മനുഷ്യനെന്ന അച്ഛന്റെ മകനാണ്‌ ദൈവം

142

Raju Vadanapally

മനുഷ്യന്റെ അതിജീവനം

വേട്ടയാടല്‍ പ്രക്രിയയില്‍ മനുഷ്യന്‌ ഒരു സിംഹത്തിന്റെ അത്രയും, ഒറ്റക്കുതിപ്പിന്‌ ഇരയെ കീഴ്‌പ്പെടുത്താനുള്ള കഴിവോ, ഇരയുടെ കഴുത്തില്‍ ആഴ്‌ന്നിറങ്ങുംവിധത്തിലുള്ള കൂർത്ത കോമ്പല്ലുകളോ, ഇരയെ കോർത്ത്‌ പിടിക്കും രീതിയിലുള്ള നഖങ്ങളോ ഇല്ല. മൃഗങ്ങളുമായുള്ള താരതമ്യത്തില്‍ മനുഷ്യന്‍ വേഗത്തിന്റെ കാര്യത്തിലും കരുത്തിന്റെ കാര്യത്തിലും തുലോം ദുർബലനാണ്‌.
ചിത്രത്തിലേക്ക്‌ നോക്കുക.

മനുഷ്യന്‌ അന്നമൊരുക്കിയ, മനുഷ്യനെ ജീവലോകത്തെ പ്രമാണിയാക്കിയ, അവനെ ഏറ്റവും വലിയ വേട്ടക്കാരനാക്കിയ ഒരു മഹാപ്രക്രിയയിലെ ആദ്യകാല പ്രതിനിധിയെയാണ്‌ അതില്‍ കാണുന്നത്‌.
അഷ്യൂലിയന്‍ ശിലോപകരണം,
നിർമ്മാണം; ഹോമോ ഇറക്‌റ്റസ്‌,
സ്ഥലം; ടർക്കാന, കെനിയ,
പ്രായം; കഴിഞ്ഞ 18 ലക്ഷം വർഷം മുതല്‍.

ഇത്‌ കൂർത്ത കോമ്പല്ലിന്റേയും കൂർത്ത നഖത്തിന്റേയും അഭാവത്തെ പരിഹരിക്കുന്നു. അത്‌ മൃഗങ്ങളെ കൊല്ലാന്‍ സഹായിക്കുന്നു, അസ്ഥി പൊട്ടിച്ച്‌ മജ്ജയെടുക്കാന്‍ സഹായിക്കുന്നു, ഉറച്ച മണ്ണില്‍ നിന്നും കുത്തിയിളക്കി കിഴങ്ങുകളെ പുറത്തെടുക്കാന്‍ സഹായിക്കുന്നു.

അതാണ്‌ അതിജീവനം. അതിന്‌ വഴിയൊരുക്കിയതോ, ജീവലോകത്ത്‌ പ്രൈമേറ്റുകളില്‍, മനുഷ്യനില്‍ മാത്രം സംഭവിച്ച ജനിതക മാറ്റത്തിലൂടെയുള്ള മസ്‌തിഷ്‌കവികാസത്തിന്റെ ഫലമായി. ഈ ഉപകരണത്തെപറ്റി (എല്ലാ ഉപകരണത്തെപറ്റിയും) മനുഷ്യന്‍ ഭാവനയില്‍ കണ്ടതാണ്‌, ചിന്തിച്ചതാണ്‌, വിശകലനം ചെയ്‌തതാണ്‌; അങ്ങനെയാണ്‌ ഈ കല്ലിനെ മറ്റൊരു കല്ല്‌ വെച്ച്‌ ഇടിച്ച്‌, അടിച്ച്‌ ഈ ആകൃതിയിലാക്കിത്തീർത്തത്‌. ഈ പ്രവർത്തനത്തിന്റ, മന്ദഗതിയിലൂടെയാണെങ്കിലും തുടർച്ചയായ ഒഴുക്കാണ്‌, ചെറിയ ചെറിയ വികാസങ്ങളാണ്‌ മനുഷ്യചരിത്രത്തിലുടനീളം കാണുന്നത്‌.നോക്കു സുഹൃത്തേ, ഇവിടെ സംഭവിച്ചത്‌ ഇതാണ്‌; ചിന്തിക്കുക,
ഭാവനചെയ്യുക,വിശകലനം ചെയ്യുക

അതു വഴി നാം സൃഷ്‌ടിച്ചതിനെ നാം തന്നെ പരിഷ്‌കരിക്കുക. ഇതേ വഴിയിലൂടെത്തന്നെയാണ്‌ നാം ദൈവത്തെ സൃഷ്‌ടിച്ചത്‌, മതങ്ങളെ നിർമ്മിച്ചത്‌ അവയെ കാലാകാലങ്ങളിലൂടെ പരിഷ്‌കരിച്ചത്‌. ഇത്‌ ചിന്തിക്കുന്ന ജീവിക്ക്‌ മാത്രം സാധിക്കുന്ന കാര്യം. എവിടെ മനുഷ്യനുണ്ടോ അവിടെ ദൈവമുണ്ടാകും; കാരണം മനുഷ്യനെന്ന അച്ഛന്റെ മകനാണ്‌ ദൈവം.