നാമജപക്കാർ കയ്യടിച്ചു ജപിക്കുന്നു..ഇനി നെഞ്ചിലിടിയാകും … അതുകണ്ടു സമൂഹമൊട്ടാകെ ചിരിക്കും ..ചില പെന്തക്കോസ് വിഡിയോകൾ വൈറലായ പോലെ വൈറലാകും..ഒരുത്തനു വെളിപാടുണ്ടായതും നമ്മൾ കണ്ടതാണ്…പല ഭക്തരും പറയുന്നത് ഈ കരച്ചിൽ കൊണ്ട് കേരളത്തിൽ മുഖ്യമന്ത്രിയ്ക്ക് എന്തോ സംഭവിക്കും, യുക്തിവാദികൾക്കെന്തോ സംഭവിക്കും ..ശാപമേൽക്കും എന്നൊക്കെയാണ്. എന്നാൽ ഈ അജ്ഞത ബാധിച്ച ആളുകളോട് പറയാനുള്ളത്

ഈ ലോകത്തൊരു ദൈവവും മനുഷ്യനെ ശിക്ഷിക്കാൻ വളർന്നിട്ടില്ല. ഹിന്ദുക്കൾക്ക് കുറെ ദൈവങ്ങൾ, ഇസ്‌ലാമിന് അവരുടെ ദൈവം , ക്രിസ്ത്യാനികൾക്കും പലതരം ദൈവങ്ങൾ.. ഹിന്ദു എന്നപേരുള്ളവരെ മാത്രമേ ഹിന്ദു ദൈവങ്ങൾ അനുഗ്രഹിക്കുകയും ശിക്ഷിക്കുകയും ചെയ്യുകയുള്ളൂ ? ഈ ലോൿത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഹിന്ദുദൈവങ്ങളെ അംഗീകരിക്കുന്നവയല്ല. ദൈവം എന്നതൊരു വിശ്വാസം മാത്രമാണ്. അതാരെയും രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നില്ല. ഓരോരുത്തരുടെ ജീവിതത്തിലും പോസിറ്റിവ് ആയും നെഗറ്റിവ് ആയും കാര്യങ്ങളിങ്ങനെ സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു. അത് വിശ്വാസിയുടെയും അവിശ്വാസിയുടെയും കാര്യത്തിൽ ഒരുപോലെ തന്നെ.

എല്ലാം ഒരർത്ഥത്തിൽ സ്വയംകൃതാനർത്ഥങ്ങൾ മാത്രമാണ്. അതായതു നമുക്ക് ജീവിച്ചുപോകാൻ നമുണ്ടാക്കിയ കുറെ നിയമങ്ങളും ചട്ടക്കൂടുകളും ചര്യകളും വ്യവസ്ഥകളും കണ്ടുപിടുത്തങ്ങളും നമുക്ക് അനുകൂലമായും പ്രതികൂലമായും സംഭവിക്കുന്നതാണ്. ഒരുവൻ വണ്ടിയിടിച്ചു മരിക്കുന്നു. അവൻ ആ ആക്സിഡന്റ് ഉണ്ടാകുന്ന സമയത്തു അതിൽ പങ്കാളിയാകാൻ അല്ലെങ്കിൽ മറ്റുള്ളവരുടെ കൈപ്പിഴ അനുഭവിക്കാൻ ആ സമയത്തു അവിടെ ഇല്ലായിരുന്നെങ്കിൽ ഉറപ്പായും മരിക്കില്ല. വിശ്വാസികൾ അത് സമ്മതിക്കില്ല.. മരണസമയത്തു അവനെ അവിടേയ്ക്കു മരണദേവൻ കൊണ്ടുപോയി എന്നാകും പറയുക. അവർക്കു വാദിക്കാൻ പറ്റിയ സാങ്കല്പിക സാധ്യതകളും അവർക്കു തുറന്നിടുന്നു.

നിങ്ങളുടെ ദൈവങ്ങളുടെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ യാദൃശ്ചികമായി ചിലതു സാധിച്ചേയ്ക്കാം… അപ്പോൾ സാധിക്കാതിരിക്കുന്നതിനെ എന്ത് പറഞ്ഞു നിങ്ങൾ ന്യായീകരിക്കും ? അപ്പോഴും അത് വിധിയിൽ പഴിചാരുന്നവരാണ് വിശ്വാസികൾ. സാധിച്ചാലും ദൈവം സാധിച്ചില്ലെങ്കിലും ദൈവം. പിന്നെ ദൈവം എന്തിനാണ്. നിങ്ങള്ക്ക് ഒരുകോടി രൂപ ആവശ്യമെങ്കിൽ അതിനുള്ള സാധ്യത നമ്മുടെ ഭൗതികസാഹചര്യങ്ങളിൽ നിന്നും രൂപപ്പെട്ടുവന്നാലേ പറ്റൂ. എത്ര പ്രാർത്ഥിച്ചാലും നടക്കില്ല. നിങ്ങൾ സമൂഹത്തിൽ എത്ര നല്ലതായി ജീവിച്ചാലും ഒരുപാട് മോശം സാഹചര്യങ്ങൾ അനുഭവിക്കാം. ചിലപ്പോൾ, മോശമായി ജീവിച്ചാൽ അത്തരം സാഹചര്യങ്ങൾ അനുഭവിക്കേണ്ടി വരില്ലായിരിക്കുകയും ചെയ്യും.

എനിക്കറിയാവുന്ന ഒരു തികഞ്ഞ ഭക്തൻ. എന്റെ അറിവിൽ അയാൾ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല. അത്ര നിഷ്കളങ്കൻ. രാവിലെയും വൈകിട്ടും പൂമാലകെട്ടി സ്ഥിരമായി ക്ഷേത്രത്തിൽ കൊണ്ടുകൊടുത്തു പൂജ എല്ലാം കഴിയുന്നതുവരെ പ്രാർത്ഥിക്കും. ഒരു തികഞ്ഞ അമ്പലവാസി. അയാളുടെ മരണകാലം അത്യന്തം ദയനീയവും ഭീകരവും ആയിരുന്നു.. വര്ഷങ്ങളോളം ഒരൊറ്റ കിടപ്പായിരുന്നു. എന്നാലോ എനിക്ക് തന്നെ അറിയാവുന്ന എത്രയോ തരികിടകൾ…എല്ലാ സുഖങ്ങളും അനുഭവിച്ചു സുഖമൃത്യു വരിച്ചിട്ടുമുണ്ട്. അതാണ് പറയുന്നത്.. വിശ്വാസമല്ല.. ബോധമാണ് വേണ്ടത്.

മന്ത്രവും തന്ത്രവും എല്ലാം മനുഷ്യന്റെ.. ദൈവങ്ങളുടെ രൂപങ്ങളും മനുഷ്യൻ വാർത്തെടുത്തതു. ഏതു മന്ത്രം പറഞ്ഞാലും എത്രപേർ ഏകാഗ്രമായി പ്രാർത്ഥിച്ചാലും ഒരു കല്ലിലും ഒന്നും സന്നിവേശിക്കുന്നില്ല. മനുഷ്യന്റെ ബുദ്ധിയാണ് ഈ ലോകത്തിന്റെ ഉയർച്ചയ്ക്ക് കാരണം. പള്ളിയും പട്ടക്കാരും ഇല്ലാതെ ജീവിക്കുന്ന പലനാട്ടുകാരും നല്ല അടിപൊളിയായി തന്നെയാണ് ജീവിക്കുന്നത്. മതം കുറേപേർക്കു വയറ്റിപ്പിഴപ്പിനുള്ള ഉപാധിയാണ്. ജാതിയോ തങ്ങളിൽ താഴ്ന്നവരെ സൃഷ്ടിക്കാനുള്ള നീചമായ ചട്ടക്കൂട്. അതുകൊണ്ടാണ് മതം മാറാൻ സാധിച്ചാലും ജാതി മാറാൻ സാധിക്കാത്തത്.

അഭൗമശക്തികൾ ഉണ്ടെന്നുള്ള നമ്മുടെ ഭീതിയാണ് ദൈവത്തിന്റെ ഉദയത്തിനു വഴിവച്ചത്. ആ സങ്കൽപ്പങ്ങൾ സാഹിത്യങ്ങൾ ആയി.. അതിലെ കഥാപാത്രങ്ങൾ നിങ്ങളുടെ ദൈവത്തിനു രൂപം പകർന്നു. കലാകാരൻമാർ വരച്ചും കൊത്തിയെടുത്തും അതിനെ മൂർത്തമാക്കി. ഭാഷയാണ് വിശ്വാസങ്ങളെ സൃഷ്ടിക്കാനുള്ള ചാലകശക്തിയായി പ്രവർത്തിച്ചത്. മനുഷ്യനും ലക്ഷോപലക്ഷം വര്ഷം മുന്നേയും ഈ പ്രപഞ്ചം ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ശാസ്ത്രജ്ഞർ പറയുന്നത് അനവധി താരാപഥങ്ങളിൽ ഭൂമികൾ തന്നെ വേറെവേറെ ഉണ്ടെന്നാണ് . അങ്ങനെയെങ്കിൽ അവിടങ്ങളിലും ജീവനും ഉണ്ടാകും.പക്ഷെ അതൊന്നും മതഗ്രന്ഥങ്ങൾ പറയുന്നില്ല. പറയുകയുമില്ല.. ശാസ്ത്രത്തിനുമാത്രമേ മറുപടിയുള്ളൂ… അതിന്റെ ചുവടുപിടിച്ചു സൂത്രശാലികൾ ആയ മതഗ്രന്ഥവ്യാഖ്യാതാക്കൾ വിശ്വാസികളെ പറ്റിക്കുകയാണ്. കാരണം ഒരാളുടെ വ്യാഖ്യാനം അയാളുടെ ഭാവനയ്ക്ക് അനുസരിച്ചുമാത്രമാണ്.

ദൈവങ്ങൾ എന്തുകൊണ്ട് ഭൂമിയിൽ മാത്രം ജീവനെ സൃഷ്ടിച്ചു .. എല്ലാ ഗ്രഹങ്ങളിലും മനുഷ്യനുണ്ടായിരുന്നെങ്കിൽ ദൈവത്തിനു പ്രാർത്ഥനകളും വഴിപാടുകളും കൂടുതൽ കിട്ടുമായിരുന്നല്ലോ… അപ്പോൾ ജീവനുണ്ടാകാൻ പരിതസ്ഥിതി ഉണ്ടാകുന്ന ഗ്രഹത്തിൽ മാത്രമേ ജീവനുണ്ടാകൂ എന്നതല്ലേ സത്യം. മറ്റുള്ള ഗ്രഹങ്ങളിൽ അഥവാ ജീവൻ ഉണ്ടെന്നു കണ്ടുപിടിച്ചാൽ തന്നെ അത് മതഗ്രന്ഥങ്ങളുടെ പരിധിക്കു പുറത്താണ് എന്നതിനാൽ മനുഷ്യ വിശ്വാസികളുടെ ദൈവങ്ങളുടെയും പരിധിക്കു പുറത്താണ്. ശാസ്ത്രം അനുനിമിഷം മാറുന്നു. അസംബന്ധങ്ങൾ പ്രാചീനമായ മാറാലയും പേറി അങ്ങനെ തന്നെ ഇരിക്കുന്നു.

ആദ്യം നിങ്ങൾ ആരുടെ ദൈവമാണ് യഥാർത്ഥ ദൈവമെന്നു പറയുക. ഹിന്ദുവിന്റെയോ ? മുസ്ലീമിന്റെയോ ? ക്രിസ്ത്യാനിയുടെയോ ? ബുദ്ധന്മാരുടെയോ ?…അമേരിക്കയിലിരുന്നു ഒരു സായിപ്പ് അയ്യപ്പനെ പുച്ഛിച്ചാൽ അയ്യപ്പൻ ശിക്ഷിക്കുമോ ? ഏതാണ് യഥാർത്ഥ ദൈവമെന്നു വിശ്വാസികൾ തീരുമാനിച്ചിട്ടു അവിശ്വാസികൾക്കു ശിക്ഷ കൊടുക്കാം.അതല്ലേ നല്ലത് ? അത് കഴിഞ്ഞിട്ടു ആർത്തവവും ബ്രഹ്മചര്യവും ഒക്കെ പറഞ്ഞു നാമംജപിക്കാം.

ഒരു വിശ്വാസത്തിന്റെ പുറത്തു നിങ്ങള്ക്ക് ആശ്വാസം ലഭിക്കാൻ ദൈവത്തെ പ്രാർത്ഥിക്കാം. പക്ഷെ ആ ദൈവത്തിനു ക്വട്ടേഷൻ കൊടുത്തു എതിരാളികളുടെ നേർക്ക് തിരിച്ചുവിടാനുള്ള മണ്ടൻബുദ്ധികൾ ഉപേക്ഷിക്കുക. തിരിച്ചറിവുള്ള മനുഷ്യരെക്കൊണ്ട് ദൈവത്തെ നോക്കി, ”ചുണയുണ്ടെങ്കിൽ പോരിനുവാടാ…” എന്ന് നിങ്ങളുടെ ശാപങ്ങൾക്കും ശത്രുസംഹാരപൂജകൾക്കും ബദലായി വിളിപ്പിക്കരുത്. എല്ലാ മതവിശ്വാസികളോടും കൂടിയാണ്..

Advertisements