ഗോഡ്ഫാദർ എന്ന സിനിമയിൽ കോളേജ് പ്രിൻസിപ്പലായി ഒറ്റസീനിൽ മാത്രം പ്രത്യക്ഷപ്പെട്ട ഇദ്ദേഹം നടൻ ഭീമൻ രഘുവിന്റെ അച്ഛൻ പി കെ ദാമോദരൻ നായർ ആണെന്ന് എത്രപേർക്കറിയാം. കോളേജിൽ വികൃതിത്തരം കാണിച്ച അഞ്ഞൂറാൻ കുടുംബത്തിലെ മുകേഷിനെ വിരട്ടുന്ന പ്രിൻസിപ്പൽ, “താൻ അഞ്ഞൂറിൻ്റെയല്ല ഏത് ആയിരത്തിൻ്റെ മകനാണേലും മര്യാദയ്ക്ക് എങ്കിൽ മര്യാദയ്ക്ക്..അല്ലെങ്കിൽ താനിവിടെ പഠിക്കണ്ട ” എന്ന് നെഞ്ചുവിരിച്ചു നിന്ന് പറയുന്ന പ്രിൻസിപ്പൽ . അദ്ദേഹം സിനിമയിൽ എത്തിയതുതന്നെ യാദൃശ്ചികം ആയിട്ടായിരുന്നു.
കോഴിക്കോട് ഗോഡ്ഫാദറിന്റെ ഷൂട്ടിങ്ങിനിടെ ആത്മസുഹൃത്തായ എൻ എൻ പിള്ളയെ കാണാനെത്തിയ ഇദ്ദേഹത്തെ എൻ എൻ പിള്ള അഭിനയിക്കാൻ ക്ഷണിക്കുകയായിരുന്നു. ഇവരുടെ ഈ കൂടിക്കാഴ്ച്ചയാണ് മുകേഷിന്റെ ജ്യേഷ്ഠകഥാപാത്രമായ പ്രേമചന്ദ്രനിലേക്ക് ഭീമൻ രഘുവിന് വഴിതുറന്നതും. അതുവരെ ചിത്രത്തിന്റെ ഒരു ഡിസ്കഷനിലും ഭീമൻ രഘുവിനെപ്പറ്റി ചിന്തിച്ചിരുന്നുപോലുമില്ല ! ഭീമൻ രഘു തന്നെ അദ്ദേഹത്തിന്റെ ഇറ്റർവ്യൂവിൽ പറഞ്ഞതാണിത് !!
അച്ഛനെക്കുറിച്ചും ആ കഥാപാത്രത്തെ കുറിച്ചും ഭീമൻ രഘുവിന്റെ വാക്കുകൾ
“എന്നോടൊപ്പം ഇപ്പോഴും ആ കഥാപാത്രമുണ്ട്. എന്റെ അച്ഛനും ( കെപി. ദാമോരൻ നായർ) അമ്മയ്ക്കും വലിയ ആഗ്രഹമായിരുന്നു ഞാൻ സിനിമയിൽ അഭിനയിക്കണമെന്ന്. അച്ഛൻ മരിച്ചിട്ട് അപ്പോൾ 14 വർഷത്തോളമായി. ഇപ്പോഴും ഞാൻ അച്ഛനെ കാണുന്നുണ്ട്. അതിനു കാരണം ഈ ചിത്രമാണ്. അച്ഛനും സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്.സിനിമയുടെ ചർച്ചകൾക്കായി കോഴിക്കോട് മഹാറാണി ഹോട്ടലിലേക്ക് ഞാൻ പോകുമ്പോൾ അച്ഛനും ഒപ്പമുണ്ട്. അച്ഛനും അഞ്ഞൂറാനായി അഭിനയിച്ച എൻഎൻ പിളളയും ഉറ്റ സുഹൃത്തുക്കളായിരുന്നു. എന്നിലേക്കു കഥാപാത്രമെത്തുന്നതും ഈ ബന്ധത്തിലൂെടയാണ്. ഏറെനാളായിരുന്നു അവർ തമ്മിൽ കണ്ടിട്ട്. അങ്ങനെയാണ് കോഴിക്കോടിനു ഞാൻ പോയപ്പോൾ അച്ഛനും ഒപ്പം വരുന്നതും. കഥാപാത്രത്തെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അവർ അച്ഛനോടു ചോദിച്ചു, ഒരു വേഷമുണ്ട് അഭിനയിക്കുന്നോയെന്ന്. അച്ഛന് അഭിനയത്തിൽ മുൻ പരിചയമൊന്നുമില്ല. പേരപ്പന് ഒരു നാടക ട്രൂപ്പ് ഉണ്ടായിരുന്നു. അതിൽ സഹകരിച്ചിരുന്നു അത്രയേയുള്ളൂ. അങ്ങനെയാണ് കനകയേയും മുകേഷിനേയും വഴക്കു പറയുന്ന കോളജ് പ്രിൻസിപ്പലായി അച്ഛൻ എത്തുന്നത്. സിനിമയുടെ സിഡി ഞാൻ വാങ്ങി വച്ചിട്ടുണ്ട്. ഇടയ്ക്കിടെ അതെടുത്ത് കാണാറുണ്ട്. അച്ഛനെ ജീവനോടെ കാണുന്നപോലെ തോന്നും എനിക്കപ്പോൾ.”