്ടോ ഒരു കാര്യവുമില്ല എന്നല്ലേ കൊറോണ നമ്മെ പഠിപ്പിച്ചത്. എന്നിട്ടും ഇങ്ങനെ ദൈവമേ രക്ഷിക്കണേ എന്ന് മുറവിളി കൂട്ടി നടക്കുന്ന നിങ്ങളുടെ തലയിൽ എന്താണ് സുഹൃത്തുക്കളെ? രക്ഷകനായ ദൈവം ഇല്ല എന്നതിന് ഇതിലും വലിയ തെളിവ് വേറെ വേണോ?

Advertisements